Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കാൽനടയായും ബൈക്കിലും കറങ്ങി നടന്ന് പുറത്ത് നിന്ന് ഗേറ്റ് പൂട്ടിയ വീടുകൾ കണ്ടെത്തി മോഷണം പതിവ് രീതി; വെഞ്ഞാറമൂട് വന്മോഷണം നടത്തിയശേഷം ഗോവയിലേക്ക് രക്ഷപ്പെട്ടത് ഫ്‌ളൈറ്റിൽ; പിടിയിലായാലും മോഷണമുതൽ വിട്ടുകൊടുക്കാതെ വട്ടംചുറ്റിക്കും; കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പൻ രതീഷും കൂട്ടാളിയും പിടിയിൽ

കാൽനടയായും ബൈക്കിലും കറങ്ങി നടന്ന് പുറത്ത് നിന്ന് ഗേറ്റ് പൂട്ടിയ വീടുകൾ കണ്ടെത്തി മോഷണം പതിവ് രീതി; വെഞ്ഞാറമൂട് വന്മോഷണം നടത്തിയശേഷം ഗോവയിലേക്ക് രക്ഷപ്പെട്ടത് ഫ്‌ളൈറ്റിൽ; പിടിയിലായാലും മോഷണമുതൽ വിട്ടുകൊടുക്കാതെ വട്ടംചുറ്റിക്കും; കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പൻ രതീഷും കൂട്ടാളിയും പിടിയിൽ

ആർ പീയൂഷ്

തിരുവനന്തപുരം: കൊലപാതകം അടക്കം നിരവധി കേസ്സുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പൻ എന്ന രതീഷും ഇയാളുടെ കൂട്ടാളി മത്തായി എന്ന ബാബുവുമാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം നഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വഞ്ചിയൂരിൽ പകൽ സമയത്ത് വീട് കുത്തിതുറന്ന് മോഷണം നടത്തി കിട്ടിയ സ്വർണ്ണാഭരണങ്ങളും പണവും ഉൾപ്പെടെ അടിവസ്ത്രത്തിലും ഇരുചക്രവാഹനത്തിലും ഒളിപ്പിച്ച നിലയി രതീഷിനെ പൊലീസ് പിടികൂടിയത്. ആറ്റിങ്ങൽ ഡി.വൈ.എസ്‌പി , എസ്സ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ വിദഗ്ദമായ നീക്കത്തിലൂടെയാണ് മോഷണമുതലുമായി ഇയാളെ പിടികൂടാനായത്.

ഇക്കഴിഞ്ഞ ദിവസമാണ് വഞ്ചിയൂർ ,ആര്യാഭവനിൽ രാജേന്ദ്രന്റെ വീട്ടിൽ പട്ടാപകൽ പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച് മോഷണം നടന്നത് . രാവിലെ 9 മണിക്ക് ബന്ധുവീട്ടിൽ ഒരു ചടങ്ങിനായി പോയി ഉച്ചക്ക് മുമ്പ് തിരിച്ചെത്തുന്നതിനിടയിലാണ് വന്മോഷണം നടന്നത്. പിടിക്കപ്പെടുമ്പോൾ ഇയാളുടെ കൈവശം മോഷണം പോയ സ്വർണ്ണത്തിൽ മൂന്ന് പവനോളം സ്വർണം കുറവുണ്ടായിരുന്നു. അവനവഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇയാൾ പണയം വെച്ച ആ സ്വർണ്ണവും പൊലീസ് കണ്ടെടുത്തു. ഇതോടെ മോഷണം പോയ പതിനേഴര പവൻ സ്വർണ്ണവും അമ്പതിനായിരം രൂപയും ഇയാളിൽ നിന്നും പൊലീസിന് വീണ്ടെടുക്കാനായി. മോഷണം ചെയ്ത കിട്ടിയ പണം ഉപയോഗിച്ച് വാങ്ങിയ ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് അടുത്ത മോഷണ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഇയാൾ ഇരുചക്രവാഹന സഹിതം അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്.

കാൽനടയായും ,ഇരുചക്രവാഹനങ്ങളിലും കറങ്ങി നടന്ന് പുറത്ത് നിന്ന് പൂട്ടിട്ട് ഗേറ്റ് പൂട്ടിയ വീടുകൾ കണ്ടെത്തി മോഷണം ചെയ്യുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇത്തരത്തിൽ നൂറോളം മോഷണക്കേസ്സുകളാണ് സംസ്ഥാനത്തൊട്ടാകെ ഇയാൾ ചെയ്തിട്ടുള്ളത്.

അവസാനം ജയിലിൽ നിന്നിറങ്ങി കഴിഞ്ഞ അഞ്ച് മാസമായി ജില്ലയിലാകെ മോഷണ പരമ്പരകൾ സൃഷ്ടിച്ച് പൊലീസിന് തലവേദന ആയ ആറ്റിങ്ങൽ അവനവൻഞ്ചേരി ,കട്ടയിൽകോണം ആർ.എസ് നിവാസിൽ രതീഷ് എന്ന കണ്ണപ്പൻ രതീഷും(വയസ്സ് 34) ഇയാളുടെ കൂട്ടാളി വാമനപുരം ,പേടികുളം ഊട്ടുകുളങ്ങര ലക്ഷം വീട്ടിൽ മത്തായി എന്ന് വിളിക്കുന്ന ബാബുവുമാണ് (വയസ്സ് 59) അറസ്റ്റിൽ ആയത്. രതീഷിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാൾക്ക് ഒളിത്താവളം ഒരുക്കുകയും മോഷണമുതലുകൾ വിൽക്കുവാനും ,പണയം വെക്കുവാനും സഹായിക്കുന്ന മത്തായിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.

കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ , കവലയൂരിൽ രമേശൻ എന്നയാളിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെക്ക് മുഖ്യപ്രതിയായ കണ്ണപ്പൻ രതീഷിനെ പൊലീസ് തിരഞ്ഞ് വരുകയായിരൂന്നു . കഴിഞ്ഞ മാസം ആറ്റിങ്ങൽ പൊയ്കമുക്കിൽ രമ്യാമനോജിന്റെ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നതും , നഗരൂർ പൊയ്കക്കടയിൽ പ്രവാസിയായ ചന്ദ്രഭാനുവിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയതും ഉൾപ്പെടെ ആറ്റിങ്ങൽ , കടയ്ക്കാവൂർ , നഗരൂർ സ്റ്റേഷൻ പരിധികളിൽ നടന്ന ഒട്ടനവധി മോഷണ കേസ്സുളാണ് ഇയാളുടെ അറസ്റ്റോടെ ഇപ്പോൾ തെളിഞ്ഞത്.

കിളിമാനൂർ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്സ് , കൊല്ലം കടയ്ക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 540 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നതുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി മോഷണ കേസ്സുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വന്മോഷണം നടത്തിയശേഷം വിമാനമാർഗ്ഗമാണ് ഇയാൾ ഗോവയിലേക്ക് രക്ഷപ്പെട്ടത്. അന്ന് അവിടെ നിന്നുമാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത് .

ഏഴ് മാസം മുമ്പ് കടയ്ക്കാവുർ , കവലയൂർ ഉള്ള പ്രവാസിയുടെ വീട്ടിൽ നിന്നും മോഷണം ചെയ്ത അമ്പത് പവനോളം സ്വർണ്ണാഭരണങ്ങൾ ബന്ധുവിന്റെ കൃഴിമാടത്തിൽ ഒളിപ്പിച്ചത് ഇയാളെ പിടികൂടി കണ്ടെടുത്തിരുന്നു. പിടിയിലായാലും മോഷണമുതലുകൾ തിരികെ നൽകാതെ പരസ്പര വിരുദ്ധമായി പറഞ്ഞ് പൊലീസിനെ വട്ടംചുറ്റിക്കലായിരുന്നു ഇയാളുടെ ശൈലി. എക്‌സൈസിന്റെയും , പൊലീസിന്റെയും നിരവധി കേസ്സുകളിലെ പ്രതിയാണ് ഇയാളോടൊപ്പം ഇപ്പോൾ പിടിയിലായ മത്തായി എന്ന ബാബു. മോഷണം ചെയ്ത് കിട്ടുന്ന സ്വർണ്ണാഭരണങ്ങൾ പണയം വെക്കുന്നതും വിൽപ്പന നടത്തുന്നതും ബാബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു.

തിരു: റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകൻ കജട ന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്‌പി , എസ്സ്.വൈ.സുരേഷ് , നഗരൂർ സബ്ബ് ഇൻസ്‌പെക്ടർ എം. സഹിൽ, ആറ്റിങ്ങൽ സബ്ബ് ഇൻസ്‌പെക്ടർ എസ്.സനൂജ് പ്രത്യേക അന്വേഷണ സംഘത്തിലെ സബ്ബ് ഇൻസ്‌പെക്ടർ ഫിറോസ്ഖാൻ , എഎസ്ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP