Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാര്യ വീട്ടിൽ പോകാൻ വാഹനം കിട്ടാത്തതിനാലാണ് സ്വകാര്യ ബസുമായി കടന്നു കളഞ്ഞുവെന്ന് കുമരകത്ത് അറസ്റ്റിലായ ദിനൂപ്; ബസ് പത്തനംതിട്ട വഴി ആര്യങ്കാവിലെത്തിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തി പൊളിച്ച് വിൽക്കാനുള്ള ശ്രമമെന്ന് സംശയിച്ച് പൊലീസ്; അറസ്റ്റിലായത് മോഷണ കേസിലെ പഴയ പ്രതി; ലോക്ഡൗൺ കാലത്തെ കവർച്ചാ കഥ ഇങ്ങനെ

ഭാര്യ വീട്ടിൽ പോകാൻ വാഹനം കിട്ടാത്തതിനാലാണ് സ്വകാര്യ ബസുമായി കടന്നു കളഞ്ഞുവെന്ന് കുമരകത്ത് അറസ്റ്റിലായ ദിനൂപ്; ബസ് പത്തനംതിട്ട വഴി ആര്യങ്കാവിലെത്തിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തി പൊളിച്ച് വിൽക്കാനുള്ള ശ്രമമെന്ന് സംശയിച്ച് പൊലീസ്; അറസ്റ്റിലായത് മോഷണ കേസിലെ പഴയ പ്രതി; ലോക്ഡൗൺ കാലത്തെ കവർച്ചാ കഥ ഇങ്ങനെ

ആർ പീയൂഷ്

കോഴിക്കോട്: ഭാര്യ വീട്ടിൽ പോകാൻ വാഹനം കിട്ടാത്തതിനാലാണ് സ്വകാര്യ ബസുമായി കടന്നു കളഞ്ഞതെന്ന് ബസ് മോഷണത്തിന് അറസ്റ്റിലായ പ്രതി പൊലീസിന് മൊഴി നൽകി. തിരുവല്ലയിലെ ഭാര്യ വീട്ടിൽ പോകാൻ മറ്റു മാർഗ്ഗമൊന്നുമില്ലാത്തതിനാലാണ് കടുംകൈ ചെയ്തതെന്നും മറ്റുദ്ദേശങ്ങളൊന്നുമില്ലാ എന്നുമാണ് കുമരകത്ത് അറസ്റ്റിലായ കുറ്റ്യാടി ചക്കിട്ടപാറ ചിറക്കൊല്ലിനീട്ടൽ ദിനൂപ് (30) പറയുന്നത്. എന്നാൽ പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. കാരണം മുൻപ് ടോറസ് മോഷണക്കേസിലും ബാറ്ററി മോഷണക്കേസിലും പിടിയിലായിട്ടുള്ളയാളാണ് ദിനൂപ്.

ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി നിൽക്കുമ്പോഴാണ് മോഷ്ടിച്ച സ്വകാര്യ ബസുമായി 4 ജില്ലകൾ താണ്ടി യുവാവ് കുമരകത്തു വച്ച് പൊലീസ് പിടിയിലായത്. ബസിൽ ദിനൂപ് മാത്രമാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി 7നു കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട പി.പി. ട്രാവൽസ് എന്ന ബസാണു മോഷ്ടിച്ചത്. ലോക്ക്ഡൗൺ ആരംഭിച്ചതിനാൽ ബസ് ആർ.ടി.ഒയ്ക്ക് മുന്നിൽ സറണ്ടർ ചെയ്തിരിക്കുകയായിരുന്നു. കുറ്റ്യാടി സ്വദേശി അയൂബിന്റേതാണു ബസ്. ബസ് മോഷണം പോയ വിവരം അറിയുന്നത് പൊലീസ് അറിയിക്കുമ്പോൾ മാത്രമാണ്.

കുമരകം കവണാറ്റിൻകരയിൽ പൊലീസ് തടഞ്ഞപ്പോൾ റാന്നിയിൽ നിന്നു അതിഥിത്തൊഴിലാളികളെ കൊണ്ടുവരാൻ പോകുന്നുവെന്നാണു പറഞ്ഞത്. യാത്രാ രേഖകളുമില്ലായിരുന്നു. കുറ്റ്യാടിയിൽ നിന്നാണു വരുന്നതെന്ന് അറിയിച്ചപ്പോൾ അവിടത്തെ പൊലീസുമായി കുമരകം പൊലീസ് ബന്ധപ്പെട്ടു. ബസ് മോഷണം പോയതാണെന്ന് അറിഞ്ഞതോടെ ദിനൂപിനെ പിടികൂടി.

മറ്റു സ്ഥലങ്ങളിലും പൊലീസിനോടു റാന്നിയിൽ നിന്ന് അതിഥിത്തൊഴിലാളികളെ കൊണ്ടുവരാൻ പോകുന്നുവെന്നാണു നൽകിയത്. കോവിഡ് നിയന്ത്രണം ലംഘിച്ചതിനും മോഷണത്തിനും ദിനൂപിനെതിരെ കേസെടുത്തു. തുടർന്ന് ഇന്നലെ ഇയാളെയും ബസും കുറ്റ്യാടി പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയുടെ വീട്ടിൽ പോകാനായാണ് ബസ് എടുത്ത് കടന്നതെന്ന് മൊഴി നൽകിയത്.

ഇയാളുടെ ഭാര്യ ഏറെ നാളായി തിരുവല്ലയിലെ വീട്ടിലാണെന്നും ഭാര്യയെയും കുട്ടിയെയും കാണാൻ അതിയായ ആഗ്രഹം മൂലമാണ് ബസ് സ്റ്റാന്റിൽ നിന്നും ബസ് എടുത്ത് യാത്ര തിരിച്ചതെന്നുമാണ് ഇയാൾ പറയുന്നത്. വയറുകൾ തമ്മിൽ കൂട്ടിമുട്ടിച്ച് വണ്ടി സ്റ്റാർട്ട് ചെയ്ത് പോകുകയായിരുന്നു. രണ്ടിടങ്ങളിൽ പൊലീസ് കൈ കാട്ടിയപ്പോഴും കളവു പറഞ്ഞ് രക്ഷപെടുകയായിരുന്നു.

കോഴിക്കോട് ജില്ലയിൽ നിന്ന് മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളും കടന്നു വൈക്കം വഴിയാണു കുമരകത്ത് എത്തിയത്. അതേ സമയം തൃശൂരിൽ ടോൾ ഒഴിവാക്കിയാണ് ഇയാൾ എറണാകുളത്തേക്ക് പ്രവേശിച്ചത്. അവിടെ വച്ച് പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് ടോൾ ഒഴിവാക്കിയത്. ഇന്ധനം നിറച്ചാണ് ബസ് നിർത്തിയിട്ടിരുന്നത് എന്നതിനാൽ കുമരകം വരെ എത്താൻ ബുദ്ധിമുട്ടില്ലായിരുന്നു.

ദിനൂപ് ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ടോറസ് മോഷണക്കേസിലും കോഴിക്കോട് പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനിൽ ബാറ്ററി മോഷണക്കേസിലും പ്രതിയാണ്. മുൻപ് ടൂരിസ്റ്റ് ഡ്രൈവറായിരുന്ന പരിചയമാണ് ബസ് ഓടിച്ചു കൊണ്ടു പോകാൻ ഇയാൾക്ക് കഴിഞ്ഞത്. കൂടാതെ മദ്യപാനത്തിന് അടിമ കൂടിയാണ്.

ബസ് പത്തനംതിട്ട വഴി ആര്യങ്കാവിലെത്തിച്ച് അവിടെ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തി പൊളിച്ച് വിൽക്കാനുള്ള ശ്രമമായിരുന്നിരിക്കാം എന്നാണ് പൊലീസിന്റെ അനുമാനം. കുറ്റ്യാടി എസ്‌ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP