Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് മാസത്തിനിടെ അനൂപും ബിനീഷ് കോടിയേരിയും ഫോണിൽ വിളിച്ചത് 76 തവണ; സ്വർണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന ബെംഗളൂരുവിൽ എത്തുന്നത് രണ്ട് ദിവസം മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചു; സംഭാഷണം നീണ്ടത് എട്ടു മിനിറ്റോളം; അനൂപിന്റെ കോൾ ലിസ്റ്റിൽ അനുരാഗ കരിക്കിന് വെള്ളം സംവിധായകൻ ഖാലിദ് റഹ്മാനും; ബിനീഷ് തെറ്റുകാരനെങ്കിൽ തൂക്കിക്കൊല്ലട്ടെ എന്ന് കോടിയേരി വെല്ലുവിളിക്കുമ്പോഴും മയക്കുമരുന്നു കേസ് ആയുധമാക്കി പ്രതിപക്ഷം; അനൂപ് ബിനീഷിന്റെ ബിനാമിയെന്ന ആക്ഷേപം ശക്തം

മൂന്ന് മാസത്തിനിടെ അനൂപും ബിനീഷ് കോടിയേരിയും ഫോണിൽ വിളിച്ചത് 76 തവണ; സ്വർണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന ബെംഗളൂരുവിൽ എത്തുന്നത് രണ്ട് ദിവസം മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചു; സംഭാഷണം നീണ്ടത് എട്ടു മിനിറ്റോളം; അനൂപിന്റെ കോൾ ലിസ്റ്റിൽ അനുരാഗ കരിക്കിന് വെള്ളം സംവിധായകൻ ഖാലിദ് റഹ്മാനും; ബിനീഷ് തെറ്റുകാരനെങ്കിൽ തൂക്കിക്കൊല്ലട്ടെ എന്ന് കോടിയേരി വെല്ലുവിളിക്കുമ്പോഴും മയക്കുമരുന്നു കേസ് ആയുധമാക്കി പ്രതിപക്ഷം; അനൂപ് ബിനീഷിന്റെ ബിനാമിയെന്ന ആക്ഷേപം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബംഗളുരു മയക്കുമരുന്നു കേസിലെ അന്വേഷണം പുരോഗമിക്കവേ ബിനീഷ് കോടിയേരിയെ വെട്ടിലാക്കുന്ന കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. അനൂപ് മുഹമ്മദിന്റെ ഫോൺവിളിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ ഇരുവരും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന് തെളിയുകയാണ്. അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും നിരന്തരം ഫോൺ വിളിച്ചിരുന്നു. മൂന്ന് മാസത്തിനിടെ 76 തവണയാണ് ഇരുവരും ഫോൺ വിളിച്ചത്. അതേസമയം അനൂപിന്റെ കോൾ ലിസ്റ്റിൽ അനുരാഗ കരിക്കിന് വെള്ളം, ഉണ്ട എന്നീ സിനിമകളുടെ സംവിധായകൻ ഖാലിദ് റഹ്മാന്റെ നമ്പറും ഉണ്ട്. ഇരുവരും നിരന്തരം ഫോണിൽ വിളിച്ചിരുന്നു.

ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അനൂപിന്റെ ഫോൺ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ ജൂണിൽ മാത്രം 58 ഫോൺ കോളുകളാണ് അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിൽ ചെയ്തിരിക്കുന്നത്. നാല് കോളുകൾ വരെ ചെയ്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഫോൺ രേഖകളിൽ നിന്നും വ്യക്തമാണ്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ബെംഗളൂരുവിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. എട്ട് മിനിറ്റോളം അനൂപും ബിനീഷും സംസാരിച്ചു.

അതേസമയം, ജൂലൈ മാസത്തിൽ പത്ത് കോളുകൾ മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിന് കാരണമായി അന്വേഷണ സംഘം പറയുന്നത് ഇരുവരും ജൂലൈയിൽ വാട്‌സ്ആപ്പിൽ നിരവധി തവണ വിളിച്ചിരുന്നു എന്നാണ്. ഓഗസ്റ്റ് മാസം അനൂപ് അറസ്റ്റിലാകുന്നതിന് മുമ്പ് എട്ട് തവണ ഇരുവരും വിളിച്ചിരുന്നു. രഹസ്യാത്മക കോളുകൾ ഇവർ വാട്‌സ്ആപ്പിലാണ് ചെയ്തത് എന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. അതേസമയം, സംവിധായകൻ ഖാലിദ് റഹ്മാനുമായി 22 തവണയാണ് അനൂപ് ഫോണിൽ വിളിച്ചിരിക്കുന്നത്.

അതിനിടെ, മകൻ ബിനീഷ് തെറ്റുകാരനെങ്കിൽ തൂക്കിക്കൊല്ലട്ടെയെന്നാണ് വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ലഹരിക്കടത്തും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് വെറുതെ പറയാതെ തെളിവുകൾ അന്വേഷണ ഏജൻസിക്ക് കൈമാറാൻ പ്രതിപക്ഷ നേതാവിനെയും കോടിയേരി വെല്ലുവിളിച്ചു. മാനസികമായി തകർക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

അതേലസമയം അനൂപ് ഉൾപ്പെട്ട മയക്കുമരുന്ന് കേസ് കന്നഡ സിനിമാ മേഖലയെയും പിടിച്ചു കുലുക്കുകയാണ്. കേസിൽ പ്രശസ്ത കന്നഡ നടി രാഗിണി ദ്വിവേദിയെ ബംഗളുരു ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ബംഗളുരു സിറ്റി പൊലീസിലെ ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീലാണ് ഈ വിവരം വ്യക്തമാക്കിയത്. രാവിലെ മുതൽ നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.നടിയുടെ ഫ്‌ളാറ്റിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ ഇവരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. യെലഹങ്കയിലെ ഫ്ളാറ്റിൽനിന്നാണ് രാഗിണിയെ പൊലീസ് പിടികൂടിയത്.

ചോദ്യം ചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് ഈ നടപടിയുണ്ടായത്.ഇന്ന് രാവിലെ ആറ് മണിയോടെയാണ് രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ വീട്ടിൽ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയത്. രാഗിണിയോടും സുഹൃത്ത് രവിശങ്കറിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും ഹാജരായിരുന്നില്ല. തുടർന്ന് രവിശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. നാളെ ഹാജരാകാമെന്ന് രാഗിണി അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല.

തുടർന്ന് രാഗിണിയോട് ഇന്ന് ഹാജാരാകാൻ നിർദ്ദേശിക്കുകയായിരുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങളിൽ അർത്ഥമില്ലെന്നും ലഹരി മാഫിയയുമായി ഒരു ബന്ധവും ഇല്ലെന്നും രാഗിണി ട്വിറ്ററിലൂടെ വ്യക്തമാക്കി. രാഗിണിയുടെ സുഹൃത്ത് രവിശങ്കർ മയക്കുമാരുന്നുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ഇവർക്ക് അറിവുണ്ടായിരുന്നു. കന്നഡ സിനിമാമേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്ന വ്യക്തമായ തെളിവുകൾ ലഭിച്ചതായി സിസിബി പറഞ്ഞു. രാഗിണിക്ക് മയക്കു മരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടിൽ പാർട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ കണ്ടെത്തി.

ഇവരുടെ കൈയിൽ നിന്ന് നാലു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ രണ്ടെണ്ണത്തിലെ വാട്‌സാപ്പ് ചാറ്റുകൾ നീക്കം ചെയ്ത നിലയിലാണ്. ഇത് വീണ്ടെുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതൽ ബന്ധങ്ങൾ വെളിച്ചത്ത് വരികയാണ്. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകർ തങ്ങൾക്ക് ചില വിവരങ്ങൾ പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കുകയും സിസിബിക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത്. കന്നഡ ചലച്ചിത്രമേഖലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP