Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുറ്റപത്രം വൈകിച്ച് ദിലീപിന് ജാമ്യത്തിന് അവസരം ഒരുക്കില്ല; ദിലീപിനെ ഗൂഢാലോചന കേസിൽ പ്രതിയാക്കി കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് വ്യക്തമാക്കി പൊലീസ്; അന്വേഷണ സംഘത്തിന് കിട്ടിയ കൈയടി രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി കളയേണ്ടെന്ന് വിലയിരുത്തി ബൈജു പൗലോസും; കൊച്ചി രാജാവിന് അടുത്തെങ്ങും പുറംലോകം കാണാൻ സാധിച്ചേക്കില്ല

കുറ്റപത്രം വൈകിച്ച് ദിലീപിന് ജാമ്യത്തിന് അവസരം ഒരുക്കില്ല; ദിലീപിനെ ഗൂഢാലോചന കേസിൽ പ്രതിയാക്കി കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് വ്യക്തമാക്കി പൊലീസ്; അന്വേഷണ സംഘത്തിന് കിട്ടിയ കൈയടി രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി കളയേണ്ടെന്ന് വിലയിരുത്തി ബൈജു പൗലോസും; കൊച്ചി രാജാവിന് അടുത്തെങ്ങും പുറംലോകം കാണാൻ സാധിച്ചേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂല തരംഗമുണ്ടാക്കാൻ വിവിധ കോണുകളിൽ നിന്നും ശ്രമങ്ങൾ ശക്തമാകുന്നുണ്ട്. ഇത്തരക്കാരുടെ ആവശ്യമാണ് എങ്ങനെയും കുറ്റപത്രം സമർപ്പിക്കും മുമ്പ് താരത്തെ ജാമ്യത്തിലിറക്കുക. ഇതിന് വേണ്ടിയുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. പൊലീസ് കാർക്കശ്യത്തിന്റെ വഴിയിലാണ് സഞ്ചരിക്കുന്നതെന്നതിനാൽ കുറ്റപത്രം കൂടി കോടതിയിൽ സമർപ്പിച്ച് ദിലീപിനെ പൂട്ടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നു പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ പ്രതി നടൻ ദിലീപിനു ജാമ്യം ലഭിക്കാനായി പൊലീസ് ബോധപൂർവം കുറ്റപത്രം വൈകിപ്പിക്കുമെന്ന ആരോപണം അന്വേഷണസംഘം തള്ളി.

ദിലീപ് അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അവകാശ ജാമ്യം ലഭിക്കാൻ അവസരമൊരുങ്ങും. ദിലീപിനു ജാമ്യം ലഭിക്കാൻ മറ്റു വഴികളില്ലാത്ത സാഹചര്യത്തിൽ കുറ്റപത്രം വൈകിപ്പിക്കാൻ പൊലീസിനുമേൽ രാഷ്ട്രീയ സമ്മർദമുണ്ടെന്ന ആരോപണം ശക്തമാണ്. ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്നത് ഒക്ടോബർ എട്ടിനാണ്. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത് ഈ ഫോണിലാണ്.

ഈ സാഹചര്യത്തിൽ 90 ദിവസം തികയും മുൻപു തെളിവെടുപ്പു പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനു കഴിയില്ലെന്ന അനുമാനത്തിലാണു പ്രതിഭാഗത്തിന്റെ നീക്കങ്ങൾ. അതേസമയം പൾസർ സുനിയും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഈ മാസം 28നാണ് ദിലീപിന്റെ രാമലീലയുടെ റിലീസ്. അതിന് മുമ്പ് ദിലീപിനെ പുറത്തിറക്കാനാണ് സിനിമാക്കാരുടെ ശ്രമം. അതിന് വേണ്ടിയാണ് വീണ്ടും ജാമ്യഹർജി ഹൈക്കോടതിയിൽ നൽകിയത്. എന്നാൽ ജസ്റ്റീസ് സുനിൽ തോമസ് എന്തിന് ഇപ്പോൾ ജാമ്യ ഹർജിയുമായി വന്നുവെന്ന പരമാർശത്തോടെ പരിഗണിക്കുന്നത് മാറ്റിവച്ചു. ഇതിൽ ദിലീപ് അനുകൂലികൾ വലിയ പ്രതീക്ഷ വയ്ക്കുന്നില്ല. എന്നാൽ പൾസറിന്റെ ജാമ്യ ഹർജിയെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാണുന്നത്. പൾസറിന്റെ ജാമ്യ ഹർജിയിൽ ഹൈക്കോടതി അനുകൂല തീരുമാനമെടുത്താൽ ദിലീപിനും ഉടൻ ജാമ്യം കിട്ടുമെന്ന വിലയിരുത്തൽ ഒരു വശത്തുണ്ട്.

പ്രധാന പ്രതി പുറത്തു നിൽക്കുന്നതിനാൽ ദിലീപിന് ജാമ്യം നിഷേധിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാകും. അതുകൊണ്ടാണ് പൾസറിന് ജാമ്യം കിട്ടട്ടേയെന്ന ചിന്തയിൽ സിനിമാ ലോകം എത്തുന്നത്. നടി ആക്രമിക്കപ്പെട്ട് ദിവസങ്ങൾക്കൊപ്പം പൾസർ പൊലീസിന്റെ കസ്റ്റഡിയിലായി. 90 ദിവസവും കഴിഞ്ഞ് തടവ് നീണ്ടു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമായി ചൂണ്ടിക്കാട്ടിയാണ് പൾസർ ഹൈക്കോടതിയെ സമീപിക്കുന്നത്.

ദിലീപ് ഇതിനോടകം മൂന്ന് ജാമ്യ ഹർജികൾ ഹൈക്കോടതിയിൽ നൽകി. എന്നാൽ പൾസർ ആദ്യമായാണ് ഇതിന് ഹൈക്കോടതിയിൽ ശ്രമിക്കുന്നത്. നാദിർഷായുടെ ജാമ്യ ഹർജിക്കിടെ പൾസർ സുനിയെ എല്ലാ മാസവും ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന പരിഹാസ രൂപേണയുള്ള വിമർശനം ജസ്റ്റീസ് ഉബൈദ് നടത്തിയിരുന്നു. ഈ പോയിന്റിൽ പിടിച്ചാകും സുനിക്കായി ആളൂർ ജാമ്യാ ഹർജി വാദിക്കുക. മനുഷ്യാവകാശ ലംഘനമാണ് സുനിക്കെതിരെ നടക്കുന്നത്. ജാമ്യം കിട്ടാതിരിക്കാൻ മാത്രം കുറ്റപത്രം നൽകി. അതിന് ശേഷവും അന്വേഷണം തുടർന്നു.

ഇനി അനുബന്ധം കുറ്റപത്രം നൽകും. അതിന് ശേഷവും അന്വേഷണം തുടരാനാണ് നീക്കം. അതായത് ഈ അടുത്ത കാലത്തൊന്നും വിചാരണ തുടങ്ങില്ല. പൊലീസ് എല്ലാ മാസവും പൾസറിനെ ചോദ്യം ചെയ്യൽ പീഡനം തുടരും. ഇത് മനുഷ്യാവകാശ ലംഘനമായി ഹൈക്കോടതിയിൽ അവതരിപ്പിക്കാനാണ് അഡ്വക്കേറ്റ് ആളൂരിന്റെ നീക്കം. ജസ്റ്റീസ് ഉബൈദിന്റെ ബഞ്ചിൽ നിന്നുണ്ടായ അനുകൂല പരാമർശങ്ങളാണ് ഇതിന് കാരണം. രാമലീലയുടെ റിലീസ് ദിവസമായ 28നാകും ഈ കേസ് ജസ്റ്റീസ് ഉബൈദ് പരിഗണിക്കുകയെന്നാണ് സൂചന.

പൾസറിന് ജാമ്യം കിട്ടിയാൽ ദിലീപിനും പുറത്തിറങ്ങാൻ അവസരമൊരുങ്ങും. കേസിൽ വഴിത്തിരവുണ്ടായാൽ ജാമ്യ ഹർജിയിൽ അനുകൂല തീരുമാനം ജസ്റ്റീസ് സുനിൽ തോമസും എടുക്കുമെന്നാണ് വിലയിരുത്തൽ. കുറ്റപത്രം ഒക്ടോബർ ഏഴിനകം കൊടുക്കും. ഈ സാഹചര്യത്തിൽ അങ്കമാലി കോടതിയിൽ പോലും പൾസറിന് ജാമ്യം കിട്ടിയാൽ അതുയർത്തി ദിലീപിന്റെ ജാമ്യ ഹർജിയിൽ അനുകൂല തീരുമാനം എടുപ്പിക്കാൻ കഴിയും. ഈ നിയമപരമായ നീക്കമെല്ലാം ദിലീപും അറിയുന്നുണ്ട്.

എന്നാൽ ജയിലിലുള്ള ദിലീപ് ആരോടും ഇപ്പോൾ ഒന്നും പറയുന്നില്ല. സദാസമയവും എഴുത്തിലാണ്. തന്റെ കഥയാണ് ദിലീപ് കുറിക്കുന്നതെന്നാണ് സൂചന. അഴിക്കുള്ളിൽ നിന്ന് പുറത്തിറങ്ങിയാൽ ഉടൻ ആക്രമണക്കേസിലെ പ്രശ്നങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറക്കും. സലിം ഇന്ത്യയെന്ന ആരാധകൻ ഇതിനായി വേണ്ടതെല്ലാം പുറത്തു ചെയ്യുന്നുമുണ്ട്. നാമജപവും അഴിക്കുള്ളിൽ ദിലീപ് മുടക്കുന്നില്ല. അസ്വാഭാവികതയൊന്നുമില്ലാതെയാണ് പെരുമാറ്റം. ജയിലിൽ സന്ദർശക നിയന്ത്രണമുള്ളതുകൊണ്ട് ആരും ഇപ്പോൾ നടനെ കാണാനും വലുതായി എത്തുന്നില്ല.

ദീലിപീന്റെ ജയിൽവാസം 70-ാം ദിവസം പിന്നിട്ടു കഴിഞ്ഞു. ഏഴുപത് ദിവസത്തിനുള്ളിൽ നാല് തവണ കോടതി ജാമ്യം നിഷേധിച്ചിട്ടും വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാൻ ദിലീപ് ക്യാംപിനെ പ്രേരിപ്പിക്കുന്നത് പൊലീസ് ഒക്ടോബർ പത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന ഭയമാണ്. മാനഭംഗവും കൊലപാതകവും പോലുള്ള ഗുരുതരമായ കേസുകളിൽ ഒരാളെ അറസ്റ്റ് ചെയ്താൽ അടുത്ത തൊണ്ണൂറ് ദിവസം വരെ അയാളെ തടവിൽ വയ്ക്കാൻ പൊലീസിന് സാധിക്കും.

തൊണ്ണൂറ് ദിവസം കഴിഞ്ഞാൽ തടവിലാക്കപ്പെട്ട വ്യക്തിക്ക് സ്വാഭാവികജാമ്യത്തിന് അർഹതയുണ്ട്. എന്നാൽ തൊണ്ണൂറ് ദിവസത്തിനുള്ളിൽ പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ പിന്നെ ജാമ്യം ലഭിക്കില്ല. കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെടുന്നതോടെ അയാൾ വിചാരണ തടവുകാരനായി മാറും. പിന്നെ വിചാരണ പൂർത്തിയായി കോടതി വിധി പറയും വരെ ജാമ്യത്തിനായി കാത്തിരിക്കേണ്ടി വരും.

ദിലീപിന്റെ കാര്യത്തിൽ ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ഒക്ടോബർ 10 കഴിഞ്ഞാൽ സ്വാഭാവികജാമ്യം ലഭിക്കും. ഇതിനിടയിൽ നാല് തവണ ജാമ്യഹർജി നൽകിയെങ്കിലും നാല് തവണയും പൊലീസിന്റെ എതിർപ്പ് മൂലം കോടതി ജാമ്യം നിഷേധിച്ചു. പൊലീസ് ഒക്ടോബർ പത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം നടത്തുന്നതിനാൽ അതിനകം എങ്ങനെയും ജാമ്യം നേടിയെടുക്കാനാണ് ദിലീപിനൊപ്പമുള്ളവർ ശ്രമിക്കുന്നത്. ഇതിനിടെയാണ് പ്രതീക്ഷയെന്നോണം പൾസറിന്റെ ജാമ്യ ഹർജി ഹൈക്കോടതിയിൽ എത്തുന്നത്.

ഇതിന് മുമ്പ് നാദിർഷായുടെ മുൻകൂർ ജാമ്യഹർജിയിലും കാവ്യയുടെ അപേക്ഷയിലും ജസ്റ്റീസ് ഉബൈദ് തീരുമാനമെടുക്കും. ഇതെല്ലാം ദിലീപിന് നിർണ്ണായകമാണ്. ഇതിനൊപ്പം രാമലീലയുടെ റിലീസും. രാമലീലയ്ക്ക് വമ്പൻ വരവേൽപ്പ് കിട്ടിയാൽ ജനമനസ്സിൽ താനിപ്പോഴും ഉണ്ടെന്ന് ദിലീപിന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനാകും. ഇതും ദിലീപിന്റെ ജാമ്യഹർജിയിൽ നിർണ്ണായകമാകും.

28-ാം തീയതി പൂജ അവധിക്കായി പിരിയുന്ന കോടതി പിന്നെ അടുത്തമാസം മൂന്നിനാണ് വീണ്ടും ചേരുന്നത്. സർക്കാർ വാദം കേട്ടശേഷം പൂജ അവധിയും കഴിഞ്ഞാവും കോടതി ദിലീപിന്റെ ജാമ്യഹർജിയിൽ വിധി പറയുക. അപ്പോഴേക്കും കുറ്റപത്രം സമർപ്പിച്ചേക്കാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ പോലും പൾസറിന് ജാമ്യം നൽകിയാൽ അത് ദിലീപിന് ഗുണകരമാകും.

ദിലീപിന് ജാമ്യം നേടാനുള്ള നിയമപോരാട്ടത്തിൽ വക്കീലന്മാർക്ക് പിഴച്ചുവെന്ന വിലയിരുത്തൽ താരസംഘടനയായ മ്മയ്ക്കുണ്ട്. പക്ഷേ തുറന്നു പറച്ചിലുമായി വിവാദം ഉണ്ടാക്കാൻ ആരും തയ്യാറുമല്ല. ആദ്യത്തെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് അങ്കമാലി കോടതി പറഞ്ഞു, ഇത് സമാനതകളില്ലാത്ത കേസാണ്. ജാമ്യം നിരസിക്കുന്നത് സമാനമനസ്‌കർക്ക് ഉള്ള മുന്നറിയിപ്പും. ആ സാഹചര്യം മാറിയിട്ടില്ലെന്നാണ് വിലയിരുത്തൽ. കേസിൽ ദിലീപിനെതിരേ അഞ്ചിലേറെ സാക്ഷി മൊഴികളുള്ളതായി സൂചന. സിനിമാ മേഖലയിൽനിന്നുൾപ്പെടെയുള്ളവർ ദിലീപിനെതിരായി അന്വേഷണസംഘത്തിനു സാക്ഷി മൊഴി നൽകിയിട്ടുള്ളതായാണു വിവരം. കേസിൽ ദിലീപിനുള്ള പങ്ക് തെളിയിക്കുന്നതാണ് ഈ സാക്ഷിമൊഴികളെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. മഞ്ജുവാര്യർ അടക്കമുള്ളവരുടെ മൊഴി ഇതിൽ ഉൾപ്പെടും. ഇവർ മൊഴി മാറ്റിയാൽ മാത്രമേ വിചാരണ സമയത്തും ദിലീപിന് രക്ഷപ്പെടാൻ കഴിയൂ.

കേസിൽ പ്രധാന പ്രതിയായ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദിലീപിനെതിരേ സാക്ഷി മൊഴികളുണ്ടെന്നാണു വിവരം. ഇതിനാൽതന്നെ പ്രതിഭാഗം ജാമ്യത്തിനായി ഏതു കോടതിയെ സമീപിച്ചാലും തെല്ലും ഭയമില്ലെന്നും നടനെതിരേ വ്യക്തമായ തെളിവ് ഉള്ളതിനാൽ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ അടുത്ത മാസം ഏഴിനു മുന്പായി ദിലീപിനെതിരായുള്ള കുറ്റപത്രം അങ്കമാലി കോടതിയിൽ അന്വേഷണ സംഘം സമർപ്പിക്കും. ദിലീപ് അറസ്റ്റിലായിട്ട് അടുത്തമാസം എട്ടിന് 90 ദിവസം പൂർത്തിയാകുകയാണ്. ഇതിനുമുന്പുതന്നെ വിചാരണ കോടതിയായ അങ്കമാലി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് ഒരുങ്ങുന്നത്. കേസ് അട്ടിമറിക്കാൻ സിനിമാക്കാർ സാക്ഷികളെ സ്വാധീനിക്കുമെന്ന സൂചനകൾ സജീവമാണ്. ഇതിനുള്ള നീക്കവും തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ വേണ്ടത്ര കരുതലെടുക്കാനാണ് വിമൻ ഇൻ സിനിമാ കളക്ടീവിന്റെ തീരുമാനം. മഞ്ജു വാര്യരുടെ നേതൃത്വത്തിൽ ഈ നീക്കത്തെ പ്രതിരോധിക്കാനും ശ്രമം സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP