Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഇന്റർവ്യൂ ചോദിച്ചാൽ സദാപ്രാർത്ഥനയിലെന്ന് പറയും; സംസാരിച്ചാൽ എല്ലാം നുണയെന്ന് കണ്ണിൽ നോക്കി നിഷേധിക്കും; ഇമേജ് തകർക്കാൻ ഇറങ്ങിയവർ ഒഴിച്ച് പഞ്ചാബ് മുഴുവൻ കരുതുന്നത് താൻ നിരപരാധിയെന്ന്; ജലന്ധർ ബിഷപ്പ് പദവിയിൽ നിന്ന് ഒഴിഞ്ഞെങ്കിലും ഇപ്പോഴും താമസം ബിഷപ്പ് ഹൗസിലെ നാലുനില കെട്ടിടത്തിൽ തന്നെ; ഇല വന്നുമുള്ളേൽ വീണാലും മുള്ള് വന്ന് ഇലേൽ വീണാലും ദോഷം ഫ്രാങ്കോയ്ക്ക് തന്നെയെന്ന് വിശ്വാസികൾ; പീഡനക്കേസിലെ പ്രതിയെങ്കിലും ഫ്രാങ്കോ ഇപ്പോഴും ജലന്ധർ അതിരൂപതയിലെ കിരീടമില്ലാത്ത രാജാവ്

ഇന്റർവ്യൂ ചോദിച്ചാൽ സദാപ്രാർത്ഥനയിലെന്ന് പറയും; സംസാരിച്ചാൽ എല്ലാം നുണയെന്ന് കണ്ണിൽ നോക്കി നിഷേധിക്കും; ഇമേജ് തകർക്കാൻ ഇറങ്ങിയവർ ഒഴിച്ച് പഞ്ചാബ് മുഴുവൻ കരുതുന്നത് താൻ നിരപരാധിയെന്ന്; ജലന്ധർ ബിഷപ്പ് പദവിയിൽ നിന്ന് ഒഴിഞ്ഞെങ്കിലും ഇപ്പോഴും താമസം ബിഷപ്പ് ഹൗസിലെ നാലുനില കെട്ടിടത്തിൽ തന്നെ; ഇല വന്നുമുള്ളേൽ വീണാലും മുള്ള് വന്ന് ഇലേൽ വീണാലും ദോഷം ഫ്രാങ്കോയ്ക്ക് തന്നെയെന്ന് വിശ്വാസികൾ; പീഡനക്കേസിലെ പ്രതിയെങ്കിലും ഫ്രാങ്കോ ഇപ്പോഴും ജലന്ധർ അതിരൂപതയിലെ കിരീടമില്ലാത്ത രാജാവ്

മറുനാടൻ മലയാളി ബ്യൂറോ

ജലന്ധർ: ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോൾ എന്തുചെയ്യുകയാണ് ? അദ്ദേഹം പ്രാർത്ഥിക്കുകയാണ് എന്ന മറുപടിയാവും തേടിച്ചെന്നാൽ കിട്ടുക. പഴയ പോലെ ജലന്ധർ അതിരൂപതയിൽ സ്വാധീനമുണ്ടോ? കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെ അതിന് ഇളക്കം തട്ടിയോ? തരിമ്പുമില്ല. 'ദി കാരവൻ' നടത്തിയ അന്വേഷണത്തിലാണ് ഫ്രാങ്കോ ഇപ്പോഴും ജലന്ധർ അതിരൂപതയിലെ രാജാവാണെന്ന് വ്യക്തമായത്. പ്രാർത്ഥനയിലാണെന്ന ആദ്യം പറഞ്ഞൊഴിഞ്ഞെങ്കിലും പിന്നീട് കേസിനെ കുറിച്ച് ഒന്നും പറയില്ലെന്ന ഉപാധിയിൽ ലേഖികയോട് സംസാരിക്കാൻ ഫ്രാങ്കോ തയ്യാറായി.

ഫ്രാങ്കോയ്‌ക്കെതിരെ ജലന്ധറിൽ സംസാരിച്ച വൈദികരെല്ലാം പേരുപറയരുതെന്ന് ചട്ടം കെട്ടിയെന്നും അവരെല്ലാം അദ്ദേഹത്തെ ഭയക്കുന്നെന്നും ലേഖിക പറയുമ്പോൾ പ്രതികരണം ഇങ്ങനെയാണ്: 'അത് അവർ പറയുന്നത് കള്ളമായതുകൊണ്ടാണ്. പ്രതികാരം ചെയ്യുന്ന പതിവ് എനിക്കില്ല. ഇപ്പോഴും അവരുടെ അഭിപ്രായങ്ങളെ ഞാൻ മാനിക്കുന്നു. എന്റെ പ്രതിച്ഛായ തകർക്കാൻ കച്ചകെട്ടിയിറങ്ങിയവർ ഒഴിച്ച് പഞ്ചാബ് മുഴുവൻ ഞാൻ നിരപരാധിയാണെന്ന് കരുതുന്നു. ആരെയും ശത്രുക്കളായി കാണുന്നില്ല. എല്ലാവരും എന്റെ കൂട്ടുകാരാണ്', ഫ്രാങ്കോ പറയുന്നു.

ജലസന്ധർ അതിരൂപത ബിഷപ്പ് പദവിയിൽ നിന്ന് ഒഴിഞ്ഞെങ്കിലും, ബിഷപ്പ് ഹൗസിലെ നാലുനില കെട്ടിടത്തിൽ തന്നെയാണ് താമസം. ബിഷപ്പ്‌സിംഫോറിയൻ കീപ്രത് 1972 ൽ സ്ഥാപിച്ച അതിരൂപതയിലെ മൂന്നാമത്തെ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ.

എന്താണ് മറ്റു ബിഷപ്പുകളിൽ നിന്ന് ഫ്രാങ്കോയെ വേറിട്ടുനിർത്തുന്നത്?

മറ്റു ബിഷപ്പുകളിൽ നിന്ന് ഫ്രാങ്കോയ്ക്കുള്ള വ്യത്യാസം അദ്ദേഹത്തിന്റെ ഉന്നത രാഷ്ട്രീയ സ്വാധീനമാണ്. നേരത്തെ അതിരൂപതാ പിആർഒ എന്ന നിലയിൽ രാഷ്ട്രീയഭേദമെന്യേ നേതാക്കന്മാരുമായി ഇടപെടാൻ അവസരം കിട്ടി. ഗുർദാസ്പൂരിലും അമൃത്സറിലും ക്രിസ്ത്യൻ വോട്ടർമാർ ധാരാളം. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഫ്രാങ്കോയെ വേണമായിരുന്നു. 2001 മുതൽ ഫ്രാങ്കോയെ നേരിട്ടറിയാവുന്ന ഡൽഹി അതിരൂപതയിലെ വൈദികൻ സ്റ്റാൻലി കോഴിച്ചിറ പറയുന്നു: ജയിക്കാൻ അറിയാവുന്നവരുടെ കൂടെ മാത്രമേ ഞാൻ കളിക്കാറുള്ളു, ഫ്രാങ്കോയുടെ ഫിലോസഫി ഇതാണ്. ഒരു 25 വർഷത്തേക്കുള്ള പദ്ധതികൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. 2009 ൽ ഡൽഹി അതിരൂപതാ സുവർണ ജൂബിലി ആഘോഷത്തിന് മുഖ്യാതിഥി എൽ.കെ.അദ്വാനിയായിരുന്നു. അമരീന്ദർ സിങ്ങിന്റെയും പ്രകാശ് സിങ് ബാദലിന്റെയും പ്രിയപ്പെട്ടവൻ. അൽഫോൻസ് കണ്ണന്താനത്തിന്റെ എൻഡിഎ പ്രവേശനത്തിനും മന്ത്രിപദവിയിലും മുളയ്ക്കലിന് കാര്യമായ പങ്കുണ്ടായിരുന്നുവെന്ന ഊഹപോഹങ്ങൾ കോഴിച്ചിറ തള്ളുന്നു. എന്നാൽ, കണ്ണന്താനം പലതവണ രൂപത സന്ദർശിച്ചിട്ടുണ്ട്. ഫ്രാങ്കോ അതിരൂപതാ ബിഷപ്പായി സ്ഥാനാരോഹണം ചെയ്തപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഏതായാലും കണ്ണന്താനത്തെ ബിജെപിയിൽ ചേരുന്നതിന് ഫ്രാങ്കോ പ്രേരിപ്പിച്ചിരുന്നുവെന്ന് കോഴിച്ചിറ പറയുന്നു.

എല്ലാം കെട്ടുകഥകളെന്ന് മലയാളി വിശ്വാസികൾ

ബിഷപ്പ് ഹൗസിനോട് ചേർന്ന് തന്നെയാണ് സേക്രഡ് ഹാർട്ട് കാത്തലിക് പള്ളി. ഞായറാഴ്ച കുർബാനയ്‌ക്കെത്തിയ സ്ത്രീകളുമായി കാരവൻ ലേഖിക സംസാരിച്ചപ്പോൾ പലരും ബിഷപ്പിന്റെ പീഡനം വിശ്വസിക്കുന്നവരല്ല. ഇത്തരം കേസുകളിൽ പുരുഷനെ മാത്രം സംശയിക്കുന്നത് ശരിയല്ല, ഒരു സ്ത്രീ പറഞ്ഞു. കേരള ഹൈക്കോടതിക്ക മുമ്പാകെ പ്രതിഷേധിച്ച ക്രൈസ്തവർക്ക് കാര്യങ്ങൾ അറിയില്ല. അവർ ഇവിടെ അല്ലല്ലോ ജീവിക്കുന്നത്. ഇല വന്ന് മുള്ളേൽ വീണാലും മുള്ളുവന്ന് ഇലേൽ വീണാലും ഇലയ്ക്കാണ് കേട്. ഇവിടെ കേട് വന്നത് മുളയ്ക്കലിന്റെ അന്തസിനും പേരിനുമാണെന്ന് മാത്രം.

കേസിൽ പെട്ടതിന് ശേഷം തിരിച്ചെത്തിയ ഫ്രാങ്കോയ്്ക്ക് നൽകിയ ഉജ്ജ്വസ സ്വീകരണത്തെ കുറിച്ച് ഫ്രാൻസിസ്‌കൻ മിഷണറീസ് ഡയറക്ടറും മുളയ്ക്കലിന്റെ അടുത്തയാളുമായ ആന്റണി മാടശേരി പറയുന്നു: അദ്ദേഹം ജനങ്ങൽക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്. അതുകൊണ്ടാണ് അദ്ദേഹം ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നത്. എന്നാൽ, മറ്റൊരു മുതിർന്ന വൈദികൻ ഇങ്ങനെ ചോദിച്ചു: അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് ഫ്രാങ്കോയ്ക്ക് കേരളത്തിൽ ആവശ്യത്തിന് പിന്തുണ നേടാൻ കഴയാതിരുന്നത്? കന്യാസ്ത്രീകൾക്ക് വേണ്ടി ഉണ്ടായത് ജനകീയപ്രസ്ഥാനമാണ്. ഫ്രാങ്കോയ്ക്ക് ഉജ്ജ്വല സ്വീകരണം കിട്ടി എന്നത് അയാൾ നിരപരാധിയാണ് എന്നതിന് അർഥമില്ല. അത് അയാൾക്ക് അധികാര കാട്ടാൻ വേണ്ടി മാത്രം.

സമ്പന്നരോട് മാത്രം സുവിശേഷം സംസാരിച്ചു; ഇഷ്ടമില്ലാത്തവരെ അടിച്ചൊടുക്കി

ഇഷ്ടമില്ലാത്തവരെ അടിച്ചൊതുക്കും. ഇതിനുള്ള എല്ലാ സാമ്പത്തിക പിന്തുണയും എക്കാലത്തും ഫ്രാങ്കോയ്ക്കുണ്ടായിരുന്നു. ജലന്ധർ രൂപതയുടെ പാരമ്പര്യം ഉൾക്കൊണ്ട സന്ന്യാസി സമൂഹത്തെ അപ്പാടെ മാറ്റി മറിച്ച് തന്റെ ഇഷ്ടാനുസരണം കാര്യങ്ങൾ നടപ്പാക്കുകയായിരുന്നു ഫ്രാങ്കോ. തന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന വൈദികരെ സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കാനായി കന്യാസ്ത്രീകളേയും സൃഷ്ടിച്ചു. ഫ്രാങ്കോയുടെ ക്രൂരതകളെ അറിയാതെ ഇവിടെ ചേർന്ന കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഊരി പുറത്തേക്ക് പോയത്. ഈ ക്രൂരതകൾ അതിരുവിട്ടപ്പോഴാണ് പീഡന പരാതി പൊലീസിന് മുന്നിലുമെത്തിയത്.

വിശ്വാസികളടെ ബഹുമാനവും ആദരവും പിടിച്ചുപറ്റിയ വൈദികനായിരുന്നു ഫാ.ബേസിൽ മൂക്കൻതോട്ടത്തിൽ. പഞ്ചാബിലെ വട്ടായിലച്ചൻ എന്ന് വിശേഷിപ്പിക്കാവുന്ന വൃക്തി. ജലന്ധർ രൂപത ആദ്യ മെത്രാനായ സിംഫോറിയൻ തോമസ് കീപ്രത്തിന്റെ കാലം മുതൽ അവിടെ ധ്യാനകേന്ദ്രം നടത്തിവന്ന വൈദികനായിരുന്നു ഫാ. ബേസിൽ. എന്നാൽ ജലന്ധറിൽ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കൽ എത്തിയതോടെ കഥമാറി. ഫാ ബേസിലിനെ മെത്രാൻ നോട്ടമിട്ടു. അധികാരങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തു വീട്ടു തടങ്കലിലുമാക്കി. ഫ്രാങ്കോ മുളയ്ക്കൽ സ്ഥാപിച്ച സഭയിൽ അംഗത്വം സ്വീകരിക്കാത്തതിനെ തുടർന്നാണ് ഫാ.ബേസിലിനെ ബലമായി പിടിച്ചുക്കൊണ്ടു പോയി രൂപത ആസ്ഥാനത്തെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചത്. നിലവിൽ ജലന്ധർ രൂപതയിലെ എല്ലാ കൂദാശകളും ഇദ്ദേഹത്തിന് വിലക്കിയിരിക്കുകയാണ്.

മെത്രാൻ തോമസ് കീപ്രത്തിന് ശേഷം മൂന്നാമതായെത്തിയ ഫ്രാങ്കോ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസ് (എഫ്എംജെ) എന്ന പേരിൽ സ്വന്തമായി സന്ന്യാസ സഭ ആരംഭിച്ചു. മറ്റ് രൂപതകളിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഇതിൽ കൂടുതൽ പേരും. പെണ്ണുകേസിൽ കുടുങ്ങിയവരും സാമ്പത്തിക തട്ടിപ്പിന് ഇരയായവരും അടങ്ങുന്ന സന്യാസ സഭ. ഇതിൽ ചേരണമെന്നതായിരുന്നു ഫാ ബേസിലിന് മുമ്പിൽ മെത്രാൻ വച്ച നിർദ്ദേശം. എന്നാൽ ചെരുപ്പു പോലുമില്ലാതെ സുവിശേഷത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫാ ബേസിൽ മെത്രാന്റെ നിർദ്ദേശം അംഗീകരിച്ചില്ല. കള്ളവും ചതിവുമുള്ള സന്യാസ സഭയിലേക്ക് ഇല്ലെന്ന് നിലപാട് എടുത്തു. ഇതോടെ പീഡനം തുടങ്ങി. ഫാ ബേസിൽ തുടങ്ങിയ പ്രാർത്ഥനാ ഭവൻ എന്ന സുവിശേഷ ചാനൽ പിടിച്ചെടുത്തു. പിന്നെ മുറിയിൽ അടച്ചിട്ട് ക്രൂര മർദ്ദനവും. അനുസരണക്കേട് കാട്ടിയെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുക്കാനെത്തിയ സഹോദരൻ ജോമോൻ തോമസ് പറഞ്ഞു.

ജലന്ധർ രൂപതയിൽ എല്ലാ കൂദാശകളും വിലക്കപ്പെട്ടയാളാണ് പാലാ ഇടപ്പാടി സ്വദേശിയായ ഫാ. ബേസിൽ. ഇദ്ദേഹത്തെ പുറത്താക്കിയുള്ള ഫ്രാങ്കോയുടെ ഉത്തരവിൽ 'അനുസരണക്കേട്' എന്ന ഒറ്റക്കാരണമാണ് പറയുന്നത്. 20,000 പേർക്ക് ഒരുമിച്ച് ധ്യാനിക്കാവുന്ന കേന്ദ്രമാണ് ഫാ ബേസിൽ നടത്തിയിരുന്നത്. വലിയ ജനപിന്തുണയും ഉണ്ടായിരുന്നു. ഇതോടെ ഈ വൈദികനെ സ്വന്തം സഭയിലെത്തിച്ച് തന്റെ വരുതിയിലാക്കാൻ ഫ്രാങ്കോ ശ്രമം നടത്തി. ഈ സഭയിൽ ചേരാൻ ഫാ. ബേസിലിനെയും നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തന്റെ ദൈവവിളി ജലന്ധർ രൂപതയ്ക്ക് വേണ്ടിയാണെന്നായിരുന്നു ഫാ. ബേസിലിന്റെ നിലപാട്. തുടർന്ന് ധ്യാനകേന്ദ്രത്തിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി രൂപതാ ആസ്ഥാനത്തെ മുറിയിൽ അടച്ചിട്ടതായി ജോമോൻ തോമസ് ആരോപിച്ചു. വീട്ടുകാർ എത്തി ബലമായാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

തുടർന്ന് രൂപതയിൽനിന്ന് ഫാ. ബേസിലിനെ വിലക്കിയെങ്കിലും വിടുതൽ നൽകിയില്ല. സിറോ മലബാർ സഭയിലെ പാലാ രൂപതക്കാരനാണ് ഫാ. ബേസിൽ. അതിനാൽ പാലാ രൂപതയിലും വിലക്കി. തുടർന്ന് ജോമോൻ തോമസ് പഞ്ചാബിലെ സിറാവാലിയിൽ അഞ്ചേക്കർ സ്ഥലംവാങ്ങി ഫാ. ബേസിലിന് വേണ്ടി ധ്യാനകേന്ദ്രം സ്ഥാപിച്ചു. ലളിതജീവിതം നയിക്കുന്നയാളാണ് ഫാ. ബേസിൽ. ചെരുപ്പിടാറില്ല. നിലത്താണ് ഉറക്കം. ഇപ്പോഴും ഈ മേഖലയിൽ ധ്യാന ഗുരുവായി നിറയുന്നു. ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസിലെ അത്യാഡംബരങ്ങൾ ഫാ ബേസിലിന് ഒരിക്കലും അംഗീകരിക്കാൻ ആകുമായിരുന്നില്ല. അതുകൊണ്ടാണ് സഭയിൽ ചേരാൻ വിസമ്മതിച്ചത്. ഇതാണ് മർദ്ദനത്തിനും മറ്റും കാരണം.

സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവരെയൊക്കെ ബിഷപ്പ് ഫ്രാങ്കോ കേരളത്തിൽ നിന്ന് കണ്ടെത്തിയാണ് സഭ രൂപീകരിച്ചത്. വലിയ ഓഫറുകൾ നൽകിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവന്നു. ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂർത്തിന്റെയും ആഡംബരത്തിന്റെയും മധ്യേ അടിച്ചു പൊളിച്ചു. എല്ലാ രൂപതയ്ക്ക് കീഴിലും വൈദികരെ സൃഷ്ടിക്കാൻ ഇത്തരം സെമിനാരികൾ ഉണ്ടാവുക പതിവാണ്. എന്നാൽ കന്യാസ്ത്രീകൾ മറ്റൊരു സമൂഹമാണ്. അവർക്ക് ഏകീകൃത സ്വഭാവമുണ്ട്. കന്യാസ്ത്രീ മഠങ്ങൾ രൂപതകൾ സൃഷ്ടിക്കാറില്ല. ഇവിടെ ഫ്രാങ്കോ മുളയ്ക്കൽ അതും ലംഘിച്ചു. ജലന്ധർ രൂപയ്ക്ക് കീഴിൽ കന്യാസ്ത്രീകൾക്കും പരിശീലനം നൽകി.

ജലന്ധർ രൂപതയിൽ ബിഷപ്പ് അവസാന വാക്കായ ബിഷപ്പ് സ്വത്ത് വകകളും വാങ്ങി കൂട്ടി. നാലേക്കറുള്ള ബംഗളൂരുവിലെ സ്പൈസ് ഗാർഡൻ തന്നെയാണ് ഇതിന് ഉദാഹരണം. പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരവും. ഇതിന് പുറമേ പ്രധാന വിമാനത്താവളങ്ങൾക്ക് അടുത്തെല്ലാം ഫ്രാങ്കോയുടെ സന്യാസ സമൂഹത്തിന് ഭൂമിയും കൊട്ടാര സമാനമായ കെട്ടിടങ്ങളുമുണ്ട്. എന്തും ഏതും നടക്കുന്ന സ്ഥലങ്ങളാണ് ഇവിടെ. സാമ്പത്തിക ക്രമക്കേടിന് സഭ പുറത്താക്കിയ വൈദികനെ ഈ സന്യാസ സമൂഹത്തിന്റെ പ്രധാന ചുമതലക്കാരനുമാക്കി. ഫാ അഗിന്റെ(അഗസ്റ്റിൻ) നേതൃത്വത്തിൽ കൂടുതൽ ഫ്രാങ്കോമാരെ സൃഷ്ടിക്കുന്ന സെമിനാരിയും ജലന്ധർ രൂപതയ്ക്ക് കീഴിൽ സജീവമാക്കി. ഇതോടെ സത്യസന്ധരായ വൈദികരുടെ ശബ്ദം ജലന്ധർ രൂപതയിൽ ഒറ്റപ്പെട്ടു.

എല്ലാം നിഷേധിച്ച് ഫ്രാങ്കോ

മൂക്കൻതോട്ടത്തിലിനെയോ, ദുരൂഹസാഹചര്യത്തിൽ മരിച്ച കുര്യാക്കോസ് കാട്ടുതറയെയോ താൻ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നാണ് ഫ്രാങ്കോ കാരവനോട് പ്രതികരിച്ചത്. മൂക്കൻതോട്ടത്തിലിനെരെ ഗുരുതര ആരോപണങ്ങൾ ഉണ്ടെന്ന് ഫ്രാങ്കോ പറയുന്നുണ്ടെങ്കിലും അവ എന്തെന്ന് വ്യക്തമാക്കാൻ തയ്യാറായില്ല. സ്ഥലം മാറ്റ ഉത്തരവ് അനുസരിക്കാത്തതുകൊണ്ടാണ് മൂക്കൻതോട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തതെന്നാണ് വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തിപരമായി ഒന്നുമില്ലെന്നും പറഞ്ഞു.

സർവ പിന്തുണയുമായി ഫാ. മാടശേരി ഇപ്പോഴും

110 ശതമാനവും ഫ്രാങ്കോ നിരപരാധിയാണ്, മാടശേരി പറയുന്നു. അടിക്കടി കുറവിലങ്ങാട് മഠം സന്ദർശിച്ചതിലെ ദുരൂഹത ചില ബിഷപ്പുമാർ ചൂണ്ടിക്കാട്ടിയതായി ചോദിച്ചപ്പോൾ, അത് അതിരൂപതയുടെ കീഴിലുള്ള മിഷൻ ഹൗസാണ് എന്നായിരുന്നു. എറണാകുളം, കോട്ടയം ജില്ലകളിൽ എത്തുമ്പോൾ അവിടെയാണ് അദ്ദേഹം തങ്ങേണ്ടത്. ബിഷപ്പ് സിംഫോറിയനും അവിടം സന്ദർശിച്ചിരുന്നു. ബിഷപ്പിന് വേണ്ടി ഒരു മുറി മാറ്റിവച്ചതും അദ്ദേഹം തന്നെ. മറ്റുകാരണങ്ങൾ കൊണ്ടാണ് ഫ്രാങ്കോ അവിടെ പോയത് എന്നുകരുതേണ്ടതില്ല ,മാടശേരി പറഞ്ഞു.

വിശ്വസിക്കാനാവാതെ വൈദികനായ ഫാ.കോഴിച്ചിറ

ഫ്രാങ്കോ ഇങ്ങനെ ഒരു കുരുക്കിൽ പെടുമെന്ന വിശ്വസിക്കുന്നില്ല ഫാ. കോഴിച്ചിറ. എന്തെങ്കിലും അരുതാത്തത് സംഭവിച്ചോയെന്ന് ഫ്രാങ്കോയോട് ചോദിച്ചപ്പോൾ, താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു പ്രതികരണമെന്ന് കോഴിച്ചിറ പറഞ്ഞു. എന്നാൽ, സ്ഥാപനങ്ങളേക്കാൾ വലുതാണ് വ്യക്തികളെന്ന് അദ്ദേഹം കരുതുന്നില്ല. ഫ്രാങ്കോയുടെ രാജി ആദ്യം ആവശ്യപ്പെട്ടവരിൽ ഒരാൾ ഫാ.കോഴിച്ചിറയാണ്.

ഒന്നും വിട്ടുപറയാതെ ഫ്രാങ്കോ

കന്യാസ്ത്രീയുടെ പരാതിയെ കുറിച്ച് ഒന്നും പ്രതികരിക്കാൻ ഫ്രാങ്കോ തയ്യാറായില്ല. എന്നാൽ. അതിനെ കുറിച്ച് സംസാരിച്ചിരുന്നെങ്കിലും എല്ലാം നുണയെന്നായാരിക്കും പ്രതികരണം. അതേസമയം മുളയ്ക്കലിനെതിരെ മാത്രമല്ല എതിർപ്പ് എന്ന കാര്യവും പ്രകടമാണ്. അതിരൂപത ഒന്നാകെ വേണ്ട രീതിയിൽ പഞ്ചാബികളോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നില്ലെന്ന പരാതി വ്യാപകമാണ്. പള്ളി തന്നെ അതിരൂപതയ്ക്ക് ബിസിനസാണ്. സമ്പന്നമായ അതിരൂപതയും പാവപ്പെട്ട ക്രൈസ്തവ വിശ്വാസി സമൂഹവും തമ്മിൽ സാമ്പത്തിക അന്തരം ഏറെ വലുതാണ്. ഏതായാലും കന്യാസ്ത്രീയുടെ പരാതിയെ തുടർന്നുള്ള അറസ്റ്റിന് ശേഷവും ജലന്ധർ അതിരൂപതയും മിഷണറീസ് ഓഫ് ജീസസും കലവറയില്ലാത്ത പിന്തുണയാണ് ഫ്രാങ്കോയ്ക്ക് നൽകുന്നത്. ഇതിന്റെ തെളിവാണ് എല്ലാം അതിരൂപതയ്‌ക്കെതിരായ ഗൂഢാലോചനയായി ചിത്രീകരിക്കാനുള്ള തുടർച്ചയായ ശ്രമം. കന്യാസ്ത്രീകളെ സ്ഥലംമാറ്റിയപ്പോൾ രൂപതാ അഡ്‌മിനിസ്‌ട്രേറ്റർ ആഞ്ജലോ ഗ്രേഷ്യസ് ആ ഉത്തരവ് മരവിപ്പിച്ചതും, പിആർഒ അത് തള്ളിപ്പറഞ്ഞതും മാത്രം മതി ഫ്രാങ്കോയുടെ സ്വാധീനത്തിന്റെ ആഴം അളക്കാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP