Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠിപ്പിൽ മോശമെന്ന പരാതിയുമായി വന്ന ബാലനെ കൗൺസിലിംഗിനിടെ പീഡിപ്പിച്ചെന്ന് പരാതി; പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൈരളി ചാനൽ 'മൈൻഡ് വാച്ച്' പരിപാടി അവതാരകനുമായ ഡോ.കെ.ഗിരീഷിനെതിരെ പോക്‌സോ കേസ്; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നെന്ന് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം

പഠിപ്പിൽ മോശമെന്ന പരാതിയുമായി വന്ന ബാലനെ കൗൺസിലിംഗിനിടെ പീഡിപ്പിച്ചെന്ന് പരാതി; പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൈരളി ചാനൽ 'മൈൻഡ് വാച്ച്' പരിപാടി അവതാരകനുമായ ഡോ.കെ.ഗിരീഷിനെതിരെ പോക്‌സോ കേസ്; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നെന്ന് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റും, ചാനൽ അവതാരകനുമായ ഡോ.കെ.ഗിരീഷിനെതിരെ ബാലപീഡനത്തിന് കേസ്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തത്. 13 വയസുകാരനായ ബാലനെ കഴിഞ്ഞ പതിനാലാം തീയതി തന്റെ കൗൺസലിങ് സെന്ററിൽ വച്ച് ഡോക്ടർ പീഡിപ്പിച്ചുവെന്നാണ് കേസ്.

തിരുവനന്തപുരം നഗരത്തിലുള്ള ഡോ.കെ.ഗിരീഷിന്റെ കൗൺസലിങ് സെന്ററിൽ വച്ച് പീഡനം നടന്നുവെന്നാണ് ആരോപണം. 13 കാരനായ ബാലൻ മൂത്ത കുട്ടിയെ അപേക്ഷിച്ച് പഠിപ്പിൽ പിന്നോക്കമാണെന്നും അതുകൊണ്ട് കൗൺസലിങ് നടത്തി പഠിപ്പ് മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ കൗൺസലിങ് സെന്ററിലെത്തിയത്. പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം ഡോക്ടർ കുട്ടിയെ കൗൺസലിംഗിന് വിധേയനാക്കി. കൗൺസലിംഗിനിടെ, കാമസംതൃപ്തി വരുത്തണമെന്ന ഉദ്ദേശത്തോടുകൂടി ഡോക്ടറായ പ്രതി ബാലന്റെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ പിടിച്ച് ലൈംഗികമായി പീഡിപ്പിച്ചും, കവിളിൽ ഉമ്മ വച്ചും ലൈംഗിക സംതൃപ്തി വരുത്തി എന്നാണ് ഫോർട്ട് പൊലീസ് ഇട്ട എഫ്ഐആറിൽ പറയുന്നത്.

കുട്ടിയുടെ മാതാവ് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്: പഠനവൈകല്യമുണ്ടെന്ന സംശയത്തിൽ സ്‌കൂളിലെ കൗൺസിലറുടെ നിർദ്ദേശപ്രകാരം ഓഗസ്റ്റ് 14നാണ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. പ്രശസ്തനായ ഡോക്ടറാണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ സമാധാനം തോന്നിയിരുന്നു. വൈകുന്നേരം 6.45ന് ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് കുട്ടിയെ ഒറ്റയ്ക്ക് അകത്തുവിളിച്ചത്. 20 മിനിട്ടുകൾക്ക് ശേഷം പുറത്തിറങ്ങിയ മകനിൽ കയറിപ്പോയപ്പോഴുള്ള പ്രസന്നത കണ്ടില്ല. തുടർന്ന് സംസാരിച്ചപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് അനുഭവം പറഞ്ഞത്.

ബോക്‌സ് പോലുള്ള പസിൽ കൊടുത്ത ശേഷം ഡോക്ടർ പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ടിരിക്കുകയും ചെയ്‌തെന്ന് മകൻ പറഞ്ഞു. ഈ വിവരം അറിഞ്ഞുടൻ ചൈൽഡ് ലൈൻ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ചൈൽഡ്‌ലൈൻ വിവരം തമ്പാനൂർ പൊലീസിന് കൈമാറി. സംഭവം നടന്നത് ഫോർട്ട് പൊലീസ് പരിധിയിലായതിനാൽ 16ന് കേസ് അവിടേയ്ക്ക് മാറ്റുകയും ചെയ്തു.

പോക്‌സോ നിയമപ്രകാരമാണ് പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തത്. ഫോർട്ട് സിഐ അജീഷ് ചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്. പീഡനത്തിന് ഇരയായ കുട്ടിയുടെയും, മാതാപിതാക്കളുടെയും മൊഴിയെടുത്തുവെന്നും, വസ്തുതകൾ വിലയിരുത്തിയ ശേഷം ഡോക്ടറുടെ മൊഴിയെടുക്കുമെന്നും സിഐ വ്യക്തമാക്കി. എന്നാൽ, സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും, ഡോക്ടറുടെ മൊഴിയെടുക്കാത്ത പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. പോക്‌സോ പ്രകാരം ചാർജ് ചെയ്ത കേസിൽ 24 മണിക്കൂറിനകം മൊഴിയെടുക്കണമെന്നാണ് നിയമം.

കൈരളി ചാനലിലെ മൈൻഡ് വാച്ച് എന്ന പേരിൽ മന;ശാസ്ത്രസംബന്ധിയായ പരിപാടിയുടെ അവതാരകനാണ് ഡോ.കെ.ഗിരീഷ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗത്തിൽ, ക്ലിനിക്കൽ സൈക്കോളജി ഫാക്കൽറ്റി അംഗമാണ്.നേരത്തെ ദേശീയാരോഗ്യ മിഷൻ മാനസികാരോഗ്യ പരിപാടിയുടെ സംസ്ഥാന കോഡിനേറ്ററായിരുന്നു.സൈക്കോ തെറാപ്പി ടെക്‌നിക്കുകളായ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി, ബയോഫീഡ് ബാക്ക്, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള ഹിപ്‌നോസിസ്, കൗൺസലിങ് എന്നിവയിൽ വിദഗ്ധനാണ് ഡോ.കെ.ഗിരീഷ്.

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് പോക്സോ. നിയമം പ്രാബല്യത്തിലായത് 2012 ലാണ് 18 വയസിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം. 

ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പഴയ നിയമത്തിൽ നിന്ന് വ്യത്യസ്തമായി, ലൈംഗിക ബന്ധം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക കുറ്റമായി കാണുന്നുവെന്നതാണ് പോക്സോയുടെ പ്രത്യേകത. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.

പോക്സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീർപ്പിലൂടെ കേസിൽ നിന്ന് തലയൂരാനുള്ള എല്ലാ പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല, കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പ്. ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനിൽക്കുക.കുട്ടികളെ ലൈംഗികച്ചുവയോടെ സ്പർശിക്കുന്നത് മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാനുള്ള കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം അദ്ധ്യാപകർ, മതാധ്യാപകർ, ഹോസ്പിറ്റൽ സ്റ്റാഫുകൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചെയ്താൽ തടവ് ശിക്ഷ 8 വർഷം വരെയാകാം. ഒരു കുട്ടി പീഡനത്തിനിരയായാൽ അവരുടെ രക്ഷിതാക്കൾക്ക് പരാതിയില്ലെങ്കിൽ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നൽകാത്ത രക്ഷിതാക്കൾക്കെതിരെ പോക്സോ ചുമത്താവുന്നതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം കേസുകൾ അദ്ധ്യാപകർ മറച്ചുവച്ചാലും സമാനശിക്ഷ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP