Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പോർക്കുളത്ത് ബ്ലാക്ക്മാനെ അന്വേഷിച്ച് പനയുടെ ചുവട്ടിൽ കൂടിയ ആൾക്കൂട്ടത്തിലേക്ക് മുകളിൽ നിന്നും ഇറങ്ങിവന്നത് മൂന്നു മരപ്പട്ടികൾ; പചരിപ്പിക്കുന്നത് നിലമ്പൂർ കരുളായിയിൽ നിന്ന മോഷണ ദൃശ്യം; ബ്ലാക്ക് മാനായി അവതരിപ്പിക്കുന്നത് വടംവലി താരത്തെ! കുന്ദംകുളത്തെ വ്യാജ പ്രചണം വെട്ടിലാക്കിയത് അന്തർദേശീയ താരമായ മഞ്ചേരിക്കാരനെ; അജ്ഞാത ജീവിക്ക് പിന്നിൽ തീവ്ര സ്വഭാവ സംഘടനകളോ? ഭായി ലഹളയ്ക്ക് ശേഷം സംശയം നീളുന്നത് എട്ടടി മനുഷ്യനിലേക്ക്; അപൂർവ്വജീവിയിൽ നിറയുന്നത് വ്യാജ പ്രചരണം

പോർക്കുളത്ത് ബ്ലാക്ക്മാനെ അന്വേഷിച്ച് പനയുടെ ചുവട്ടിൽ കൂടിയ ആൾക്കൂട്ടത്തിലേക്ക് മുകളിൽ നിന്നും ഇറങ്ങിവന്നത് മൂന്നു മരപ്പട്ടികൾ; പചരിപ്പിക്കുന്നത് നിലമ്പൂർ കരുളായിയിൽ നിന്ന മോഷണ ദൃശ്യം; ബ്ലാക്ക് മാനായി അവതരിപ്പിക്കുന്നത് വടംവലി താരത്തെ! കുന്ദംകുളത്തെ വ്യാജ പ്രചണം വെട്ടിലാക്കിയത് അന്തർദേശീയ താരമായ മഞ്ചേരിക്കാരനെ; അജ്ഞാത ജീവിക്ക് പിന്നിൽ തീവ്ര സ്വഭാവ സംഘടനകളോ? ഭായി ലഹളയ്ക്ക് ശേഷം സംശയം നീളുന്നത് എട്ടടി മനുഷ്യനിലേക്ക്; അപൂർവ്വജീവിയിൽ നിറയുന്നത് വ്യാജ പ്രചരണം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ : 'ബ്ലാക്ക്മാൻ' എന്നും അജ്ഞാത ജീവി എന്നും എട്ടടി മനുഷ്യൻ എന്നുമെല്ലാമുള്ള പ്രചാരണം തീർത്തും വ്യാജം. തൃശൂരിൽ നിന്നുള്ള മന്ത്രി എ സി മൊയ്ദീൻ നേരിട്ടാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. തന്റെ മണ്ഡലത്തിൽ ബ്ലാക്ക്മാൻ ഭീതിയുള്ള ആറോ ഏഴോ സ്ഥലങ്ങളിൽ പോയി. നേരിട്ടുകണ്ട ആരുമില്ല. ഊഹാപോഹം പ്രചരിപ്പിച്ച് ആശയക്കുഴക്കം ഉണ്ടാക്കാൻ എതോ കുബുദ്ധി ചെയ്തതാണിത്. വസ്തുത ഒന്നുമില്ലെന്ന് മൊയ്ദീൻ പറയുന്നു. അതിനിടെ പൊലീസും പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി ഇനി എടുക്കും.

തെറ്റായപ്രചാരണം നടത്തുന്നവരെ സൈബർസെൽ നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും. ബ്ലാക്ക്മാൻ, അപൂർവജീവി എന്നിവ പരാമർശിച്ച് ഏതെങ്കിലും രീതിയിലുള്ള ചലഞ്ചുകളോ മൊബൈൽഗെയിമുകളോ സംഘടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ അറിയിച്ചു. നിലമ്പൂർ കരുളായിയിൽ നടന്ന മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇപ്പോൾ ബ്ലാക്മാന്റെ ദൃശ്യം എന്നരീതിയിൽ പ്രചരിക്കുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കള്ളനെ തിരിച്ചറിയാൻവേണ്ടി പൊലീസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്തുപയോഗിക്കുന്നത്.

ബ്ലാക്ക്മാന്റെ ഉയരത്തെക്കുറിച്ചാണ് അബദ്ധപ്രചാരണങ്ങളിലൊന്ന്. 30 പേരുള്ള സംഘമാണ് വന്നതെന്ന പ്രചാരണവുമുണ്ട്. പക്ഷേ, ആരും പകൽവെളിച്ചത്തിൽ കണ്ടിട്ടില്ല. കാലിനുപകരം സ്പ്രിങ് ആണെന്നും മറ്റൊരുകൂട്ടർ പറയുന്നു. മോഷണം നടത്തില്ലെങ്കിലും ആളുകളെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പ്രചാരണം. സ്ത്രീകളെയും കുട്ടികളെയുമാണ് ഉപദ്രവിക്കുന്നത് എന്നാണ് ചില വോയ്സ് മെസേജുകളിൽ പറയുന്നത്. ജനലിന് എറിയുക, പൈപ്പുതുറക്കുക, വീടിനുമുകളിലൂടെ നടക്കുക എന്നെല്ലാമാണ് ബ്ലാക്ക്മാന്റെ ലക്ഷണങ്ങൾ എന്നും വ്യാജമായി പ്രചരിപ്പിച്ചു. ഇതോടെയാണ് വീഡിയോയുടെ ആധികാരികത തേടി പൊലീസ് ഇറങ്ങിയത്. സൈബർ സെല്ലും ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തുന്നുണ്ട്.

വിഡിയോയിൽ കാണിക്കുന്ന ആളിന്റെ ഉയരം കൂടുതൽ തോന്നിപ്പിക്കുന്നരീതിയിൽ ആണ് എഡിറ്റ് ചെയ്തത്. മഞ്ചേരിയിലെ ഒരു വടംവലി താരത്തിന്റെ ചിത്രവും ബ്ലാക്ക്മാൻ എന്ന രീതിയിൽ ഉപയോഗിക്കുന്നു. വെള്ള ലേസർ ലൈറ്റ് അടിച്ച് ഭീതി പരത്തുന്ന വീഡിയോയാണ് പ്രചരിക്കുന്ന മറ്റൊന്ന്. ഇതെല്ലാം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ ഉടൻ കണ്ടെത്തും. ഏതായാലും തൃശൂരിൽ ബ്ലാക് മാൻ ഭീതി തീരുകയാണ്. കെട്ടുകഥ വിശ്വസിച്ച് നൂറു കണക്കിനാളുകൾ രാത്രി വീടിനു പുറത്തിറങ്ങുന്ന സ്ഥിതിയാണ് കഴിഞ്ഞ ദിവസങ്ങളിൽ തൃശ്ശൂർ ജില്ലയിൽ ഉണ്ടായത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ വീട്ടിലിരിപ്പിനെ തകർക്കുന്ന തരത്തിലായിരുന്നു ഇത്. ഇതുകൊണ്ടുതന്നെ ഈ പ്രചാരണം നിഷ്‌കളങ്കമാണെന്നോ തെറ്റിദ്ധാരണകൊണ്ട് ഉണ്ടാവുന്നതോ ആകണമെന്നില്ലെന്നാണ് പൊലീസിന് കിട്ടിയ രഹസ്യവിവരം. ഇതരസംസ്ഥാന തൊഴിലാളികളെ റോഡിൽ ഇറക്കിയതിന് സമാനമാണ് കാര്യങ്ങൾ. പായിപ്പാട്ടെ സംഭവത്തിന് പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതിന് സമാനമായ ഇടപെടൽ തൃശൂരിലും നടന്നുവെന്നാണ് വിലയിരുത്തൽ. എല്ലാ വിശദമായി തന്നെ പരിശോധിക്കും. ഗൂഢാലോചന നടത്തിയവർക്കെതിരെ നടപടിയും എടുക്കും. ഇതിനുള്ള തെളിവുകൾ ശാസ്ത്രീയമായി ശേഖരിക്കുകയാണ് പൊലീസ്.

ആളുകളെ ഇളക്കിവിടുന്ന വിധമുള്ള ചില വാട്‌സാപ്പ് സന്ദേശങ്ങളെ ഈ സാഹചര്യത്തിൽ പരിശോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ജനം പുറത്തിറങ്ങിയ സ്ഥലങ്ങളിൽ പൊലീസിന് ഏറെ നേരം പരിശോധനയ്ക്ക് ഇറങ്ങേണ്ടി വന്നിരുന്നു. ചില പ്രചാരണങ്ങൾ തെറ്റിദ്ധാരണ കൊണ്ടും ഉണ്ടായിട്ടുണ്ട്. പോർക്കുളം ഭാഗത്ത് ബ്ലാക്ക്മാനെ അന്വേഷിച്ച് പനയുടെ ചുവട്ടിൽ കൂടിയ ആൾക്കൂട്ടത്തിലേക്ക് മുകളിൽ നിന്നും ഇറങ്ങിവന്നത് മൂന്നു മരപ്പട്ടികളായിരുന്നു. ഇവ ഒരുമിച്ച് പനയിലേക്ക് കയറുന്നത് അകലെ വീടിന്റെ ടെറസിൽനിന്നും നോക്കുമ്പോൾ ആൾരൂപമായി തോന്നിയതാണ് സംശയത്തിന് കാരണം. ബ്ലാക്ക് മാനെ കുറിച്ചുള്ള പ്രചരണമാണ് ഇതിനെല്ലാം കാരണം.

തൃശ്ശൂരിൽ കുന്നംകുളം ഭാഗത്താണ് ഈ പ്രചാരണം തുടങ്ങിയത്. ഗുരുവായൂർ, ചാവക്കാട് പ്രദേശങ്ങളിലേക്കും ചേർപ്പ് ഭാഗത്തേക്കും എല്ലാം ഇതു വ്യാപിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചിലഭാഗങ്ങളിലേക്കും ഇത് പരക്കുന്നു. ബ്ലാക്മാനെ നേരിട്ടുകണ്ടെന്ന ദൃക്സാക്ഷി വിവരണങ്ങൾ പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ലെന്ന് കുന്നംകുളം എസ്.എച്ച്.ഒ. കെ.ജി. സുരേഷ് അറിയിച്ചു. അതിനിടെ ഈ പ്രചരണം കൊണ്ട് ബുദ്ധിമുട്ടിയ ഒരു യുവാവുണ്ട് മഞ്ചേരിയിൽ. മഞ്ചേരി പുല്ലാര സ്വദേശിയും അന്തർദേശീയ വടംവലി താരവുമായ ബനാത്താണ് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നവരുടെ പുതിയ ഇര. ഇദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ച് കുന്നംകുളത്തെ സ്പ്രിങ്മാൻ, ബ്ലാക്ക്മാൻ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചിലർ. എടപ്പാൾ ആഹാ ഫ്രണ്ട്സ് വടംവലി ടീമിലെ താരമാണ് ബനാത്ത്.

കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളിൽ പങ്കെടുത്ത താരമാണ് ബനാത്ത്. താരത്തിന്റെ മത്സരത്തിനിടയിലെടുത്ത പഴയ ചിത്രമാണ് ഇപ്പോൾ സ്പ്രിങ്മാൻ, ബ്ലാക്ക്മാൻ തുടങ്ങിയ പേരുകളിൽ പ്രചരിക്കുന്നത്. തന്റെ ഫോട്ടോയും വ്യാജസന്ദേശവും കണ്ട് സുഹൃത്തുക്കൾ ഫോൺ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ബനാത്ത് പുല്ലാറ പറഞ്ഞു. ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ബനാത്ത് ആവശ്യപ്പെട്ടു. സംഭവത്തിൽ മഞ്ചേരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ബനാത്ത്.

തൃശ്ശൂർ ജില്ലയിലെ കുന്ദംകുളത്തും പരിസരങ്ങളിലുമാണ് ഈ സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. പഴഞ്ഞി, കാട്ടകാമ്പാൽ, പെങ്ങാമുക്ക് എന്നിവടങ്ങളിൽ ബ്ലാക്ക്മാനെ കണ്ടതായി പറയുന്നു. രാത്രിയിൽ അതിവേഗത്തിൽ നീങ്ങുന്ന ഈ മനുഷ്യനെ പിടികൂടാൻ നാട്ടുകാർ രംഗത്തിറങ്ങിയതോടെ പൊലീസിനും തലവേദനയായി. ലോക്ഡൗൺ സമയമായതിനാൽ ആളുകൾ കൂട്ടം കൂടുന്നതും ബഹളം വക്കുന്നതുമൊക്കെ നിയമവരുദ്ധമായതിനാൽ ബ്ലാക്ക് മാൻ നാടിന്റെ ക്രമസമാധാനപ്രശ്നമായി. വളരെ ഉയരത്തിൽ ചാടി നടക്കാൻ കഴിയുന്ന ഈ പ്രതിഭാസം മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ചാടി മറയുകയുണ്ടായതായി ഉറക്കമിളച്ച് ബ്ലാക്ക് മാനെ പിടികൂടാൻ ഇറങ്ങിയവർ പറയുന്നു. പക്ഷേ ഇതൊന്നും പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ല. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രചരണത്തിലെ കള്ളങ്ങൾ പിടികിട്ടിയത്.

പുരുഷന്മാർ ഇല്ലാത്ത വീടുകളിൽ കഴിയുന്ന സ്ത്രീകൾ വലിയ ഭീതിയിലാണ് രാത്രി കഴിച്ചു കൂട്ടുന്നത്. സംഭവങ്ങളുടെ വോയ്സും ഗൂഗിളിൽ നിന്നെടുക്കുന്ന ഫോട്ടോയും വീഡിയോയും ഉപോയോഗിച്ച് ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്ന സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോക്ഡൗൺ ആയതിനാൽ നേരത്തെ തന്നെ ജനങ്ങൾ ഉറക്കം ആരംഭിക്കുന്നതിനാൽ അവസരം മുതലെടുത്ത് ഭീതി പടർത്താൻ ചില സാമൂഹ്യവുരുദ്ധരാണ് അദൃശ്യമനുഷ്യനാകുന്നതെന്നാണ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP