Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെപിഎൻ കമ്പനിയുടെ ബസുകൾ കത്തിച്ച 22 കാരി യുവതി 40 കോടി നഷ്ടം ഉണ്ടാക്കിയത് 100 രൂപയ്ക്കും ഒരു മട്ടൻ ബിരിയാണിക്കും വേണ്ടിയും; അറസ്റ്റിലായ ഭാഗ്യയുടെ അമ്മയുടെ മൊഴിയെടുത്ത് പൊലീസ്

കെപിഎൻ കമ്പനിയുടെ ബസുകൾ കത്തിച്ച 22 കാരി യുവതി 40 കോടി നഷ്ടം ഉണ്ടാക്കിയത് 100 രൂപയ്ക്കും ഒരു മട്ടൻ ബിരിയാണിക്കും വേണ്ടിയും; അറസ്റ്റിലായ ഭാഗ്യയുടെ അമ്മയുടെ മൊഴിയെടുത്ത് പൊലീസ്

ബംഗളൂരു: ബംഗളൂരുവിൽ തമിഴ്‌നാട് ആസ്ഥാനമായുള്ള കെ.പി.എൻ. ഗ്രൂപ്പിന്റെ 42 ബസുകൾ കത്തിക്കാൻ മുന്നിൽനിന്ന യുവതി നൂറു രൂപയ്ക്കും ഒരു പ്ലേറ്റ് ബിരിയാണിക്കും വേണ്ടിയാണു പ്രക്ഷോഭത്തിൽ പങ്കെടുത്തതെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. ഗിരിനഗറിൽ കെ.പി.എൻ. ഗ്രൂപ്പിന്റെ ഗാരേജിനടുത്താണു മാതാപിതാക്കൾക്കൊപ്പം ഭാഗ്യ താമസിക്കുന്നത്. ദിവസവേതനത്തിനു ജോലി ചെയ്യുന്നയാളാണു ഭാഗ്യ. 12ാം തിയതി ഉച്ചയ്ക്ക് പരിചയക്കാരായ ചിലർ വീട്ടിലെത്തി സമരത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇതിനു പകരമായി ഒരു പ്ലേറ്റ് മട്ടൻ ബിരിയാണിയും നൂറു രൂപയും വാഗ്ദാനം ചെയ്‌തെന്നും അമ്മ യെല്ലമ്മ പറഞ്ഞു.

കാവേരി നദീജലം തമിഴ്‌നാടുമായി പങ്കുവയ്ക്കുന്നതിനെച്ചൊല്ലി ഈ മാസം 12 ന് ബംഗളൂരുവിലുണ്ടായ അക്രമങ്ങൾക്കിടെയാണു ബസുകൾക്കു തീവച്ചത്. 22 വയസുകാരിയായ ഭാഗ്യ ഉൾപ്പെടെ 11 പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭാഗ്യയുടെ അമ്മയുടെ മൊഴി പൊലീസ് എടുത്തിട്ടുണ്ട്. സി.സി.ടിവി ദൃശ്യങ്ങളുടെയും ബസ് ജീവനക്കാർ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണു പൊലീസ് ഭാഗ്യയെയും കൂട്ടരെയും അറസ്റ്റ് ചെയ്തത്. അക്രമങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റിലായ നാനൂറോളം പേരിൽ ഏക വനിതയാണു ഭാഗ്യ.

കെ.പി. നടരാജന്റെ ഉടമസ്ഥതയിലുള്ള കെപിഎൻ ട്രാവൽസിന്റെ ടൂറിസ്റ്റ് ബസ്സുകളാണ് കത്തി നശിച്ചത്. ഡിസൂസ നഗറിലെ കെപിഎൻ പാർക്കിങ് ഗ്രൗണ്ടിലേക്ക് ജനക്കൂട്ടത്തെ നയിക്കുകയും ബസ്സുകൾക്ക് തീയിടുകയും ചെയ്യുന്നതിന് നേതൃത്വം നൽകിയത് 22കാരിയായ സി. ഭാഗ്യയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അച്ഛൻ ചന്ദ്രകാന്തിനും അമ്മ യെല്ലമ്മയ്ക്കുമൊപ്പമാണ് അവർ താമസിക്കുന്നത്. ഉത്തര കർണാടകയിൽനിന്ന് രണ്ടുവർഷം മുമ്പ് ബെംഗളൂരുവിലെത്തിയ ഭാഗ്യ, ദിവസക്കൂലിക്ക് ജോലി ചെയ്താണ് കഴിഞ്ഞിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഭാഗ്യയെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മഡിവാളയിലെ റിമാൻഡ് ഹോമിലാണ് അവരിപ്പോൾ. വധശ്രമം, ലഹളയുണ്ടാക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഭാഗ്യയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അടുത്ത ആറുമാസത്തേയ്്ക്ക് ഭാഗ്യയ്ക്ക് ജാമ്യം പോലും ലഭിച്ചേക്കില്ലെന്നാണ് സൂചന. തനിക്കുവേണ്ടി വാദിക്കാൻ ഒരു വക്കീലിനെപ്പോലും ഏർപ്പാടാക്കാൻ ഭാഗ്യയ്ക്ക് നിവർത്തിയില്ല. കാവേരി പ്രശ്‌നവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ അറസ്റ്റിലായവർക്ക് സൗജന്യ നിയമ സഹായം നൽകുമെന്ന് നഗരത്തിലെ അഭിഭാഷകർ വാഗ്ദാനം ചെയ്തിരുന്നു. ആ രീതിയിൽ എന്തെങ്കിലും സഹായം ഭാഗ്യക്ക് കിട്ടിയേക്കും. ഇതിനിടെയാണ് അമ്മയുടെ വെളിപ്പെടുത്തൽ എത്തുന്നത്. ഈ സാഹചര്യത്തിൽ ഭാഗ്യയേയും മറ്റും സമരത്തിനിറക്കിയവരെ കണ്ടെത്താൻ പൊലീസ് ശ്രമിക്കും.

ബസ്സുകൾ കത്തിക്കുന്നതിനായി ജനക്കൂട്ടത്തിന് ഡീസലും പെട്രോളും വിതരണം ചെയ്തത് ഭാഗ്യയാണെന്ന് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഭാഗ്യയുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അവളൊരു സ്ഥിരം കുറ്റവാളിയാണോ എന്ന കാര്യവും പൊലീസിന്റെ അന്വേഷണത്തിലുണ്ട്. എന്നാൽ പ്രാഥമികമായി ഇത്തരം സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഏഴ് യുവാക്കളുടെ മൊഴിയാണ് ഭാഗ്യയിലേക്ക് പൊലീസിനെ എത്തിച്ചത്. അജ്ഞാതയായ ഒരു യുവതിയാണ് തങ്ങളെ ഇതിലേക്ക് നയിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. ഇവരിൽ അഞ്ചുപേർ ഗാരേജ് നിൽക്കുന്ന ഡിസൂസ നഗറിൽനിന്നു തന്നെയുള്ളവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP