Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാംസങ് കമ്പനിയിൽ നിന്ന് അഞ്ചുലക്ഷം സമ്മാനം ലഭിച്ചെന്ന് സന്ദേശം അയച്ച് തട്ടിപ്പ്; കാൽ ലക്ഷം തട്ടിയ സംഭവത്തിൽ പണം തിരിച്ചുകൊടുത്ത് ടാൻസാനിയൻ യുവാവ്; പണം കിട്ടിയെന്ന് പരാതിക്കാരി അറിയിച്ചതോടെ പ്രതിക്ക് കോടതിയിൽ നിന്ന് ജാമ്യം; കൂടുതൽ പേരിൽ നിന്ന് പണംതട്ടിയെന്ന സംശയത്തിൽ അന്വേഷണം തുടർന്ന് പൊലീസ്

സാംസങ് കമ്പനിയിൽ നിന്ന് അഞ്ചുലക്ഷം സമ്മാനം ലഭിച്ചെന്ന് സന്ദേശം അയച്ച് തട്ടിപ്പ്; കാൽ ലക്ഷം തട്ടിയ സംഭവത്തിൽ പണം തിരിച്ചുകൊടുത്ത് ടാൻസാനിയൻ യുവാവ്; പണം കിട്ടിയെന്ന് പരാതിക്കാരി അറിയിച്ചതോടെ പ്രതിക്ക് കോടതിയിൽ നിന്ന് ജാമ്യം; കൂടുതൽ പേരിൽ നിന്ന് പണംതട്ടിയെന്ന സംശയത്തിൽ അന്വേഷണം തുടർന്ന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കബളിപ്പിക്കൽ പരാതിയിൽ പൊലീസ് അറസ്റ്റുചെയ്ത ടാൻസാനിയൻ യുവാവിന് പരാതിക്കാരിയുടെ കാരുണ്യത്തിൽ ജാമ്യം. കോതമംഗലം പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ മുംബൈ വിമാനത്താവളത്തിൽ പൊലീസ് തടഞ്ഞുവയ്ക്കുകയും തുടർന്ന് കോതമംഗലം പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്ത ടാൻസാനിയൻ സ്വദേശി അന്റോണി മ്ലാഷ്‌നി(26)യെയാണ് പരാതിക്കാരിയായ കോതമംഗലം ചെറുവട്ടൂർ വരിക്കാനിക്കൽ ഗ്രേസി നൽകിയ സത്യവാങ്മൂലത്തിന്റെ വെളിച്ചത്തിൽ കോടതി ജാമ്യം നൽകി വട്ടയച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞാണ് ഇയാളെ പൊലീസ് കോതമംഗലം കോടതിയിൽ ഹാജരാക്കിയത്. ഈ സമയം പരാതിക്കാരിയായ ഗ്രേസ്സിയുടെ സത്യവാങ്മൂലവും കോടതിയുടെ പരിഗണനയ്ക്കെത്തി. 25000 രൂപ ലഭിച്ചെന്നും കേസ്സുമായി മുന്നോട്ടുപോകാനില്ല എന്നുമായിരുന്നു അറിയിച്ചത്. ഈ സാഹചര്യം കണക്കിലെടുത്ത്് കോടതി 10000 രൂപയ്ക്കുള്ള സ്വന്തം ബോണ്ടിൽ ഇയാൾക്ക് ജാമ്യം നൽകി വിട്ടയക്കുകയാിരുന്നു.

2016 ഒക്ടോബർ 20-നാണ് ഗ്രേസ്സിയെ കബളിപ്പിച്ച് 25,000 രൂപ ഇയാൾ തട്ടിയെടുത്തത്. ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ എത്തിയതായിരുന്നു ഇയാൾ. അഞ്ച് വർഷം ഇവിടെ പഠിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ഗ്രേസിയുടെ മൊബൈൽ ഫോണിലേക്ക് സാംസംഗ് കമ്പിനിയിൽ നിന്നും അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയതായി സന്ദേശമെത്തിയിരുന്നു. പിന്നീട് അന്റോണിയുടെ ഫോൺ വിളിയും വന്നു.

താൻ ബ്രിട്ടീഷ് പൗരനാണന്നും സമ്മാനത്തുകയുടെ നികുതി തുകയായ 25,000 രൂപ തന്റെ ഹൈദരാബാദിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. തുക നിക്ഷേപിച്ചു കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും സമ്മാനം കിട്ടാതെ വന്നപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായതായി ഗ്രേസിക്ക് ബോദ്ധ്യമായത്. തൂടർന്ന് 2017 ജൂണിൽ കോതമംഗലം പൊലീസിൽ പരാതി നൽകി.

പ്രതിയെ കണ്ടെത്താനാവാതെ വന്നപ്പോൾ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ വിമാനത്താവളം വഴി പോകാനായി എത്തിയ അന്റോണിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് മുംബൈ പൊലീസിന്റെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ശനിയാഴ്ച കോതമംഗലം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. കൂടുതൽ പേരെ ഇയാൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്നും കൂട്ടുപ്രതികളുണ്ടോയെന്നും അറിയാൻ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പൊലീസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീടാണ് സംഭവം ഒത്തുതീർക്കുന്നതിന് ടാൻസാനിയൻ സ്വദേശിയുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടായെന്നും ഇതേത്തുടർന്നാണ് സംഭംവം ഒത്തുതീർപ്പിലെത്തിയതെന്നുമാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP