Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിനോയ് കോടിയേരിയെ തേടി മുംബൈ പൊലീസ് എകെജി സെന്ററിലേക്ക്; പരാതിക്കാരി നൽകിയ വിലാസങ്ങളിൽ ഒന്ന് എകെജി സെന്ററിന്റെ ഭാഗമായുള്ള ഫ്‌ളാറ്റ് ആയതിനാൽ അവിടേയും പരിശോധിക്കാൻ പൊലീസ്; കണ്ണൂരിലെ വീടിന് മുമ്പിൽ നോട്ടീസ് പതിച്ച പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് കേരളത്തിലെ പത്രങ്ങളിലും പ്രസിദ്ധീകരിക്കും; പാർട്ടി സെക്രട്ടറിയുടെ മകൻ എവിടെയെന്ന് ആർക്കും അറിയില്ല; ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായി റിപ്പോർട്ട്; കോടിയേരിയുടെ പുത്രനും സിപിഎമ്മും പ്രതിസന്ധിയിൽ തന്നെ

ബിനോയ് കോടിയേരിയെ തേടി മുംബൈ പൊലീസ് എകെജി സെന്ററിലേക്ക്; പരാതിക്കാരി നൽകിയ വിലാസങ്ങളിൽ ഒന്ന് എകെജി സെന്ററിന്റെ ഭാഗമായുള്ള ഫ്‌ളാറ്റ് ആയതിനാൽ അവിടേയും പരിശോധിക്കാൻ പൊലീസ്; കണ്ണൂരിലെ വീടിന് മുമ്പിൽ നോട്ടീസ് പതിച്ച പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് കേരളത്തിലെ പത്രങ്ങളിലും പ്രസിദ്ധീകരിക്കും; പാർട്ടി സെക്രട്ടറിയുടെ മകൻ എവിടെയെന്ന് ആർക്കും അറിയില്ല; ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായി റിപ്പോർട്ട്; കോടിയേരിയുടെ പുത്രനും സിപിഎമ്മും പ്രതിസന്ധിയിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിനെ വെട്ടിലാക്കി മഹാരാഷ്ട്രാ പൊലീസ് തിരുവനന്തപുരത്തേക്ക്. യുവതിയുടെ ലൈംഗികപീഡന പരാതിയിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് മുംബൈ പൊലീസ് തിരുവനന്തപുരത്ത് എത്തിയത്. പരാതിക്കാരി ബിനോയിയുടേതായി നൽകിയ വിലാസത്തിൽ ഒന്ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ഭാഗമായ പാർട്ടി ഫ്‌ളാറ്റാണ്. ഇവിടെ എത്തി ബിനോയിയെ തിരിക്കാനാണ് തീരുമാനം. സിപിഎം പാർട്ടി ആസ്ഥാനത്തും പൊലീസ് എത്തും. എകെജി സെന്ററിന്റെ മുമ്പിലാണ് ഫ്‌ളാറ്റ്. അതിനാൽ ഇവിടെ എത്തി കൂടി ബിനോയിയെ തിരക്കും. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് ഇത്. കോടിയേരി ബാലകൃഷ്ണനും ഭാര്യയയും ചികിൽസയിൽ കഴിയുന്ന ശാന്തിഗിരി ആശുപത്രിയിലും പൊലീസ് എത്തിയേക്കും.

ഈ വിഷയം സിപിഎമ്മിനേയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന് പുതിയ തലം നൽകുന്നതാകും എകെജി സെന്റർ ഫ്‌ളാറ്റിലെ പരിശോധന. ഇതിനെ സിപിഎം അനുകൂലിക്കുമോ എതിർക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിവാദത്തെ തുടർന്ന് കോടിയേരി ചികിൽസയിൽ പോയി. നാളെ മുതൽ പാർട്ടി യോഗങ്ങളും ഉണ്ട്. ഇതിൽ കോടിയേരി പങ്കെടുക്കുമോ എന്നതും സംശയമാണ്. ഇങ്ങനെ പാർട്ടിയെ പോലും വെടടിലാക്കുന്ന തരത്തിലേക്ക് ബിനോയ് വിഷയം മാറുകയാണ്. പാർട്ടിയിൽ നിന്ന് അവധിയെടുക്കാൻ കോടിയേരി സന്നദ്ധനാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടുമില്ല. കോടിയേരി മാറിയാൽ പകരം സെക്രട്ടറി ആരെന്ന ചോദ്യവും സജീവം. ഇതിനുള്ള നീക്കങ്ങൾക്കിടെയാണ് ആന്തൂരിലെ സാജൻ പാറയിലിന്റെ ആത്മഹത്യ എത്തിയത്. ഈ വിവാദത്തിൽ പാർട്ടി കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യയും കുടുങ്ങി. ഇതോടെ സെക്രട്ടറി സ്ഥാനത്തേക്ക ്‌ഗോവിന്ദന്റെ സാധ്യതയും അടഞ്ഞു. ഇതിനിടെയാണ് ഫലാറ്റ് പരിശോധനയ്ക്ക് പൊലീസ് തിരുവനന്തപുരത്തേക്ക് എത്തുന്നത്.

കോടിയേരിയുടെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് മഹാരാഷ്ട്രാ പൊലീസ് ഉടൻ പുറത്തിറക്കും. ഇത് കേരളത്തിലെ പത്രങ്ങളിലും പ്രസിദ്ധീകരിക്കും. എല്ലാ വിമാനത്താവളത്തിലും ഇത് കൈമാറുകയും ചെയ്യും. ബിനോയ് രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. മുംബൈയിലെ രഹസ്യ കേന്ദ്രത്തിൽ ബിനോയ് എത്തിയതായും സൂചനയുണ്ട്. ഒളിച്ചു കളി തുടരുന്നത് പാർട്ടിയെ വെട്ടിലാക്കുമെന്ന സന്ദേശം സിപിഎം കേന്ദ്ര നേതൃത്വവും നൽകിയിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് പുതിയ നീക്കങ്ങൾ ബിനോയ് നടത്തുന്നത്. മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതും ഇതേ തുടർന്നാണ്. മുൻകൂർ ജാമ്യം കിട്ടി അറസ്റ്റ് ഒഴിവാക്കാൻ ബിനോയിക്ക് കഴിഞ്ഞാൽ കോടിയേരിക്ക് മുമ്പിലെ പ്രതിസന്ധി മാറും. ഇല്ലാത്ത പക്ഷം രാഷ്ട്രീയ വനവാസത്തിലേക്ക് വിവാദം കോടിയേരിയെ തള്ളിവിടുമെന്നാണ് വിലയിരുത്തൽ.

ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പൊലീസ് സബ് ഇൻസ്‌പെക്ടർ വിനായക് യാദവും ദേവാനന്ദ പവാറും വ്യാഴാഴ്ച ബിനോയിയുടെ കോടിയേരിയിലെ വീട്ടിലെത്തി. വീട് അടച്ചിട്ട നിലയിലായതിനാൽ അടുത്തവീട്ടിൽ നോട്ടീസ് നൽകി. ഓഷിവാര പൊലീസ് മുമ്പാകെ ഉടൻ ഹാജരാകണമെന്നാണ് നോട്ടീസ്. തലശ്ശേരി, ന്യൂമാഹി പൊലീസ് സ്റ്റേഷനുകളിലെത്തി വിവരമറിയിച്ച ശേഷമാണ് മുംബൈ പൊലീസ് ബിനോയിയെ തിരഞ്ഞ് വീട്ടിലെത്തിയത്. തലശ്ശേരി സ്റ്റേഷനിലെ രണ്ട് പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. കോടിയേരിയിലെ വീട്ടിൽ പ്രതിയെ കണ്ടില്ലെന്ന വിവരം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചശേഷമാണ് ഇവർ തിരുവനന്തപുരത്തേക്കു തിരിച്ചത്. ബിനോയിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയ് ഒളിവിലാണെന്നാണ് പൊലീസ് വിലയിരുത്തൽ. അതിനിടെ ബിനോയ് മുൻകൂർ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. അതിനിടെ ബിനോയ് കോടിയേരിക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാൻ മുംബൈ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

പരാതിക്കാരി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. ഫോൺ കോൾ റിക്കോർഡുകൾ, ഒന്നിച്ചുള്ള ചിത്രങ്ങൾ, വിഡിയോകൾ തുടങ്ങിയവയും കൈമാറി. കൃത്രിമമാണോ എന്നറിയാൻ ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ബിനോയിയും യുവതിയും മുംബൈയിൽ ഒന്നിച്ചു സമയം ചെലവിട്ടിരുന്നതായി അന്വേഷണസംഘത്തിനു തെളിവു ലഭിച്ചിച്ചെന്നാണു വിവരം. ഓഷിവാര സ്റ്റേഷൻ ഇൻസ്‌പെക്ടർ വിനായക് ജാദവ്, കോൺസ്റ്റബിൾ ദേവാനന്ദ് പവാർ എന്നിവരാണു കേരളത്തിലെത്തിയ സംഘത്തിലുള്ളത്. എഫ്‌ഐആർ പകർപ്പ്, ബിനോയിയും യുവതിയും ഒന്നിച്ചുള്ള ചിത്രങ്ങൾ, ഫോൺ സംഭാഷണങ്ങൾ എന്നിവ ജില്ലാ പൊലീസ് മേധാവിയെ കാണിച്ചാണ് ബിനോയിയെ കസ്റ്റഡിയിലെടുക്കാൻ സഹായം തേടിയത്. മുംബൈയിൽ നിന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയെ നേരിട്ടു വിളിക്കുകയും ചെയ്തു. ബിനോയിയുടെ വീടുകളിൽ കേരള പൊലീസിനൊപ്പമാണു മുംബൈ സംഘം പോയത്.

അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനോയ് കോടിയേരി ഉൾപ്പെട്ട കേസ് സ്ത്രീപീഡനമായാണു കോൺഗ്രസ് കാണുന്നതെന്നും ഈ വിഷയം വരും ദിവസങ്ങളിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവം അന്വേഷിക്കപ്പെടണം. ആരുടെയെങ്കിലും സ്വഭാവഹത്യ ഉദ്ദേശിച്ചുള്ള രാഷ്ട്രീയലക്ഷ്യം അതിനു പിന്നിലില്ല. പൊതുപ്രവർത്തകരുടെ മക്കൾ അധികാര ദുർവിനിയോഗം ചെയ്യുന്നതും അംഗീകരിക്കാൻ പറ്റാത്തവരുമായി ബന്ധപ്പെടുന്നതും സിപിഎം മാത്രമല്ല ഏതു രാഷ്ട്രീയപാർട്ടിയും പരിശോധിക്കേണ്ടതാണ്. ഈ വിഷയം പാർട്ടിയും അന്വേഷിക്കേണ്ടതാണ് മുല്ലപ്പള്ളി പറഞ്ഞു.

ബിനോയ് കോടിയേരി നൽകിയ പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്റയും വ്യക്തമാക്കി. ഇതോടെ ബിനോയിയുടെ പരാതിയിൽ പൊലീസ് കേസെടുക്കില്ലെന്നും വ്യക്തമായി. ബിനോയ് കോടിയേരിക്കെതിരായ കേസിൽ മുംബൈ പൊലീസ് കേരള പൊലീസിനോട് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇതുവരേയും മുംബൈ പൊലീസ് സഹായം ആവശ്യപ്പെട്ടിട്ടില്ല. മുംബൈ പൊലീസ് രേഖാ മൂലം സഹായം ആവശ്യപ്പെട്ടാൽ സംസ്ഥാന പൊലീസ് അന്വേഷണത്തിന് സഹായിക്കും.- ഡി.ജി.പി.പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേരളത്തിലെത്തിയത്. രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷം സ്ഥലത്തുണ്ടെങ്കിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്.

വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നൽകിയത്. അതേസമയം, യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബൈയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്‌പി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് നേരത്തേ വിശദീകരിച്ചിരുന്നു. താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി വാർത്ത പുറത്തു വന്ന ദിവസം പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടൻ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചു. എന്നാൽ ഇതിന് ശേഷം ബിനോയ് അപ്രത്യക്ഷമാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP