Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

സരിത ആയുധമാക്കിയത് സംസ്ഥാന സർക്കാറിലെ പിൻവാതിൽ നിയമനങ്ങളിലെ പഴുത്; ബവ്‌റിജസ് കോർപറേഷനിൽ നിയമനം വാഗ്ദാനം ചെയ്തു സരിതയും സംഘവും തട്ടിയത് ലക്ഷങ്ങളെന്ന് സൂചന; ആരോഗ്യ വകുപ്പിൽ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം നടക്കുന്നെന്നും അവകാശപ്പെട്ടു തട്ടിപ്പു സംഘം; വ്യാജ നിയമന ഉത്തരവ് നൽകിയ സംഘത്തിന്റെ വ്യാപ്തി വലുതെന്ന് സൂചന

സരിത ആയുധമാക്കിയത് സംസ്ഥാന സർക്കാറിലെ പിൻവാതിൽ നിയമനങ്ങളിലെ പഴുത്; ബവ്‌റിജസ് കോർപറേഷനിൽ നിയമനം വാഗ്ദാനം ചെയ്തു സരിതയും സംഘവും തട്ടിയത് ലക്ഷങ്ങളെന്ന് സൂചന; ആരോഗ്യ വകുപ്പിൽ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം നടക്കുന്നെന്നും അവകാശപ്പെട്ടു തട്ടിപ്പു സംഘം; വ്യാജ നിയമന ഉത്തരവ് നൽകിയ സംഘത്തിന്റെ വ്യാപ്തി വലുതെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ വിവാദ നായിക സരിത എസ് നായരും സംഘവും ഉൾപ്പെട്ട നിയമന തട്ടിപ്പു വിവാദത്തിന്റെ വ്യാപ്തി കൂടുന്നു. ഇടതു ബന്ധം മറയാക്കി തന്നെ നടന്ന തട്ടിപ്പിന് അവസരം ഒരുക്കിയത് ഈ സർക്കാറിന്റെ കാലത്തു നടന്ന പിൻവാതിൽ നിയമനങ്ങളാണ്. വ്യാപകമായി പിൻവാതിൽ നിയമനങ്ങൾ നടന്നപ്പോൾ ഇത് അവസരമാക്കിയെടുത്താണ് സരിതയും സംഘവും വലവീശാൻ ഇറങ്ങിയത്. ഇതിനായി അവർ ഇടതു ബന്ധമുള്ള നേതാക്കളെയും ഒപ്പം കൂട്ടുകയായിരുന്നു.

ബവ്‌റിജസ് കോർപറേഷനിൽ നിയമനം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയതിന്റെ മൊഴിപ്പകർപ്പു പുറത്തുവരുമ്പോൾ കേസിലെ ദുരൂഹത വർദ്ധിക്കുകയാണ്. കോർപറേഷന്റെ പേരിലുള്ള വ്യാജ നിയമന ഉത്തരവും സരിതയുടെ ശബ്ദരേഖയും പൊലീസിനു ലഭിച്ചതോടെ അവരെ അറസ്റ്റു ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായി. ബവ്‌റേജസ് കോർപ്പറേഷൻ കൂടാതെ മറ്റ് കോർപ്പറേഷനുകളിലും ഇവർ നിയമന തട്ടിപ്പിന് ലക്ഷ്യമിട്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

സിപിഐ നേതാവും കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡിൽ സ്ഥാനാർത്ഥിയുമായിരുന്ന ടി.രതീഷ്, തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികൾ. തട്ടിപ്പിൽ കുരുങ്ങിയ ഇരുപതിലേറെപ്പേരിൽ ഭൂരിഭാഗവും ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്. രാഷ്ട്രീയ സമ്മർദം ഉള്ളതിനാൽ പലരും പരാതിപ്പെടാൻ തയാറാകുന്നില്ല.

തിരുപുറം സ്വദേശി എസ്.എസ്.അരുൺ നെയ്യാറ്റിൻകര പൊലീസിനു നൽകിയ മൊഴിയിൽ സംഘം ഏറെക്കാലമായി തട്ടിപ്പു നടത്തുകയാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ സഹോദരൻ ആദർശിന് സ്റ്റോർ അസിസ്റ്റന്റ് ജോലി വാങ്ങിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്തതു രതീഷാണെന്നു മൊഴിയിൽ പറയുന്നു. ഇതിനുവേണ്ടി 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. വി.എൽ.വിപിൻ, കെ.ഡി.ലിജിൻ എന്നിവരെക്കൂടി നിയമിക്കുന്ന പട്ടിക കാണിച്ചാണു 4 ലക്ഷം രൂപ വാങ്ങിയത്. ഉത്തരവു വൈകിയപ്പോൾ രതീഷിനെ കണ്ടു. സെക്രട്ടേറിയറ്റിൽ നിന്ന് ഒരു ഉദ്യോഗസ്ഥ വിളിക്കുമെന്നും പറഞ്ഞു രതീഷ് ഒഴിഞ്ഞുമാറി.

അന്നു വൈകിട്ട് സെക്രട്ടേറിയറ്റിൽ നിന്നു വിളിക്കുകയാണെന്ന മുഖവുരയോടെ ഒരു സ്ത്രീ വിളിച്ചു. ശബ്ദം തിരിച്ചറിഞ്ഞതിനാൽ സരിത എസ്.നായർ അല്ലേയെന്നു ചോദിച്ചപ്പോൾ അവർ സമ്മതിച്ചു. കോവിഡ് ആയതിനാൽ ബവ്‌കോ ആസ്ഥാനത്ത് ജീവനക്കാർ കുറവായതിനാലാണു നിയമനം നടക്കാത്തതെന്ന് അവർ പറഞ്ഞു. ആരോഗ്യ വകുപ്പിൽ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും തന്റെ നേതൃത്വത്തിൽ പിൻവാതിൽ നിയമനം നടക്കുന്നുണ്ടെന്നാണ് അവർ അവകാശപ്പെട്ടത്.

ബവ്‌കോയിലെ ഉദ്യോഗസ്ഥ മീനാകുമാരിക്ക് ഒന്നര ലക്ഷം രൂപയും മറ്റ് ഉദ്യോഗസ്ഥർക്ക് 2 ലക്ഷവും കൊടുക്കണമെന്നും തുക രതീഷിനെ ഏൽപിക്കണമെന്നും നിർദേശിച്ചു. ഗഡുക്കളായി 10.50 ലക്ഷം രൂപയാണു രതീഷ് കൈപ്പറ്റിയത്. സരിത നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ച് 95000 രൂപ എടിഎം വഴി അവരുടെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീടു സരിതയെ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല. തുടർന്നാണു രതീഷിനൊപ്പം വന്ന ഷാജു പാലിയോട് തന്നെ വിളിക്കുന്നത്.

ഷാജുവിനെ കണ്ടപ്പോൾ താനും സരിതയും രതീഷും പലരിൽ നിന്ന് പണം വാങ്ങി നിയമനം നൽകിയിട്ടുണ്ടെന്നും വൈകാതെ നിയമന ഉത്തരവു ലഭിക്കുമെന്നും ആശ്വസിപ്പിച്ചു. സരിതയെ വീണ്ടും വിളിച്ചപ്പോൾ അവരുടെ അമ്മയാണു പണം കൈകാര്യം ചെയ്യുന്നതെന്നാണു പറഞ്ഞത്. അമ്മയുമായി സംസാരിച്ചപ്പോൾ വൈകാതെ തരാമെന്ന് ഉറപ്പു നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് അരുൺ മൊഴിയിൽ പറയുന്നു.

ബവ്‌റിജസ് കോർപറേഷന്റെ പേരിൽ ജോലി തട്ടിപ്പു നടത്തിയതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എക്‌സൈസ് വകുപ്പിനു കത്തു നൽകിയിരുന്നെന്ന് മാനേജിങ് ഡയറക്ടർ ജി.സ്പർജൻ കുമാർ. മീനാകുമാരിയുടെ പേരിൽ പണപ്പിരിവു നടത്തിയെന്നു നേരത്തേ വിവരം ലഭിച്ചിരുന്നു. തുടർന്നാണു കേസ് വിജിലൻസിനു വിടണമെന്ന് ആവശ്യപ്പെട്ടത്. ബവ്‌കോയിൽ പിഎസ്‌സി വഴിയാണു നിയമനം.

അതേസമയം സരിതാ നായരെ രക്ഷിക്കാൻ ഉന്നത തല ഗൂഢാലോചന നടന്നുവെന്ന് സൂചനയും പുറത്തുവരുന്നുണ്ട്. പരാതി പിൻവലിക്കാനും സമ്മർദ്ദം ഉണ്ടായി. ഇതും നടക്കില്ലെന്ന് വന്നതോടെയാണ് കേസിന്റെ ഗതി തന്നെ മാറിയത്. നവംബർ എട്ടിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടും സരിത എസ്. നായരെ പ്രതിചേർത്തത് കഴിഞ്ഞദിവസം മാത്രമായിരുന്നു. കേസിൽ പരാതിക്കാരുടെ മൊഴി എടുക്കുന്നതും പൊലീസ് വൈകിപ്പിച്ചു.

ഇതുമാത്രമല്ല പ്രതികളുടെ മേൽവിലാസം അറിവായിട്ടില്ല എന്നാണ് എഫ്ഐആറിൽ പറയുന്നത്. പരാതിക്കാരനായ അരുണിന്റെ സഹോദരൻ ആദർശ് എസ് എസിന് കെഎസ്ബിസിയിൽ സ്റ്റോർ അസിസ്റ്റന്റായി ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് നെയ്യാറ്റിൻകരഭാഗത്തുള്ള വിവിധ സ്ഥലങ്ങളിൽ വച്ച് പതിനൊന്ന് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരം രൂപ കൈപ്പറ്റിയ ശേഷം ജോലി വാങ്ങി കൊടുക്കാതെ പകരം വ്യാജ ഉത്തരവുകൾ നിർമ്മിച്ച് അസ്സൽ എന്ന പോലെ നൽകി വിശ്വാസ വഞ്ചന നടത്തി നഷ്ടമുണ്ടാക്കി എന്നാണ് എഫ്ഐആറിൽ പറയുന്നത്.

ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് പൊലീസ് നടപടികൾ വൈകിയതെന്നാണ് ആരോപണം. അതിനിടെ, പരാതി ഒത്തുതീർപ്പാക്കാൻ സരിത ഇടപെട്ടെന്ന് കേസിലെ മറ്റൊരു പ്രതിയായ ഷാജു പാലിയോടും അറിയിച്ചു. ബവ്‌റിജസ് കോർപറേഷന്റെയും കെടിഡിസിയുടെയും പേരിൽ വ്യാജ നിയമന ഉത്തരവു നൽകിയായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. എന്നാൽ ഈ രണ്ടു സ്ഥാപനങ്ങളും ഇതുസംബന്ധിച്ച് ഒരു അന്വേഷണത്തിനും മുതിരുന്നില്ല. രണ്ട് സർക്കാർ വകുപ്പുകളും ഇതുവരെ പരാതിയും നൽകിയിട്ടില്ല. ഈ വിവാദം രാഷ്ട്രീയമായി പിണറായി സർക്കാരിന് വിനയാകും. സ്വപ്നാ സുരേഷിനെ പോലെ സരിതയും ഇടതു സർക്കാരിന്റെ കാലത്ത് കേരളത്തിൽ സജീവമായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

കെടിഡിസിയിൽ ഈ തൊഴിൽതട്ടിപ്പു സംഘത്തിന് ഉന്നതബന്ധമുണ്ടെന്നും സൂചനകളുണ്ട്. ബവ്‌റിജസ് കോർപറേഷനിൽ ചിലർക്കു ജോലി കിട്ടിയതിനു പിന്നിലും ഇവരുണ്ടെന്നും അതെപ്പറ്റിയും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് സരിതയ്‌ക്കെതിരെ കേസെടുക്കേണ്ടെന്നു സർക്കാരിലെ ഉന്നത കേന്ദ്രങ്ങളിൽ നിന്നു പൊലീസിൽ സമ്മർദമുണ്ടായതായി ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം എട്ടിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും തുടർനടപടി ഉണ്ടായില്ല. കുന്നത്തുകാൽ പഞ്ചായത്തിലെ സിപിഐ സ്ഥാനാർത്ഥി ടി. രതീഷ്, പൊതു പ്രവർത്തകൻ ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികൾ. കൂടുതൽ പരാതിക്കാരുണ്ടെങ്കിലും ആരും മുന്നോട്ടു വരാത്തതിന്റെ പിന്നിൽ തട്ടിപ്പു സംഘത്തിന്റെ ഭീഷണിയുണ്ടെന്നും ആരോപണമുയർന്നു.

സരിതയുടെ പേരിലുള്ള തിരുനെൽവേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണു പണം നിക്ഷേപിച്ചതെന്നും പരാതിക്കാർ പൊലീസിനോടു പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ്.ശബരീനാഥൻ എംഎൽഎ ആവശ്യപ്പെട്ടു. ബവ്‌റിജസ് ഔട്ലെറ്റിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ സരിത എസ്.നായരെയാണ് പ്രതി ചേർത്തു കേസെടുത്തത്. ഈ തട്ടിപ്പിനു കൂട്ടു നിൽക്കുന്നത് പഞ്ചായത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി അടക്കമുള്ള സിപിഎം നേതാക്കളാണ്. പിഎസ്‌സി പരീക്ഷയെഴുതി ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ തൊഴിൽ തേടി കാത്തിരിക്കുമ്പോൾ ഈ സർക്കാരിന്റെ കീഴിൽ വൻ തൊഴിൽ തട്ടിപ്പാണ് സംസ്ഥാനത്തു നടന്നു വരുന്നതെന്നും ശബരീനാഥൻ പറഞ്ഞു.

ബെവ്‌കോ, കെ.ടി.ഡി.സി. എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവുകൾ നൽകി കബളിപ്പിച്ചതിനാണ് സരിത അടക്കം മൂന്ന് പേർക്കെതിരേ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഇവർ തട്ടിയെടുത്തത്. ശേഷം കെ.ടി.ഡി.സി.യുടെയും ബെവ്‌കോയുടെയും പേരിൽ വ്യാജ നിയമന ഉത്തരവുകളും നൽകി. ഈ ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി യുവാക്കൾക്ക് മനസിലായത്. പ്രതികൾ നൽകിയ വ്യാജ നിയമന ഉത്തരവുകളും പുറത്തു വന്നിട്ടുണ്ട്. എന്നിട്ടും കെടിഡിസിയും ബെവ്‌കോയും പരാതി നൽകുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP