Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202308Wednesday

യുകെ മലയാളിയായിരുന്ന ടിസൻ പ്രതിയായ കൊലപാതകത്തിനു നിമിത്തമായത് ഒരു പായ്ക്കറ്റ് മിഠായി ; ജീവിത പ്രയാസത്തിൽ രാവന്തിയോളം ഓടിത്തളർന്ന ഭർത്താവിന് ഭാര്യയോടൊപ്പം കഴിയാൻ സമയമില്ലാതെ പോയി; ഭർത്താവിനെ കൊന്ന കാമുകന് സമ്മാനം കൈതചക്ക! പോൾ വർഗ്ഗീസിലെ സത്യം ഡിവൈസ്പി ബൈജു പൗലോസ് പുറത്തെത്തിച്ച കഥ

യുകെ മലയാളിയായിരുന്ന ടിസൻ പ്രതിയായ കൊലപാതകത്തിനു നിമിത്തമായത് ഒരു പായ്ക്കറ്റ് മിഠായി ; ജീവിത പ്രയാസത്തിൽ രാവന്തിയോളം ഓടിത്തളർന്ന ഭർത്താവിന് ഭാര്യയോടൊപ്പം കഴിയാൻ സമയമില്ലാതെ പോയി; ഭർത്താവിനെ കൊന്ന കാമുകന് സമ്മാനം കൈതചക്ക! പോൾ വർഗ്ഗീസിലെ സത്യം ഡിവൈസ്പി ബൈജു പൗലോസ് പുറത്തെത്തിച്ച കഥ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: യുകെയിൽ റെഡ്ഡിങ്ങിൽ താമസിച്ചിരുന്ന ടിസൻ കുരുവിള പത്തു വർഷം മുൻപ് നാട്ടിൽ അവധിക്കു പോയതാണ് യുകെ മലയാളിയുടെ പേരും ഒരു കൊലപാതകക്കേസിൽ ചർച്ച ചെയ്യാൻ കാരണമായത് . പാമ്പാടിക്കാരനായ ടിസൻ എറണാകുളത്തു കാക്കനാടിനടുത്തു തെങ്ങോട് മനക്കക്കടവിൽ താമസിക്കുന്ന പോൾ വർഗീസിന്റെ വീട്ടിൽ യുകെയിൽ നിന്നും ബന്ധു നൽകിയ ഒരു പായ്ക്കറ്റ് മിഠായിയും മറ്റു സാധനങ്ങളുമായി എത്തിയതാണ് പോളിന്റെ കൊലപാതകത്തിന് കാരണമായി മാറിയത് .

പോളിന്റെ ഭാര്യ സജിതയുടെ ബന്ധു ടിസന്റെ പരിചയക്കാരൻ ആയിരുന്നതിനാൽ അത്തരം ഒരു സഹായത്തിനു മടികാട്ടിയതുമില്ല . എന്നാൽ യുകെയിൽ നിന്നുള്ള സമ്മാന പൊതിയുമായി പോളിന്റെ വീട്ടിൽ എത്തിയ ടിസന് സജിതയുമായുള്ള കൂടിക്കാഴ്ച പിന്നീടുള്ള നിരവധി കൂടിക്കാഴ്ചകളുടെ തുടക്കം കൂടിയായിരുന്നു .

യുകെ മലയാളികൾ അടക്കം ഏവരും മറന്നു തുടങ്ങിയ ഈ കേസ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുകയും യുകെ മലയാളികളുടെ ഫോണിലേക്കു ഈ കേസ് സംബന്ധിച്ച വിശദംശങ്ങൾ ഉൾക്കൊള്ളുന്ന അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ ബൈജു പൗലോസിന്റെ സമീപ കാലത്തെ വെളിപ്പെടുത്തലും എത്തിയതോടെ പോൾ വർഗീസ് വധം ഒരിക്കൽ കൂടി ശ്രദ്ധ നേടുകയാണ് . കേരളം മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികൾ സാകൂതം വീക്ഷിക്കുന്ന നടി ആക്രമണ കേസിൽ ജനപ്രിയ നടൻ എന്നറിയപ്പെടുന്ന ദിലീപ് തന്നെ കേസിൽ കുടുക്കിയതിനു പൊലീസ് ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അപായപ്പെടുത്താൻ നീക്കം നടത്തി എന്ന വെളിപ്പെടുത്തൽ അദ്ദേഹത്തിന് ഹീറോ പരിവേഷം നൽകുകയാണ് .

പോൾ വർഗീസ് വധത്തിൽ അടക്കം സമർത്ഥമായ നീക്കത്തിലൂടെ പ്രതികളെ ജയിലിൽ എത്തിച്ച അന്വേഷണ മികവിലൂടെ പിന്നീട് അദ്ദേഹം ഡിക്ടറ്റീവ് ഇൻസ്പെക്ടർ ആയും ഡിവൈഎസ്‌പി ആയും ഉയരുകയായിരുന്നു .

ഭാര്യക്ക് ജീവപരന്ത്യം ലഭിച്ചപ്പോൾ കാമുകൻ കൂളായി പുറത്തേക്ക്

അന്വേഷണ മികവിൽ പോൾ വർഗീസ് വധത്തിൽ ഭാര്യ സജിതക്ക് ജീവപരന്ത്യം ശിക്ഷ വാങ്ങി നൽകാനായെങ്കിലും കാമുകനായ ടിസൻ തെളിവുകളുടെ അഭാവത്തിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടുക ആയിരുന്നു . ടിസന് കൂടി ശിക്ഷ വാങ്ങിക്കൊടുക്കാൻ കേസിൽ അപ്പീൽ നൽകുമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും നടപടികൾ എത്രത്തോളം ആയെന്നു വക്തമല്ല . എന്നാൽ ഈ കേസിലേക്ക് നയിക്കാൻ കാരണമായ അടിസ്ഥാന ഘടകങ്ങൾ അടുത്തിടെ ഒരു ആല്മീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ബൈജു പൗലോസ് വക്തമാക്കുന്നത് ലോകമലയാളികൾ സശ്രദ്ധം വീക്ഷിക്കാൻ കൂടി കരണമായിരിക്കുകയാണ് ദിലീപ് കേന്ദ്ര കഥാപാത്രമായ പൊലീസുകാരെ ഇല്ലാതാക്കാൻ നടത്തിയെന്ന് പറയപ്പെടുന്ന ഗൂഢാലോചനക്കേസ്.

കുടുംബ ബന്ധങ്ങളിലെ ആരും കാണാതെ പോകുന്ന ഇടർച്ചകളാണ് പോൾ വർഗീസ് വധത്തിൽ ഒളിഞ്ഞിരിക്കുന്ന ഘടകമെന്ന് കേസ് ഡയറി തയ്യാറാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ബൈജു പൗലോസ് ഈ അഭിമുഖത്തിൽ വ്യക്തമാക്കുന്നു . ഇത്തരം ഓരോ കേസും പൊലീസ് ഉദ്യോഗസ്തർക്കു ഭാവിയിൽ പഠന പുസ്തകങ്ങൾ ആണെന്ന വിലയിരുത്തലിൽ ബൈജു പൗലോസിന്റെ നിരീക്ഷങ്ങൾക്കു വലിയ പ്രാധാന്യവുമുണ്ട് . ഈ കേസ് വഴിത്താരകൾ റിപ്പോർട്ട് ചെയ്ത മാധ്യമ വിശകലനത്തിനും ഏറെ ഉയരത്തിലാണ് ബൈജു പൗലോസ് കണ്ടെത്തുന്ന സാഹചര്യ കാരണങ്ങൾ . എന്നാൽ ഈ കാരണങ്ങൾ ഒരിക്കലും പ്രതികൾക്കുള്ള ന്യായവാദമായി മാറുന്നില്ലെന്നും അദ്ദേഹം അടിവരയിടുന്നു .

ഒറ്റപ്പെടലിൽ നിന്നും രക്ഷ തേടി സജിത വന്നു വീണത് ടിസന്റെ കൈകളിൽ

ഗ്ലാസ്ഗോ മലയാളി ആയിരുന്ന ടിസൻ വിദ്യാർത്ഥി വിസയിൽ എത്തിയ ഭാര്യക്ക് പിന്നാലെയാണ് യുകെ മലയാളി ആയത് . ഗ്ലാസ്‌ഗോയിൽ നിന്നും ലണ്ടന് അടുത്തുള്ള റെഡ്ഡിങ്ങിൽ ടിസനും ഭാര്യയും ഒരു മലയാളി കുടുംബത്തിനൊപ്പം അൽപ കാലം താമസിച്ചിരുന്നു . വലിയ മോഹങ്ങളുമായി യുകെയിൽ വന്ന ടിസൻ ഭാര്യയുടെ പഠന ശേഷം ജോലിയൊന്നും ലഭിക്കാതെ നാട്ടിലേക്കു മടങ്ങേണ്ടി വരും എന്ന സത്യത്തെ അഭിമുഖീകരിക്കാനാകാതെ സ്ഥിരം വഴക്കിട്ട് കഴിയുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒറ്റയ്ക്ക് നാട്ടിൽ എത്തുന്നതും സജിതയുടെ ബന്ധു കൊടുത്തയച്ച മിഠായി ഉൾപ്പെടെയുള്ള സമ്മാനങ്ങളുമായി പോൾ വർഗീസിന്റെ വീട്ടിൽ എത്തുന്നതും . അന്നത്തെ കുശാല്‌നനൗഷണത്തിൽ 32 കാരിയായ സജിതായും ടിസനും തമ്മിൽ ഒരു മാനസിക ഐക്യം രൂപം കൊള്ളുക ആയിരുന്നു എന്നാണ് ബൈജു പൗലോസിന് വക്തമായത്.

ഒന്നര വർഷത്തിനിടയിൽ ഒൻപതു തവണ കൂടിക്കാഴ്ച നടന്നതോടെയാണ് ടിസനും സജിതയും ഒന്നാകാനും സജിതയുടെ ഭർത്താവ് പോളിനെ കൊലപ്പെടുത്താനും തീരുമാനിക്കുന്നതും . അതിരാവിലെ എറണാകുളത്തെ കടയിലേക്ക് ജോലിക്കു പോകുന്ന ഭർത്താവ് രാവേറെയാകുമ്പോളാണ് വീട്ടിൽ എത്തുന്നത് എന്ന് സജിത ടിസനോട് പറഞ്ഞിരുന്നു . ഈ സമയത്തെ ഒറ്റപ്പെടലിൽ ഇളയ കുഞ്ഞിന്റെ അസുഖ വിവരങ്ങളും മറ്റും സജിതയുടെ മനസിനെ ഇളക്കം തട്ടിച്ചിരുന്നു . വീട്ടിൽ ഒറ്റയ്ക്കായ സജിതയോടു കുട്ടിയുടെ കാര്യം അടക്കം കുശാലാന്വേഷണം ഒരുപക്ഷെ സാമ്പത്തിക പ്രയാസത്തിലും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലും ഭർത്താവ് മനഃപൂർവം അല്ലാതെ മറന്നതും സജിതയ്ക്കും ടിസനും അരുതാത്ത ബന്ധത്തിലേക്കുള്ള വഴി തുറന്നിടുക ആയിരുന്നു .

ഓരോ മലയാളി ഭാര്യ ഭർത്താക്കന്മാർക്കും ഒരുപാഠം തന്നെ

ആദ്യ കാഴ്ചയിൽ തന്നെ കുഞ്ഞിനെ ചികിൽസിക്കാനുള്ള ഡോക്ടറെ കണ്ടെത്തി നൽകിയ ടിസനിൽ സജിത കണ്ടത് കരുതലുള്ള ഒരു പുരുഷനെ ആയിരുന്നു . യുകെയിൽ നിന്നും മടങ്ങേണ്ടി വരുമെന്ന വിവരം മറച്ചു വച്ച ടിസനിൽ ഭാവി ജീവിതത്തിനുള്ള കരുതലും സജിതയിലെ കുശാഗ്രബുദ്ധിയായ കാമുകി കണ്ടെത്തി . ഒരു പക്ഷെ അല്പം കരുതലും ശ്രദ്ധയും ഭർത്താവിൽ നിന്നും ലഭിച്ചെങ്കിൽ ഈ കേസിലേക്കുള്ള സാഹചര്യങ്ങൾ രൂപപ്പെടില്ലായിരുന്നു എന്നാണ് ഡിവൈസ്പി ബൈജു പൗലോസിന്റെ നിരീക്ഷണം .

ഓരോ ഭാര്യയും ഭർത്താവും ഇത്തരം കാര്യങ്ങൾ കൂടി ജീവിതത്തിൽ ശ്രദ്ധിക്കാൻ ഉണ്ടെന്നു കൂടി പോൾ വർഗീസ് വധത്തിന്റെ മനഃശാസ്ത്രം നമ്മെ പഠിപ്പിക്കുന്നുണ്ട് എന്നും ഉദ്യോഗസ്ഥൻ പറയുമ്പോൾ അതിൽ വലിയ വസ്തുതകൾ നിറഞ്ഞിരിപ്പുണ്ട് . വെറുതെ വീട്ടിൽ ഇരിക്കുന്ന ഭാര്യയെ ഇടയ്ക്കിടെ വിളിച്ചു സല്ലാപം നടത്താൻ സാധാരണ ഗതിയിൽ ഒരു ഭർത്താവും മിനക്കേടില്ലെങ്കിലും ചെറിയൊരു കരുതൽ ഭാര്യമാർ ആഗ്രഹിക്കുന്നു എന്നതും കാമുകി വേഷം കെട്ടുന്ന ഓരോ ഭാര്യയും തെളിയിക്കുന്നുണ്ട് .

എന്തിനായിരുന്നു കൊല , ഒളിച്ചോടമായിരുന്നില്ലേ ?

ഇത്തരം കേസുകളിൽ ഏവരും ചോദിക്കുന്ന ഒന്നാണിത് . എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നല്കാൻ പ്രതിയുടെ മാനസികാവസ്ഥ കൂടി ഒരു അന്വേഷണ ഉദ്യോഗസ്ഥന് പരിഗണിക്കണം . സജിതയുടെ കാര്യത്തിൽ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾ ആയിരുന്ന രണ്ടു മക്കളെ ഉപേക്ഷിച്ചുള്ള ജീവിതം അസാധ്യമായിരുന്നു . മക്കളുടെ സംരക്ഷണത്തിന് പോൾ വർഗീസിനെക്കാൾ മിടുക്കൻ ടിസൻ ആണെന്ന തിരിച്ചറിവിൽ ഭർത്താവിനെ കൊന്ന ശേഷം മക്കളുമായി കാമുകന് ഒപ്പം ശിഷ്ട ജീവിതം ആഘോഷിക്കാം എന്നുമായിരുന്നു സജിതയുടെ പ്ലാൻ .

ഒളിച്ചോട്ടത്തിൽ ഈ ആഗ്രഹം സാധിക്കില്ലെന്ന് അറിയാമായിരുന്നതിനാൽ കൊലപാതകം അല്ലാതെ മറ്റു വഴിയില്ലെന്നായി . അങ്ങനെയാണ് രാത്രി അത്താഴത്തിൽ ഉറക്ക ഗുളിക നൽകിയ ശേഷം സജിത തന്നെ മുൻകൈ എടുത്തു വീട്ടിൽ ഒളിച്ചിരുന്ന കാമുകന്റെ സഹായത്തോടെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും പോളിനെ മരണത്തിലെക്കു എത്തിക്കുന്നത് . തുടക്കത്തിൽ സജിതയെ ചോദ്യം ചെയ്യാൻ പോലും മടിച്ച പൊലീസ് അവിചാരിതമായി ബൈജു പൗലോസ് സജിതയുടെ മൊബൈൽ ഫോണിൽ കണ്ട രണ്ടു മെസേജുകളുടെ തുമ്പു പിടിച്ചാണ് പോളിന്റെ മരണം ഭാര്യ പറഞ്ഞ ആത്മഹത്യയല്ല കൊലപാതകമാണെന്ന് തെളിയിച്ചത് .

നടി ആക്രമിക്കപ്പെട്ട കേസിൽ അന്ന് തൃക്കാക്കരയിൽ ജോലി ചെയ്തിരുന്ന ബൈജു പൗലോസിന്റെ കടുകിട വിട്ടുവീഴ്ച ഇല്ലാത്ത നീക്കവും പ്രലോഭനങ്ങൾക്കു വഴിപ്പെടാത്ത പൊലീസ് ശൈലിയുമാണ് ദിലീപിനെ കുറച്ചുകാലം എങ്കിലും ജയിലിൽ എത്തിച്ചത് . ഇതിനോട് ദിലീപിനുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്കു വഴി മരുന്നിട്ടതും ഒരിക്കൽ കൂടി ബൈജു പൗലോസിനെ മലയാളികളുടെ വാർത്ത നേരങ്ങളിലെ പ്രധാനപേരുകാരനാക്കി മാറ്റിയിരിക്കുന്നതും .

കാമുകന് സമ്മാനം കൈതച്ചക്ക

2011 ഫെബ്രുവരി 22നാണു കേസിനാസ്പദമായ സംഭവം. ഉറങ്ങാൻ കിടക്കുന്നതിനു മുൻപു സജിത ഭർത്താവിന് ഉറക്കഗുളികകൾ കലർത്തിയ ഭക്ഷണം നൽകി. മയങ്ങിയെന്ന് ഉറപ്പായശേഷം കഴുത്തിൽ തോർത്ത് ഉപയോഗിച്ചു മുറുക്കിയും മുഖത്തു തലയണ വച്ച് അമർത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. മരിച്ചുവെന്ന് ഉറപ്പായശേഷം സജിത ബന്ധുക്കളെ വിളിക്കുകയും തൂങ്ങിമരണമാണെന്നു പറയുകയും ചെയ്തു. സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്. സജിതയും ടിസൻ കുരുവിളയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവായി.

കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ എട്ടും നാലും വയസുള്ള കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നു. തൃക്കാക്കര സിഐ ആയിരുന്ന ബൈജു പൗലോസ് ആണു കേസ് അന്വേഷണം നടത്തിയത്. ഡിവൈഎസ്‌പി വി.കെ.സനിൽകുമാർ കുറ്റപത്രം സമർപ്പിച്ചു. പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി അഹമ്മദ് കോയ ആണു ആണു സജിതയ്ക്കു ശിക്ഷ വിധിച്ചത്. തെളിവു നശിപ്പിക്കുന്നതിനും മരണം ആത്മഹത്യയാക്കി തീർക്കുന്നതിനും ഇവർ ശ്രമിച്ചതായി കോടതി കണ്ടെത്തി.

മക്കളെ മറ്റൊരു മുറിയിൽ ഉറക്കിക്കിടത്തിയ ശേഷം ഭർത്താവിന് ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ പരിധിയിൽ കൂടുതൽ മരുന്ന് അകത്തു ചെല്ലാതിരുന്നതിനാൽ പോൾ വർഗീസ് മരിച്ചില്ല. ഇതു കണ്ട് കാമുകനൊപ്പം ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നത്രെ. കഴുത്തിൽ തോർത്തിട്ട് മുറുക്കുകയും മുഖത്ത് തലയിണ അമർത്തുകയും മറ്റും ചെയ്താണ് മരണം ഉറപ്പു വരുത്തിയത്. തുടർന്ന് കാമുകനെ പറഞ്ഞു വിടുകയും ഭർത്താവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ വിളിച്ചു കൂട്ടുകയുമായിരുന്നു.

ഭർത്താവിനെ കൊലപ്പെടുത്തിയ ദിവസം രാത്രിയിൽ കാമുകൻ ടിസണെ സജിത യാത്രയാക്കിയത് സ്വന്തം പറമ്പിൽ വിളഞ്ഞ കൈതച്ചക്ക കടലാസിൽ പൊതിഞ്ഞു നൽകി. പൊലീസ് അന്വഷണത്തിനിടെ സജിത തന്നെയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതെല്ലാം കാണിച്ചാണ് പൊലീസ് ടിസൻ കുരുവിളയെ കേസിൽ പ്രതി ചേർത്തത്. എന്നാൽ കോടതിയിൽ മതിയായ തെളിവില്ലാതിരിക്കുകയും സാഹചര്യത്തെളിവുകൾ കോടതിക്ക് ബോധ്യപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ടിസൻ കുറ്റവിമുക്തനായത്

ഭർത്താവിന്റെ ബന്ധുവിനു കല്യാണം ആലോചിച്ച് ടിസണോട് അടുത്തു

ഭർത്താവിന്റെ ബന്ധുവായ യുവതിക്ക് കല്യാണം ആലോചിച്ച് പരസ്യം നൽകിയതിനെ തുടർന്നുണ്ടായ സൗഹൃദമാണ് സജിതയും ടിസണും തമ്മിലുള്ള പ്രണയത്തിലേയ്ക്ക് വഴിമാറിയത്. യുകെയിൽ ജോലി ചെയ്യുകയായിരുന്ന ടിസൺ തുടർച്ചയായി സജിതയുമായി ഫോണിൽ ബന്ധപ്പെടുമായിരുന്നു. അടുപ്പം പ്രണയത്തിനു വഴിമാറിയതോടെ ടിസൺ കുരുവിളയ്‌ക്കൊപ്പം ജീവിക്കണമെന്നായി സജിതയ്ക്ക്. എന്നാൽ മക്കളെ ഒഴിവാക്കാനും പറ്റില്ല.

തന്നോടൊപ്പം യുകെയ്ക്ക് പോരാനായിരുന്നു ടിസൻ സജിതയോടു പറഞ്ഞിരുന്നത്. എന്നാൽ മക്കളെയും കാമുകനെയും സ്വന്തമാക്കാനുള്ള ഏക വഴി ഭർത്താവിനെ കൊല്ലുകയാണ് എന്നു വിശ്വസിച്ചാണ് അവർ കടുംകൈക്ക് മുതിർന്നത്. എല്ലാം കഴിഞ്ഞാൽ കാമുകനൊപ്പം യുകെയ്ക്ക് കടക്കാനായിരുന്നു പദ്ധതി. ടിസൻ നാട്ടിലുള്ളപ്പോൾ തന്നെ അതിനുള്ള സാഹചര്യം അവരുണ്ടാക്കി. തുടർന്നാണ് അമിത അളവിൽ മയക്കു മരുന്നു കൊടുത്ത് ഭർത്താവിനെ ഉറക്കിക്കിടത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്

പോൾ വർഗീസിനെ വാഹനാപകടം 'സൃഷ്ടിച്ചു' കൊലപ്പെടുത്താനും ആലോചിച്ചിരുന്നുവെന്നു ടിസനും സജിതയും പൊലീസിനു മൊഴി നൽകിയിരുന്നു. പ്രഭാത ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകിയാൽ ബൈക്കിൽ പോകുമ്പോൾ അപകടം സംഭവിക്കുമെന്നായിരുന്നത്രെ കണക്കു കൂട്ടൽ. എന്നാൽ അപകടത്തിൽ മരിക്കാതെ ഗുരുതരമായി പരുക്കേറ്റാൽ നീക്കം പാളുമെന്നു ടിസൻ തന്നെ പറഞ്ഞതിനാൽ കിടപ്പു മുറിയിൽവച്ചു കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു

ഭാര്യയെ കൊല്ലാൻ ടിസനും പദ്ധതിയിട്ടെന്നു മൊഴി

കാമുകിക്കൊപ്പം ജീവിക്കാൻ സജിത അവരുടെ ഭർത്താവിനെ കൊന്നതുപോലെ തന്റെ ഭാര്യയെയും വകവരുത്താൻ തീരുമാനിച്ചിരുന്നതായി അന്ന് ടിസൻ പൊലീസിനോടു പറഞ്ഞിരുന്നു. യുകെയിലുണ്ടായിരുന്ന ഭാര്യ അവധിക്കെത്തുമ്പോൾ മലമ്പുഴ ഡാം പരിസരത്തു കൊണ്ടുപോയി കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് പറഞ്ഞത്. യുകെയിൽ നഴ്സായ ഭാര്യയുടെ കുടുംബ വീസയിലാണു ടിസനും യുകെയിലെത്തിയത്. സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായിരുന്ന ഇയാൾ ഭാര്യക്കൊപ്പം ഒരുമിച്ചു നാട്ടിലേക്കു വരാനാണ് ആദ്യം തീരുമാനിച്ചിരുന്നതത്രെ. സജിതയുമായുള്ള ബന്ധം കാരണമാണ് യാത്ര നേരത്തെയാക്കിയത്.

അയൽവാസികളോടും ബന്ധുക്കളോടും തൂങ്ങിമരണമാണെന്നും സ്വാഭാവിക മരണമാണെന്നും പരസ്പര വിരുദ്ധമായി പറഞ്ഞത് സംശയമുണ്ടാക്കിയിരുന്നു. കൊല നടത്തിയ രാത്രിയിൽ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു വരുത്തി മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.മരണം സംഭവിച്ചിട്ട് ഏറെ സമയമായെന്നതും കഴുത്തിൽ ചില പാടുകൾ കാണപ്പെട്ടതും സംശയത്തിന് ഇടയാക്കിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ മൃതദേഹം വിട്ടു കൊടുത്തില്ല. പൊലീസെത്തി ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടം നടത്തിയശേഷമാണു മൃതദേഹം സംസ്‌കരിച്ചത്. മരണത്തിൽ സംശയം തോന്നിയ പൊലീസ് ഭാര്യയോടും ബന്ധുക്കളോടും വിവരങ്ങൾ ആരാഞ്ഞിരുന്നു. ഭാര്യയുടെ മൊഴികളിൽ വൈരുധ്യം ഉണ്ടായതിനെത്തുടർന്ന് ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പോളിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്ന രീതിയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതിനിടെ ലഭിക്കുകയും ചെയ്തു.

പൊലീസ് അന്വേഷണം ശക്തമാക്കിയപ്പോൾ ഭർത്താവ് തൂങ്ങി മരിച്ചതാണെന്നും ജീവനുണ്ടെന്നു സംശയിച്ച് ആശുപത്രിയിലെത്തിച്ചതാണെന്നും നാണക്കേടു ഭയന്നാണു പുറത്തു പറയാതിരുന്നതെന്നും ഭാര്യ മൊഴി നൽകി. തൂങ്ങാനുപയോഗിച്ച കയർ അടുപ്പിലിട്ടു കത്തിച്ചു കളഞ്ഞെന്നും അവർ പൊലീസിനോടു പറഞ്ഞു. സംഭവത്തിൽ കൂടുതൽ ദുരൂഹത തോന്നിയ പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണു ഭാര്യയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തത്. സ്വന്തം വീട്ടിലുണ്ടായ സംഭവത്തിന് ഇവർ തന്നെയാണ് ഉത്തരവാദി എന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമല്ലെന്നു വ്യക്തമായി. സജിതയും ടിസൻ കുരുവിളയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവായി മാറുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP