Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈർക്കിലിൽ ബബിൾഗം ഒട്ടിച്ച് ഭണ്ഡാരത്തിൽ നിന്നും മോഷണം; ചാപ്പലിൽ നിന്നും 'വലിയ' നോട്ടുകൾ മാത്രം പലതവണ മോഷ്ടിച്ച കള്ളൻ ഒടുവിൽ പിടിയിൽ; പള്ളി കമ്മറ്റിക്കാരുടെ നിരീക്ഷണ മികവിൽ 'കുടുങ്ങിയത്' നിരവധി ഭണ്ഡാര മോഷണ കേസിലെ പ്രതിയെന്ന് പൊലീസ്

ഈർക്കിലിൽ ബബിൾഗം ഒട്ടിച്ച് ഭണ്ഡാരത്തിൽ നിന്നും മോഷണം; ചാപ്പലിൽ നിന്നും 'വലിയ' നോട്ടുകൾ മാത്രം പലതവണ മോഷ്ടിച്ച കള്ളൻ ഒടുവിൽ പിടിയിൽ; പള്ളി കമ്മറ്റിക്കാരുടെ നിരീക്ഷണ മികവിൽ 'കുടുങ്ങിയത്' നിരവധി ഭണ്ഡാര മോഷണ കേസിലെ പ്രതിയെന്ന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ലോക്ഡൗൺ കാലത്ത് പള്ളി അടഞ്ഞു കിടന്നതോടെ വിശ്വാസികൾ ദിവസേന എത്തിയിരുന്ന ചാപ്പലിന്റെ ഭണ്ഡാരത്തിൽ നിന്നും അടിക്കടി പണം അപഹരിച്ചിരുന്ന മോഷ്ടാവ് പിടിയിൽ. ചേലാട് ബസ്സാനിയ പള്ളിയുടെ ഭാഗമായ തെക്കെകുരിശ് എന്നറിയപ്പെടുന്ന ചാപ്പലിന്റെ ഭണ്ഡാരത്തിൽ നിന്നും അടിക്കടി പണം അപഹരിച്ച രായമംഗലം പുല്ലുവഴി തോംമ്പ്രയിൽ വീട്ടിൽ അനിൽ മത്തായിയാണ് പള്ളിക്കമ്മറ്റിക്കാരുടെ നിരീക്ഷണ മികവിൽ 'കുടുങ്ങിയത്'.

ബബിൾഗം ഈർക്കിലിൽ ഒട്ടിച്ച് ഭണ്ഡാരത്തിൽ നിന്നും വലിയ തുകയുടെ നോട്ടുകൾ മാത്രമെടുത്ത് സ്ഥലം വിട്ടിരുന്ന മോഷ്ടാവാണ് പിടിയിലായത്. പള്ളയിയുടെ സമീപത്തുകൂടി കടന്നുപോകുന്ന കള്ളാട് റോഡിൽ പള്ളിയിൽ നിന്നും 100 മീറ്ററോളം അകലെ പാതയോരത്താണ് ചാപ്പൽ സ്ഥിതിചെയ്യുന്നത്. ഇവിടെ നേർച്ചകാഴ്ചകൾ അർപ്പിക്കാൻ നാനാജാതി മതസ്ഥർ ഉൾപ്പെടെ നിരവധി വിശ്വാസികൾ ദിവസേന എത്തിയിരുന്നു. പ്രാർത്ഥന ലക്ഷ്യം നിറവേറിയവർ വലിയ തുകകൾ വരെ ഇവിടുത്തെ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്നതായാണ് വിവരം.

ലോക്ഡൗണിൽ പള്ളി അടഞ്ഞുകിടന്നതോടെ വിശ്വാസികളിലേറെയും ചാപ്പലിലെത്തി നേർച്ചകാഴ്ചകൾ അർപ്പിച്ചു മടങ്ങുകയായിരുന്നു പതിവ്. രാത്രി വൈകിയും ഇവിടെ ഭക്തർ എത്തി പ്രാർത്ഥിച്ചു മടങ്ങുന്നതും പതിവായിരുന്നു. മറ്റ് മതസ്ഥർ സ്വർണ്ണ കുരിശുകൾ ഉൾപ്പെടെയുള്ള നേർച്ചവസ്തുക്കൾ സമർപ്പിക്കാൻ എത്തിയിരുന്നതും രാത്രികാലങ്ങളിലായിരുന്നു. ചാപ്പലിന്റെ പടിയിലാണ് ചിലർ നേർച്ചകാഴ്ചകൾ സമർപ്പിച്ചിരുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഭണ്ഡാരം തുറന്ന് നേർച്ചപ്പണം എടുക്കുമ്പോൾ നോട്ടുകളിൽ ബബിൾഗത്തിന്റെ അംശം പറ്റിപ്പിടിച്ചിരുന്നതായി കമ്മറ്റിക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.100 മുതൽ മുകളിലേയ്ക്കുള്ള നോട്ടുകൾ കുറവാണെന്നും ബോദ്ധ്യമായി.ഓരോതവണ തുറക്കുമ്പോഴും 1.5 ലക്ഷത്തോളം രൂപ ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിരുന്നു. കുറച്ചു മാസങ്ങളായി ഈ തുകയിൽ ഗണ്യമായ കുറവുണ്ടായതായും പരിശോധനയിൽ വ്യക്തമായി. ഇതെത്തുടർന്ന് മോഷണം നടക്കുന്നതായുള്ള സംശയവും ബലപ്പെട്ടു.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവ് എത്തുന്നുണ്ടെന്ന് വ്യക്തമായി.പിന്നെ കള്ളനെകുടുക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചായി ആലോചന.രാത്രി നിരീക്ഷണം യൂത്ത് അസോസിയേഷൻ പ്രവർത്തകരും പള്ളി കമ്മറ്റിക്കാരുമുൾപ്പെടുന്ന 10 അംഗസംഘം ഏറ്റെടുത്തു. ഇവർ രാത്രി മുഴുവൻ ഉറക്കമിളച്ച് പള്ളിയിലെ സിസിടിവി കാമറ മോണിറ്ററിനു മുന്നിൽ കാത്തിരിപ്പായി.

തിങ്കളാഴ്ച പുലർച്ചെ ഇവരുടെ ദൗത്യം വിജയം കണ്ടു. മോഷണ ശ്രമത്തിനിടെ ഇവർ അനിൽ മത്തായിയെ പിടികൂടി കോതമംഗലം പൊലീസിന് കൈമാറുകയായിരുന്നു.



എറണാകുളത്തുനിന്നും 1000 രൂപ ദിവസ വാടകയ്ക്കെടുത്ത സ്‌കൂട്ടറിലാണ് ഇയാൾ പുലർച്ചെ ഒരു മണിയോടെ ചാപ്പലിൽ എത്തിയത്. വായിലിട്ട് ചവച്ചിരുന്ന ബബിൾക്കം ഈർക്കിലിൽ ഒട്ടിച്ച് ഭണ്ഡാരത്തിൽ നിന്നും നോട്ടുകൾ പുറത്തെടുക്കാൻ തുടങ്ങിയത്. മോഷണ ശ്രമം സിസി ടിവി ദൃശ്യങ്ങളിലൂടെ കണ്ടയുടൻ കാത്തിരുന്ന പള്ളി സംഘം മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

ഇയാൾ നിരവധി ഭണ്ഡാരമോഷണക്കേസ്സുകളിൽ പ്രതിയാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ഞായറാഴ്ചയാണ് ചാപ്പലിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നതെന്ന് തിരിച്ചറിഞ്ഞായിരിക്കാം അനിൽ ഭണ്ഡാരത്തിൽ നിന്നും പണം കവരാൻ എത്തിയതെന്നാണ് പള്ളിക്കമ്മറ്റിക്കാരുടെ നിഗമനം.

രാത്രികാലങ്ങളിൽ പള്ളിയിൽ വിശ്വാസികളെത്തിയിരുന്നത് മോഷണം തുടരാൻ കാരണമായെന്നും പറയുന്നു. രാത്രി വാഹനങ്ങൾ പാതയിലുടെ കടന്നുപോകുമ്പോൾ മത്തായി ഭക്തിയുടെ പാരമ്യതയിൽ ,ചാപ്പലിലെ തിരുസ്വരൂപത്തിനു മുന്നിൽ കൈകൂപ്പി നിൽക്കുന്ന ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞതോടെയാണ് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം പള്ളിക്കമ്മറ്റി തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP