Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

വക്കാലത്ത് ഒപ്പിടാൻ അഡ്വക്കേറ്റിനും പറ്റുന്നില്ല; പരിചയമുള്ള ആരേയും കാണാൻ അനുദവിക്കാതെ ചോദ്യം ചെയ്യൽ; രാത്രിയിൽ പൊലീസ് ലോക്കപ്പിലേക്ക് മാറ്റുന്നതുകൊതുകു കടി അടക്കമുള്ള ദുരിതം നൽകാൻ; ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത ബിനീഷിന് ഇഡി നൽകുന്നത് ദുരിതപർവ്വം; മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യാൻ എസിബിയും; കോടിയേരിയുടെ മകന് ഉടനൊന്നും പുറംലോകം കാണാനാകില്ല

വക്കാലത്ത് ഒപ്പിടാൻ അഡ്വക്കേറ്റിനും പറ്റുന്നില്ല; പരിചയമുള്ള ആരേയും കാണാൻ അനുദവിക്കാതെ ചോദ്യം ചെയ്യൽ; രാത്രിയിൽ പൊലീസ് ലോക്കപ്പിലേക്ക് മാറ്റുന്നതുകൊതുകു കടി അടക്കമുള്ള ദുരിതം നൽകാൻ; ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത ബിനീഷിന് ഇഡി നൽകുന്നത് ദുരിതപർവ്വം; മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യാൻ എസിബിയും; കോടിയേരിയുടെ മകന് ഉടനൊന്നും പുറംലോകം കാണാനാകില്ല

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബിനീഷ് കോടിയേരിക്ക് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ നേരിടേണ്ടി വരുന്നത് അതിരൂക്ഷമായ ചോദ്യം ചെയ്യൽ. ഇന്നലെ പത്ത് മണിക്കൂർ ചോദ്യം ചെയ്യൽ. രണ്ടാം ദിവസം ബിനീഷ് കോടിയേരിയെ 10 മണിക്കൂർ ചോദ്യം ചെയ്തു. രാവിലെ 10.30-ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടരയ്ക്കാണ് അവസാനിച്ചത്. ഭക്ഷണത്തിനു ശേഷം സുരക്ഷ കണക്കിലെടുത്ത് വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വെള്ളിയാഴ്ച 12 മണിക്കൂറാണ് ബിനീഷിനെ ചോദ്യംചെയ്തത്. വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് പരിമിത സ്വകര്യങ്ങളിൽ കഴിയേണ്ടി വരുന്നു.

കൊതുകു കടി ഉൾപ്പെടെയുള്ള ദുരിതങ്ങൾ ഇവിടെയുണ്ട്. ഇങ്ങനെ കഷ്ടപ്പെടുത്താനാണ് സാങ്കേതികത്വം പറഞ്ഞ് ഇഡി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുന്നതെന്ന വിലയിരുത്തലും സജീവമാണ്. ബിനീഷിനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും അറസ്റ്റ് ചെയ്യും. അങ്ങനെ വന്നാൽ ദീർഘകാലത്തേക്ക് ബിനീഷിന് അഴിക്കുള്ളിൽ കിടക്കേണ്ടി വരും. ബിനീഷിനെ കാണാൻ കുടുംബത്തേയും അഭിഭാഷകനേയും അനുവദിക്കുന്നില്ല. തിങ്കളാഴ്ച കോടതിയിൽ എത്തിക്കുമ്പോൾ കണ്ടാൽ മതിയെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്. അതിനിടെ ബിനീഷിനെ കാണാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണു കുടുംബം. ഈ നീക്കവും അതിനിർണ്ണായകമാകും.

ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാൻ എൻ.സി.ബി. തീരുമാനിച്ചിട്ടുണ്ട്. എൻ.സി.ബി. സോണൽ ഡയറക്ടർ അമിത് ഗവാഡയുടെ നേതൃത്വത്തിൽ മൂന്ന് ഉദ്യോഗസ്ഥർ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ശാന്തിനഗറിലെ ഇ.ഡി. ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇ.ഡി.യുടെ ചോദ്യം ചെയ്യലിനിടെയാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ എത്തിയത്. ബിനീഷും മുഹമ്മദ് അനൂപും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച മുഴുവൻ രേഖകളും ശേഖരിച്ചു. ഇതുവരെ നടന്ന ചോദ്യം ചെയ്യലിന്റെ വിശദീകരണവും തേടി. ഇ.ഡി. കസ്റ്റഡി കാലാവധി കഴിയുന്ന തിങ്കളാഴ്ച ബിനീഷിനെ എൻ.സി.ബി. കസ്റ്റഡിയിലെടുക്കും, അങ്ങനെ വന്നാൽ വീണ്ടും കസ്റ്റഡി ചോദ്യം ചെയ്യൽ തുടരും. എൻഐഎയും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. മയക്കുമരുന്ന് കേസ് എൻഐഎ ഏറ്റെടുക്കുമെന്നാണ് സൂചന.

ഹോട്ടൽ ബിസിനസിനുള്ള സാമ്പത്തികസഹായം നൽകിയത് ബിനീഷ് കോടിയേരിയാണെന്ന മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻസിബിയുടെ നീക്കങ്ങൾ. ബിനീഷ് നൽകിയ സാമ്പത്തികസഹായം ലഹരിമരുന്ന് ഇടപാടിനായി ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. എൻ.സി.ബി. രജിസ്റ്റർചെയ്ത ലഹരിമരുന്നുകേസിൽ എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് രണ്ടാംപ്രതിയാണ്. സീരിയൽ നടി അനിഘ ഒന്നാംപ്രതിയും തിരുവില്വാമലയിലെ റിജേഷ് രവീന്ദ്രൻ മൂന്നാം പ്രതിയുമാണ്. ഈ കേസിൽ പ്രതിചേർക്കപ്പെട്ടൽ ദീർഘകാലം ബിനീഷിന് അഴിക്കുള്ളിൽ കിടക്കേണ്ടി വരും.

ഇഡിയുടെ ചോദ്യം ചെയ്യലിനോടു ബിനീഷ് ശനിയാഴ്ചയും നിസ്സഹകരണം തുടർന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് എത്തുന്നത്. വൈകിട്ട് അഞ്ചരയോടെയാണ് എൻസിബിയിലെ മൂന്ന് ഉദ്യോഗസ്ഥർ ശാന്തിനഗറിലെ ഇഡി ഓഫിസിലെത്തിയത്. അൽപസമയം ബിനീഷിൽനിന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി രണ്ടുമണിക്കൂറിലേറെ ചർച്ച നടത്തി. ലഹരിമരുന്ന് ഇടപാടിനായി 50 ലക്ഷം രൂപ 20 അക്കൗണ്ടുകൾ വഴി എത്തിയെന്നാണ് അനൂപ് മുഹമ്മദ് ഇഡിക്കു നൽകിയ മൊഴി. ബിനീഷിന്റെ നിർദ്ദേശപ്രകാരമാണ് പലരും പണം നൽകിയതെന്നും മൊഴിയിലുണ്ട്.

നേരത്തെ എൻസിബിക്കു നൽകിയ മൊഴിയിൽ അനൂപ് ഇക്കാര്യം മറച്ചുവച്ചിരുന്നു. ഈ മൊഴിയെ കുറിച്ചാണ് എൻസിബി പ്രധാനമായും അന്വേഷിക്കുന്നത്. അനൂപുമായി നടത്തിയ പണമിടപാടിന്റെ ഉറവിടത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ബിനീഷ് ഒഴിഞ്ഞുമാറുകയാണ്. വക്കാലത്ത് ഒപ്പിടാൻ പോലും അഭിഭാഷകനെ കാണാൻ അനുവദിച്ചില്ലെന്നു ബിനീഷിന്റെ കുടുംബം ആരോപിക്കുന്നു. ഇക്കാര്യം ചീഫ് ജസ്റ്റിസിനെ ധരിപ്പിക്കാനാണ് നീക്കം. ഹർജിയായി നൽകാൻ നീക്കമുണ്ടായിരുന്നെങ്കിലും ഫയൽ ചെയ്തിട്ടില്ല.

അതിനിടെ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകൾ സിപിഎം നേതാക്കളുടെ അറിവോടെയാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തു വന്നു. കെസിഎയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ഇടപെടലുകൾ ദൂരൂഹമാണ്. ബിനീഷിനും സംഘത്തിനും ക്രിക്കറ്റ് അസോസിയേഷൻ പിടിച്ചെടുക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി. കെ സി എ യിൽ നടക്കുന്നത് വൻ സാമ്പത്തിക തട്ടിപ്പാണ്. ബിനീഷിനെ കെ സി എ യുടെ ഭാഗമാക്കാൻ ബിനാമി സംഘങ്ങൾ ഇടപെടൽ നടത്തിയെന്നും അടിയന്തരമായി ബിനീഷിനെ പുറത്താക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പട്ട ഹവാല ഇടപാടുകൾ അന്വേഷിക്കണം. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ കാർ വരെ സ്വർണക്കടത്തിന് ഉപയോഗിച്ചു. അനധികൃതമായി സമ്പാദിച്ച പണം ബിനീഷ് ചലച്ചിത്ര മേഖലയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ചില സിനിമാ നിർമ്മാതാക്കളുടെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പിണറായിയും കോടിയേരിയുമാണ് പാർട്ടിയെ കേന്ദ്ര തലത്തിൽ തീറ്റി പോറ്റുന്നത്. അതുകൊണ്ടാണ് എന്ത് സംഭവിച്ചാലും കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനെതിരെ പറയാത്തത്.

എം ശിവശങ്കറിന് കിട്ടിയതിലെ പങ്കിൽ ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന് ആണ്. ഒരു ഫോൺ മാത്രം എവിടെ പോയെന്ന് ഇതുവരെ കണ്ടെത്താത്തത് എന്തുകൊണ്ടാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP