Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അവൻ എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ'? സെസിയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം കേട്ടപ്പോൾ ചിലർ അന്വേഷണമായി; ചങ്ങനാശേരിയിലെ പഴയ അഭിഭാഷക സുഹൃത്ത് ആ രഹസ്യം പൊട്ടിച്ചപ്പോൾ വ്യാജ വക്കീലിന്റെ തട്ടിപ്പ് പുറത്ത്

'അവൻ എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ'? സെസിയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം കേട്ടപ്പോൾ ചിലർ അന്വേഷണമായി; ചങ്ങനാശേരിയിലെ പഴയ അഭിഭാഷക സുഹൃത്ത് ആ രഹസ്യം പൊട്ടിച്ചപ്പോൾ വ്യാജ വക്കീലിന്റെ തട്ടിപ്പ് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പരീക്ഷ പാസാവാതെ വക്കീലായ സെസിക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. അതേസമയം, സഹപ്രവർത്തകരും കോടതി ജീവനക്കാരുമൊക്കെ അക്കിടി പറ്റിയല്ലോ എന്ന ചമ്മലിലും. പ്രാക്ടീസ് നടത്തിയ ആലപ്പുഴ ബാർ അസോസിയേഷൻ ഭാരവാഹി ആയിരുന്ന സെസി സേവ്യറിനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സെസി രാജ്യം വിട്ടു പോകാതിരിക്കാനാണ് ഇത്. അതിനിടെ സെസിയെ രക്ഷിക്കാൻ ചില രാഷ്ട്രീയക്കാരും രംഗത്തുണ്ട്.

സെസി സേവ്യറിനെ പ്രമുഖ അഭിഭാഷകന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യാൻ അവസരം വാങ്ങിക്കൊടുത്തത് ഒരു മുൻ എംഎൽഎ ആണെന്ന് വിവരമുണ്ട്. ഇവർ പരീക്ഷ പാസ്സാകാതെയാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് ചിലർക്ക് അറിയാമായിരുന്നു. പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകന്റെ ഓഫീസിലെ പ്രധാന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നയാളായി മാറാൻ സെസിക്ക് താമസമുണ്ടായില്ല. സെസിയുടെ സാമ്പത്തിക വളർച്ചയിലും നാട്ടുകാർക്ക് സംശയമുണ്ട്. സാധാരണ കുടുംബത്തിലെ അംഗമാണ്. നിയമം പഠിക്കാൻ തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിലാണ് പോയത്. സൗഹൃദങ്ങൾ കൂടിയതോടെ ക്ലാസുകളിൽ കയറാതായി. അറ്റന്റൻസിന്റെ കുറവിൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പിന്നീട് ബെംഗളുരുവിൽ പോയി കോഴ്‌സ് പൂർത്തിയാക്കി എന്നത് നുണയാണെന്ന് ഇപ്പോൾ പുറത്തുവരുന്നു. വളരെ വേഗമാണ് ഉയർന്ന് സാമ്പത്തിക നിലയിലേക്ക് എത്തിയത്. ആലപ്പുഴ മുന്തിയ ബ്യൂട്ടീ പാർലറിലെ സ്ഥിരം സന്ദർശകയുമായിരുന്നു. ഏറെ ദുരൂഹത നിറഞ്ഞ ജീവിതമാണ് സെസിയുടേതെന്നാണ് നാട്ടുകാർ പറയുന്നത്.

അതേ സമയം ബാർ കൗൺസിൽ ഓഫ് കേരള സംഭവം വളരെ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്. സെസിക്ക് കുടപിടിച്ചു കൊടുത്തവരെയെല്ലാം കേസിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണവർ. അഭിഭാഷകർക്കും ജുഡീഷ്യറിക്കും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണിത്. അതിനാൽ പഴുതടച്ചുള്ള അന്വേഷണത്തിനാണ് നീക്കം. ആലപ്പുഴ ബാർ കൗൺസിലിലെ അഭിഭാഷകരെല്ലാം ഒറ്റക്കെട്ടായി നിന്ന് ശക്തമായ നടപടി എടുക്കണമെന്ന നിലപാടിലാണ്. കഴിഞ്ഞ ഞായറാഴ്ച വരെ ബാർ അസോസിയേഷന്റെ ഒരു ഓൺലൈൻ മീറ്റിങ്ങിന്റെ ചുമതലകൂടി വഹിച്ച സെസി പരാതി ലഭിച്ച അന്ന് തന്നെ സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. അസോസിയേഷൻ പരാതി നൽകുമെന്നു മനസ്സിലാക്കിയ ഇവർ, നാടുവിട്ടെന്നാണു പൊലീസ് സംശയിക്കുന്നത്.

തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ചങ്ങനാശേരിയിലെ ആദ്യപ്രാക്ടീസ് കാലത്ത് ഒരുയുവ അഭിഭാഷകനുമായി വലിയ സൗഹൃദമായിരുന്നു. ഏതോ ദുർബല നിമിഷത്തിൽ വക്കീൽ കോഴ്‌സ് പൂർത്തിയാക്കിയിട്ടില്ലെന്ന വിവരം പങ്കുവച്ചു. പിന്നീട് ഇവരുതമ്മിൽ തെറ്റി. ആലപ്പുഴയിൽ എത്തിയെങ്കിലും തന്റെ രഹസ്യം പഴയ സുഹൃത്ത് പൊട്ടിക്കുമോ എന്ന പേടി സെസിക്ക് ഉണ്ടായിരുന്നു. സെസിയുടെയും യുവഅഭിഭാഷകന്റെയും പൊതുസുഹൃത്തുക്കൾക്ക് 'അവൻ എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ 'എന്ന ആകാംക്ഷ നിറഞ്ഞ സെസിയുടെ പതിവ് ചോദ്യത്തിൽ സംശയം തോന്നി. ചില മിടുക്കന്മാർ നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. ചിലർക്കൊക്കെ ഇതറിയാമായിരുന്നെങ്കിലും വലിയ സംഭവമാക്കിയില്ല.

എന്നാൽ, ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് വന്നതോടെ കളി മാറി. തിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും തമ്മിലെ ഭിന്നത ഇതിന് ഒരുകാരണമായി. കോൺഗ്രസ് ജയിച്ചാലും സിപിഐ അനുകൂല സംഘടനയിലെ അഭിഭാഷകർ ജയിക്കരുതെന്ന് സിപിഎം അനുകൂല അഭിഭാഷക സംഘടന പ്രവർത്തകർക്ക് വാശിയായി. സിപിഐ യെ തോൽപ്പിക്കാൻ സിപിഎം അനുകൂല സംഘടനയിലെ പ്രവർത്തകരും ബാർ അസോസിയേഷനിലെ മൂന്നാമത്തെ വലിയ പദവിയായ ലൈബ്രേറിയൻ പോസ്റ്റിൽ മൽസരിച്ച സെസിക്ക് വോട്ടുചെയ്തു. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയായിരുന്നു വിജയം. ഓഫീസ് രേഖകൾ,അംഗത്വവുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവയുടെ സൂക്ഷിപ്പും ലൈബ്രേറിയനാണ്. സിപിഎം-സിപിഐ അഭിഭാഷക സംഘടനകൾ തമ്മിലുള്ള ഭിന്നതയാണ് സെസിയുടെ യോഗ്യതയെക്കുറിച്ച് ആദ്യം പരാതി ഉയരാൻ കാരണമായത്. ചങ്ങനാശേരിയിലെ സെസിയുടെ പഴയ ചങ്ങാതിയിൽ നിന്ന് നിയമപഠനം പൂർത്തിയാക്കിയിട്ടില്ല എന്ന വിവരവും കിട്ടി.

മതിയായ യോഗ്യതകളില്ലാതെ വക്കീലായി പ്രവർത്തിച്ച സെസി സേവ്യറിനെതിരേ കഴിഞ്ഞദിവസമാണ് ആലപ്പുഴ ബാർ അസോസിയേഷൻ നോർത്ത് പൊലീസിൽ പരാതി നൽകിയത്. വിശ്വാസ വഞ്ചന, ആൾമാറാട്ടം, മോഷണക്കുറ്റം തുടങ്ങിയവ ഉന്നയിച്ചാണ് പരാതി നൽകിയിരിക്കുന്നത്. രണ്ടരവർഷമായി സെസി സേവ്യർ കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതിയിൽ പറയുന്നത്.ലൈബ്രറിയുടെ ചുമതലയുണ്ടായിരുന്ന ഇവർ ബന്ധപ്പെട്ട രേഖകൾ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്. ഇതിനാണ് മോഷണക്കുറ്റം ആരോപിച്ചും പരാതി നൽകിയിരിക്കുന്നത്.

യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടതിനാൽ സെസി സേവ്യറെ കഴിഞ്ഞദിവസം ബാർ അസോസിയേഷനിൽനിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞദിവസം അസോസിയേഷൻ ഭാരവാഹികൾ ഇവരിൽനിന്ന് ഫോണിലൂടെ വിശദീകരണം തേടുകയും ചെയ്തു. എന്നാൽ സെസി സേവ്യർ പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയത്. പൊലീസിൽ പരാതി നൽകരുതെന്നും അഭ്യർത്ഥിച്ചു. ഇതിനുപിന്നാലെയാണ് ബാർ അസോസിയേഷൻ സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്.

അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരിക്കുകയാണ്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഫേസ്‌ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവർ നിലവിൽ ഡൽഹിയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP