Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്ത് കളിയാണ് നടക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല; ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഒരു ചതിയുടെ ഫീൽ മണക്കുന്നു; വാഹനാപകടത്തിനു പിന്നിൽ സാമ്പത്തികമായ കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന ഞങ്ങളുടെ സംശയങ്ങൾക്ക് ഇതുവരെ അവസാനമുണ്ടായിട്ടില്ല; അത് സൃഷ്ടിച്ച ഒരു അപകടമാണ്; ബാലഭാസ്‌കറിന്റെ മരണത്തിന് ഒരുവർഷം തികയുമ്പോൾ സിബിഐ അന്വേഷണമല്ലാതെ പരിഹാരമില്ലെന്ന് കുടുംബം

എന്ത് കളിയാണ് നടക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല; ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഒരു ചതിയുടെ ഫീൽ മണക്കുന്നു;  വാഹനാപകടത്തിനു പിന്നിൽ സാമ്പത്തികമായ കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന ഞങ്ങളുടെ സംശയങ്ങൾക്ക് ഇതുവരെ അവസാനമുണ്ടായിട്ടില്ല; അത് സൃഷ്ടിച്ച ഒരു അപകടമാണ്; ബാലഭാസ്‌കറിന്റെ മരണത്തിന് ഒരുവർഷം തികയുമ്പോൾ സിബിഐ അന്വേഷണമല്ലാതെ പരിഹാരമില്ലെന്ന് കുടുംബം

എം മനോജ് കുമാർ

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌ക്കറിന്റെത് അപകടമരണമോ അതോ കൊലപാതകമോ? ബാലഭാസ്‌കറിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടം നടന്നു ഒരു വർഷത്തിനുശേഷവും ഈ സമസ്യയുടെ കുരുക്കഴിക്കാൻ ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിനോ അതിനുശേഷം അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല. കേരളാ പൊലീസിൽ വിശ്വാസം നഷ്ടമായതിനാൽ ഇപ്പോൾ ബാലഭാസ്‌കറിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് അപേക്ഷ നല്കിയിരിക്കുകയാണ്. ബാലഭാസ്‌ക്കറിന്റെയും കുഞ്ഞിന്റെയും മരണത്തിന്നിടയാക്കിയ വാഹനാപകടം വെറും അപകടമല്ല കൊലപാതകമാണ് എന്നുള്ള വാദത്തിലാണ് എന്നും ഇന്നും കുടുംബം ഉറച്ചു നിൽക്കുന്നത്. ഇപ്പോൾ സിബിഐ അന്വേഷണം തേടിയുള്ള കുടുംബത്തിന്റെ ആവശ്യത്തിൽ സിബിഐ അന്വേഷണത്തിനു ഉത്തരവിടാനുള്ള ഒരുക്കത്തിലാണ് സർക്കാരും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടപ്പോൾ തന്നെ മകൾ തേജസ്വി മൃതിയടഞ്ഞിരുന്നു. ആശുപത്രിയിൽ ചികിത്സക്കിടെ കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് ബാലഭാസ്‌ക്കറും വിടവാങ്ങി. ഇപ്പോൾ വാഹനാപകടത്തിനും മരണത്തിനും ഒരു വർഷം തികയുന്ന വേളയിൽ ആണ്ടു ബലി ചടങ്ങുകളിലാണ് കുടുംബം ശ്രദ്ധയൂന്നുന്നത്.

ബാലഭാസ്‌കറിന്റെ ആണ്ടുബലി ചടങ്ങുകൾ കഴിഞ്ഞു. മകൾ തേജസ്വിക്ക് ആയി കന്യാദാനം പോലുള്ള ഒരു ചടങ്ങും കുടുംബം നടത്തി. വിവാദങ്ങൾ വന്നപ്പോൾ ബാലഭാസ്‌കറിന്റെ കുടുംബത്തിൽ നിന്നും ബാലുവിന്റെ ഭാര്യ ലക്ഷ്മി അകന്നുമാറിയ അവസ്ഥയിലാണ്. ഇരുവീട്ടുകാരും പരസ്പരമുള്ള കാര്യങ്ങൾ ഇപ്പോൾ തിരക്കാറുമില്ല. അപകടം നടന്നപ്പോൾ ലക്ഷ്മിയും കുടുംബവും ആരോപണവിധേയർക്ക് ഒപ്പം നിലകൊണ്ടത് അല്ലെങ്കിൽ അങ്ങിനെ നിലപാട് എടുത്തത് ബാലഭാസ്‌ക്കറിന്റെ കുടുംബത്തിനു താങ്ങാൻ കഴിഞ്ഞില്ല. പക്ഷെ ബാലഭാസ്‌ക്കർ മരിച്ചപ്പോൾ മുതൽ പിന്തുടരുന്ന വിവാദങ്ങൾക്ക് ഇപ്പോഴും അന്ത്യവുമായില്ല. ഒരു പാട് സംശയങ്ങൾ മരണവുമായി ബന്ധപ്പെട്ടു അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്. ബാലഭാസ്‌ക്കറിന്റെ മരണം മുതൽ വിവാദങ്ങൾക്ക് തുടക്കമാവുകയും ചെയ്തു.

കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി വണ്ടി ഓടിച്ചത് ബാലു തന്നെ എന്ന മൊഴിയും, ഈ മൊഴി സ്ഥിരീകരിക്കും വിധം വാഹനം ഓടിച്ചത് ബാലു തന്നെ എന്ന ബാലുവിന്റെ ഡ്രൈവറുടെ മൊഴിയും അപകടമരണത്തെ വിവാദത്തിന്റെ തീയിൽ നിലനിർത്തി. കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞതും ബാലുവിന്റെ ഡ്രൈവർ പറഞ്ഞതും കളവാണ് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയുകയും ചെയ്തു. ഇവർ എന്തിനു കളവു പറഞ്ഞു എന്ന ബാലുവിന്റെ കുടുംബത്തിന്റെ ആദ്യ സംശയത്തിനു തന്നെ ഇതുവരെ ദുരീകരണം വന്നിട്ടില്ല. ബാലഭാസ്‌കറിന്റെ മരണം വിവാദത്തിന്റെ നിഴലിലേക്ക് നീങ്ങുന്നതാണ് അന്ന് മുതൽ കേരളം കണ്ടത്. വാഹനാപകടത്തിലെ ദുരൂഹതകളും അപകടം കൊലപാതകമാകാനുള്ള സാധ്യതകളും നിരത്തി ബാലഭാസ്‌കറിന്റെ കുടുംബം തന്നെയാണ് ആദ്യം രംഗത്ത് വന്നത്.

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളും പാലക്കാടെ ആയുർവേദ ആശുപത്രി നടത്തുന്നവരുമായി ബാലുവിന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളും ഇവരുമായി അപകടസമയത്ത് വാഹനം ഓടിച്ച ഡ്രൈവർ അർജുന്ഉള്ള ബന്ധവുമൊക്കെയാണ് ബാലുവിന്റെ കുടുംബം ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ അപകടം നടന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ബാലുവിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അതേപടി നിലനിൽക്കുകയാണ്. അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണ്‌ എന്ന് മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞത്. അപകടവുമായി ബന്ധപ്പെട്ടു ഒട്ടുവളരെ സംശയങ്ങളാണ് ബാലഭാസ്‌കറിന്റെ കുടുംബം ഉന്നയിച്ചത്. അതിനൊന്നും തന്നെ വിശദീകരണം നൽകാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല. പക്ഷെ അന്വേഷണം പലപ്പോഴും ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് എതിരെ നീങ്ങുകയും ചെയ്തു. മകൻ നഷ്ടമായ വേദനകൾ നിലനിൽക്കുമ്പോൾ തന്നെ തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം സംഘം നിലപടെടുക്കുന്നതും ഈ കുടുംബത്തിനെ കൂടുതൽ മുറിപ്പെടുത്തി.

വാഹനാപകടം നടക്കുമ്പോൾ കലാഭവൻ സോബിൻ ഉന്നയിച്ച ആരോപണങ്ങൾ ഒന്നടങ്കം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തള്ളിക്കളഞ്ഞത് കുടുംബത്തോടുള്ള പകപോക്കൽ പോലെയാണ് ഇവർക്ക് തോന്നിയത്. ലോക്കൽ പൊലീസിനെ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് വന്നിട്ടും ഈ അന്വേഷണം ഒരിക്കലും ചൂടുപിടിച്ചതായി തോന്നിയില്ല. പ്രഹസനം പോലെ, എന്തൊക്കെയോ മുൻധാരണകൾ പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടു പോകുന്നത് കണ്ടു സഹികെട്ടാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അപകടവുമായി ബന്ധപ്പെട്ടു ബാലഭാസ്‌ക്കറിന്റെ അച്ഛൻ ഉണ്ണി നിരത്തിയ സംശയങ്ങൾ ഇങ്ങനെ: കാർ ഓടിച്ചതു താനാണെന്ന് ആദ്യം അർജുൻ സമ്മതിച്ചിരുന്നു. കാർ ഓടിച്ചത് അയാൾ തന്നെയെന്ന് അർജുന്റെ പരുക്കിന്റെ സ്വഭാവം വിലയിരുത്തി ഡോക്ടറും പറഞ്ഞു. ആര് ഇടപെട്ടിട്ടാണു പിന്നീട് അർജുൻ മൊഴിമാറ്റിയത്? സ്വർണം കള്ളക്കടത്തു കേസിൽ പ്രതിയായ പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെ സഹായികളായിരുന്നു. ഇവർക്ക് അപകടത്തിൽ പങ്കുണ്ടോ?

പാലക്കാട്ടെ ഡോ. രവീന്ദ്രനാഥിനും ഭാര്യയ്ക്കും പണം നൽകിയിട്ടുണ്ടെന്നു ബാലഭാസ്‌കർ എന്നോടു പറഞ്ഞിട്ടുണ്ട്. ഇതും അപകടവും തമ്മിൽ ബന്ധമുണ്ടോ? രേഖയിലുള്ളതിനെക്കാൾ പണമിടപാട് ഇവർ തമ്മിൽ നടന്നിട്ടുണ്ടോ? വഴിപാടു കഴിഞ്ഞു തൃശൂരിൽ താമസിക്കാനായി മുറി ബുക്ക് ചെയ്ത ബാലഭാസ്‌കർ ആരെങ്കിലും നിർദ്ദേശിച്ചിട്ടാണോ രാത്രിതന്നെ യാത്ര ചെയ്യാൻ തീരുമാനിച്ചത്? ഞങ്ങളുമായി അൽപം അകൽച്ചയിലായിരുന്ന ബാലഭാസ്‌കർ അടുത്ത് ഇടപഴകിത്തുടങ്ങിയപ്പോഴാണ് അപകടം. ഇതിൽ ദുരൂഹതയുണ്ടോ? ഇതിനൊന്നും ക്രൈംബ്രാഞ്ച് സംഘം ഇതേവരെ ഉത്തരം നൽകിയിട്ടില്ല. വഴിപാട് പോലെ അന്വേഷണം നീക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ നിന്നും ഇതിനൊന്നും ഉത്തരം ലഭിക്കില്ലെന്ന് മനസിലായപ്പോഴാണ് സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് കുടുംബം നീങ്ങിയത്.

ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല. അന്വേഷണം ഞങ്ങളുടെ കുടുംബത്തിനു എതിരെയാണ് നീങ്ങുന്നത്-ബാലഭാസ്‌കറിന്റെ ഗുരുവും അമ്മാവനുമായ പ്രമുഖ വയലിനിസ്റ്റ് ബി.ശശികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്തുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നു മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ ഞങ്ങൾ അക്കമിട്ടു എഴുതിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ഒരു കൊലച്ചതിയായാണ് ഞങ്ങൾക്ക് അനുഭവപ്പെടുന്നത്. ഞങ്ങൾ പറയുന്നതിനു കടകവിരുദ്ധമായാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. എന്ത് കളിയാണ് നടക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഒരു ചതിയുടെ ഫീൽ മണക്കുന്നു. ബാലഭാസ്‌ക്കറിന് ഒപ്പമുണ്ടായിരുന്നവർ നടത്തിയ സ്വർണ്ണക്കടത്ത് സിബിഐ അന്വേഷിക്കുകയാണ്. സിബിഐ അന്വേഷണം വന്നാൽ അവർക്ക് അന്വേഷണം എളുപ്പവുമാകും. വാഹനാപകടത്തിനു പിന്നിൽ സാമ്പത്തികമായ കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഇതിലുള്ള ഞങ്ങളുടെ സംശയങ്ങൾക്ക് ഇതുവരെ അവസാനമുണ്ടായിട്ടില്ല. അങ്ങിനെ ഒരു അപകടം വരാൻ ഒരു സാധ്യതയുമില്ല. അത് സൃഷ്ടിച്ച ഒരു അപകടമാണ്. ഞങ്ങൾ അതിൽ ഉറച്ചു നിൽക്കുകയാണ്-ശശികുമാർ പറയുന്നു.

ശശികുമാറിന് ഒപ്പം നീതി തേടിയുള്ള പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നത് ബാലഭാസ്‌കറിന്റെ കുടുംബത്തിലുള്ള പ്രിയാ വേണുഗോപാലാണ്. ബാലഭാസ്‌ക്കറിന്റെ വാഹനാപകടം ആസൂത്രിതമെന്ന പ്രിയയുടെ നിലപാടുകളും അതിൽ ഉറച്ചു നിന്നുകൊണ്ടുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റുമെല്ലാം ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ ശ്രദ്ധേയമായി മാറി. മരണകാരണം തേടിയുള്ള അന്വേഷണത്തിനു സിബിഐ വരണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രിയാ വേണുഗോപാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. എല്ലാ ആവശ്യങ്ങളും അക്കമിട്ടു നിരത്തിയുള്ള കത്ത് ഞങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. 44 ആവശ്യങ്ങൾ ഉൾപ്പെട്ട കത്താണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. സിബിഐ അന്വേഷണത്തിൽ മാത്രമേ സത്യം തെളിയൂ-പ്രിയാ വേണുഗോപാൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP