Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയെ കൊലപ്പെടുത്തിയത് അത്രമേൽ സ്‌നേഹിക്കയാൽ; പെറ്റമ്മ കടക്കാരുടെ മുന്നിൽ അപമാനിതയാകുന്നത് കാണാനാകാത്തതിനാൽ തീരുമാനിച്ചത് അമ്മയേയും സഹോദരനെയും കൊന്ന ശേഷം ആത്മഹത്യ ചെയ്യാൻ; കൊലപാതകത്തിന് ശേഷം ഒന്ന് കരയുകയോ ഉറങ്ങുകയോ ചെയ്യാതെ അമൃത

അമ്മയെ കൊലപ്പെടുത്തിയത് അത്രമേൽ സ്‌നേഹിക്കയാൽ; പെറ്റമ്മ കടക്കാരുടെ മുന്നിൽ അപമാനിതയാകുന്നത് കാണാനാകാത്തതിനാൽ തീരുമാനിച്ചത് അമ്മയേയും സഹോദരനെയും കൊന്ന ശേഷം ആത്മഹത്യ ചെയ്യാൻ; കൊലപാതകത്തിന് ശേഷം ഒന്ന് കരയുകയോ ഉറങ്ങുകയോ ചെയ്യാതെ അമൃത

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയത് ബാങ്കുകാരുടെയും കടക്കാരുടെയും മുന്നിൽ അമ്മ അപമാനിതയാകുന്നത് കാണാൻ കഴിയാത്തതിനാലെന്ന് അമൃത. അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആൻഡമാനിലേക്ക് കടന്ന അമൃതയെ വിശദമായി ചോദ്യം ചെയ്തതിനിടെ വെളിപ്പെടുത്തിയത് അമ്മയോടുള്ള അടങ്ങാത്ത സ്‌നേഹം. അമ്മയെ തനിക്ക് ഏറെ ഇഷ്ടമായിരുന്നു എന്നും എന്നാൽ വീട്ടാൻ കഴിയാത്തത്ര കടം പെരുകിയതോടെ അമ്മയേയും സഹോദരനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം എന്നും അമൃത പൊലീസിനോട് പറഞ്ഞു. എന്നാൽ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന യുവതി എന്തിനാണ് കാമുകനൊപ്പം ആൻഡമാനിലേക്ക് കടന്നതെന്ന ചോദ്യം ബാക്കിയുണ്ട്. പൊലീസും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

ആൻഡമാനിലെ പോർട്ട് ബ്ലെയറിൽനിന്ന് കാമുകനൊപ്പം പിടികൂടിയ അമൃതയെ ബുധനാഴ്ച രാത്രിയോടെ ബെംഗളൂരുവിലെത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. പൊലീസ് സ്റ്റേഷനിലെത്തിച്ച അമൃത പലതവണ തല ചുമരിലിടിച്ച് നിലവിളിച്ചത് പൊലീസുകാരെ ഭയപ്പെടുത്തി. ഇതോടെ മനഃശാസ്ത്ര വിദഗ്ധരുടെ കൗൺസിലിങ് ഏർപ്പെടുത്തി. അമ്മയെ അത്രയേറെ സ്നേഹിച്ചിരുന്നതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്നായിരുന്നു അമൃത പൊലീസിനോടും മനഃശാസ്ത്ര വിദഗ്ധരോടും പറഞ്ഞത്.

അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം യുവതി ഒന്ന് കരയുകയോ ഉറങ്ങുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് അമൃതയ്ക്കുണ്ടായിരുന്നത്. വിവിധ ബാങ്കുകളിൽനിന്നും പണമിടപാടുകാരിൽനിന്നുമായാണ് ഇത്രയധികം തുക വായ്പ എടുത്തിരുന്നത്. നേരത്തെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലിചെയ്തിരുന്ന അമൃതയ്ക്ക് 2017 ൽ ആ ജോലി നഷ്ടമായി. ഇതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തത്.

തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും പണമിടപാടുകാരും പതിവായി വീട്ടിലെത്തിയിരുന്നു. ഇതിനെചൊല്ലി അമൃതയും അമ്മയും തമ്മിൽ വഴക്കിടുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആത്മഹത്യ ചെയ്യാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും താൻ മരിച്ചാൽ അമ്മയും സഹോദരനും ഈ ബാധ്യതകൾ ഏറ്റെടുക്കേണ്ടിവരുമെന്ന് ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലിൽ മനസിലാക്കിയിരുന്നു. ഇതോടെയാണ് ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചുറപ്പിച്ചത്. കൃത്യം നടത്തിയ ശേഷം നാടുവിടുകയോ ജീവനൊടുക്കുകയോ ചെയ്യാമെന്നും തീരുമാനിച്ചു.

വൈറ്റ് ഫീൽഡിൽ താമസിച്ചിരുന്ന അമൃതയെന്ന 33 കാരിയാണ് സാമ്പത്തിക വിഷയത്തിന്റെ പേരിൽ അമ്മയെ കൊന്ന് രക്ഷപെടാൻ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടാം തീയതി പുലർച്ചെ രണ്ട് മണിക്കാണ് ക്രൂരകൃത്യം നടത്തിയത്. രാത്രി അമ്മയുമായി വഴക്കുണ്ടാക്കി കുത്തിക്കൊലപ്പെടുത്തിയശേഷം സഹോദരൻ ഹരീഷിനേയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഫെബ്രുവരി രണ്ടിന് പുലർച്ചെയാണ് അമൃത അമ്മയെ കുത്തിക്കൊന്നത്. ശേഷം സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനു പിന്നാലെ കാമുകനായ ശ്രീധർ റാവുവിനൊപ്പം ബെംഗളൂരു വിമാനത്താവളത്തിലെത്തി. അവിടെനിന്ന് ആൻഡമാനിലേക്കും.

എന്നാൽ കൃത്യം നടന്നതിന്റെ രണ്ടു ദിവസം മുമ്പ് തന്നെ അമൃത വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, യാത്രയ്ക്കിടെ ഒരു മൊബൈൽ ഫോൺ ഉപേക്ഷിക്കുകയും ചെയ്തു. ഇതെല്ലാം കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്. അതിനാൽതന്നെ യുവതിയുടെ മൊഴികൾ പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വീട്ടിൽ നിന്നും വിമാനത്താവളത്തിലെത്തി രക്ഷപെട്ട അമൃതയെ മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കിയാണ് പൊലീസ് പിടികൂടിയത്. വിവിധരൂപത്തിൽ 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത അമൃത ഉണ്ടാക്കിയതിന്റെ പേരിൽ അമ്മയുമായി നിരന്തരം വഴക്കായിരുന്നുവെന്ന് പരിക്കേറ്റ സഹോദരൻ ഹരീഷ് പൊലീസിന് മൊഴിനൽകി.

മൂന്നുവർഷത്തോളം അമൃതയുടെ സഹപ്രവർത്തകനായിരുന്നു ശ്രീധർ റാവു. ഇയാൾ നിരപരാധിയാണെന്നും കേസിൽനിന്ന് ഒഴിവാക്കണമെന്നും ശ്രീധറിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു, പക്ഷേ, അമൃതയ്ക്ക് വേണ്ടി ആരും കോടതിയിൽ ഹാജരായില്ല. ഇവരുടെ ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP