Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂന്തോട്ടം ആശുപത്രി നടത്തിപ്പുകാരുമായി പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകൾ; ആശുപത്രിക്കാരുടെ ബന്ധു അർജുനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്; ക്ഷേത്രദർശനത്തിനു ശേഷം വിശ്രമിക്കാൻ മുറി ബുക്ക് ചെയ്തിരുന്ന ബാലുവിന്റെ തിടുക്കത്തിലുള്ള മടക്കയാത്രയും അന്വേഷിക്കണം; വിഷ്ണുവിനേയും പ്രകാശൻ തമ്പിയേയും സംശയമെന്നും അച്ഛന്റെ മൊഴി; ഇനി കലാഭവൻ സോബിയിൽ നിന്ന് തെളിവെടുപ്പ്; ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത തിരിച്ചറിഞ്ഞ് സിബിഐയും

പൂന്തോട്ടം ആശുപത്രി നടത്തിപ്പുകാരുമായി പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകൾ; ആശുപത്രിക്കാരുടെ ബന്ധു അർജുനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്; ക്ഷേത്രദർശനത്തിനു ശേഷം വിശ്രമിക്കാൻ മുറി ബുക്ക് ചെയ്തിരുന്ന ബാലുവിന്റെ തിടുക്കത്തിലുള്ള മടക്കയാത്രയും അന്വേഷിക്കണം; വിഷ്ണുവിനേയും പ്രകാശൻ തമ്പിയേയും സംശയമെന്നും അച്ഛന്റെ മൊഴി; ഇനി കലാഭവൻ സോബിയിൽ നിന്ന് തെളിവെടുപ്പ്; ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത തിരിച്ചറിഞ്ഞ് സിബിഐയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ. സംഘം അദ്ദേഹത്തിന്റെ മാതാപതാക്കളുടെ മൊഴിയെടുത്തു. സംശയങ്ങളാണ് അച്ഛനും അമ്മയും പങ്കുവച്ചത്. ഇനി കലാഭവൻ സോബിയെ ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. ഇയാളെ ഉടൻ തിരുവനന്തപുരത്ത് സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതി സരിത്തിനെ ബാലഭാസ്‌കറിന്റെ കാർ അപകടപ്പെട്ട സ്ഥലത്ത് കണ്ടതായി ഇയാൾ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ വിശദമായി മൊഴിയെടുക്കും. അതിന് ശേഷം ഡ്രൈവർ അർജുനെ ചോദ്യം ചെയ്യും. ഇതോടെ വാഹനാപകടത്തിൽ വ്യക്തത വരുമെന്നാണ് സിബിഐ വിലയിരുത്തൽ.

സിബിഐ. ഡിവൈ.എസ്‌പി. ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി. ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത്. ഇതിനുമുമ്പുനടന്ന രണ്ട് അന്വേഷണങ്ങളിലും തൃപ്തിയില്ലെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഉണ്ണി പറഞ്ഞത്. അപകടമരണമെന്ന കണ്ടെത്തലിലാണ് പൊലീസിന്റെ രണ്ട് അന്വേഷണസംഘവും എത്തിയത്. എന്നാൽ, ഇതിൽ വിശ്വാസമില്ല. അപകടത്തെക്കുറിച്ചുള്ള കലാഭവൻ സോബിയുടെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ പറഞ്ഞു.

ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിൽ പ്രകാശ് തമ്പിയെയും വിഷ്ണുവിനെയും സംശയമുണ്ടെന്നാണ് അച്ഛനും അമ്മയും നൽകിയ മൊഴി. അപകടം ആസൂത്രിതമാണെന്ന് വിശ്വസിക്കുന്നതായും അവർ മൊഴി നൽകി. പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അപകട ശേഷം പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെയും പൂന്തോട്ടം കുടുംബത്തിന്റെയും പെരുമാറ്റം ദൂരൂഹത നിറഞ്ഞതായിരുന്നു. ആശുപത്രിയിൽനിന്ന് തങ്ങളെ അകറ്റി നിർത്താൻ ഇരുവരും ശ്രമിച്ചു. ബാലഭാസ്‌കറിന്റെ എടിഎം കാർഡുകൾ, മൊബൈൽ ഫോൺ ഉൾപ്പെടെ തമ്പി കൈവശപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാൻ മൊബൈൽഫോൺ ഫോർമാറ്റ് ചെയ്തതായും വിവരം ലഭിച്ചു. വാഹനം ഓടിച്ചത് അർജുനാണെന്ന് ബാലഭാസ്‌കർ പറഞ്ഞിരുന്നു. താനല്ല, ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അർജുൻ പിന്നീട് തിരുത്തിയതിലും ദുരൂഹതയുണ്ട്.

പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരുമായി ബാലുവിന് പത്ത് വർഷമായി സാമ്പത്തിക ഇടപകളുണ്ടായിരുന്നു. അപകടത്തിൽ അവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണം. ആയുർവേദ ആശുപത്രിക്കാരുടെ ബന്ധുവായ ഡ്രൈവർ അർജുനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. ക്ഷേത്രദർശനത്തിനു ശേഷം വിശ്രമിക്കാൻ മുറി ബുക്ക് ചെയ്തിരുന്ന ബാലു തൃശൂരിൽ നിന്ന്തിരുവനന്തപുരത്തേക്ക് എന്തിനാണ് തിടുക്കത്തിൽ യാത്ര തിരിച്ചതെന്നും അന്വേഷിക്കണം.ദീർഘദൂര യാത്രയിൽ ബാലഭാസ്‌കർ വാഹനമോടിക്കാറില്ലെന്നും, അപകട സമയത്തു വാഹനം ഓടിച്ചതു ഡ്രൈവർ അർജുൻ തന്നെയാണെന്നും ബാലുവിന്റെ ഭാര്യ ആവർത്തിച്ചു. കാറോടിച്ചത് താനാണെന്ന് ആദ്യം പറഞ്ഞ അർജ്ജുൻ, കൊല്ലം മുതൽ വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഏറെക്കാലമായി കുടുംബവുമായി ബാലു അകന്നുകഴിയുകയായിരുന്നു. അടുത്തിടെ എല്ലാവരും യോജിപ്പിലായി. ഇത് സഹിക്കാത്തവർ അപകടത്തിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്.'ഞങ്ങൾക്ക് ഇനിയൊന്നും ബാക്കിയില്ല. ഇങ്ങനെയൊരു ലോകത്ത് ജീവിക്കണമെന്നില്ല. പണത്തിനൊന്നും കൊതിയില്ല. അവനെ ഞങ്ങൾക്ക് കിട്ടുമായിരുന്നു. സത്യം കണ്ടെത്തണം '- സിബിഐ സംഘത്തോട് ഉണ്ണി പറഞ്ഞു.

അവസാന ദിവസവും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നു. വ്യക്തമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ചുണ്ടനക്കം ശ്രദ്ധിച്ചാൽ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. തമ്പിയും വിഷ്ണും സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായത് അപകടവുമായി ബന്ധപ്പെട്ട സംശയം ബലപ്പെടുത്തിയതായും ഇരുവരും പറഞ്ഞു. സിബിഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഉണ്ണി പിന്നീട് പ്രതികരിച്ചു. ബുധനാഴ്ച പകൽ 3.45ന് ആരംഭിച്ച മൊഴിയെടുക്കൽ വൈകിട്ട് 6.30നാണ് പൂർത്തിയായത്. കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി, ഇവരുടെ സഹോദരൻ പ്രസാദ് എന്നിവരുടെ മൊഴിയും സിബിഐ എടുത്തിരുന്നു. വണ്ടി ഓടിച്ചത് അർജുനായിരുന്നുവെന്ന് ലക്ഷ്മിയും സമ്മതിച്ചിട്ടുണ്ട്.

വിഷ്ണു സോമസുന്ദരവും പ്രകാശൻതമ്പിയും ബാലഭാസ്‌കറിന്റെ മാനേജർമാരാണെന്നത് തെറ്റാണെന്നും സംഗീതപരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശനെന്നും ലക്ഷ്മി മൊഴിനൽകി. സ്‌കൂൾകാലംമുതൽ ബാലുവിന്റെ പരിചയക്കാരനാണ് വിഷ്ണു. ഹോട്ടൽ അടുക്കളനിർമ്മാണത്തിന് സാധനങ്ങൾ നൽകുന്ന ബിസിനസിൽ ബാലഭാസ്‌കറും പങ്കാളിയായിരുന്നു. പാലക്കാട് ആയുർവേദ ആശുപത്രി നടത്തുന്ന ലതയെ സംഗീതപരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. പിന്നീട് ബാലു അവിടെ ചികിത്സയ്ക്കുപോയി. ഒരുതവണ പണം കടം നൽകിയെന്നല്ലാതെ പിന്നീട് സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിട്ടില്ല. ബാലഭാസ്‌കറിന് സാമ്പത്തികബാധ്യതകളില്ല. പണം കൈകാര്യംചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ലക്ഷ്മി മൊഴിനൽകി.

അപകടമുണ്ടായപ്പോൾ ബാലഭാസ്‌കർ പിൻസീറ്റിലും താൻ മുൻസീറ്റിലുമായിരുന്നു. കൊല്ലത്തെത്തിയപ്പോൾ കാർ നിർത്തി ബാലുവും ഡ്രൈവറും ജ്യൂസ് കുടിച്ചു. അതിനുശേഷവും അർജുൻ തന്നെയാണ് ഓടിച്ചത്. പെട്ടെന്ന് കാർ വെട്ടിക്കുന്നതായിതോന്നി. നെറ്റി ഇടിച്ചു. പിന്നീട് ഒന്നും ഓർമയില്ലായിരുന്നുവെന്നും ലക്ഷ്മി മൊഴിനൽകി. കഴിഞ്ഞദിവസം എഫ്.ഐ.ആർ. സമർപ്പിച്ചതിനുപിന്നാലെയാണ് സിബിഐ. സംഘം അന്വേഷണമാരംഭിച്ചത്. വിഷ്ണു, പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ അടുത്തഘട്ടത്തിൽ ചോദ്യംചെയ്യും. ഇതും അതിനിർണ്ണായകമാകും. കലാഭവൻ സോബിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതും പരിഗണിക്കും. ഇത്തരമൊരു ആവശ്യം സോബി തന്നെയാണ് മുമ്പോട്ട് വച്ചിട്ടുള്ളത്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് സിബിഐ ഏറ്റുവാങ്ങി. അപകടം ആസൂത്രിതമല്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. തുടർന്ന് കേസ് സിബിഐക്ക് വിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP