Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇഡി ബിനീഷിനെ നോട്ടമിട്ടത് ഒരുമാസം മുമ്പേ; അന്വേഷിച്ചത് സ്വർണക്കള്ളക്കടത്ത് കേസിലെ ഹവാല-ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കടലാസ് കമ്പനികളിലെ ബിനീഷിന്റെ പങ്കാളിത്തം; കൊച്ചിയിലെ ഓഫീസിൽ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു; മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷം വീണ്ടും വിളിപ്പിക്കും; ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന; ചോദ്യം ചെയ്യൽ നീണ്ടതോടെ ആശങ്കാകുലരായ സിപിഎം കേന്ദ്രങ്ങൾക്ക് ആശ്വാസം

ഇഡി ബിനീഷിനെ നോട്ടമിട്ടത് ഒരുമാസം മുമ്പേ; അന്വേഷിച്ചത് സ്വർണക്കള്ളക്കടത്ത് കേസിലെ ഹവാല-ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കടലാസ് കമ്പനികളിലെ ബിനീഷിന്റെ പങ്കാളിത്തം; കൊച്ചിയിലെ ഓഫീസിൽ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു; മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷം വീണ്ടും വിളിപ്പിക്കും; ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന; ചോദ്യം ചെയ്യൽ നീണ്ടതോടെ ആശങ്കാകുലരായ സിപിഎം കേന്ദ്രങ്ങൾക്ക് ആശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. 11 മണിക്കൂറോളമാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ഇത് ആദ്യഘട്ടംചോദ്യം ചെയ്യലായിരുന്നു. വീണ്ടുംചോദ്യം ചെയ്യാൻ വിളിക്കുമെന്നാണ് സൂചന. ബിനീഷിന്റെ ചോദ്യം ചെയ്യൽ 7 മണിക്കൂർ പിന്നിട്ടതോടെ, സിപിഎം കേന്ദ്രങ്ങളിൽ ആശങ്ക ഉയർന്നിരുന്നു. ആദ്യദിവസം തന്നെ ബിനീഷിന്റെ അറസ്റ്റുണ്ടാകുമോ എന്നായിരുന്നു ആശങ്ക. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷമാകും ചോദ്യം ചെയ്യൽ.

കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ (ഇ.ഡി) ജോയിന്റ് ഡയറക്ടർ ജയ്ഗണേശിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ നടന്നത്.ബിനീഷിനെ ചോദ്യംചെയ്യാനായി ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ജോയിന്റ് ഡയറക്ടർ ചെന്നൈയിൽ നിന്നും ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്കെത്തിയത്.

സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ റിമാൻഡ് നീട്ടാൻ ഇ.ഡി കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്റെ സൂചന തുറന്നിട്ടത്. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾ സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്ന് സംശയമുണ്ട്. ഈ കേസ് അന്വേഷിച്ച നർകോട്ടിക് കൺട്രോൾ ബ്യൂറോ ഇ.ഡിയിൽ നിന്ന് വിവരങ്ങൾ തേടി.

ബിനീഷിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടു ഇഡി സ്വീകരിച്ച കടുത്ത നിലപാട് നേരത്തെ ചർച്ചയായിരുന്നു. എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സ്ഥലത്തില്ലാത്തതിനാൽ അടുത്ത തിങ്കൾ ഹാജരാകാം എന്നാണ് ബിനീഷിനെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ ഒരു വിട്ടുവീഴ്ചയും ഇഡിയുടെ ഭാഗത്ത് നിന്നും വന്നില്ല. ബിനീഷ് ഇങ്ങോട്ട് വന്നില്ലെങ്കിൽ പ്രശ്നമില്ല. ഞങ്ങൾ അവിടെ വന്നു ചോദ്യം ചെയ്യാം. ചോദ്യം ചെയ്യൽ നീട്ടി വയ്ക്കുന്ന പ്രശ്നമില്ല എന്ന മറുപടിയാണ് ഇഡിയുടെ ഭാഗത്ത് നിന്നും വന്നത്. ഇതോടെ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഇഡിയുടെ മുന്നിൽ ഇന്നു ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായത്.

നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോവും ബിനീഷിനെ നോട്ടമിട്ടിട്ടുണ്ട്. ലഹരി മരുന്ന് കടത്തിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനു ഉറ്റ ബന്ധമുണ്ടെന്നു തെളിഞ്ഞതിനെ തുടർന്നാണു എൻസിബി ബിനീഷിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. തെളിവുകൾ ബിനീഷിനു എതിരാണെങ്കിൽ അറസ്റ്റിനു എൻസിബിയും മടിച്ചേക്കില്ല. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ആത്മവിശ്വാസം നഷ്ടമായ അവസ്ഥയിലാണ് ബിനീഷ്. സംഭ്രമിച്ച മുഖത്തോടെയാണ് ബിനീഷ് ഇന്നു ഇഡിയുടെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യാൻ കയറിപ്പോയത്. ഊരിപ്പോരൽ എളുപ്പമല്ലാ എന്ന സംഭ്രമം തന്നെയാണ് ബിനീഷിലും പ്രകടമായത്.

ഇന്നത്തെ ഇഡിയുടെ ചോദ്യം ചെയ്യലിൽ ബിനീഷ് അറസ്റ്റിലായില്ലെങ്കിലും തുടർ ചോദ്യം ചെയ്യലിന് ബിനീഷ് ഹാജരാകേണ്ടി വരുമെന്നാണ് ഇഡിയിൽ നിന്നും ലഭിക്കുന്ന സൂചനകളിൽ നിന്നും വ്യക്തമാകുന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും ഇഡി ആരായും. വാർഷിക റീട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്രകമ്പനികാര്യമന്ത്രാലയം കമ്പനിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്ത നിലയിലാണ്. കള്ളപ്പണ ഇടപാടിനു വേണ്ടി സാധാരണ കള്ളപ്പണക്കാർ ചെയ്യുന്ന സ്ഥിരം അടവാണോ ബിനീഷിന്റെ ഈ കമ്പനികൾ എന്ന സംശയം ഇഡിക്ക് മുൻപിൽ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിശദ വിവരങ്ങളും ഇഡി ചോദിച്ചറിയും.

യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് പേയ്‌മെന്റുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന യുഎഎഫ്എക്സ് എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്നതിന്റെ സൂചനകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ കാര്യം ചോദിച്ചറിയുക. മൂന്നു കമ്പനികളുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളെ തുടർന്നാണ് ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സംശയ നിഴലിൽ വന്നത്. 2018 ൽ തുടങ്ങിയ യു എഎഫ് എക്‌സ് സൊല്യൂഷൻസൺസ്. ബിനീഷിന് പങ്കാളിത്തമുള്ള ഈ കമ്പനി വഴി കമ്മിഷൻ ലഭിച്ചതായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വെളിപ്പെടുത്തിയിരുന്നു.

അഞ്ചു കടലാസ്സ് കമ്പനികളെ കുറിച്ചുള്ള വിശദാംശങ്ങൾ ഇഡിക്ക് മുന്നിലുണ്ട്. ബി ക്യാപിറ്റൽ ഫിനാൻസ് സർവീസ്, ബുൾസ് ഐ കൺസെപ്റ്റസ് പ്രൈവറ്റ് ലിമിറ്റഡ്, ബീ ബീ കെ സോഫ്റ്റ്‌വെയർ ആൻഡ് കൺസൽട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്, ബീ കാപ്പിറ്റൽസ്ഫോറക്സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളാണ് തിരക്കുന്നത്. . ബിനീഷ് വിനോദിനി ബാലകൃഷ്ണൻ എന്ന പേരിലുള്ളതാണ് ഈ അഞ്ചു കമ്പനികളും.

സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ് കേന്ദ്ര ധനകാര്യ സെക്രട്ടറിക്കും കോർപറേറ്റ്കാര്യ സെക്രട്ടരിക്കും വിദേശ സംഭാവന നിയന്ത്രണ ഡയറക്ടർ ജനറലിനും നൽകിയ പരാതിയിലുള്ള വിവരങ്ങളും ഇഡി ചോദിച്ചറിയും. ബി ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ബീ ക്യാപിറ്റൽസ് ഫോറെക്സ് ട്രേഡിങ് എന്നീ സ്ഥാപനങ്ങളാണ് ബിനീഷ് കോടിയേരിയുടെയും പാർട്നർ അനാസ് വലിയപറമ്പത്തിന്റെയും പേരിലുണ്ടായിരുന്നത്. ഈ ധനകാര്യ സ്ഥാപനങ്ങളിൽ സമാഹരിച്ച തുക ഉപയോഗിച്ചു ബിനീഷ് ബാംഗ്ലൂരിൽ ഹയാത്, സ്പൈസ് ഡേ ആഡംബര ഹോട്ടലുകൾ ആരംഭിച്ചുവെന്നാണ് വിവരം. ഗോവയിലും ബിനാമി ഉടമസ്ഥതയിൽ ബിനീഷ് കോടിയേരിക്കു ഹോട്ടലുകളുണ്ട്.

ബാംഗ്ലൂരിൽ ലഹരിമരുന്നു കള്ളക്കടത്തു കേസിൽ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നു സൂചന ലഭിച്ച സാഹചര്യത്തിൽ ബിനീഷിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കമ്പനികൾക്ക് ലഹരി മരുന്നു മാഫിയയുമായുണ്ടായിരുന്ന ബന്ധവും അന്വേഷിക്കണമെന്നാണ് കോശി ജേക്കബ് ആവശ്യപ്പെട്ടത്. ഇതിന്റെ വിശദാംശങ്ങളും കോശി ജേക്കബ് നൽകിയ പരാതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷ് ഇഡിക്ക് നൽകിയ മൊഴിയിൽ ബിനീഷ് ബന്ധം ശക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വന്തം ലോക്കറിൽ സൂക്ഷിച്ച ഒരു കോടി രൂപ ആവശ്യം വന്നിട്ടും എടുക്കാത്തത് എന്തിനായിരുന്നുവെന്നും സ്വപ്ന ഇഡിയോട് വ്യക്തമാക്കിയിരുന്നു. ഈ പണം വേറൊരാൾക്ക് വേണ്ടി സൂക്ഷിച്ചതാണ് എന്ന മൊഴിയാണ് സ്വപ്ന നൽകിയത്. സ്വപ്നയുടെ മൊഴിയെ തുടർന്ന് ഈ കാര്യത്തിലും ഇഡിയുടെ അന്വേഷണം നടക്കുന്നുണ്ട്. എൻസിബിയും ബിനീഷിനു ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ ചോദ്യം ചെയ്യലും കടുപ്പമുള്ള ചോദ്യം ചെയ്യലാകും. ലഹരിമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ഉള്ള ഉറ്റ ബന്ധം തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ആറുലക്ഷം രൂപ തനിക്ക് ബംഗളൂരിൽ റസ്റ്റോറന്റ് നടത്താൻ നൽകിയതായി അനൂപ് മൊഴി നൽകിയിട്ടുണ്ട്. ഈ റസ്റ്റോറന്റ് ആണ് ബംഗളൂരുവിലെ ലഹരിമരുന്ന് കടത്തിന്റെ കേന്ദ്രമായി മാറിയത്. ഈ ആറു ലക്ഷം രൂപ എന്തിനു നൽകിയെന്നും ഇതിന്റെ സോഴ്സും ബിനീഷ് വ്യക്തമാക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP