Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം നേതാവ് പരാതിക്കാരനായതോടെ പൊലീസ് ഏറ്റെടുത്തത് ഇടനിലക്കാരന്റെ ചുമതല; ദമ്പതികളെ വിളിച്ചു വരുത്തി മർദ്ദിച്ചും പുലഭ്യം വിളിച്ചും ഭീഷണിപ്പെടുത്തിയും 12 മണിക്കൂർ; കുറ്റമെല്ലാം ഏറ്റു വീട്ടിലെത്തിയപ്പോൾ എട്ടു ലക്ഷം കൊടുക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ തെരഞ്ഞെടുത്തു; യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് തലവേദനയാകും; എത്ര കൊണ്ടാലും പിണറായിയുടെ പൊലീസ് പഠിക്കില്ലെന്ന് തെളിയിച്ച് ചങ്ങനാശ്ശേരി സംഭവം

സിപിഎം നേതാവ് പരാതിക്കാരനായതോടെ പൊലീസ് ഏറ്റെടുത്തത് ഇടനിലക്കാരന്റെ ചുമതല; ദമ്പതികളെ വിളിച്ചു വരുത്തി മർദ്ദിച്ചും പുലഭ്യം വിളിച്ചും ഭീഷണിപ്പെടുത്തിയും 12 മണിക്കൂർ; കുറ്റമെല്ലാം ഏറ്റു വീട്ടിലെത്തിയപ്പോൾ എട്ടു ലക്ഷം കൊടുക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ തെരഞ്ഞെടുത്തു; യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് തലവേദനയാകും; എത്ര കൊണ്ടാലും പിണറായിയുടെ പൊലീസ് പഠിക്കില്ലെന്ന് തെളിയിച്ച് ചങ്ങനാശ്ശേരി സംഭവം

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: പരാതിക്കാരന്റെ മുന്നിൽ 12 മണിക്കൂർ ചോദ്യംചെയ്യൽ. ഭാര്യ രേഷ്മയും സാക്ഷി. ക്രൂരമായി മർദിച്ചുവെന്നാണു മരിക്കുന്നതിനു മുൻപ് സുനിൽ സഹോദരനെ വിളിച്ചു പറഞ്ഞത്. രേഷ്മയുടെ ആത്മഹത്യാക്കുറിപ്പിലും ഇതു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ പിണറായിയുടെ പൊലീസ് ഈ രണ്ട് മരണത്തിനും ഉത്തവദാത്വം പറയേണ്ടി വരും. സിപിഎം നേതാവിന്റെ സ്വർണക്കടയിൽനിന്നു സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ ചോദ്യംചെയ്തു വിട്ടയച്ച യുവാവ് വീട്ടിലെത്തി ഭാര്യയോടൊപ്പം ജീവനൊടുക്കിയതും പൊലീസിന്റെ ഇടപെടലിന്റെ ഫലമാണ്. ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയിൽ സുനിൽകുമാർ (36), ഭാര്യ ചെങ്ങന്നൂർ കാരയ്ക്കാട് കരിക്കിൻകാല രാജേന്ദ്രന്റെ മകൾ രേഷ്മ (21) എന്നിവരാണ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചത്. ഇവർ സയനൈഡ് ആണു കഴിച്ചതെന്നു കരുതുന്നു.

ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് മർദനം നടന്നിട്ടുണ്ടോയെന്നു കണ്ടെത്തുന്നതിന് അന്വേഷണ സംഘം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സുനിൽ കുമാറിന്റെയും രേഷ്മയുടെയും മൃതദേഹം പാലാ ആർഡിഒ ഇൻക്വസ്റ്റ് ചെയ്യും. ഇതോടെ ദേഹത്തു ക്ഷതങ്ങളും മറ്റുമുണ്ടെങ്കിൽ കണ്ടെത്താനാകും. അന്വേഷണത്തിൽ സുതാര്യതയ്ക്കു വേണ്ടിയാണ് ഇൻക്വസ്റ്റ് പൊലീസിൽനിന്ന് മാറ്റിയത്. സജികുമാറിന്റെ പരാതിയിൽ കേസ് എടുത്തില്ല. പകരം, സുനിലിനെയും രാജേഷിനെയും വിളിച്ചുവരുത്തി. ഇത് പൊലീസിന്റെ വീഴ്ചയാണ്. സജികുമാറും സുനിലിനെ ഭീഷണിപ്പെടുത്തിയെന്നു പരാതിയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് നടപടിയെടുത്തതുമില്ല. പരാതിക്കാരൻ സിപിഎമ്മുകാരനായതാണ് പൊലീസിനെ പ്രശ്‌നത്തിൽ സജീവമായി ഇടപെടാൻ പ്രേരിപ്പിച്ചത്. ഇതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന് പുതിയൊരു ആയുധമാവുകയാണ് ചങ്ങനാശ്ശേരിയിലെ ഈ കേസും

'പൊലീസ് ഇടിച്ചു കൊല്ലാറാക്കി, ആത്മഹത്യ മാത്രമാണു വഴി' എന്നു സഹോദരനെ ഫോൺ വിളിച്ചു പറഞ്ഞ ശേഷമായിരുന്നു ആത്മഹത്യ. സഹോദരൻ ഓടിയെത്തിയപ്പോഴേക്കും ഇരുവരും വിഷം കഴിച്ചിരുന്നു. ചങ്ങനാശേരി നഗരസഭയിലെ സിപിഎം അംഗവും സ്വർണവ്യാപാരിയുമായ അഡ്വ. സജി കുമാറാണ് സ്വർണം നഷ്ടപ്പെട്ടെന്നു പരാതി നൽകിയത്. എന്നാൽ, പരാതിയിൽ കേസെടുക്കാതെ, സുനിലിനെ ചോദ്യംചെയ്യാൻ വിളിപ്പിക്കുകയായിരുന്നു പൊലീസ്. മരണത്തിന് ഉത്തരവാദി സജി കുമാറുമാണെന്നും പൊലീസ് മർദിച്ചെന്നും രേഷ്മ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മഹിജാ വിഷയത്തിലും വരാപുഴയിലും പ്രതിക്കൂട്ടിൽ ആയ കേരളാ പൊലീസിനെ വീണ്ടും വിവാദത്തിലാക്കുന്ന സംഭവം. പ്രതിപക്ഷവും ഇതിനെതിരെ അതിശക്തമായി രംഗത്ത് വ്ന്നു. സംഭവം വിവാദമായതോടെ ചങ്ങനാശേരി എസ്‌ഐ പി.എ. സമീർഖാനെ ജില്ലാ സൈബർ സെല്ലിലേക്കു മാറ്റി. ചങ്ങനാശേരി താലൂക്കിൽ ഇന്നു രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു.

സ്വർണപ്പണിക്കാരനായ സുനിൽ വർഷങ്ങളായി സജി കുമാറിന്റെ ആഭരണശാലയിലേക്ക് ആഭരണങ്ങൾ നിർമ്മിച്ചു നൽകുന്നുണ്ട്. പണിയാൻ ഏൽപിച്ച സ്വർണ ഉരുപ്പടികൾ തിരിച്ചു കിട്ടിയപ്പോൾ സ്വർണം കുറവുണ്ടെന്നു സജി കുമാർ തിങ്കളാഴ്ച പരാതി നൽകി. സ്വർണപ്പണിക്കാരായ സുനിലിനെയും രാജേഷിനെയും സംശയമുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ സുനിലിനെയും രാജേഷിനെയും ചങ്ങനാശേരി എസ്‌ഐ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ഭാര്യ രേഷ്മയ്‌ക്കൊപ്പം രാവിലെ ഒൻപതു മണിയോടെ സുനിൽ എത്തി. രാത്രി ഒൻപതു വരെ പൊലീസ് ചോദ്യംചെയ്തു. സജി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ. സ്വർണം എടുത്തതായി രാത്രി ഒൻപതു മണിയോടെ സുനിൽ സമ്മതിച്ചു. പൊലീസിന്റെ മർദനം സഹിക്കവയ്യാതെ സുനിൽ കുറ്റം സമ്മതിച്ചതാകാമെന്നാണു സഹോദരൻ അനിൽ പറയുന്നത്. എന്നാൽ, 100 ഗ്രാം സ്വർണം പലപ്പോഴായി എടുത്തിട്ടുണ്ടെന്നു രേഷ്മയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

എട്ടുലക്ഷം രൂപയോ 600 ഗ്രാം സ്വർണമോ സജികുമാറിനു തിരികെ നൽകണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇതിൽ പകുതി ഇന്നലെ നാലു മണിക്കകം നൽകണമെന്നും ഭീഷണിപ്പെടുത്തിു. ഈ ഉറപ്പിൽ സുനിലിനെയും രാജേഷിനെയും വിട്ടയച്ചു. എന്നാൽ, പണം നൽകാൻ ഒരു നിവൃത്തിയുമില്ലായിരുന്നു. ഒരു വർഷം മുൻപാണു സുനിലിന്റെയും രേഷ്മയുടെയും വിവാഹം കഴിഞ്ഞത്. നേരത്തേ പെരുന്നയിൽ ഗോൾഡ് കവറിങ് സ്ഥാപനം സുനിലും കുടുംബവും നടത്തിയിരുന്നു. സാമ്പത്തിക പ്രശ്‌നം മൂലം കട നിർത്തിയാണു സ്വർണപ്പണി ആരംഭിച്ചത്. ഇതും പ്രശ്‌നത്തിലായി. ഇതോടെ ഭാര്യയും ഭർത്താവും മരണം തെരഞ്ഞെടുക്കുകയായിരുന്നു.

രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ്

''ഞങ്ങളുടെ മുന്നിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. ഞങ്ങളുടെ മരണത്തിന് ഉത്തരവാദി അഡ്വ. സജികുമാറാണ്. സുനിയേട്ടൻ സജിയുടെ വീട്ടിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട് 12 വർഷത്തോളമായി. 600ഗ്രാം സ്വർണം കാണാനില്ലെന്നു പറഞ്ഞാണ് സജികുമാർ പരാതി കൊടുത്തത്. 100 ഗ്രാമോളം പലപ്പോഴായി സുനി ചേട്ടൻ എടുത്തിട്ടുണ്ട്. ബാക്കിയുള്ളത് സജികുമാർ വീടുപണിക്കായി പലപ്പോഴായി വിറ്റു. എന്നിട്ട് മുഴുവൻ ഉത്തരവാദിത്തവും ഞങ്ങളുടെ തലയിൽ കെട്ടിവെച്ച് പൊലീസിൽ പരാതി നൽകി. എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നൽകാമെന്ന് മർദിച്ച് സമ്മതിപ്പിച്ച് എഴുതിവയ്പിച്ചു. ഞങ്ങൾക്ക് കൊടുക്കാൻ ഒരു മാർഗവുമില്ല. എന്റെ താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതുകൊണ്ട് ഞങ്ങൾ മരിക്കുന്നു. ഞങ്ങൾ മരിക്കാൻ തീരുമാനിച്ചു.''

അതിനിടെ ചങ്ങനാശേരി എസ്‌ഐ ഷമീർഖാനെ കോട്ടയം എസ്‌പി ഓഫീസിലേക്കു മാറ്റി. അന്വേഷണവിധേയമായാണ് എസ്‌ഐയുടെ സ്ഥലംമാറ്റം. കേസന്വേഷണം ഡി.സി.ആർ.ബി ഡി.വൈ.എസ്‌പിക്ക് കൈമാറിയിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് സുനിലിനെ ക്രൂരമായി മർദിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. മർദ്ദനമേറ്റ് മരിക്കാറായെന്ന് സുനിൽ പറഞ്ഞുവെന്നാണ് ബന്ധുക്കൾ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പരാതി ലഭിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ മാത്രമാണ് ഉണ്ടായതെന്നും ദമ്പതികളെ മർദിക്കുകയോ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ബന്ധുക്കളുടെ പരാതി പരിശോധിക്കുമെന്ന് ചങ്ങനാശേരി ഡി.വൈ.എസ്‌പി വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി റേഞ്ച് ഐ.ജിയും വ്യക്തമാക്കി. സംഭവത്തിൽ പൊലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP