Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമീപത്തെ ഹോട്ടലിൽ ജോലി ചെയ്തത് ചുറ്റുപാടുകൾ അറിയാൻ തുണയായി; കാവൽക്കാരില്ലെന്ന് മനസിലാക്കി കവർച്ച ആസൂത്രണം ചെയ്തു; അടൂരിലെ ബിവേറജസ് മദ്യവിൽപ്പന ശാല കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ച കേസിൽ രണ്ടു ബംഗാളികൾ അറസ്റ്റിൽ

സമീപത്തെ ഹോട്ടലിൽ ജോലി ചെയ്തത് ചുറ്റുപാടുകൾ അറിയാൻ തുണയായി; കാവൽക്കാരില്ലെന്ന് മനസിലാക്കി കവർച്ച ആസൂത്രണം ചെയ്തു; അടൂരിലെ ബിവേറജസ് മദ്യവിൽപ്പന ശാല കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ച കേസിൽ രണ്ടു ബംഗാളികൾ അറസ്റ്റിൽ

ശ്രീലാൽ വാസുദേവൻ

അടൂർ: ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ മദ്യവിൽപ്പന ശാല കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ച കേസിൽ രണ്ടു അതിഥി തൊഴിലാളികൾ അറസ്റ്റിൽ. മദ്യവിൽപ്പനശാലയിലെ സിസിടിവിയുടെ ഡിവിആർ അടക്കം മോഷ്ടിച്ചു കടന്നതിനാൽ യാതൊരു തുമ്പും കിട്ടാതിരുന്ന കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് എസ്ഐ മനീഷിന്റെ മിടുക്കു കൊണ്ടു മാത്രമാണ്. പശ്ചിമ ബംഗാൾ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ഗോൽപോക്കർ സ്വദേശി സംഷാദ്(28), ബാബൻബാരി ജെഹിർ ആലം(20) എന്നിവരാണ് പയ്യന്നൂർ, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്ന പൊലീസ് പിടിയിലായത്.

മെയ്‌ ആറിനാണ് അടൂർ ബൈപ്പാസിലെ മദ്യവിൽപ്പന ശാലയിൽ മോഷണം നടന്നത്. പണം സൂക്ഷിച്ചിരുന്ന ഇരുമ്പ് ചെസ്റ്റ് പൊളിക്കാൻ സാധിക്കാിതിരുന്നതിനാൽ മൊബൈൽ ഫോണുകളും, സി.സി.ടി.വി ഡി.വി.ആറുകളും കൈക്കലാക്കി പ്രതികൾ രക്ഷപ്പെട്ടു. മുപ്പത്തിനായിരത്തിൽപരം രൂപയുടെ വിദേശ മദ്യം മോഷണം പോയെന്നാണ് മദ്യശാല അധികൃതർ പറയുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കും.

ആറിന് രാവിലെ ജീവനക്കാർ വിദേശമദ്യശാല തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബിവറേജ് ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ തറയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ലോക്കർ കുത്തിപ്പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ബിവറേജ് ഔട്ട്ലെറ്റിലെ മേശകളും അലമാരയും തകർത്ത പ്രതികൾ സമീപത്തെ ഭിത്തിയിൽ ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഡിവിആറുകളും മദ്യക്കുപ്പികളും മൊബൈൽ ഫോണുകളും എടുത്തു കൊണ്ട് പോവുകയായിരുന്നു.

പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഡി.വി.ആറുകൾ നഷ്ടപ്പെട്ടതിനാൽ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ടൗണിന് സമീപമുള്ള നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘത്തിന് പ്രതികൾ ഇതരസംസ്ഥാന തൊഴിലാളികൾ ആണെന്ന സൂചന ലഭിക്കുകയായിരുന്നു. തുടർന്ന് ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളും അടൂർ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളും വാണിജ്യ സ്ഥാപനങ്ങളും അരിച്ചുപെറുക്കി അന്വേഷണം നടത്തിയതിനെ തുടർന്ന് പ്രതികൾ കോട്ടയം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു.

കോട്ടയത്ത് ദിവസങ്ങളോളം തങ്ങി അന്വേഷണം നടത്തിയതിനെ തുടർന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സംഷാദിനെ കണ്ണൂർ, പയ്യന്നൂരിൽ നിന്നും, രണ്ടാം പ്രതി ജെഹീറിനെ എറണാകുളം, ഇടപ്പള്ളിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്‌പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്‌ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, ജോബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ദിവസവും 25 ലക്ഷത്തിലധികം രൂപ വിറ്റുവരവുള്ളതാണ് അടൂരിലെ ഈ വിദേശ മദ്യശാല. മുമ്പ് നാല് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ആരുമില്ലാത്ത സ്ഥിതിയാണ്. ബൈപ്പാസിലുള്ള ഹോട്ടലിലെ മുൻ ജീവനക്കാരനായിരുന്ന ഒന്നാം പ്രതിയെ സ്വഭാവ ദൂഷ്യം മൂലം ജോലിയിൽ നിന്നും പറഞ്ഞു വിട്ടിരുന്നു. ബിവറേജിൽ സുരക്ഷാ ജീവനക്കാരില്ലായെന്ന വിവരം അറിയാവുന്ന ഒന്നാം പ്രതി രണ്ടാം പ്രതിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.പ്രതികളിൽ നിന്നും മോഷണമുതലുകൾ പൊലീസ് കണ്ടെത്തി. പ്രതികൾ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP