Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകട ദിവസം അർജുനാണ് വാഹനമോടിച്ചതെന്ന് ഭാര്യ ലക്ഷ്മിയടക്കം ഒട്ടേറെപ്പേരുടെ മൊഴി; അർജുൻ പറയുന്നത് ഡ്രൈവർ ബാലുവെന്നും; അപകടത്തിന് മുൻപ് തന്നെ വാഹനം അടിച്ചുതകർത്തിരുന്നുവെന്ന് സോബി; പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും പറഞ്ഞത് ശരിയോ എന്നും ഉറപ്പിക്കണം; നുണപരിശോധനയിൽ നിലപാട് അറിയിക്കാൻ 4 പേർക്ക് കോടതി നോട്ടീസ്: സമ്മതമെന്ന് സോബി ജോർജ്; മറ്റുള്ളവർ വിസമതം അറിയിച്ചാൽ അതും ദുരൂഹത കൂട്ടും; ബാലഭാസ്‌കറിന്റെ മരണത്തിൽ പോളിഗ്രാഫിന് മുമ്പേ സത്യം അറിയാം

അപകട ദിവസം അർജുനാണ് വാഹനമോടിച്ചതെന്ന് ഭാര്യ ലക്ഷ്മിയടക്കം ഒട്ടേറെപ്പേരുടെ മൊഴി; അർജുൻ പറയുന്നത് ഡ്രൈവർ ബാലുവെന്നും; അപകടത്തിന് മുൻപ് തന്നെ വാഹനം അടിച്ചുതകർത്തിരുന്നുവെന്ന് സോബി; പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും പറഞ്ഞത് ശരിയോ എന്നും ഉറപ്പിക്കണം; നുണപരിശോധനയിൽ നിലപാട് അറിയിക്കാൻ 4 പേർക്ക് കോടതി നോട്ടീസ്: സമ്മതമെന്ന് സോബി ജോർജ്; മറ്റുള്ളവർ വിസമതം അറിയിച്ചാൽ അതും ദുരൂഹത കൂട്ടും; ബാലഭാസ്‌കറിന്റെ മരണത്തിൽ പോളിഗ്രാഫിന് മുമ്പേ സത്യം അറിയാം

അഡ്വ നാഗരാജ്‌

തിരുവനന്തപുരം: ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാൻ സാധിക്കാത്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണത്തിൽ കാർ ഡ്രൈവർ അർജുനും കലാഭവൻ സോബി ജോർജും ബാലഭാസ്‌ക്കറിന്റെ സംഗീത ട്രൂപ്പ് മാനേജർ വിഷ്ണു സോമസുന്ദരവും സുഹൃത്ത് പ്രകാശ് തമ്പിയും ഹാജരാകാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസട്രേട്ട് കോടതി നോട്ടീസയച്ചു. ബാലഭാസ്‌ക്കറുടെ മരണത്തിൽ നാലു പേരും നൽകിയ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരാൻ നാലു പേരെയും നുണ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് സി ബി ഐ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയന്റെ സമ്മതം ആവശ്യമുണ്ടെന്ന സുപ്രീം കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കീഴ് കോടതി നടപടി. സമ്മതം രേഖാമൂലം എഴുതി വാങ്ങിയ ശേഷമേ കോടതി പരിശോധനക്ക് അനുമതി നൽകുകയുള്ളു. നോട്ടീസ് കൈപ്പറ്റി ഹാജരാകുന്ന ഇവർ പരിശോധനക്ക് വിസമ്മതം അറിയിക്കുന്ന പക്ഷം സി ബി ഐ ഹർജി കോടതി തള്ളിക്കളയുന്നതാണ്. പോളിഗ്രാഫ് പരിശോധന ഫലം അന്വേഷണത്തെ ശരിയായ പാതയിൽ മുന്നോട്ടു പോകാൻ സഹായിക്കാൻ മാത്രമേ ഉപയോഗിക്കാവൂവെന്നും അത് വിചാരണയിൽ തെളിവായി ഉപയോഗിക്കാൻ പാടില്ലെന്നുമാണ് സുപ്രീം കോടതിയുടെ വിധിന്യായം.

അതേ സമയം വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലും ആയതിന്റെ അടിസ്ഥാനത്തിലും എന്തെങ്കിലും രേഖാമൂലമുള്ളതോ വായ് മൊഴി തെളിവുകളോ തൊണ്ടിമുതലോ വീണ്ടെടുക്കുന്ന പക്ഷം അവ വിചാരണയിൽ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 പ്രകാരമുള്ള തെളിവായി സ്വീകരിക്കാവുന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടണ്ട്. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സോബി ജോർജ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ കഴിയും. മറ്റുള്ളവർ നുണ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ അത് സംശയത്തിനും വഴിവയ്ക്കും. മൊഴികളിൽ കളവുണ്ടെന്ന് ഇതിലൂടെ ഉറപ്പിക്കാനും കഴിയും. ഈ സാഹചര്യത്തിലാണ് നാലു പേർക്കുമെതിരെ നുണ പരിശോധനയ്ക്ക് സിബിഐ ശ്രമിക്കുന്നത്.

അപകട ദിവസം അർജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയടക്കം ഒട്ടേറെപ്പേരുടെ മൊഴി. എന്നാൽ അർജുൻ പറയുന്നത് ബാലഭാസ്‌കറാണെന്നാണ്. അപകടത്തിന് മുൻപ് തന്നെ വാഹനം അടിച്ചുതകർത്തിരുന്നുവെന്നാണ് സോബി പറയുന്നത്. എന്നാൽ മറ്റ് സാക്ഷികളോ സാഹചര്യത്തെളിവുകളോ ഇത് ശരിവയ്ക്കുന്നില്ല. ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയമുണ്ടെന്ന് മാതാപിതാക്കൾ പരാതി നൽകിയവരാണ് പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും. ഇത്തരത്തിൽ മൊഴികളിൽ വ്യക്തത തേടാനാണ് നുണപരിശോധന നടത്തുന്നത്.

സോബി ജോർജിന്റെ നുണ പരിശോധന പോലും അതീവ നിർണ്ണായകമാണ്. ആർക്കും അവിശ്വസനീയമായ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ശാസ്ത്രീയ പരിശോധനയിൽ ഇവ ശരിയാണെന്ന് കണ്ടെത്തിയാൽ ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതകൾ കൂടുകയും ചെയ്യും. സത്യം പുറത്തു വരുന്നതിൽ വിമുഖതയുള്ളവരാണ് സാധാരണ നുണ പരിശോധനയ്ക്ക് വിധേയമാകാൻ മടിക്കുന്നവർ. ബാലഭാസ്‌കറിന്റെ ഡ്രൈവറും സുഹൃത്തുക്കളും പിന്മാറിയാൽ പോലും അത് സത്യത്തിലേക്കുള്ള വിരൽ ചൂണ്ടലായി മാറും. അത് മറ്റ് ചർച്ചകൾക്കും സംശയങ്ങൾക്കും വഴിവയ്ക്കുകയും ചെയ്യും.

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ഓഗസ്റ്റ് 3 ന് സിബിഐ സമർപ്പിച്ച എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. സംഭവത്തിൽ തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട ബാല ഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സ്വാഭാവിക റോഡപകടമരണമാക്കി കേസ് എഴുതിത്ത്ത്തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിലെ ചില പ്രതികൾക്ക് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ പങ്കും പങ്കാളിത്തവുമുള്ളതായി ആരോപണം ഉയർന്നു വന്നിട്ടുണ്ട്.

മരണത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിനടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സി ബി ഐ കേസേറ്റെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാണ് സി ബി ഐ യാതൊരു ആക്ഷേപവുമുന്നയിക്കാതെ കേസ് ഏറ്റെടുത്ത് എഫ് ഐ ആർ ഇട്ടത്. കോടതി ഉത്തരവില്ലാതെ കേസ് ഏറ്റെടുക്കുന്നതിൽ ഈ രീതിയാണ് സി ബി ഐ മാന്വൽ നിഷ്‌ക്കർശിക്കുന്നത്.

2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വച്ച് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP