Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുംബൈയിൽ യുവതി താമസിക്കുന്ന ഫ്‌ളാറ്റ് ഉടമകളുടെ മൊഴിയെടുത്തു; പണം അയച്ച് നൽകിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ സംഘടിപ്പിച്ചു; കണ്ണൂരിൽ എത്തിയ സംഘം തെളിവെടുപ്പുകളും മൊഴിയെടുക്കലുകളും തുടരുന്നു; ബിനോയിയുടെ പരാതിയുടെ വിശദാംശങ്ങളും ശേഖരിച്ചു; മുംബൈയിൽ ബിനോയിയും യുവതിയും താമസിച്ച ഹോട്ടലിലെ വിശദാംശങ്ങളും ശേഖരിച്ചു; രണ്ട് അന്വേഷണ സംഘങ്ങൾ പിടിമുറുക്കിയതോടെ ബിനോയ് കോടിയേരി ആരുമറിയാതെ മുങ്ങി; മുൻകൂർ ജാമ്യം ലഭിക്കും വരെ ഇനി രഹസ്യ താവളത്തിൽ

മുംബൈയിൽ യുവതി താമസിക്കുന്ന ഫ്‌ളാറ്റ് ഉടമകളുടെ മൊഴിയെടുത്തു; പണം അയച്ച് നൽകിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ സംഘടിപ്പിച്ചു; കണ്ണൂരിൽ എത്തിയ സംഘം തെളിവെടുപ്പുകളും മൊഴിയെടുക്കലുകളും തുടരുന്നു; ബിനോയിയുടെ പരാതിയുടെ വിശദാംശങ്ങളും ശേഖരിച്ചു; മുംബൈയിൽ ബിനോയിയും യുവതിയും താമസിച്ച ഹോട്ടലിലെ വിശദാംശങ്ങളും ശേഖരിച്ചു; രണ്ട് അന്വേഷണ സംഘങ്ങൾ പിടിമുറുക്കിയതോടെ ബിനോയ് കോടിയേരി ആരുമറിയാതെ മുങ്ങി; മുൻകൂർ ജാമ്യം ലഭിക്കും വരെ ഇനി രഹസ്യ താവളത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പീഡന കേസിൽ പൊലീസ് നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ബിനോയ് കോടിയേരി അപ്രത്യക്ഷനായി. ബിനോയിക്കെതിരെ മുംബൈയിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിൽ ഇരുസംഘങ്ങളായി തിരിഞ്ഞു മുംബൈ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. 2 ഉദ്യോഗസ്ഥർ കണ്ണൂരിലെത്തിയപ്പോൾ, സാക്ഷികളിൽ നിന്നും പരാതിയിൽ പറയുന്ന ഫ്‌ളാറ്റുകളിൽ നിന്നും തെളിവുകൾ ശേഖരിച്ചു തുടങ്ങി മുംബൈയിലെ സംഘം. ഇതോടെയാണ് ബിനോയ് ഒളിവിലേക്ക് പോയത്. അറസ്റ്റ് ഒഴിവാക്കാനാണ് ഇത്. പീഡനത്തിന് ഇരയായ കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകനെതിരായ കേസിൽ മൗനം തുടരുകയാണ്. ബിനോയ് അറസ്റ്റിലാകുന്നത് കോടിയേരിക്ക് വലിയ തിരിച്ചടിയാകും. അതുകൊണ്ട് മുൻകൂർ ജാമ്യം നേടാനാണ് മകനായ ബിനോയിയുടെ തീരുമാനം.

ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടിരുന്നു. തുടർന്ന്, ജൂൺ 13ന് കേസ് രജിസ്റ്റർ ചെയ്ത മുംബയ് ഓഷിവാര പൊലീസ് ബിനോയിയെ ഫോണിൽ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. അതു നടക്കാത്ത സാഹചര്യത്തിലാണ് മുംബയ് പൊലീസ് കണ്ണൂരിലെത്തിയതെന്നാണ് സൂചന. ഓഷിവാര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ബിനോയ്‌ക്കെതിരെ വഞ്ചന അടക്കം വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിനോയിയോട് വീണ്ടും ആവശ്യപ്പെടാനാണ് പൊലീസ് നീക്കം. എന്നാൽ ചോദ്യം ചെയ്യാൻ വിളിച്ചാൽ അറസ്റ്റ് ചെയ്യുമോ എന്ന ഭയം ബിനോയിക്കുണ്ട്. ഈ സാഹചര്യത്തിലാണ് മാറി നിൽക്കൽ.

അന്വേഷണത്തിന് രണ്ട് പൊലീസുകാർ കണ്ണൂരിലെത്തിയതും ബിനോയിയെ ഞെട്ടിച്ചു. ഓഷിവാര സ്റ്റേഷനിലെ ഇൻസ്‌പെക്ടർ വിനായക് ജാദവ്, കോൺസ്റ്റബിൾ ദേവാനന്ദ് പവാർ എന്നിവരാണു കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിനോയ് കോടിയേരി എസ്‌പിക്കു നൽകിയ പരാതി, ഇതിനൊപ്പം നൽകിയ യുവതിയുടെ കത്ത് എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണു ശേഖരിച്ചത്. മുംബൈയിലെ അന്വേഷണ സംഘം സാക്ഷികളുടെ മൊഴിയെടുത്തു. ബിനോയ് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കില്ല. യുവതിയുടെ പരാതിയിൽ ബ്ലാക് മെയിൽ ഇല്ലെന്നും അതൊരു വക്കീൽ നോട്ടീസ് സ്വഭാവത്തോടെയുള്ളതാണെന്നും കണ്ണൂർ പൊലീസ് പറയുന്നു. കേസെടുക്കണമെന്ന കോടിയേരിയുടെ മകന്റെ ആവശ്യത്തോടെ മുഖ്യമന്ത്രിയും ഡിജിപിയും അനുകൂല നിലപാടും എടുത്തിട്ടില്ല. ഇതിനിടെ മുംബൈയിലും അന്വേഷണം തകൃതിയാണ്. ബിനോയിയെ അറസ്റ്റ് ചെയ്യാനാണ് മഹാരാഷ്ട്രാ പൊലീസിന്റെ തീരുമാനം.

അന്ധേരി വെസ്റ്റ്, അന്ധേരിയിലെ മിലിത്ത് നഗർ, ജോഗേശ്വരി വെസ്റ്റ് എന്നിവിടങ്ങളിൽ ബിനോയ് വാടകയ്ക്ക് എടുത്തു നൽകിയിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്ന ഫ്‌ളാറ്റുകളുടെ ഉടമകളിൽ നിന്നും അയൽക്കാരിൽ നിന്നും ഉടൻ മൊഴി രേഖപ്പെടുത്തും. യുവതി സമർപ്പിച്ച രേഖകളുടെ പരിശോധനയും ആരംഭിച്ചു. ബിനോയ് പ്രതിമാസം പണം അയച്ചിരുന്നതിനു തെളിവായി സമർപ്പിച്ചിട്ടുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റാണ് ഇതിലൊന്ന്. മുംബൈയിൽ എത്തുമ്പോൾ ഇരുവരും കണ്ടുമുട്ടിയെന്നു പരാതിയിൽ പറയുന്ന നക്ഷത്ര ഹോട്ടലുകളിലെ താമസക്കാരുടെ പട്ടിക പരിശോധിക്കാനും നടപടി തുടങ്ങി. കേരളത്തിലെത്തിയ അന്വേഷണ സംഘം ഏതാനും ദിവസം തങ്ങും. ഇതിനിടെയാണ് ബിനോയ് കോടിയേരി മുൻകൂർ ജാമ്യത്തിനു ശ്രം തുടങ്ങിയത്. എന്നാൽ ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.

അതിനിടെ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് പരാതി ഏതെങ്കിലുമൊരു വ്യക്തിയുമായോ പ്രസ്ഥാനവുമായോ കോർത്തിണക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ.ബാലൻ പ്രതികരിച്ചു. കുട്ടികൾ എന്തെങ്കിലും ചെയ്യുന്നതിനു പ്രസ്ഥാനത്തെയും അതിനെ നയിക്കുന്ന നേതാവിനെയും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതു ശരിയല്ല. പൊതുസമൂഹം ഇക്കാര്യം ചർച്ച ചെയ്യേണ്ട എന്ന അഭിപ്രായം തനിക്കില്ല. അച്ഛനുണ്ടായ ശേഷമാണു തന്റെ ശനിദശ തുടങ്ങിയതെന്നു പറയുന്ന മക്കൾ ഇന്നുണ്ട്. രക്ഷിതാക്കൾ പറയുന്നതിന് അനുസരിച്ചാണോ അവർ ജീവിക്കുന്നത്. രക്ഷിതാക്കൾ പറയുന്ന പ്രകാരമല്ല അവർ കല്യാണം കഴിക്കുന്നതും. പഴയ കാലത്തെ അപേക്ഷിച്ചു സമൂഹത്തിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ബാലൻ ചൂണ്ടിക്കാട്ടി. ഇതോടെ കോടിയേരിയെ പാർട്ടി കൈവിടില്ലെന്നും എന്നാൽ മക്കളുടെ കാര്യത്തിൽ തലയിടില്ലെന്നുമാണ് സിപിഎം പറഞ്ഞു വയ്ക്കുന്നതെന്ന വിലയിരുത്തലാണ് എത്തുന്നത്.

ദുബായിൽ ബാർ ഡാൻസറായിരുന്ന ബീഹാർ സ്വദേശിയായ 33കാരിയാണ് മുംബയ് പൊലീസിൽ പരാതി നൽകിയത്. ബിനോയിക്കെതിരെ ശക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് യുവതി കഴിഞ്ഞ ദിവസം ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇതു കൂടാതെ തന്റെ മകനെ ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.മുംബയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഈ മാസം 13നാണ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം), 420 ( വഞ്ചന ), 504 ( ബോധപൂർവം അപമാനിക്കൽ ), 506 (ഭീഷണിപ്പെടുത്തൽ ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രതിക്കെതിരെ അന്വേഷണം നടത്തിവരികയാണെന്ന് ഓഷിവാര പൊലീസ് ഇൻസ്പെക്ടർ ശൈലേഷ് പാസൽവാർ പറഞ്ഞു.എന്നാൽ യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് ബിനോയ് കോടിയേരി ആരോപിക്കുന്നത്. ഇതിൻ പ്രകാരം കണ്ണൂർ പൊലീസിന് പരാതിയും നൽകിയിരുന്നു. ഒന്നരമാസം മുൻപ് കണ്ണൂർ റെയ്ഞ്ച് ഐജിക്ക് നൽകിയ പരാതിയിൽ യുവതിക്കെതിരെ കേരളത്തിലും കേസെടുക്കുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP