Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രിയുടെ ഓഫീസിൽ ചെന്ന് പണം നൽകിയത് ഞാൻ; പരാതി ഒഴിവാക്കാൻ മന്ത്രി എന്നെ സ്വാധീനിച്ചു; ഈ ആഴ്‌ച്ച ബാബുവിനെതിരെ കേസ് ഫയൽ ചെയ്യും; അന്വേഷണം വേണ്ടെന്ന് വിൻസൻ എം പോൾ പറഞ്ഞു: ബാർകോഴയിൽ ഇനി വീഴുന്നത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്ന സൂചന നൽകി ബിജു രമേശ്

മന്ത്രിയുടെ ഓഫീസിൽ ചെന്ന് പണം നൽകിയത് ഞാൻ; പരാതി ഒഴിവാക്കാൻ മന്ത്രി എന്നെ സ്വാധീനിച്ചു; ഈ ആഴ്‌ച്ച ബാബുവിനെതിരെ കേസ് ഫയൽ ചെയ്യും; അന്വേഷണം വേണ്ടെന്ന് വിൻസൻ എം പോൾ പറഞ്ഞു: ബാർകോഴയിൽ ഇനി വീഴുന്നത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്ന സൂചന നൽകി ബിജു രമേശ്

തിരുവനന്തപുരം: ബാർകോഴ കേസിൽ ധനമന്ത്രി സ്ഥാനം കെ എം മാണി രാജിവച്ചതിന് പിന്നാലെ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ മുൻ ആരോപണം ആവർത്തിച്ച് ബാറുടമാ നേതാവ് ബിജു രമേശ് രംഗത്തെത്തി. ബാർ അസോസിയേഷൻ പിരിച്ചെടുത്ത പണത്തിൽ ഒരു പങ്ക് ബാബുവിന് നൽകിയെന്ന് ആവർത്തിച്ചാണ് ബിജു രമേശ് രംഗത്തെത്തിയത്. പരാതി ഒഴിവാക്കാൻ മന്ത്രി എന്നെ സ്വാധീനിക്കുന്നുവെന്നും ഈ ആഴ്‌ച്ച ബാബുവിനെതിരെ കേസ് ഫയൽ ചെയ്യമെന്നു ബിജുരമേശ് പറഞ്ഞു. മന്ത്രി കെ ബാബുവിനു താൻ നേരിട്ടു പോയി അമ്പതു ലക്ഷം രൂപ കോഴ നൽകിയെന്നാണ് ബിജു രമേശിന്റെ ആരോഫണം. പൂട്ടിയ ബാറുകൾ തുറക്കുന്ന കാര്യത്തിൽ മന്ത്രിസഭാ തീരുമാനം ലഭിക്കാൻ വേണ്ടിയായിരുന്നു കോഴ നൽകിയത്. ഇക്കാര്യം വിജിലൻസിനെ അറിയിച്ചെങ്കിലും ബാബുവിനെതിരേ നടപടിയോ അന്വേഷണമുണ്ടായില്ലെന്നും ബിജു രമേശ് പറഞ്ഞു.

തന്റെ ജനറൽ മാനേജർ രാധാകൃഷ്ണനോടൊപ്പമാണ് ബാബുവിനെ കാണാൻ എത്തിയത്. സെക്രട്ടേറിയറ്റിലെ ബാബുവിന്റെ ചേംബറിൽ എത്തി മന്ത്രിയെ കണ്ടു. പണം കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞു. പഴ്‌സണൽ സ്റ്റാഫിലെ സുരേഷ് പൈ എന്നയാളെ ഏൽപിക്കാനായി പറഞ്ഞു. സുരേഷിനെ പണം ഏൽപിച്ചു. ഇതു പിന്നീട് സുരേഷാണ് ബാബുവിനു കൈമാറിയത്. പണം വാങ്ങിയെന്നു സമ്മതിക്കാത്ത സാഹചര്യത്തിൽ കെ ബാബുവിനെയും തന്നെയും ജനറൽ മാനേജർ രാധാകൃഷ്ണനെയും നുണപരിശോധനയ്ക്കു വിധേയമാക്കണം. മാണി മാത്രമല്ല, ബാബുവും രാജിവയ്ക്കണം. പണക്കൈമാറ്റത്തിന് രാധാകൃഷ്ണൻ സാക്ഷിയാക്കണം. താൻ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മാണി പറഞ്ഞു.

കഴിഞ്ഞ വർഷവും ഈ വർഷവുമായി ഒരു കോടി രൂപയാണ് ബാബുവിന് നൽകിയത്. തെളിവ് വേണമെങ്കിൽ കാമറാ ദൃശ്യങ്ങൾ പരിശോധിച്ചാൽ മതിയാവും. ബാബുവിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് കൃഷ്ണദാസ് പോളക്കുളത്തിന്റെ നേതൃത്വത്തിലുള്ള പോളക്കുളം ഗ്രൂപ്പാണ്. ബാബുവിന്റെ സ്‌പോൺസറും പോളക്കുളം ഗ്രൂപ്പാണ്. ബാബുവിനെതിരേ താൻ നൽകിയ മൊഴി വിജിലൻസ് രേഖപ്പെടുത്തിയില്ല. ആരോപണങ്ങൾ പുറത്ത് വരാതിരിക്കാൻ ബാബു തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. ബാറുടമകൾക്ക് നൽകാൻ പിരിച്ച 25 കോടി രൂപയിൽ 23.5 കോടി രൂപ എവിടെ പോയെന്നും ബിജു ചോദിച്ചു.

തനിക്കെതിരേ ബാബു നൽകിയ മാനനഷ്ടകേസ് ഒത്തുതീർക്കാൻ ശ്രമിച്ചിട്ടില്ല. അതിനായി താൻ ദൂതനെ അയച്ചു എന്ന ബാബുവിന്റെ ആരോപണം തെറ്റാണെന്നും ബിജു പറഞ്ഞു. ബാബുവിനെതിരേ ഈ ആഴ്ച തന്നെ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പൂട്ടിയ ബാറുകൾ തുറക്കാൻ ബാർ ഹോട്ടൽ ഉടമകളിൽ നിന്ന് ആകെ പിരിച്ച ഇരുപത്തഞ്ചു കോടി രൂപ മാണിയെ കൂടാതെ ഇത്തരത്തിൽ അധികാരസ്ഥാനങ്ങളിലുള്ള പലർക്കായി നൽകിയെന്ന സൂചന ശക്തമാകുന്ന വെളിപ്പെടുത്തലാണ് ബിജു രമേശ് നടത്തിയിരിക്കുന്നത്. ഇരുപത്തഞ്ചിൽ ഒരു പങ്കു മാത്രമാണ് കെ എം മാണിക്കു ലഭിച്ചതെന്നു വ്യക്തമായിരുന്നു. ബാക്കി ആർക്കൊക്കെയാണ് ലഭിച്ചതെന്നാണ് ഇനി വ്യക്തമാകേണ്ടത്. അതിലൊരാൾ കെ ബാബുവാണെന്നു വെളിപ്പെട്ടതോടെ ബാക്കിയുള്ളവരുടെ പേരുകൾ കൂടി പുറത്തുവരേണ്ടതുണ്ട്.

ബാർ കോഴ കേസിൽ വിജിലൻസ് ക്വിക്ക് വെരിഫിക്കേഷൻ നടത്തുമ്പോൾ താൻ പൂർണ വിവരങ്ങൾ പറയാൻ തയ്യാറായിരുന്നു. എന്നാൽ ബാബുവിനെതിരായ വെളിപ്പെടുത്തലുകൾ ഒന്നും രേഖപ്പെടുത്തേണ്ടെന്ന് വിജിലൻസ് തീരുമാനിക്കുകയായിരുന്നു. ബാബുവിനെതിരായ മൊഴിയെടുക്കൽ വിജിലൻസ് ഡയറകടറായിരുന്ന വിൻസൻ എം പോൾ ഇടപ്പെട്ട് മുടക്കുകയായിരുന്നു. മാണിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞാൽ മതിയെന്നായിരുന്നു നിർദ്ദേശമെന്നും ബിജു രമേശ് പറഞ്ഞു.

ബാബുവുമായി പ്രശ്‌നമുണ്ടാക്കേണ്ടെന്നും, ഇതിൽ ബാബുവിനെ വിട്ടേക്കൂ എന്നും ഒരു മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ വിളിച്ചു സംസാരിച്ചതായി ബിജു രമേശ് പറഞ്ഞു. കെ.എം. മാണി ബാബുവിനെ പിടിക്കുമോയെന്നു ഭയന്നിട്ടാണ് രാവിലെ കെ.എം. മാണിയെ ചെന്നു കണ്ടത്. കെ.എം. മാണിക്കെതിരായ ആരോപണങ്ങൾ ബാബുവിനെതിരേയും നിൽക്കുന്നുണ്ട്. ഉള്ളുകൊണ്ട് ബാബു ഭയപ്പെടുന്നുണ്ട്. 25 കോടി പിരിച്ചതിൽ ഏറ്റുവം കൂടുതൽ പണം വാങ്ങിയത് ബാബുവാണ്. 23.5 കോടി രൂപ ബാബു വാങ്ങിയതും ബാബുവിന്റെ നിർദ്ദേശമനുസരിച്ചുള്ള ഓപ്പറേഷനുംവേണ്ടിയാണ്. ഇതു സമഗ്രമായി അന്വേഷിക്കണം. ബാബുവിനെ തുടക്കംമുതൽ സംരക്ഷിക്കുന്ന രീതിയിലായിരുന്നു സർക്കാറിന്റെ പ്രവർത്തനം.

രണ്ടു തവണയായി 50 ലക്ഷം രൂപ വീതം താൻ ബാബുവിനു കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. ബാക്കി പണം പോളക്കുളം ഗ്രൂപ്പിലെ കൃഷ്ണദാസാണ്. പോളക്കുളം ഗ്രൂപ്പാണ് ബാബുവിന്റെ സ്‌പോൺസറായി നിൽക്കുന്നത്. ബാറുകളുടെ ലൈസൻസ് നൽകുന്നതിനുള്ള കാര്യങ്ങൾ ചെയ്തത് അങ്കമാലിയിലെ ബിനോയ് ആണ്. ലൈസൻസ് കൊടത്ത എല്ലാ ബാറിൽനിന്നും 20 ലക്ഷം വീതം വാങ്ങിയിട്ടുണ്ട്. ഭയംമൂലമാണ് ആരും ഇതൊന്നും പറയാത്തത്. 25 കോടി രൂപ പിരിച്ചെടുത്തുവെന്ന സംഭവത്തിൽ പണം നൽകിയവരെല്ലാം അതു നൽകിയെന്നു പറയുന്നവരാണ്. ഈ പണം എന്തുചെയ്തുവെന്ന് അസോസിയേഷന്റെ നേതൃത്വത്തിലിരിക്കുന്നവർ പറഞ്ഞേ മതിയാകൂ. കെ. ബാബു തന്റെ ആസ്തി വെളിപ്പെടുത്തണം. രാഷ്ട്രീയ രംഗത്ത് വന്നശേഷം കോടികളുടെ ആസ്തിയാണ് ബാബുവിനുണ്ടായത്. ബാബുവിന്റെ ആസ്തി വിജിലൻസ് പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്നും ബിജു രമേശ് ചോദിച്ചു.

നേരത്തെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെ ഭയമില്ലെന്നും മാനനഷ്ടക്കേസിൽ നിയമ പോരാട്ടം തുടരുമെന്നും എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞിരുന്നു. ധനമന്ത്രിസ്ഥാനം രാജിവച്ച കെ.എം മാണിയെ സന്ദർശിച്ച് മടങ്ങവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭയപ്പെടേണ്ട ഒരുകാര്യവും തനിക്കില്ല. മാനനഷ്ടക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ദൂതന്മാർ സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജു രമേശ് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി കെ ബാബു

കേസ് പിൻവലിച്ചില്ലെങ്കിൽ വായ തുറക്കുമെന്ന് ബിജു രമേശ് തന്നെ ഭീഷണിപ്പെടുത്തിയതായി മന്ത്രി കെ. ബാബു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് തന്നെ സമീപിച്ചുവെന്നും കെ ബാബു ആവർത്തിച്ചു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ബിജു പലപ്പോഴായി ഉന്നയിക്കുന്ന ആരോപണങ്ങൾ പലതാണെന്നും വിജിലൻസ് തനിക്കെതിരായ മൊഴി രേഖപ്പെടുത്തിയില്ലെന്ന ബിജുവിന്റെ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. അങ്ങനെയെങ്കിൽ അതിനെതിരെ നിയമനടപടിക്ക് പോകാതിരുന്നതെന്താണെന്നും മന്ത്രി ചോദിച്ചു.

തെളിവുണ്ടെങ്കിൽ തനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അതോ തനിക്കെതിയാ തെളിവുകൾ താൻ തന്നെ നൽകണമോ എന്നും കെ. ബാബു പരിഹസിച്ചു. സിപിഐ(എം) എംഎ‍ൽഎയും ബിജുവുമായുള്ള ഗൂഢാലോചനയാണ് നിലവിലെ ആരോപണത്തിന് പിന്നിൽ. എംഎ‍ൽഎയുടെ വീട്ടിൽ വച്ച് ഡിസംബർ 14 ന് ഇരുവരും കൂടിക്കാഴ്ച നടത്തി. ബിജു രമേശിനെതിരായ നിയമ നടപടി തുടരുമെന്നും ബാബു പറഞ്ഞു.
നന്നായി പ്രവർത്തിക്കുന്നവരെ തെറ്റായി വ്യാഖ്യാനിക്കാൻ മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്നും കെ. ബാബു കൂട്ടിച്ചേർത്തു.

ബാബുവിനെതിരെ ആരോപണം വരട്ടെ, അപ്പോൾ നോക്കാമെന്ന് ഉമ്മൻ ചാണ്ടി

മന്ത്രി കെ ബാബുവിനെതിരായ ബിജു രമേശിന്റെ ആരോപണം വരട്ടെ അപ്പോൾ നോക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ എം മാണി കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് തൽകാലം താൻ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിസഭാ യോഗതീരുമാനങ്ങൾ അറിയിക്കുയായിരുന്നു ഉമ്മൻ ചാണ്ടി.

കെ എം മാണി സ്വമേധയാ രാജിവച്ചതാണ്. ആരും രാജി ആവശ്യപ്പെട്ടിട്ടില്ല. ബാബുവിനെതിരായ ബാർ കോഴ ഒരു വർഷമായി ചർച്ച ചെയ്യുകയാണ്. ഇതുവരെ ആരും കോടതിയിലേക്കു പോയിട്ടില്ല. ഇതുവരെ കോടതിയിലേക്കു പോകാതെ ഇപ്പോൾ പോകുന്നതിനു പിന്നിൽ മറ്റെന്തോ ദുരുദ്ദേശമുണ്ട്.

ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്. അഴിമതി ആരു നടത്തിയാലും അതിനെ സർക്കാർ അനുവദിക്കില്ല. അഴിമതി എന്നു പറഞ്ഞ് സർക്കാരിന്റെ ആത്മവീര്യം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർക്കാർ കീഴടങ്ങില്ല. തോമസ് ഉണ്ണിയാടന്റെ രാജി മാണിയുമായി ആലോചിച്ചു തീരുമാനിക്കും. ഹൈക്കോടതി വിധിയിൽ കെ എം മാണിക്കെതിരേ എന്താണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP