Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കുളത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ ആൾ സാന്നിധ്യവും രാമരശ്ശേരി കലുങ്കിൽ സ്ഥിരം ഇരിക്കുന്നവരെയും വെറുതെ വിട്ട് ലോക്കൽ പൊലീസ്; അനാശാസ്യത്തിന് പേരെടുത്ത മദ്യപാനിയും കൂട്ടരും ആക്ഷൻ കൗൺസിലുമായെത്തിയത് പത്തുകൊല്ലം മുമ്പ് അന്വേഷണം അട്ടിമറിച്ചു; കുഴിമാട പരിശോധനയിൽ റീ പോസ്റ്റ്‌മോർട്ടത്തിന് വേണ്ടതെല്ലാം കിട്ടിയെന്ന് ഫോറൻസിക് വിദഗ്ദ്ധർ; ഭരതന്നൂരിലെ പത്ത് വയസ്സുകാരന്റെ കൊലപാതകത്തിൽ കരുതലോടെ ക്രൈംബ്രാഞ്ച്

കുളത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ ആൾ സാന്നിധ്യവും രാമരശ്ശേരി കലുങ്കിൽ സ്ഥിരം ഇരിക്കുന്നവരെയും വെറുതെ വിട്ട് ലോക്കൽ പൊലീസ്; അനാശാസ്യത്തിന് പേരെടുത്ത മദ്യപാനിയും കൂട്ടരും ആക്ഷൻ കൗൺസിലുമായെത്തിയത് പത്തുകൊല്ലം മുമ്പ് അന്വേഷണം അട്ടിമറിച്ചു; കുഴിമാട പരിശോധനയിൽ റീ പോസ്റ്റ്‌മോർട്ടത്തിന് വേണ്ടതെല്ലാം കിട്ടിയെന്ന് ഫോറൻസിക് വിദഗ്ദ്ധർ; ഭരതന്നൂരിലെ പത്ത് വയസ്സുകാരന്റെ കൊലപാതകത്തിൽ കരുതലോടെ ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

ഭരതന്നൂർ: ശക്തമായ സാഹചര്യത്തെളിവുകൾ ഉണ്ടായിരുന്നിട്ടും ആദർശ് വിജയിന്റെ ദുരൂഹ മരണം തെളിയാതെ പോയത് അട്ടിമറിയുടെ കരുത്തിൽ തന്നെ. പ്രതികളെ രക്ഷിക്കാൻ അതിശക്തമായ ഇടപെടൽ നടന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്. 2009 ഏപ്രിൽ അഞ്ചിനു രാമരശ്ശേരി ഏലായിലെ കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിജയവിലാസത്തിൽ വിജയകുമാറിന്റെയും ഷീജയുടെയും മകൻ ആദർശ് വിജയ്(14) മരിച്ചതുമായി ബന്ധപ്പെട്ടു സംഭവ ദിവസം തന്നെ പൊലീസിനോട് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. മൂന്ന് പേരിലേക്ക് അന്വേഷണമെത്തുകയും ചെയ്തു. പട്ടാളക്കാരൻ, മദ്യപാനി. പിന്നെ ഒരു ബന്ധവും. സംശയിക്കപ്പെട്ടവരുടെ കൂട്ടത്തിൽ സ്ത്രീയും ഉണ്ടായിരുന്നു. അനാശാസ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഈ സ്ത്രീയ്ക്ക് കൊലപാതകത്തിൽ നിർണ്ണായക പങ്കുണ്ടെന്ന സൂചനയും വന്നു. എന്നാൽ ഇതൊന്നും ആരും സംശയിച്ചില്ല. കൂടത്തായിയിലെ കൊലപാതക പരമ്പയോടെ ആ കേസ് അന്വേഷണം വീണ്ടും സജീവമാകുകയാണ്.

കുട്ടി മരിച്ചു കിടന്ന കുളത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ ആൾ സാന്നിധ്യവും രാമരശ്ശേരി കലുങ്കിൽ സ്ഥിരം ഇരിക്കുന്നവരെയും സംശയപട്ടികയിൽപ്പെടുത്തി നാട്ടുകാർ പൊലീസിനെ അറിയിച്ചു. എന്നാൽ പാങ്ങോട് പൊലീസ് അന്നു കുട്ടിയുടെ മരണം മുങ്ങിമരണമായി എഴുതി കേസവസാനിപ്പിക്കാനാണു ശ്രമിച്ചത്. പോസ്റ്റുമോർട്ടം ദിവസം തന്നെ ഡോക്ടർ കുട്ടിയുടെ ശ്വാസകോശത്തിലോ ഉള്ളിലോ വെള്ളം കയറിയിട്ടില്ലെന്നു സൂചിപ്പിച്ചിരുന്നു. കൂടാതെ മഴയുണ്ടായിരുന്നിട്ടും കുളത്തിനു കരയിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ നനഞ്ഞിരുന്നില്ല. ആരോ കുട്ടിയെ അപകടപ്പെടുത്തിയ ശേഷം കുളത്തിൽ കൊണ്ടിട്ടതാകാൻ സാധ്യതയുണ്ടെന്ന സംശയം ഉയർന്നു.

കുളം വറ്റിച്ചപ്പോൾ മൺവെട്ടിയുടെ കൈ ലഭിച്ചിരുന്നു. മഫൊറൻസിക് റിപ്പോർട്ടിൽ വസ്ത്രത്തിൽ പീഡനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്നും ലോക്കൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചകളുണ്ടായെന്നും ഉന്നത ഉദ്യോഗസ്ഥരും മനസ്സിലാക്കുന്നത്. ഇതിനിടയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഈ പ്രതിഷേധത്തിന് മുന്നിൽ നിന്ന് സംശയ നിഴലിലുള്ളവരായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആദ്യം തന്നെ കൊലപാതക സൂചന കണ്ടെത്തി. എന്നാൽ അന്വേണം മുന്നോട്ട് പോയില്ല. പത്തു വർഷങ്ങൾക്കു ശേഷം പുതുതായി കുഴിമാടം തുറന്നുള്ള പരിശോധനകളും അന്വേഷണവും ശാസ്ത്രീയമായി കണ്ടെത്തലുകളിലേക്ക് കാര്യങ്ങളെത്തിക്കും.

ആദർശിന്റെ കുഴിമാടം തുറന്നു ശരീരഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ നിന്നുള്ള ഫൊറൻസിക് സംഘം ശരീരഭാഗങ്ങൾ ശേഖരിച്ചു. ഭരതന്നൂർ രാമരശ്ശേരി വിജയവിലാസത്തിൽ വിജയന്റെയും ഷീലയുടേയും മകനായ ആദർശ് വിജയനെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതു കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെയാണു കുഴിമാടം തുറന്നു പരിശോധന നടത്താൻ തീരുമാനിച്ചത്. പരിശോധനയ്ക്കാവശ്യമായ ശരീരഭാഗങ്ങൾ കുഴിമാടം തുറന്നപ്പോൾ ലഭിച്ചതായി ഫൊറൻസിക് സംഘം അറിയിച്ചെന്നു ക്രൈംബ്രാഞ്ച് എസ്‌പി: ഷാനവാസ് പറഞ്ഞു. ഈ കേസിൽ മുങ്ങിമരണമെന്നാണ് എസ്‌ഐ കേസ് ഡയറിയിൽ രേഖപ്പെടുത്തിയത്. സംശയമുള്ള നിരവധി പേരെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. ചിലരെ പോളിഗ്രാഫ് ടെസ്റ്റിനും വിധേയമാക്കി.

മെഡിക്കൽ കോളജിലെക്കു മാറ്റിയ ശരീരഭാഗങ്ങൾ ഉടൻ റീപോസറ്റുമോർട്ടത്തിനും പിന്നീടു ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള വിവിധ ശാസ്ത്രീയ പരിശോധനകൾക്കും വിധേയമാക്കും. മർദനമേറ്റുള്ള മരണമെന്നു കണ്ടെത്തിയ ആദ്യ പോസ്റ്റുമോർട്ടത്തിൽ പല വിവരങ്ങളും ഉൾപ്പെടുത്താത്തതിനാലാണു റീപോസ്റ്റുമോർട്ടം. പീഡനം നടന്നിട്ടുണ്ടോ എന്നുൾപ്പടെയുള്ള തെളിവു തേടിയാണു മറ്റു പരിശോധനകൾ. മൂന്നു പേരാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിൽ മുൻ നിരയിൽ വന്നത്. ഒരാൾ ഭരതന്നൂരിലെ പട്ടാളക്കാരൻ, മദ്യപിക്കുകയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന ആൾ, മൂന്നാമതുകൊല്ലപ്പെട്ട കുട്ടിയുടെ ഒരു ബന്ധു. കുട്ടിയുടെ നിക്കറിൽ നിന്നും ലഭിച്ച സെമണും രക്തക്കറകളും ആധാരമാക്കി നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ക്രൈംബ്രാഞ്ച് സംഘം ഇവരിലൊരാളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാൻ തീരുമാനമെടുത്തിരുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് മുമ്പ് ശക്തമായ രാഷ്ട്രീയ ഇടപെടൽ വരുന്നത്.

അന്വേഷണ സംഘത്തെ നയിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് സ്ഥലം മാറ്റം വന്നു. ഒപ്പം ക്രൈംബ്രാഞ്ച് അന്വേഷ സംഘത്തിന്നെതിരെ നാട്ടിൽ ഒരു പ്രത്യേക പ്രക്ഷോഭവും രൂപപ്പെട്ടിരുന്നു. പ്രതികൾ ആണെന്ന് സംശയിച്ചവർ പിന്നിൽ നിന്ന് നയിച്ച ഒരു പ്രക്ഷോഭമാണിതെന്ന് അന്ന് തന്നെ ക്രൈംബ്രാഞ്ച് സംഘത്തിനു ബോധ്യമായിരുന്നു. പക്ഷെ രാഷ്ട്രീയ ഇടപെടൽ വരുമെന്ന് അന്വേഷണ സംഘവും കരുതിയില്ല. പ്രതികൾ ആണെന്ന് കരുതിയവർ പണം എറിഞ്ഞും രാഷ്ട്രീയ നീക്കങ്ങൾ നടത്തിയും പ്രക്ഷോഭം നയിച്ചും ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മൂക്ക് കയറിട്ടപ്പോൾ നീതി നിഷേധിക്കപ്പെട്ടത് കുട്ടിയുടെ ദരിദ്ര കുടുംബത്തിനായിരുന്നു. കുട്ടിയുടെ മാതാപിതാക്കളായ രാമരശ്ശേരി വിജയവിലാസത്തിൽ വിജയകുമാറിനും ഭാര്യ ഷീജയും നടത്തിയ നിരന്തരം നടത്തിയ പരാതികൾക്കും പോരാട്ടങ്ങൾക്കും ഒടുവിലാണ് കൂടത്തായിയിലെ പോലെ ആദർശിന്റെ മരണത്തിലും ഇപ്പോൾ പുനരന്വേഷണം വന്നിരിക്കുന്നത്. ബന്ധങ്ങളും സൗഹൃദങ്ങളും കൊലപാതകത്തിനു മുന്നിൽ വന്നപ്പോൾ കൊലപാതകം കുട്ടിയുടെ മാതാപിതാക്കൾക്ക് മുന്നിൽ നിന്നും മറയ്ക്കപ്പെട്ടു എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ വന്ന ഒരു യാഥാർത്ഥ്യം. ആ രീതിയിലുള്ള അന്വേഷണമാണ് അന്നത്തെ ക്രൈംബ്രാഞ്ച് സംഘം നടത്തിയിരുന്നത്.

ആദർശിന്റെ വീടിരുന്നത് ഒരൊറ്റപ്പെട്ട സ്ഥലത്താണ്. 200 മീറ്റർ ചുറ്റളവിൽ അവിടെ ഇപ്പോഴും വീടുകൾ പോലുമില്ല. അവിടെ നിന്നുമാണ് ഒരു കിലോമീറ്റർ അകലെ ആദർശ് പാല് വാങ്ങാൻ വീട്ടിൽ നിന്നും പുറപ്പെട്ടു പോകുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങൾ ആയതിനാൽ അനാശാസ്യങ്ങളും ഇവിടെ നടന്നിരുന്നു. പ്രതിപ്പട്ടികയിൽ വന്ന മദ്യപാനിയായ ആൾക്കും ഇത്തരം അനാശാസ്യ പരിപാടികൾ ഉണ്ടായിരുന്നു എന്നാണ് അന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കൊലപാതകത്തിൽ അന്ന് ക്രൈംബ്രാഞ്ച് സംശയിച്ച ഒരു പെൺകുട്ടി കൂടിയുണ്ടായിരുന്നു. അനാശാസ്യത്തിൽ ഏർപ്പെട്ടിരുന്ന പെൺകുട്ടി. ഈ പെൺകുട്ടിക്ക് കൊലപാതകകാര്യം അറിയാമായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിനു വിവരം ലഭിച്ചത്. മദ്യപാനിയും ഈ പെൺകുട്ടിയും ഉൾപ്പെട്ട ദൃശ്യങ്ങൾ ആദർശ് കണ്ടിരുന്നോ എന്ന സംശയവും ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ കൊല നടന്നത് എന്നും ക്രൈംബ്രാഞ്ച് അന്ന് പരിശോധിച്ചിരുന്നു. ഒടുവിൽ അന്വേഷണം മൂന്നു പേരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഇവരിൽ ഒരാൾ അറസ്റ്റിൽ ആവുന്ന ഘട്ടം വന്നപ്പോൾ ഡിവൈഎസ്‌പിക്ക് സ്ഥലം മാറ്റം വന്നു. അന്വേഷണം ഇഴയുകയും ചെയ്തു. പിന്നീട് അന്വേഷണം മുന്നോട്ടു നീങ്ങിയില്ല. കുടുംബത്തിനു നീതി നിഷേധിക്കപ്പെടുകയും ചെയ്തു.

ഒരു പതിറ്റാണ്ട് മുൻപ് നടന്ന ദുരൂഹമരണത്തിന്റെ ഫയലാണ് കൂടത്തായി കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും ഓപ്പൺ ചെയ്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2009 ഏപ്രിൽ അഞ്ചിന് രാത്രിയോടെയാണ് ആദർശിനെ കാണാതാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാമശ്ശേരിയിലെ കുളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിൽ രാത്രി പത്തോടെ കുട്ടിയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. അന്വേഷണം എങ്ങുമെത്താത്ത നിലയിൽ വന്നപ്പോൾ കുട്ടിയുടെ മാതാപിതാക്കൾ മരണം സംശയാസ്പദമെന്നു ചൂണ്ടിക്കാട്ടി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു സർക്കാർ ഉത്തരവ് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP