Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൈയിലുണ്ടായിരുന്നത് ഒരു ലക്ഷം; കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്നത് 6.70 ലക്ഷം; പണം കൊണ്ടു വന്നതെന്ന് കാലടിയിൽ നിന്ന്; കണക്കിൽപ്പെടാത്ത തുകയുമായി ഒരു വൈദികൻ കൂടി ഇലക്ഷൻ ഫ്ളൈയിങ് സ്‌ക്വാഡിന്റെ പിടിയിൽ: ജലന്ധർ രൂപതയിലെ ഫാ.ആന്റണി മാടശേരിക്ക് പിന്നാലെ കത്തോലിക്ക വൈദികനായ ജോസഫ് മേച്ചേരിയിൽ നിന്നും പണം കണ്ടെടുത്തത് അടൂർ ബൈപാസിൽ വാഹന പരിശോധനയ്ക്കിടെ

കൈയിലുണ്ടായിരുന്നത് ഒരു ലക്ഷം; കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്നത് 6.70 ലക്ഷം; പണം കൊണ്ടു വന്നതെന്ന് കാലടിയിൽ നിന്ന്; കണക്കിൽപ്പെടാത്ത തുകയുമായി ഒരു വൈദികൻ കൂടി ഇലക്ഷൻ ഫ്ളൈയിങ് സ്‌ക്വാഡിന്റെ പിടിയിൽ: ജലന്ധർ രൂപതയിലെ ഫാ.ആന്റണി മാടശേരിക്ക് പിന്നാലെ കത്തോലിക്ക വൈദികനായ ജോസഫ് മേച്ചേരിയിൽ നിന്നും പണം കണ്ടെടുത്തത് അടൂർ ബൈപാസിൽ വാഹന പരിശോധനയ്ക്കിടെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കത്തോലിക്ക സഭ ജലന്ധർ രൂപതയിലെ ഫാ ആന്റണി മാടശേരി കണക്കില്ലാത്ത കോടികളുമായി പിടിയിലായതിന്റെ അലയൊലികൾ നിലയ്ക്കും മുൻപ് മറ്റൊരു കത്തോലിക്കാ വൈദികൻ 7.70 ലക്ഷം രൂപയുമായി ഇലക്ഷൻ ഫ്ളൈയിങ് സ്‌ക്വാഡിന്റെ പിടിയിൽ. തിരുവനന്തപുരം കോട്ടൺ ഹിൽ മൗണ്ട് കാർമൽ പ്രൊവൻഷ്യലിൽ ഉൾപ്പെട്ടഫാ. സജി ജോസഫ് (ജോസഫ് മേച്ചേരി) യാത്ര ചെയ്ത കാറിൽ നിന്നാണ് പണം കണ്ടെടുത്തത്.

അടൂർ ബൈപ്പാസ് റോഡിൽ തെരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ബുധനാഴ്ച രാത്രി 11.45 ന് പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് ഇദ്ദേഹം പിടിയിലായത്. അടൂർ മുനിസിപ്പൽ സെക്രട്ടറി ആർകെ ദീപേഷ്, സിപിഒമാരായ സിഎസ്അനൂപ്, സുധേഷ് എന്നിവരടങ്ങിയ സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. കെ എൽ 68 - 8975 മാരുതി ഡിസയർ വാഹനത്തിൽ നിന്നുമാണ് പണം പിടികൂടിയത്. പിടിയിലായപ്പോൾ പുരോഹിതന്റെ കൈവശം ഒരു ലക്ഷം രൂപയുണ്ടായിരുന്നു. വിശദമായ പരിശോധനയിൽ കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ നിന്നാണ് ബാക്കി പണം പിടികൂടിയത്. കാലടിയിലെ ബാങ്കിൽ നിന്നും 16 ലക്ഷം പിൻവലിച്ചിരുന്നുവെന്നും വരുന്ന വഴി സഭയുടെ ആശ്രമങ്ങൾക്ക് ബാക്കി തുക നൽകിയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. എന്നാൽ അനുബന്ധരേഖകൾ കാണിക്കാൻ പുരോഹിതന് കഴിഞ്ഞില്ല.

ഇതോടെ പിടിച്ചെടുത്ത പണം അടൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറി. ട്രഷറിയിലേക്ക് കൈമാറുന്ന പണം ട്രഷറി ചെസ്റ്റിൽ സൂക്ഷിക്കും. പിന്നീട് ജില്ലാ ഫിനാൻസ് ഓഫീസർ, ജില്ലാ ട്രഷറി ഓഫീസർ, പിഎയു പ്രോജക്ട് ഓഫീസർ എന്നിവർ അംഗങ്ങളായ സീഷർ റിലീസ് കമ്മിറ്റി ചേർന്ന് ഹിയറിങ് നടത്തി തീരുമാനമെടുക്കും. അനധികൃത മദ്യക്കടത്ത്, പണവിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ തടയുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഫ്ളയിങ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുള്ളത്. കളക്ടറേറ്റിൽ ഇതിനോട് അനുബന്ധിച്ച് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. എല്ലാ നിയോജകമണ്ഡലങ്ങളിലും ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് (ഒന്ന് വീതം), ഫ്‌ളൈയിങ് സ്‌ക്വാഡ് (മൂന്ന് വീതം), സ്റ്റാറ്റിക് സർവെയിലൻസ് സ്‌ക്വാഡ് (മൂന്ന് വീതം), വീഡിയോ സർവൈലൻസ് സ്‌ക്വാഡ് (ഒന്ന് വീതം), വീഡിയോ വ്യൂവിങ് സ്‌ക്വാഡ് (ഒന്ന് വീതം) എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ വിന്യാസം. രേഖകളില്ലാതെ കൈവശം വച്ചിരുന്ന പണം പിടിച്ചെടുത്ത സ്‌ക്വാഡ് പ്രവർത്തകരെ ജില്ലാകളക്ടർ അഭിനന്ദിച്ചു. കൂടുതൽ പണവുമായി യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ കൈവശം വയ്ക്കണമെന്നും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP