Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ജോയി തോക്കുമായി നടന്നത് മകൻ കൊല്ലുമെന്ന് ഭയന്ന്; മകനെ ഇനി കാണുക പോലും വേണ്ടെന്ന് പറഞ്ഞ് അമ്മയുടെ മുറവിളി; കൂസൽ ഇല്ലാതെ ഷെറിൻ എല്ലാം തുറന്ന് സമ്മതിച്ചിട്ടും തോക്കും വാക്കത്തിയും കണ്ടെത്താതെ പൊലീസിന് തെളിയിക്കുക പ്രയാസം

ജോയി തോക്കുമായി നടന്നത് മകൻ കൊല്ലുമെന്ന് ഭയന്ന്; മകനെ ഇനി കാണുക പോലും വേണ്ടെന്ന് പറഞ്ഞ് അമ്മയുടെ മുറവിളി; കൂസൽ ഇല്ലാതെ ഷെറിൻ എല്ലാം തുറന്ന് സമ്മതിച്ചിട്ടും തോക്കും വാക്കത്തിയും കണ്ടെത്താതെ പൊലീസിന് തെളിയിക്കുക പ്രയാസം

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ചെങ്ങന്നൂർ ജോയി കൊലപാതകത്തിൽ തോക്കും മൃതശരീരം വെട്ടിമുറിക്കുവാൻ ഉപയോഗിച്ച ആയുധവും കണ്ടെത്താനാവാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. കേസിൽ പ്രതിയായ ജോണിന്റെ മകൻ ഷെറിൻ കുറ്റസമ്മതം നടത്തിയെങ്കിലും വിചാരണഘട്ടത്തിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ തോക്കും വാക്കത്തിയും അനിവാര്യതയാണ്. ഇതു കണ്ടെടുക്കാൻ ഇനിയും ശ്രമം തുടരും. അമേരിക്കൻ മലയാളിയായ ജോയ് ജോണിനെ കൊലപ്പെടുത്തിയ വിധം മകൻ ഷെറിൻ അന്വേഷണ ഉദ്യോഗസ്ഥരായ ചെങ്ങന്നൂർ സി.ഐ ജി.അജയനാഥ്, എസ്.ഐ പി.രാജേഷ് എന്നിവരോട് പറഞ്ഞത് നിസംഗതയോടെയാണ് വിവരിച്ചത്.

' സമയം വൈകിട്ട് 4.40, കാർ , ദാ.. ഇവിടെ നിർത്തി.. ആരുമില്ലെന്ന് ഉറപ്പുവരുത്തി. പിന്നെ, റിവോൾവറെടുത്ത് ആദ്യവെടി തലയിലേക്ക് വച്ചെങ്കിലും മുഖത്താണ് കൊണ്ടത്... ശേഷം തലയിലേക്ക് മൂന്ന് വെടികൾകൂടി തുരുതുരാ ഉതിർത്തു... ശരീരം ഒന്നു പിടഞ്ഞ് നിശ്ചലമായി...'-അച്ഛനെ കൊന്നത് മകൻ ഇങ്ങനെയാണ് വിശദീകരിച്ചത്. എം.സി റോഡിൽ മുളക്കുഴ ഊരിക്കടവ് പാലത്തിന് സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തെളിവെടുപ്പിനായി ഷെറിനെ എത്തിച്ചത്. കൂരിക്കത്തോടിന് കുറുകെയുള്ള പാലത്തിന് പടിഞ്ഞാറ് ഭാഗമാണ് കൃത്യം നടത്താൻ ഷെറിൻ തെരഞ്ഞെടുത്തത്. ഇരുവശത്തും വയലാണ്. ആൾത്താമസവും കുറവ്. വിജനമായതിനാൽ കാറിനുള്ളിൽ നിന്ന് വെടിയൊച്ച പുറത്തേക്ക് കേൾക്കാൻ സാധ്യതയില്ലെന്ന് അറിയാമായിരുന്നെന്ന് ഷെറിൻ പൊലീസിനോട് പറഞ്ഞു.

കൊലപാതകത്തിന് ശേഷം തിരുവനന്തപുരം റൂട്ടിൽ ഏനാത്ത് വരെ കാറോടിച്ചുപോയി. സന്ധ്യയോടെയാണ് തിരികെ ചെങ്ങന്നൂരിലെത്തിയത്. പാലത്തിൽ നിന്ന് പിതാവിന്റെ ഒരു കൈയും കാലും പമ്പാ നദിയിലേക്ക് വലിച്ചെറിഞ്ഞതെങ്ങനെയെന്നും പ്രതി ആംഗ്യത്തിലൂടെ കാട്ടിക്കൊടുത്തു. തുടർന്ന് മിത്രപ്പുഴ പാലത്തിലുമെത്തി തെളിവെടുപ്പ് നടത്തി. ഷെറിൻ ജോണിനെ ചെങ്ങന്നൂർ കോടതി എട്ടു ദിവസത്തേയ്ക്കാണ് പൊലീസിന് വിട്ടുനൽകിയിട്ടുള്ളത് .ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിർണായകമായ നിരവധി തെളിവുകൾ പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. കുറ്റം ഷെറിൻ സമ്മതിച്ചുവെങ്കിലും ഇതെല്ലാം യുക്തിഭദ്രമായി കോടതിയിൽ തെളിയിക്കേണ്ട ചുമതല പൊലീസിനാണ്. 

ഷെറിൻ പല കഷണങ്ങളാക്കിയ ജോയി ജോണിന്റെ ശരീരഭാഗങ്ങൾ വിവിധയിടങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇടതുകാൽ ഇനിയും കിട്ടിയിട്ടില്ല. മാത്രമല്ല, കാറിന്റെ എ.സി നന്നാക്കാൻ തിരുവനന്തപുരത്തെ ഷോറൂമിൽ പോകവേ ജോയി ധരിച്ചിരുന്ന നാലു പവന്റെ രുദ്രാക്ഷ മാലയും ഒരു പവന്റെ മോതിരവും കണ്ടെത്തേണ്ടതുണ്ട്. ജോയിയുടെ തലയ്ക്കുനേരെ നിറയൊഴിച്ച തോക്ക് കണ്ടെത്തിയാൽ മാത്രമേ ഷെറിൻ തന്നെയാണ് കൊലനടത്തിയതെന്ന് തെളിവ് സഹിതം സമർത്ഥിക്കാൻ കഴിയൂ. കാരണം ജോയിയുടെ തലയിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെത്തിയെങ്കിലും ഷെറിന്റെ കൈയിലുള്ള തോക്കിലേതാണ് ഇതെന്ന് ഇനിയും തെളിയിക്കാനായിട്ടില്ല. പിതാവിന്റെ ശരീരം പല കഷണങ്ങളാക്കാൻ ഷെറിൻ ഉപയോഗിച്ചതെന്നു കരുതുന്ന വെട്ടുകത്തി പൊലീസ് പള്ളത്തുള്ള ഒരു വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ വെട്ടുകത്തിക്ക് ശരീരം വെട്ടിനുറുക്കാനുള്ള മൂർച്ചയില്ലെന്നാണ് അറിയുന്നത്. ഇവയൊന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിക്കാതെ ഇത്രയും ക്രൂരമായി പ്രവർത്തിക്കാൻ ഒരാൾക്ക് കഴിയില്ലെന്ന് തന്നെയാണ് പൊലീസ് ഇപ്പോഴും കരുതുന്നത്. കഴിഞ്ഞദിവസം മാതാവ് മറിയാമ്മ, സഹോദരി ഷെർളി, അനുജൻ ഡേവിഡ് എന്നിവരിൽ നിന്ന് ഷെറിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. വീട്ടിലെ മുടിയനായ പുത്രനാണ് ഷെറിനെന്നായിരുന്നു മാതാവ് മറിയാമ്മയുടെ മൊഴി. ജോയിച്ചായനെ വെട്ടിനുറുക്കിയ മകനെ ഇനിയൊരിക്കലും കാണേണ്ടെന്ന് പറഞ്ഞ് ആ മാതാവ് അലറിക്കരഞ്ഞു. മകനെ ജോയിക്ക് പേടിയായിരുന്നുവെന്നാണ് മറിയാമ്മ പൊലീസിനോട് പറഞ്ഞത്. അതിനാലാണ് ജോയി തോക്ക് എപ്പോഴും കൊണ്ടുനടക്കുന്നത്. ഉറങ്ങുമ്പോൾ തലയിണയുടെ അടിയിൽ വച്ചിരിക്കും. അവൻ അപ്പനെ കൊല്ലാൻ തക്കം പാർത്തുനടക്കുകയായിരുന്നു, സഹോദരങ്ങളെയുമെന്നും മൊഴി നൽകി

അമേരിക്കയിൽ ഒട്ടേറെ ചെക്കു കേസുകളിൽ പ്രതിയാണ് ഷെറിൻ എന്നാണ് അറിയുന്നത്. അത്തരമൊരു കേസിൽ പിടിക്കപ്പെടുമെന്നായപ്പോഴാണ് 2003ൽ ഇന്ത്യയിലേക്ക് പോന്നത്. അമേരിക്കൻ പൗരത്വമുള്ള ഷെറിൻ ശ്രീലങ്കയിലെത്തിയാണ് പാസ്‌പോർട്ട് പുതുക്കിയിരുന്നത്. ഷെറിന്റെ ഇളയസഹോദരനായ ഡോ.ഷെറിൽ ജോണിനെ ഷെറിൻ എന്ന് തെറ്റിദ്ധരിച്ച് അമേരിക്കൻ പൊലീസ് പലവട്ടം പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരത്തും ബാംഗ്ലൂരിലുമായി ഐ. ടി പ്രൊഫഷണലായി ജോലി നോക്കിയിരുന്ന ഷെറിൻ വരുമാനത്തിന്റെ ഇരട്ടിയിലധികമാണ് ചെലവാക്കിയിരുന്നത്. ഇതിനായി പിതാവിന്റെ ഉടമസ്ഥതയിലുള്ള നഗരമധ്യത്തിലെ കടമുറികൾ പലതും ലക്ഷങ്ങൾ ഡെപ്പോസിറ്റ് വാങ്ങി വാടകയ്ക്ക് നൽകിയിരുന്നു. ഇങ്ങനെ ലഭിച്ച പണത്തെക്കുറിച്ച് പിതാവും മകനുമായി പലവട്ടം വഴക്കുണ്ടായി. 2010 ൽ ഷെറിൻ വിവാഹിതനായപ്പോൾ കുറച്ചു നാൾ ബാംഗ്ലൂരിലാണ് താമസിച്ചത്. ആരോരുമില്ലാത്ത യുവതിയെയാണ് വിവാഹം കഴിച്ചതെന്ന് പറയുന്നു.

എന്നാൽ ഈ വിവാഹത്തിന് ശേഷം ഷെറിൻ കൂടുതൽ ധൂർത്തനായി. രണ്ടു വർഷത്തിനുശേഷം വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു. ഇത്തവണ ജോയി ജോൺ നാട്ടിലെത്തിയപ്പോൾ നാട്ടിലുള്ള സ്വത്തുക്കൾ തന്റെ പേരിൽ എഴുതി നൽകണമെന്ന് ഷെറിൻ ശഠിച്ചു. ഇതിന് വഴങ്ങാത്തതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP