Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താക്കോൽ വാഹനത്തിൽ തന്നെ ഇട്ട് ഇൻഡിക്കേറ്റും ഓണാക്കി വച്ചത് പ്രലോഭനമായി; രാത്രി ആ വഴി വന്ന മോഷ്ടാക്കൾ ബൈക്കുമെടുത്ത് കടന്നു; നമ്പർ പ്ലേറ്റിലെ ഒരക്കം ചുരണ്ടി മാറ്റി തൊണ്ടി ബൈക്കിൽ കറങ്ങുന്നതിനിടെ അഞ്ചു ദിവസത്തിന് ശേഷം പൊലീസ് വലയിൽ

താക്കോൽ വാഹനത്തിൽ തന്നെ ഇട്ട് ഇൻഡിക്കേറ്റും ഓണാക്കി വച്ചത് പ്രലോഭനമായി; രാത്രി ആ വഴി വന്ന മോഷ്ടാക്കൾ ബൈക്കുമെടുത്ത് കടന്നു; നമ്പർ പ്ലേറ്റിലെ ഒരക്കം ചുരണ്ടി മാറ്റി തൊണ്ടി ബൈക്കിൽ കറങ്ങുന്നതിനിടെ അഞ്ചു ദിവസത്തിന് ശേഷം പൊലീസ് വലയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: രാത്രി വന്ന വഴി ബൈക്ക് വീട്ടുമുറ്റത്ത് വച്ചു. താക്കോൽ ഓണായിരുന്നതും ഇൻഡിക്കേറ്റർ ബൾബ് തെളിഞ്ഞു കിടന്നതും ഉടമ അറിഞ്ഞില്ല. ആ വഴി വന്ന മോഷ്ടാക്കൾക്ക് താക്കോലുള്ള ബൈക്ക് പ്രലോഭനമായി. തള്ളി വഴിയിലിറക്കി അതുമായി കടന്നു. നമ്പർ പ്ലേറ്റിലെ ഒരക്കം ചുരണ്ടി മാറ്റി ബൈക്കുമായി കറങ്ങുന്നതിനിടെ അഞ്ചു ദിവസത്തിന് ശേഷം മറ്റൊരു സ്റ്റേഷനിലെ പൊലീസ് പട്രോളിങ് സംഘത്തിന്റെ വലയിലായി.

തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യ ഭവനിൽ അഖിൽ എന്ന് വിളിക്കുന്ന എസ്. അനിൽ കുമാർ(22), പെരിങ്ങര ചാത്തങ്കരി പുതുപ്പറമ്പിൽ ശരത് (22) എന്നിവരാണ് പിടിയിലായത്. 22ന് രാത്രി 10.30 ന് ശേഷം വെണ്ണിക്കുളം കാരുവള്ളിൽ സുനിൽ ബി. നായരുടെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് മോഷണം പോയത്. സുനിലിന്റെ പരാതി പ്രകാരം 26 ന് കോയിപ്രം പൊലീസ് ബൈക്ക് മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്തു. കേസ് സംബന്ധിച്ച വിവരങ്ങൾ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. സ്ഥിരം ഇരുചക്രവാഹന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.

ആലപ്പുഴ പുന്നപ്ര പൊലീസ് സംഘം രാത്രികാല പട്രോളിങ് നടത്തുന്നതിടെ ബൈക്കുമായി മോഷ്ടാക്കൾ ചെന്ന് കുടുങ്ങുകയായിരുന്നു. കോയിപ്രം പൊലീസ് അവിടെയെത്തി പരിശോധിച്ചപ്പോൾ മോഷ്ടിക്കപ്പെട്ട മോട്ടോർ സൈക്കിൾ തന്നെയാണെന്ന് വ്യക്തമായി. നമ്പർ പ്ലേറ്റിലെ ചുരണ്ടി മാറ്റിയിരുന്നു. ചുരണ്ടിമാറ്റിയഭാഗം തെളിഞ്ഞുകാണാൻ സാധിച്ചു എന്നതാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. മോഷ്ടിക്കപ്പെട്ട ബൈക്ക് തന്നെയാണെന്ന് ഉറപ്പാക്കിയ അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. വാഹനഉടമ രേഖകളുമായി സ്റ്റേഷനിലെത്തി വാഹനം തിരിച്ചറിഞ്ഞു.

കഴിഞ്ഞ 22 ന് ഇരുവരും സുഹൃത്തിന്റെ ബൈക്കിൽ കോട്ടയത്തു പോയി മടങ്ങുമ്പോൾ സുനിലിന്റെ ബൈക്ക് വെണ്ണിക്കുളത്തെ വീട്ടുമുറ്റത്ത് ഇൻഡിക്കേറ്റർ കത്തിയ നിലയിൽ കണ്ടു. ഇവർ വീട്ടുമുറ്റത്ത് ചെന്ന് നോക്കിയപ്പോൾ താക്കോൽ വാഹനത്തിൽ തന്നെ കണ്ടതിനെ തുടർന്ന് മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസിന് മൊഴിനൽകി. മുറ്റത്തുനിന്നും തള്ളി റോഡിൽ കൊണ്ടുവന്നിട്ട്, ഒന്നാം പ്രതി ഓടിച്ചുപോകുകയും, രണ്ടാം പ്രതി ഇരുവരും വന്ന മോട്ടോർ സൈക്കിൾ ഓടിച്ചു സ്ഥലം വിടുകയുമായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇപ്പോൾ ആലപ്പുഴ പടിഞ്ഞാറേ കടപ്പുറത്തുബോട്ട് യാർഡിൽ താമസിക്കുന്ന ഒന്നാം പ്രതി അനിൽകുമാർ എറണാകുളം തടിയാറ്റുപാറ പൊലീസ് സ്റ്റേഷനിൽ ഈവർഷം രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയാണ്. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓ ഗിരീഷ് ബാബു, സി പി ഓമാരായ ഷെബി, പരശുറാം എന്നിവരാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP