Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പള്ളിയിൽനിന്നിറങ്ങിയ മിഷേലിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിന്തുടർന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; മരണത്തിന് ഒരാഴ്‌ച്ച മുമ്പ് യുവാവ് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞു; പ്രണയാഭ്യർഥനയുമായി യുവാവ് ശല്യം ചെയ്തതു സഹിക്കവയ്യാതെ ആത്മഹത്യയെന്ന പൊലീസ് വാദത്തിൽ പൊരുത്തക്കേടുകളേറെ: കൊച്ചിയിൽ സിഎ വിദ്യാർത്ഥിനി കൊല്ലപ്പെട്ടതെന്ന സംശയം ശക്തമാകുന്നു

പള്ളിയിൽനിന്നിറങ്ങിയ മിഷേലിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിന്തുടർന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; മരണത്തിന് ഒരാഴ്‌ച്ച മുമ്പ് യുവാവ് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞു; പ്രണയാഭ്യർഥനയുമായി യുവാവ് ശല്യം ചെയ്തതു സഹിക്കവയ്യാതെ ആത്മഹത്യയെന്ന പൊലീസ് വാദത്തിൽ പൊരുത്തക്കേടുകളേറെ: കൊച്ചിയിൽ സിഎ വിദ്യാർത്ഥിനി കൊല്ലപ്പെട്ടതെന്ന സംശയം ശക്തമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി കായലിൽ ദൂരുഹ സാഹചര്യത്തിൽ പിറവം സ്വദേശിനിയായ സിഎ വിദ്യാർത്ഥിനി മരിച്ച സംഭവം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച മിഷേൽ ഷാജി(18)യുടെ ബന്ധുക്കൾ രംഗത്തുവന്നു. മിഷേൽ മരിച്ച ദിവസം ബൈക്കിൽ രണ്ടു പേർ പെൺകുട്ടിയെ പിന്തുടർന്നതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൂടി ലഭിച്ചതോടയാണ് കൊലപാതകമാണോ എന്ന സംശയം ബലപ്പെടുന്നത്. എന്നാൽ, പ്രത്യക്ഷത്തിൽ അതിനുള്ള സൂചനയൊന്നു പൊലീസിനു ലഭിച്ചിട്ടുമില്ല.

മരണത്തിന് ഒരാഴ്ച മുൻപു വഴിയിൽ യുവാവ് പെൺകുട്ടിയെ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതായും വിവരമുണ്ട്. ആത്മഹത്യയെന്നാണു പൊലീസിന്റെ നിലപാടെങ്കിലും ദുരൂഹതയുണ്ടെന്നാണു സൂചനയുണ്ട്. ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയും പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർത്ഥിനിയുമായ മിഷേൽ കഴിഞ്ഞ അഞ്ചിനാണു കാണാതായത്. പിറ്റേന്നു വൈകിട്ടു കൊച്ചിക്കായലിൽ മൃതദേഹം കാണപ്പെട്ടത്.

കച്ചേരിപ്പടിയിലെ ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെനിന്നു കലൂർ പള്ളിയിൽ പോകുന്നെന്നു പറഞ്ഞാണ് അഞ്ചിനു വൈകിട്ടു പുറത്തിറങ്ങിയത്. അന്ന് ഉച്ചകഴിഞ്ഞു മൂന്നോടെ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. അവധി ദിവസങ്ങളിൽ സാധാരണ പെൺകുട്ടി വീട്ടിലേക്കു പോകുകയോ വീട്ടുകാർ ഹോസ്റ്റലിലേക്കു വരുകയോ ആണു പതിവ്. പരീക്ഷയായതിനാൽ ഇത്തവണ വരേണ്ടെന്നു വീട്ടുകാർ പറഞ്ഞു. കാണാതായ രാത്രി ബന്ധുക്കൾ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

അതേസമയം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഒരു യുവാവ് പ്രണയാഭ്യാർത്ഥനയുമായി പെൺകുട്ടിയുടെ പിന്നാലെ നടന്നിരുന്നു. ഈ ശല്യം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം. എന്നാൽ, യുവാവ് ശല്യം ചെയ്തതിനെ തുടർന്ന് ഒരു പെൺകുട്ടി എന്തിന് ആത്മഹത്യ ചെയ്യണം എന്ന ചോദ്യം അവിടെയും അവശേഷിക്കുന്നു. ഒടുവിൽ പെൺകുട്ടിയുടെ ഫോണിലേക്കു വന്ന കോൾ ഈ യുവാവിന്റേതായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്.

മൃതദേഹത്തിൽ പരുക്കേറ്റതിന്റെയോ, ആക്രമിക്കപ്പെട്ടതിന്റെയോ തെളിവുകളില്ല. എന്നാൽ ഈ വാദങ്ങൾ തള്ളുന്ന സൂചനകളാണു ബന്ധുക്കൾക്കു ലഭിച്ചത്. യുവാവ് പിന്നാലെ നടന്നു ശല്യം ചെയ്യുന്നതായി പെൺകുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഇയാളോടു പ്രണയമുള്ളതായി സൂചന നൽകിയില്ല. സംഭവത്തിന് ഒരാഴ്ച മുൻപു കലൂർ പള്ളിക്കു സമീപം മറ്റൊരു യുവാവ് വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിച്ചു. ഇതു സഹപാഠികളാണു മരണശേഷം വെളിപ്പെടുത്തിയത്.

കാണാതായ ദിവസം പെൺകുട്ടി പള്ളിയിൽ പോയിരുന്നു. വൈകിട്ട് 5.37നു പള്ളിയിൽ കയറുന്നതിന്റെയും 6.12നു തിരിച്ചിറങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളുണ്ട്. തിരിച്ചിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ നിരീക്ഷിക്കുന്നതും പിന്തുടരാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റോഡ് കുറുകെ കടക്കാൻ ശ്രമിച്ച പെൺകുട്ടി ആരെയോ കണ്ടു ഭയന്നെന്നപോലെ പിന്മാറുന്നതും കാണാം. മൃതദേഹം കണ്ടെടുത്തതിനു ദൃക്‌സാക്ഷികളായ മൽസ്യത്തൊഴിലാളികൾ പറയുന്നതു വിശ്വസിക്കാമെങ്കിൽ ഒരു പകലിൽ കൂടുതൽ പഴക്കം മൃതദേഹത്തിനില്ല. മീൻ കൊത്തിയ അടയാളം പോലുമില്ല.

അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെങ്കിലും ആത്മഹത്യ തന്നെയെന്ന നിഗമനത്തിലാണു പൊലീസ്. കേസുമായി ബന്ധപ്പെട്ടു പലർക്കു നേരെയും സംശയങ്ങളുണ്ട്. പക്ഷേ, ഇതുവരെ ആരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മകളുടെ മരണം ആത്മഹത്യയാണെന്ന പൊലീസ് നിഗമനം വിശ്വാസയോഗ്യമല്ലാത്തതിനാൽ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പിറവം പെരിയപ്പുറം സ്വദേശി ഷാജി വർഗീസ് മുഖ്യമന്ത്രിക്കു നിവേദനം നൽകി.

മിഷേലിന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടു നാളെ സർവകക്ഷി യോഗം വിളിക്കാൻ പിറവം നഗരസഭ തീരുമാനിച്ചു. കലൂർ പള്ളിയിലേക്കെന്നു പറഞ്ഞു കഴിഞ്ഞ അഞ്ചിനു വൈകിട്ട് എറണാകുളം കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽനിന്നു പുറപ്പെട്ട മിഷേലിനെ പിറ്റേന്നു വൈകിട്ടു കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കായലിൽ കണ്ടെത്തിയ മൃതദേഹം ഒരു പകലിൽ കൂടുതൽ വെള്ളത്തിൽ കിടന്നതിന്റെ ലക്ഷണമില്ലെന്നും മൃതദേഹം കരയ്‌ക്കെടുക്കുമ്പോൾ വയറ്റിൽ വെള്ളം ഇല്ലായിരുന്നുവെന്നുമുള്ള സൂചനകളാണു ദുരൂഹത വർധിപ്പിക്കുന്നത്. പ്രണയാഭ്യർഥനയുമായി പിന്നാലെ നടന്നതായി പറയുന്ന പിറവം സ്വദേശിയായ യുവാവിനോടു പൊലീസ് ഫോണിൽ മാത്രമാണു വിവരങ്ങൾ തിരക്കിയത്.

ഇപ്പോൾ സംസ്ഥാനത്തിനു പുറത്തുള്ള യുവാവിനോടു നാളെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സെൻട്രൽ സിഐ എ. അനന്തലാൽ പറഞ്ഞു. പെൺകുട്ടിയുടെ ഫോണിലെ കോൾ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും സിസിടിവി ദൃശ്യങ്ങളിലുള്ള യുവാക്കളെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് അനൂപ് ജേക്കബ് എംഎൽഎയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായി അനൂപ് അറിയിച്ചു.

മിഷേലിന്റെ മരണം സംബന്ധിച്ചു തൃപ്തികരമായ പൊലീസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം ആരംഭിക്കുമെന്നും ഇതിനു മുന്നോടിയായാണു നാളെ രാവിലെ 11നു സർവകക്ഷിയോഗം വിളിച്ചിരിക്കുന്നതെന്നും പിറവം നഗരസഭാധ്യക്ഷൻ സാബു ജേക്കബ് പറഞ്ഞു. മരണശേഷവും മിഷേലിന്റെ ഫോൺ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും ഈ സാധ്യത പൊലീസ് ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്നു പിറവത്ത് ഒപ്പുശേഖരണം നടത്താൻ ഡിവൈഎഫ്‌ഐ തീരുമാനിച്ചു. ഒപ്പുശേഖരണത്തിനുശേഷം ഭീമഹർജി മുഖ്യമന്ത്രിക്കു സമർപ്പിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP