Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവരെ കൊല്ലെടാ എന്നാക്രോശിച്ച് കല്ലെറിഞ്ഞു; കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ കെട്ടിടത്തിന് മുകളിൽ തമ്പടിച്ചു; ശബരിമലകർമസമിതിയുടെ പ്രകടനം ലാക്കാക്കി കരിങ്കൽ കഷണങ്ങൾ കരുതിയിരുന്നു; പ്രകടനത്തിന് നേരേ കരിങ്കല്ലും ഇഷ്ടിക കഷ്ണങ്ങളും വലിച്ചെറിഞ്ഞു; പന്തളത്ത് ചന്ദ്രൻ ഉണ്ണിത്താന്റേത് ആസൂത്രിത കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ടിൽ; പ്രതികൾക്കെതിരെ ചുമത്തിയതുകൊലപാതകം അടക്കമുള്ള കുറ്റങ്ങൾ; സിപിഎം പ്രവർത്തകരായ കണ്ണനും അജുവും റിമാൻഡിൽ

അവരെ കൊല്ലെടാ എന്നാക്രോശിച്ച് കല്ലെറിഞ്ഞു; കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ കെട്ടിടത്തിന് മുകളിൽ തമ്പടിച്ചു; ശബരിമലകർമസമിതിയുടെ പ്രകടനം ലാക്കാക്കി കരിങ്കൽ കഷണങ്ങൾ കരുതിയിരുന്നു; പ്രകടനത്തിന് നേരേ കരിങ്കല്ലും ഇഷ്ടിക കഷ്ണങ്ങളും വലിച്ചെറിഞ്ഞു; പന്തളത്ത് ചന്ദ്രൻ ഉണ്ണിത്താന്റേത് ആസൂത്രിത കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ടിൽ; പ്രതികൾക്കെതിരെ ചുമത്തിയതുകൊലപാതകം അടക്കമുള്ള കുറ്റങ്ങൾ; സിപിഎം പ്രവർത്തകരായ കണ്ണനും അജുവും റിമാൻഡിൽ

മറുനാടൻ മലയാളി ബ്യൂറോ

പന്തളം: ശബരിമല യുവതീപ്രവേശനത്തെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറേറ്റ് ചന്ദ്രൻ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമെന്ന റിമാൻഡ് റിപ്പോർട്ട്. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ കെട്ടിടത്തിന് മുകളിൽ തമ്പടിച്ചത്. കരിങ്കല്ലും ഇഷ്ടിക കഷ്ണങ്ങളും പ്രകടനക്കാർക്ക് നേരേ വലിച്ചെറിഞ്ഞു. അവരെ കൊല്ലെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതികൾ കല്ലെറിഞ്ഞത്. പ്രതികളായ കണ്ണനും അജുവിനുമെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇരുവരെയും റിമാൻഡ് ചെയ്തു. പ്രതികളുടെ രാഷ്ട്രീയബന്ധത്തെ കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമില്ല

കേസിൽ എട്ടോളം പേരെ ഇനിയും പിടികൂടാനുണ്ട്. അടൂർ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. അടൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജസിട്രേറ്റ് കോടതിക്ക് മുമ്പാകെ പന്തളം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ.ഡി.ബിജുവാണ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്.

ബുധനാഴ്ച വൈകിട്ട് 6.15 ന് പന്തളം-മാവേലിക്കര പബ്ലിക് റോഡിൽ, കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്ന് ടൗണിലേക്ക് പ്രകടനമായി നീങ്ങിയവരെയാണ് പ്രതികൾ ആക്രമിച്ചത്. കർമസമിതി പ്രകടനത്തിന് നേരേ എറിയാൻ ഇവർ കരിങ്കൽ കഷ്ണങ്ങൾ കരുതിയിരുന്നു.
എറിഞ്ഞുകൊല്ലടാ അവന്മാരെ എന്നാക്രോശിച്ചുകൊണ്ട് തുരുതുരാ കല്ലെറിഞ്ഞതോടെ, ചന്ദ്രൻ ഉണ്ണിത്താന്റെ തലയിൽ നെറ്റിക്ക് മുകളിൽ ഇടതുഭാഗത്തായി മാരകമായി മുറിവേറ്റു. പന്തളം കരിക്കാംതുണ്ടിൽ വീട്ടിൽ ഹരികുമാറിന്റെ തലയുടെ പിൻഭാഗത്ത് മധ്യവശത്ത് അടക്കമുള്ള മുറിവുകളും, കുളനട നാഗേഷ് എസ്‌പിള്ളയുടെ തലയുടെ ഇടതുഭാഗത്ത് മുറിവേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ചന്ദ്രൻ ഉണ്ണിത്താന്റെ തലയിൽ വലതുഭാഗത്ത് തലയോട്ടിയിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കാരണത്താലാണ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

പന്തളത്ത് ബുധനാഴ്ച വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ പരുക്കേറ്റതിനെ തുടർന്ന ആശുപത്രിയിലാണ് ചന്ദ്രൻ മരിച്ചത്. ചന്ദ്രൻ ഉണ്ണിത്താൻ (55) മരിച്ചതെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയോട്ടി തകർന്നിരുന്നു. ക്ഷതങ്ങൾ മൂലം തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ടായതാണു മരണകാരണം.

ഉണ്ണിത്താനു നേരത്തെ ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഹൃദയസ്തംഭനം ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ മരണത്തിലേക്കു നയിച്ചത് തലയിലെ പരുക്കുകളാണെന്ന് ഫോറൻസിക് വിദഗ്ദ്ധർ പറയുന്നു. വാഹനാപകടങ്ങളിൽ പരുക്കേറ്റാലും പലപ്പോഴും മരണത്തിലേക്കു നയിക്കുന്നതു ഹൃദയസ്തംഭനമായിരിക്കം. പക്ഷേ, മരണ കാരണം വാഹനാപകടം എന്ന നിലയിലാണു കണക്കാക്കുന്നത്. ഉണ്ണിത്താന്റെ തലയിൽ മാത്രമാണു പരുക്കുകൾ. നെറ്റിയിലും തലയുടെ മധ്യഭാഗത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇതുകൂടാതെ തലയിൽ പലയിടത്തും പരുക്കുകളുണ്ട്. ഭാരമുള്ള എന്തോ തലയിൽ ഇടിച്ചതു മൂലമാണു പരുക്കുകളെന്നും റിപ്പോർട്ടിൽ പറയുന്നു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു മുകളിൽ നിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താനു പരുക്കേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രി 11നു മരണം സ്ഥിരീകരിച്ചു. ഉണ്ണിത്താന്റെ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞത് വിവാദമായിരുന്നു. മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. പോസ്റ്റുമോർട്ടം നടത്തുന്നതിന് മുമ്പ് തന്നെ ഹൃദയാഘാതമാണ് മരണകാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത് റിപ്പോർട്ട് അട്ടിമറിക്കാനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷത കെ.പി. ശശികല ആരോപിച്ചിരുന്നു.

സിപിഎം പ്രവർത്തകരുടെ കല്ലേറിൽ പരിക്കേറ്റതിനെ തുടർന്നാണ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിൽ ഉണ്ണിത്താൻ ഏറെ മനോവിഷമത്തിലായിരുന്നു. അദ്ദേഹം ശബരിമല കർമ്മ സമിതിയിൽ സജീവപ്രവർത്തകനായിരുന്നെന്നും ഭാര്യ വിജയമ്മ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP