Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സത്യം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് പൊലീസ് പറയുമ്പോൾ 'അതിന്റെ ആവശ്യമില്ലെന്ന്' പറഞ്ഞ് തടിയൂരാൻ ബിനോയിയുടെ തന്ത്രം; ബ്ലാക്ക് മെയിലിങ്ങിലൂടെ പണം തട്ടാനാണ് 'വ്യാജ പരാതി'യിലൂടെ യുവതി ശ്രമിക്കുന്നതെന്നും ബിനോയിയുടെ അഭിഭാഷകൻ; ഉന്നത സ്വാധീനമുള്ളതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ; യുവതിയുടെ മൊഴിയിൽ നിന്നും വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ ദിൻദുഷി സെഷൻസ് കോടതി വിധി തിങ്കളാഴ്‌ച്ച

സത്യം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് പൊലീസ് പറയുമ്പോൾ 'അതിന്റെ ആവശ്യമില്ലെന്ന്' പറഞ്ഞ് തടിയൂരാൻ ബിനോയിയുടെ തന്ത്രം; ബ്ലാക്ക് മെയിലിങ്ങിലൂടെ പണം തട്ടാനാണ് 'വ്യാജ പരാതി'യിലൂടെ യുവതി ശ്രമിക്കുന്നതെന്നും ബിനോയിയുടെ അഭിഭാഷകൻ; ഉന്നത സ്വാധീനമുള്ളതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ; യുവതിയുടെ മൊഴിയിൽ നിന്നും വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ ദിൻദുഷി സെഷൻസ് കോടതി വിധി തിങ്കളാഴ്‌ച്ച

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി പ്രതിസ്ഥാനത്ത് നിൽക്കുന്ന ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന നിലപാടിലുറച്ച് പൊലീസ്. എന്നാൽ ഇതിനോട് സഹകരിക്കില്ലെന്ന സൂചന നൽകുന്നതാണ് ബിനോയിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. ഡിഎൻഎ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ബിനോയ്. എന്നാൽ ടെസ്റ്റ് നടത്തണമെന്ന് തന്നെയാണ് പൊലീസ് കോടതിയിൽ വ്യക്തമാക്കിയത്. ഇതിനിടെ മുൻകൂർ ജാമ്യം ലഭിക്കുന്നതിനായി മുംബൈയിലെ ദിൻദുഷി സെഷൻസ് കോടതിയിൽ ബിനോയ് ഹർജി സമർപ്പിച്ചിരുന്നു. ഇതിന്റെ വിധി കോടതി തിങ്കളാഴ്‌ച്ച പ്രസ്താവിക്കും.

എന്നാൽ പീഡനക്കേസ് സംബന്ധിച്ച പരാതി വ്യാജമാണെന്നും ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള നീക്കമാണ് പിന്നിൽ നടക്കുന്നതെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ബിനോയി ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാൽ തന്നെ ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ ഓർമ്മിപ്പിച്ചു. മാത്രമല്ല ഇതേ യുവതി ഇതിന് മുൻപും ബിനോയിക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും ഇക്കുറിയും പണം തട്ടുക എന്നതാണ് ഇവരുടെ ഉദ്ദേശമെന്നും ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്ത പറയുന്നു.

കല്യാണം സംബന്ധിച്ച് യുവതി നടത്തിയ ആരോപണം വ്യാജമാണെന്ന് ഇതിനോടകം തെളിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ ബിനോയ് തയാറാണ്. എന്നാൽ പ്രതിയുടെ സാമൂഹിക സ്വാധീനം കണക്കിലെടുത്ത് ഇപ്പോൾ ജാമ്യം നൽകുന്നത് കേസിന്റെ വഴിതെറ്റിക്കുമെന്ന് പ്രോസിക്യൂഷനും വാദിച്ചു. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ ബിനോയിക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന നിലപാടിലാണ് മുംബൈ പൊലീസ്. ഇതും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 

വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നൽകിയത്. അതേസമയം, യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബൈയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്‌പി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി വാർത്ത പുറത്തു വന്ന ദിവസം പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടൻ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചിരുന്നു.

ബിനോയിയുമായുള്ള ബന്ധത്തെ തുടർന്ന് 2009 നവംബറിൽ യുവതി ഗർഭിണിയായെന്നും തുടർന്ന് മുംബൈയിലെത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാപിതാക്കൾക്കും ബിനോയ് ഉറപ്പുനൽകിയിരുന്നു. 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന് മനസിലാക്കുന്നതെന്നും യുവതി പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയായി എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബിനോയ് ഏത് സമയവും അറസ്റ്റിലാകാം. ഡിഎൻഎ ടെസ്റ്റ് നടത്തി കുട്ടിയുടെ പിതൃത്വവും തെളിയിക്കാം.

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് ആരോപണം. എന്നാൽ ബ്ലാക് മെയിലിങ് ശ്രമമാണ് നടക്കുന്നതെന്ന് ബിനോയ് കോടിയേരി ആരോപിച്ചു. വക്കീലുമായി ആലോചിച്ച് തുടർ നടപടിയെടുക്കുമെന്നും അറിയിച്ചു. മഹാരാഷ്ട്രാ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അവിടെ ബിജെപി ഭരണമാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിനെ രാഷ്ട്രീയമായി വിവാദത്തിലാക്കാൻ ഈ കേസ് അന്വേഷണത്തെ ഉപയോഗിക്കുമെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാനും സാധ്യത ബിനോയ് മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് വിധേനേയും കോടതിയിൽ നിന്ന് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിനോയ് കോടിയേരി.

ഇതിനിടെ പരാതിക്കാരി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. ഫോൺ കോൾ റിക്കോർഡുകൾ, ഒന്നിച്ചുള്ള ചിത്രങ്ങൾ, വിഡിയോകൾ തുടങ്ങിയവയും കൈമാറി. കൃത്രിമമാണോ എന്നറിയാൻ ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ബിനോയിയും യുവതിയും മുംബൈയിൽ ഒന്നിച്ചു സമയം ചെലവിട്ടിരുന്നതായി അന്വേഷണസംഘത്തിനു തെളിവു ലഭിച്ചിച്ചെന്നാണു വിവരം. ഓഷിവാര സ്റ്റേഷൻ ഇൻസ്പെക്ടർ വിനായക് ജാദവ്, കോൺസ്റ്റബിൾ ദേവാനന്ദ് പവാർ എന്നിവരാണു കേരളത്തിലെത്തിയ സംഘത്തിലുള്ളത്.

എഫ്ഐആർ പകർപ്പ്, ബിനോയിയും യുവതിയും ഒന്നിച്ചുള്ള ചിത്രങ്ങൾ, ഫോൺ സംഭാഷണങ്ങൾ എന്നിവ ജില്ലാ പൊലീസ് മേധാവിയെ കാണിച്ചാണ് ബിനോയിയെ കസ്റ്റഡിയിലെടുക്കാൻ സഹായം തേടിയത്. മുംബൈയിൽ നിന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയെ നേരിട്ടു വിളിക്കുകയും ചെയ്തു. ബിനോയിയുടെ വീടുകളിൽ കേരള പൊലീസിനൊപ്പമാണു മുംബൈ സംഘം പോയത്.

അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനോയ് കോടിയേരി ഉൾപ്പെട്ട കേസ് സ്ത്രീപീഡനമായാണു കോൺഗ്രസ് കാണുന്നതെന്നും ഈ വിഷയം വരും ദിവസങ്ങളിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവം അന്വേഷിക്കപ്പെടണം. ആരുടെയെങ്കിലും സ്വഭാവഹത്യ ഉദ്ദേശിച്ചുള്ള രാഷ്ട്രീയലക്ഷ്യം അതിനു പിന്നിലില്ല. പൊതുപ്രവർത്തകരുടെ മക്കൾ അധികാര ദുർവിനിയോഗം ചെയ്യുന്നതും അംഗീകരിക്കാൻ പറ്റാത്തവരുമായി ബന്ധപ്പെടുന്നതും സിപിഎം മാത്രമല്ല ഏതു രാഷ്ട്രീയപാർട്ടിയും പരിശോധിക്കേണ്ടതാണ്. ഈ വിഷയം പാർട്ടിയും അന്വേഷിക്കേണ്ടതാണ് മുല്ലപ്പള്ളി പറഞ്ഞു.

ബിനോയ് കോടിയേരി നൽകിയ പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റയും വ്യക്തമാക്കി. ഇതോടെ ബിനോയിയുടെ പരാതിയിൽ പൊലീസ് കേസെടുക്കില്ലെന്നും വ്യക്തമായി. ബിനോയ് കോടിയേരിക്കെതിരായ കേസിൽ മുംബൈ പൊലീസ് കേരള പൊലീസിനോട് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇതുവരേയും മുംബൈ പൊലീസ് സഹായം ആവശ്യപ്പെട്ടിട്ടില്ല.

മുംബൈ പൊലീസ് രേഖാ മൂലം സഹായം ആവശ്യപ്പെട്ടാൽ സംസ്ഥാന പൊലീസ് അന്വേഷണത്തിന് സഹായിക്കും.- ഡി.ജി.പി.പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേരളത്തിലെത്തിയത്. രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷം സ്ഥലത്തുണ്ടെങ്കിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP