Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

രോഗിയായ സഹോദരിയുടെ കാര്യം പോലും മറന്ന് വിവാഹം; അമ്മയുമായുള്ള പിണക്കം മാറിയത് മാസങ്ങൾക്ക് മുമ്പും; അകൽച്ചയിലായിരുന്ന മകൻ ഇടപഴകി തുടങ്ങിയപ്പോഴുണ്ടായ അപകടം തളർത്തിയ അച്ഛൻ; അവൻ എത്രയോ അപകടങ്ങളിൽ പെട്ടതാണെന്നും അവന് ഒന്നും സംഭവിക്കില്ലെന്നും അർജ്ജുന്റെ അമ്മ പറയുന്നത് കേട്ടപ്പോൾ തോന്നിയ സംശയം അമ്മാവനിൽ ആധിയായത് കാർ ഓടിച്ചത് എടിഎം കവർച്ചയിലെ പ്രതിയെന്ന് അറിഞ്ഞപ്പോൾ: പള്ളിപ്പുറത്തെ ബാലഭാസ്‌കറിന്റെ അപകടത്തിലെ 'അട്ടിമറി' സിബിഐ തെളിയിക്കുമോ?

രോഗിയായ സഹോദരിയുടെ കാര്യം പോലും മറന്ന് വിവാഹം; അമ്മയുമായുള്ള പിണക്കം മാറിയത് മാസങ്ങൾക്ക് മുമ്പും; അകൽച്ചയിലായിരുന്ന മകൻ ഇടപഴകി തുടങ്ങിയപ്പോഴുണ്ടായ അപകടം തളർത്തിയ അച്ഛൻ; അവൻ എത്രയോ അപകടങ്ങളിൽ പെട്ടതാണെന്നും അവന് ഒന്നും സംഭവിക്കില്ലെന്നും അർജ്ജുന്റെ അമ്മ പറയുന്നത് കേട്ടപ്പോൾ തോന്നിയ സംശയം അമ്മാവനിൽ ആധിയായത് കാർ ഓടിച്ചത് എടിഎം കവർച്ചയിലെ പ്രതിയെന്ന് അറിഞ്ഞപ്പോൾ: പള്ളിപ്പുറത്തെ ബാലഭാസ്‌കറിന്റെ അപകടത്തിലെ 'അട്ടിമറി' സിബിഐ തെളിയിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌ക്കർ ഒരു കൊടുംപാപിയല്ല. കൊടുംപാപികൾക്കാണ് ദുർമരണം വിധിക്കപ്പെടുന്നത്. ബാലഭാസ്‌ക്കറിന്റേത് ദുർമരണമായിരുന്നു. ദുർമരണം സംഭവിക്കാൻ തക്കവണ്ണമുള്ള കൊടുംപാപം ബാലഭാസ്‌കർ ചെയ്തിട്ടില്ല. ഇരുപത്തിനാലു മണിക്കൂറും സംഗീതത്തെ ഉപാസിച്ച് ജീവിച്ചയാളാണ് ബാലഭാസ്‌കർ. ഇത്തരമൊരാൾക്ക് ദുർമരണം വിധിക്കപ്പെടില്ല. അപ്പോൾ ആ ദുർമരണത്തിന് പിന്നിൽ മറ്റേതെങ്കിലും കാണും. ആ കാരണം അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് ക്രൈംബ്രാഞ്ച് ആണ്. അന്വേഷണ സംഘങ്ങൾ ആണ്-ദുരൂഹമായി തുടരുന്ന വാഹനാപകടം ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ ഗുരുവും അമ്മാവനുമായ പ്രശസ്ത വയലിനിസ്റ്റ് ബി ശശികുമാർ മറുനാടനോട് പറഞ്ഞതാണ് ഇത്. ബാലഭാസ്‌കറിന്റെ കുടുംബം അന്ന് തുടങ്ങിയതാണ് പോരാട്ടം. കളിയാക്കാൻ മുന്നിൽ നിന്ന് വിഷ്ണുവും പ്രകാശ് തമ്പിയും. ഇവർ സ്വർണ്ണകള്ളക്കടത്തിൽ പൊളിഞ്ഞതോടെ സംശയങ്ങൾക്ക് പുതിയ തലം വന്നു. എന്നിട്ടും ക്രൈംബ്രാഞ്ച് പോലും ദുരൂഹത മാറ്റാൻ ശ്രമിച്ചില്ലെന്നതാണ് വസ്തുത. തളരാത്ത മനസ്സുമായി ബാലുവിന്ഡറെ കുടുംബം പോരാട്ടത്തിന് ഇറങ്ങിയപ്പോൾ സിഐഐ എത്തുകയാണ്.

ബാലുവിന്റെ അച്ഛൻ ഉണ്ണിയും അമ്മ സഹോദരിക്കുമൊപ്പം അമ്മാവൻ ശ്രീകുമാറും മാതൃ സഹോദരി പുത്രിയായ പ്രിയാ വേണു ഗോപാലും പോരാട്ടം എറ്റെടുത്തു. ഇതിൽ പ്രിയയ്‌ക്കെതിരെ വലിയ സൈബർ ആക്രമണമാണ് ഉണ്ടായത്. എല്ലാം അവസാനിച്ചത് വിഷ്ണുവും പ്രകാശ് തമ്പിയും സ്വർണ്ണക്കടത്തിൽ പ്രതിചേർക്കപ്പെട്ടപ്പോഴാണ്. ഇതിന് പിന്നാലെ കലാഭവൻ സോബിയുടെ വെളിപ്പെടുത്തലും. സ്വർണ്ണക്കടത്തിലെ മൂന്ന് പേർ അപടകട സ്ഥലത്തുണ്ടായിരുന്നുവെന്ന ഡിആർഎയുടെ റിപ്പോർട്ടും എത്തി. ഇതിനും ക്രൈംബ്രാഞ്ച് വില കൊടുക്കാത്തതിന് പിന്നിൽ ശഖുമുഖത്തെ ഒരു കോഫി ഷോപ്പിന്റെ ഇടപെടലാണെന്ന സംശയം സജീവമാണ്. ഭരണതലത്തിൽ നിന്ന് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന് തെളിവാണ് വാഹം ഓടിച്ചത് അർജുൻ എന്ന് തെളിഞ്ഞിട്ടും ദുരൂഹതയില്ലെന്ന ക്രൈംബ്രാഞ്ചിന്റെ നിലപാട്.

ബാലഭാസ്‌ക്കർ ഇപ്പോഴേ മരണപ്പെടാൻ വിധിക്കപ്പെട്ട ആളായിരുന്നില്ല. ഈ മരണം എന്തൊക്കെയോ ആസൂത്രണത്തിൽ വന്നതാണ്. വന്നത് ദുർമരണവുമാണ്. ഈ മരണം അങ്ങിനെ എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളാൻ ഞങ്ങൾ തയ്യാറല്ല. ഡ്രൈവർ ആരായിരുന്നു എന്ന് നോക്കൂ. കാർ ഓടിച്ചത് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ. എടിഎം കവർച്ചാ കേസുകളിലെ വരെ പ്രതി. ഇയാൾ മനഃപൂർവം സൃഷ്ടിച്ച അപകടമല്ലേ അവിടെ സംഭവിച്ചത്? ഇതാണ് ബാലഭാസ്‌കറിന്റെ ഉറ്റ ബന്ധുക്കൾ എന്ന നിലയിൽ ഞങ്ങളുടെ നിഗമനം. കാർ ഓടിച്ചത് അപ്പു അതായത് അർജുൻ തന്നെയാണെന്ന് ബാലു തന്നെ പറഞ്ഞിട്ടുണ്ട്. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും പറഞ്ഞു. എന്നിട്ടും പൊലീസിന് കാർ ഓടിച്ചത് ബാലഭാസ്‌ക്കർ എന്ന് വരുത്താനാണ് തിടുക്കം. അന്വേഷണം കാർ ഓടിച്ചത് ആരാണ് എന്നതിൽ തൊട്ടു തുടങ്ങണമെന്നായിരുന്നു ദുരൂഹത ചർച്ചയാക്കി വയലിനിലെ കുലപതിയായ ശശികുമാർ ആവശ്യപ്പെട്ടത്.

അനന്തപരു ആശുപത്രിയിലെ ഒരു സംഭവവും ശശികുമാർ മറുനാടനോട് പറഞ്ഞിരുന്നു. ബാലഭാസ്‌കറിന്റെ മകൾ അപകടത്തിൽ ആദ്യമേ മരിച്ചു. ബാലുവും ലക്ഷ്മിയും ഈ അർജുനും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ആ സമയത്ത് ബാലുവും ലക്ഷ്മിയും ജീവനുവേണ്ടി പോരാടുകയായിരുന്നു. ഞങ്ങൾ ബന്ധുക്കൾ ആശുപത്രിയിലുണ്ട്. ഈ ഘട്ടത്തിൽ ഡ്രൈവർ അർജുനന്റെ 'അമ്മ പറയുകയാണ്. എന്റെ മകന് കാലുകൾക്ക് ഗുരുതര പരുക്ക് ആണുള്ളത്. അവൻ പെട്ടെന്ന് ഒന്ന് പുറത്തിറങ്ങിക്കിട്ടിയാൽ മതിയായിരുന്നു. അപ്പോൾ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. മൂന്നുപേരും ജീവന് വേണ്ടി പോരാടുന്നു. അവർ മൂന്നുപേരും രക്ഷപ്പെട്ടു വരട്ടെ. അപ്പോൾ നിങ്ങളുടെ മകൻ മാത്രം രക്ഷപെടുന്ന കാര്യം പറയരുത്. അപ്പോൾ അർജുന്റെ അമ്മയുടെ മറുപടി ഇങ്ങിനെയായിരുന്നു. അവൻ എത്രയോ അപകടങ്ങളിൽപ്പെട്ടതാണ്. അവനു ഒന്നും സംഭവിക്കില്ല. ഇതിലും വലിയ അപകടത്തിൽപ്പെട്ടിട്ടും ഒരു കുഴപ്പവും സംഭവിക്കാതെ എഴുന്നേറ്റു വന്നവനാണ് അവൻ. ഈ അപകടത്തിലും അവനു ഒന്നും സംഭവിക്കില്ല. അവർ ഇതു പറഞ്ഞുകഴിഞ്ഞപ്പോൾ രംഗം മാറി. അവരുടെ അടുത്തു നിന്ന ബന്ധു ഈ സമയത്ത് അവരുടെ കാലുകളിൽ ചവിട്ടി. ഇതോടെ അവർ നിശബ്ദരായി. ഈ സമയത്ത് മുതൽ ഞങ്ങൾ അപകടത്തിൽ ദുരൂഹത കാണാൻ തുടങ്ങി-ശശികുമാർ കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.

അപകടസമയത്ത് രക്ഷാപ്രവർത്തനം നടത്തിയവർ ഞങ്ങളുമായി അടുപ്പമുള്ളവർ തന്നെയാണ്. ആ സമയത്ത് അപകടം കണ്ടു വാഹനം നിർത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരാണിവർ. ബാലുവിന്റെ കുട്ടിയുമായി ആശുപത്രിയിൽ പോയവർ ഇവരാണ്. കമ്പിപ്പാര കൊണ്ടാണ് അവർ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്. ബാലു കാറിന്റെ പിൻസീറ്റിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ലക്ഷ്മിയെ അവർ പുറത്തിറക്കി. ഡ്രൈവറെയും ബാലുവിനെയും പുറത്തെടുക്കാൻ ഇവർക്ക് കഴിഞ്ഞില്ല. അവർ ആ സമയത്ത് ഞങ്ങളോട് പറഞ്ഞത് ഡ്രൈവിങ് സീറ്റിൽ തടിച്ച ഒരാളാണ്. അയാളുടെ കാലുകൾ കുടുങ്ങിക്കിടക്കുകയാണ്. ഫയർഫോഴ്സ് വന്നാലേ ഡ്രൈവറെ രക്ഷപെടുത്താൻ കഴിയൂ. ആദ്യം രക്ഷാപ്രവർത്തനം നടത്തിയവരും കാറിന്റെ മുൻ സീറ്റിൽ ഇരുന്ന ലക്ഷ്മിയും പറഞ്ഞു കഴിഞ്ഞു. കാർ ഓടിച്ചത് ബാലുവല്ല ഡ്രൈവർ അർജുൻ ആയിരുന്നു എന്ന്. പിന്നെ എന്തുകൊണ്ടാണ് കാർ ഓടിച്ചത് ബാലു തന്നെ എന്ന് വരുത്താൻ ക്രൈംബ്രാഞ്ച് സംഘവും പൊലീസും ശ്രമിക്കുന്നു-ശശികുമാർ മറുനാടനോട് വിശദീകരിച്ചു. ആർക്കോ വേണ്ടി ആരോ നടത്തിയ കൊലപാതകം എന്ന നിഗമനത്തിലാണ് ബാലുവിന്റെ കാർ അപകടത്തെ ശശികുമാർ അന്നും ഇന്നും കാണുന്നത്.

എന്തു കൊണ്ട് ബാലുവിന്റെ അച്ഛൻ പോരാട്ടത്തിന് ഇറങ്ങി

രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചായിരുന്നു ബാലഭാസ്‌കറുടെ വിവാഹം. രണ്ട് കൊല്ലം കാത്തിരിക്കാൻ പറഞ്ഞിട്ടും കേട്ടില്ല. ഇതോടെയാണ് ബാലഭാസ്‌കറിന്റെ കുടുംബവുമായി ചെറിയ പ്രശ്നങ്ങൾ തുടങ്ങുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ പൂർത്തിയാക്കി ബാലഭാസ്‌കർ ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയുമൊത്തു തന്റെ കെഎൽ 01 ബിജി 6622 കാറിൽ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരത്തിന് 14 കിലോമീറ്റർ മുൻപു പള്ളിപ്പുറം സിആർപിഎഫ് ജംക്ഷൻ കഴിഞ്ഞു വലത്തേക്കുള്ള വളവു തിരിഞ്ഞു കാർ അതിവേഗത്തിൽ റോഡിനു വലതുവശത്തേക്കു നീങ്ങി. വളവിൽ നിന്ന് 100 മീറ്റർ അകലെ റോഡരികിലെ മരത്തിലിടിച്ച് അപകടം സംഭവിച്ചത്. ഇതോടെയാണ് വിവാദങ്ങളും തുടങ്ങുന്നത്.

അപകടസമയത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് അർജുനാണെന്ന് ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് പ്രകാശ് തമ്പിയും ഇത് സമ്മതിച്ചിരുന്നു. വാഹനം ഓടിച്ചത് താൻതന്നെയാണെന്ന് അപകടശേഷം അർജുൻ താനടക്കമുള്ളവരോട് സമ്മതിച്ചിരുന്നു. എന്നാൽ, പൊലീസിനു മുന്നിൽ ഈ നിലപാട് മാറ്റി. ഇതറിഞ്ഞപ്പോൾ എന്തുകൊണ്ടാണ് ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് പൊലീസിനോട് പറയാൻ കാരണമെന്ന് അന്വേഷിച്ചു. ഫോൺവിളിച്ചാണ് അന്വേഷിച്ചത്. എന്നാൽ, പ്രത്യേകിച്ച് കാരണമൊന്നും പറയാതെ ഫോൺ കട്ടാക്കി. പിന്നീട് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്തു. അർജുനെ കാണാനും കഴിഞ്ഞില്ല. തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.

ബാലഭാസ്‌കറും അർജുനും വെള്ളം കുടിച്ച ജ്യൂസ് കടയിലെ സിസിടിവിയുടെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. സുഹൃത്തുക്കളായ ജമീൽ, ചിക്കു എന്ന സനൽരാജ് എന്നിവർക്കൊപ്പമാണ് കൊല്ലം പള്ളിമുക്കിലെ കടയിലേക്ക് പോയത്. കടയുടമയുടെ ബന്ധുവിന്റെ സഹായത്തോടെ ഹാർഡ് ഡിസ്‌ക് കൈക്കലാക്കി ദൃശ്യം പരിശോധിച്ചതായും പറഞ്ഞു. എന്നാൽ, യാത്രസംബന്ധിച്ച ഒന്നും കാണാൻ കഴിഞ്ഞില്ലെന്നും ഈ ദൃശ്യങ്ങൾ ഡിലീറ്റായി പോയെന്നുമാണ് പ്രകാശൻ തമ്പി പറഞ്ഞത്. എന്നാൽ, ഇത് ക്രൈംബ്രാഞ്ച് മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിദഗ്ധ പരിശോധനയിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്നും കൂടുതൽ കാര്യം വ്യക്തമാകുമെന്ന പ്രതീക്ഷയിലുമാണ് സംഘം. ഇതിൽ ജമീലും സിസിടിവി പരിശോധന ശരിവച്ചിട്ടുണ്ട്. ഇതോടെ സിസിടിവി ആരും നോക്കിയിട്ടില്ലെന്ന ജ്യൂസ് കടയുടമയുടെ മൊഴി കളവാണെന്നും വ്യക്തമായി. ഇതും ദുരൂഹത കൂട്ടുന്നു.

പാലക്കാട്ടെ പൂന്തോട്ടത്തെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലഭാസ്‌കറിന് കൂടുതൽ അടുപ്പം. പാലക്കാട്ട് പരിപാടിക്ക് എത്തുമ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് ഡോക്ടറെ ബാലഭാസ്‌കർ പരിചയപ്പെട്ടത്. ചികിൽസയ്ക്കായിട്ടായിരുന്നു അവിടേക്കുള്ള കുടുംബവുമായുള്ള ബാലഭാക്സറിന്റെ ആദ്യ യാത്ര. പിന്നെ അടുത്ത സുഹൃത്തുക്കളായി. ബാലഭാസ്‌കർ വിദേശത്തു സംഗീതപരിപാടിക്കായി പോകുമ്പോൾ ഭാര്യ ലക്ഷ്മി, ഡോക്ടറുടെ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ഡ്രൈവറായി അർജുൻ എത്തിപ്പെടുന്നതും ഈ കുടുംബത്തിൽ നിന്നാണ്. ഡോക്ടർ രവീന്ദ്രന്റെ ഭാര്യയുടെ സഹോദരന്റെ മകനാണ് അർജുൻ. ഇയാൾ മുമ്പ് എടിഎം കവർച്ചാ കേസിലും പ്രതിയായിരുന്നു. ഇതോടെയാണ് അർജുനെ ബാലുവിന്റെ ഡ്രൈവറാക്കിയത്.

അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും അമ്മയുമായി ബാലഭാസ്‌കർ അത്ര അടുത്തിരുന്നില്ല. എന്നാൽ, അപകടത്തിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപു ബാലഭാസ്‌കർ അച്ഛന്റെയും അമ്മയുടെയും അടുത്ത് ബാലു എത്തി. സഹോദരിയെ ആശുപത്രിയിൽ കൊണ്ടു പോയി. ഇതോടെ പ്രശ്നങ്ങളും തീർന്നു. ഇതിനിടെയാണ് ബാലുവിന്റെ മരണമെത്തിയത്. ഏതായാലും ബാലുവിന്റെ മരണത്തിൽ അച്ഛൻ ഉണ്ണിക്ക് സംശയങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ഞങ്ങളുമായി അൽപം അകൽച്ചയിലായിരുന്ന ബാലഭാസ്‌കർ അടുത്ത് ഇടപഴകിത്തുടങ്ങിയപ്പോഴാണ് അപകടം. സ്വർണം കള്ളക്കടത്തു കേസിൽ പ്രതിയായ പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെ സഹായികളായിരുന്നു. ഇവർക്ക് അപകടത്തിൽ പങ്കുണ്ടോ എന്ന് കണ്ടെത്തണമെന്നും അച്ഛൻ പറയുന്നു. പാലക്കാട്ടെ ഡോ. രവീന്ദ്രനാഥിനും ഭാര്യയ്ക്കും പണം നൽകിയിട്ടുണ്ടെന്നു ബാലഭാസ്‌കർ എന്നോടു പറഞ്ഞിട്ടുണ്ട്. ഇതും അപകടവും തമ്മിൽ ബന്ധമുണ്ടോ? രേഖയിലുള്ളതിനെക്കാൾ പണമിടപാട് ഇവർ തമ്മിൽ നടന്നിട്ടുണ്ടോ? വഴിപാടു കഴിഞ്ഞു തൃശൂരിൽ താമസിക്കാനായി മുറി ബുക്ക് ചെയ്ത ബാലഭാസ്‌കർ ആരെങ്കിലും നിർദ്ദേശിച്ചിട്ടാണോ രാത്രിതന്നെ യാത്ര ചെയ്യാൻ തീരുമാനിച്ചത്?-എന്നീ അച്ഛന്റെ ചോദ്യങ്ങൾക്ക് ആർക്കും മറുപടി നൽകാൻ കഴിയുന്നില്ല. ഇതുകൊണ്ടാണ് പോരാട്ട വഴിയിൽ ബാലഭാസ്‌കറിന്റെ അച്ഛൻ നീങ്ങുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP