Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാൻ തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടി വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? പൂന്തോട്ടം ആശുപത്രിയുടെ പങ്കെന്ത്? നേരറിയാൻ സിബിഐ എത്തിക്കുന്നത് 2018 ഒക്ടോബറിൽ മറുനാടൻ തുറന്നുവിട്ട കുടത്തിലെ ഭൂതം; വയലിനിസ്റ്റിന്റെ അപകട മരണം ദുരൂഹം തന്നെ

ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാൻ തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടി വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? പൂന്തോട്ടം ആശുപത്രിയുടെ പങ്കെന്ത്? നേരറിയാൻ സിബിഐ എത്തിക്കുന്നത് 2018 ഒക്ടോബറിൽ മറുനാടൻ തുറന്നുവിട്ട കുടത്തിലെ ഭൂതം; വയലിനിസ്റ്റിന്റെ അപകട മരണം ദുരൂഹം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ലക്ഷക്കണക്കിന് സംഗീതപ്രേമികളെ ഫ്യൂഷൻ ലഹരിയിലും കർണ്ണാടക സംഗീതത്തിലും ഒരു പോലെ ആറാടിച്ച അതുല്യപ്രതിഭയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌ക്കർ. ആ അവിസ്മരണീയ സംഗീതയാത്രയിൽ സുഹൃത്തുക്കളായിരുന്നു ബാലുവിന് എല്ലാമെല്ലാം. സംഗീത ലോകത്തിന് തീരാനഷ്ടം സമ്മാനിച്ചാണ് വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലു യാത്രയാകുമ്പോൾ ചില ചോദ്യങ്ങളും അവശേഷിച്ചിരുന്നു. അതിരാവിലെ ദേശീയ പാതയിലുണ്ടായ അപകടം. സ്വാഭാവികമായി ഡ്രൈവറുടെ ഉറക്കമാണ് മരണ കാരണമെന്ന് ഉറപ്പിക്കാമെന്ന വിലയിരുത്തലെത്തി. വഴിയരുകിലെ മരണം മരത്തിലിടിച്ചാണ്. മറ്റ് വാഹനങ്ങളൊന്നും ദുരന്തത്തിന് വഴി വച്ചതുമില്ല. അതുകൊണ്ട് തന്നെ തീർത്തും സ്വാഭാവികമാണ് മരണം എന്ന് ഏവരും കരുതി. ഇതിനിടെയാണ് മറുനാടൻ ചില വിവരങ്ങൾ പുറത്തു വിട്ടത്. അന്ന് പ്രസിദ്ധനായ മെന്റലിസ്റ്റ് അടക്കമുള്ളവർ മറുനാടനെതിരെ വിമർശനവുമായി എത്തി. എന്നാൽ അന്ന് ബാലുവിന്റെ കുടുംബത്തിന് ചില സംശയങ്ങളുണ്ടെന്ന പുറത്തു വിട്ട മറുനാടൻ വാർത്ത പല വഴികളിലൂടെ സഞ്ചരിച്ചു. ബാലഭാസ്‌കറിന്റെ കൂട്ടുകാരായ വിഷ്ണുവും പ്രകാശ് തമ്പിയും സ്വർണ്ണ കടത്ത് കേസിൽ കുടുങ്ങിയതോടെ എല്ലാം സംശയ നിഴലിലായി. ഈ സംശയമാണ് സിബിഐ അന്വേഷണത്തിന് വഴിയൊരുക്കുന്നത്.

ബാലുവിന്റെ സുഹൃത്തുക്കളെല്ലാം നല്ല പിള്ളേരാണെന്ന് പറഞ്ഞ മെന്റലിസ്റ്റിനെ ഇന്ന് കാണാനില്ലെന്നതാണ് യാഥാർത്ഥ്യം. ബാലലീല എന്ന പേരിൽ ലൈവ് ഷോയുമായി ലോകംചുറ്റിയ അപൂർവ്വ പ്രതിഭയ്ക്ക് സംഗീത ലോകത്ത് ശത്രുക്കളുണ്ടായിരുന്നു. ഇത് ബാലു തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് ബാലുവിന്റെ കുടുംബം സംശയത്തോടെ അപകട മരണത്തെ കണ്ടത്. ക്ഷേത്ര ദർശനത്തിന് തൃശൂരിൽ പോയതാണ് ബാലുവും കുടുംബവും. രാത്രിയിൽ തങ്ങാൻ തൃശൂരിൽ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കൾക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കൾക്ക് കിട്ടിയ അറിവും. രാത്രി തൃശൂരിൽ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റി. തൃശൂരിൽ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും. രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട നൽകുന്നത്. ഈ വാർത്ത 2018 ഒക്ടോബറിലാണ് മറുനാടൻ നൽകിയത്. ബാലഭാസ്‌കർ മരിച്ച് ദിവസങ്ങൾക്ക് അകം.

ക്ഷേത്ര ദർശനത്തിന് ശേഷം തൃശൂരിൽ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന. മരണത്തിൽ എന്തൊക്കെയോ അസ്വാഭാവികത തോന്നിക്കുന്നുണ്ട്-ഇങ്ങനെയാണ് ബാലഭാസ്‌കറിന്റെ ബന്ധു മറുനാടനോട് ഇതുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് പ്രതികരിച്ചത്. സംശയിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അതിന് ശേഷം കൂടുതൽ വെളിപ്പെടുത്തൽ നടത്താമെന്നും അവർ പറഞ്ഞു. പിന്നീട് സംഭവിച്ചതും പുറത്തു വന്നതുമെല്ലാം തീർത്തും അപ്രതീക്ഷിത കാര്യങ്ങളായിരുന്നു. ബാലുവാണ് വണ്ടി ഓട്ടിച്ചതെന്ന് തെളിയിക്കാൻ നടത്തിയ നീക്കവും അത് പൊളിഞ്ഞതുമെല്ലം. എന്നിട്ടും ഈ മരണത്തിൽ ക്രൈംബ്രാഞ്ച് മാത്രം ദുരൂഹത കണ്ടില്ല. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയ്‌ക്കെതിരെ ഉയർന്ന സംശയമൊന്നും ആരും ചർച്ചയാക്കിയില്ല.

ലോകപ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം ഫ്യൂഷൻ ഒരു വിരുന്നായി ജനഹൃദയങ്ങളിൽ എത്തിച്ച കലാകാരനായിരുന്നു ബാലഭാസ്‌കർ. ഇലക്ട്രിക് വയലിനിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള യുവതലമുറയെ ഹരം കൊള്ളിച്ചു. ഫ്യൂഷനെ മാത്രമല്ല ബാലു പ്രണയിച്ചിരുന്നത്. ശാസ്ത്രീയസംഗീത കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പവും ബാലയുടെ വയലിൻ ഈണമിട്ടു. ഇങ്ങനെ ആരാധകരെ കൈയിലെടുത്ത് മുന്നേറുമ്പോഴും ചിരിച്ച മുഖവുമായി വേദികളിൽ നിറഞ്ഞ ബാലു തന്റെ മനസ്സിലെ വേദന തുറന്നു പറഞ്ഞിരുന്നു. സംഗീതം തന്നെ ഉപേക്ഷിച്ചുവെന്ന് പോസ്റ്റുമിട്ടു. ഭാര്യ ലക്ഷ്മിയുടെ അറിവോടെയാണ് ഇതെന്നും ബാലു തന്നെ വിശദീകരിക്കുകയും ചെയ്തു. ആരാധകരുടെ സ്നേഹം അറിഞ്ഞ് ബാലു വീണ്ടും സ്റ്റേജിൽ സജീവമായി. ബാലുവിന്റെ പഴയ വെളിപ്പെടുത്തലിന് മരണവുമായി ബന്ധമുണ്ടോ എന്നതാണ് ബന്ധുക്കളെ ആകുലപ്പെടുത്തുന്നത്. പക്ഷേ പഴയ ഈ വെളിപ്പെടുത്തലുകളിലേക്കും ക്രൈംബ്രാഞ്ച് തിരിഞ്ഞു നോക്കിയില്ല.

സംഗീതവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു ബാലുവിന് എല്ലാം. എന്നാൽ ഒരിക്കൽ ഒരു സുഹൃത്തിൽ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകർത്തു. സംഗീതത്തെ ജീവനേക്കാൾ പ്രണയിച്ച ബാലഭാസ്‌കർ ഒരിക്കൽ കലാജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി. ഇത് സംബന്ധിച്ച് ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പങ്കുവയ്ച്ചു. അന്ന് ആ വാർത്തയെ ഞെട്ടലോടു കൂടിയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ പിന്നീട് അത് പിൻവലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാൽ ചില അനുഭവങ്ങൾ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കർ അതെക്കുറിച്ച് പറഞ്ഞത്. ഈ തുറന്ന് പറച്ചിലുകളിൽ പലതും ഒളിച്ചിരിപ്പുണ്ട്. തന്നെ ചതിച്ചുവെന്ന് ബാലു പറഞ്ഞ വ്യക്തിക്ക് ഈ മരണവുമായി ബന്ധമുണ്ടോ എന്ന പരിശോധനായണ് ബന്ധുക്കൾ നടത്തിയത്. ക്ഷേത്ര ദർശനം നടത്തി ബാലു അർദ്ധരാത്രിയിൽ നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണമാണ് തേടുന്നത്. ബാലുവിന്റെ മകളും അപകടത്തിൽ മരിച്ചു. ഭാര്യ ലക്ഷ്മിയും സുഹൃത്തും ഡ്രൈവറുമായ അർജ്ജുനും പറയുന്നതിൽ വൈരുദ്ധ്യവും.

നേരത്തെ തന്നെ ചിതിച്ചയാളെ കുറിച്ച് ബാലു നടത്തിയ വെളിപ്പെടുത്തലിൽ ലക്ഷ്മിക്കും എല്ലാം അറിയാമെന്ന് വിശദീകരിച്ചിരുന്നു. മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണിതെന്ന സൂചനയാണ് ബന്ധുക്കൾക്കുള്ളത്. അതുകൊണ്ട് കൂടിയാണ് ബാലുവിന്റെ മരണത്തിലെ പൊരുൾ തേടി ബന്ധുക്കൾ ഇറങ്ങുന്നത്. ജീവിതത്തിൽ എല്ലാവർക്കും മനസാക്ഷി സൂക്ഷിപ്പുകാർ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവർ. എന്റെ ബലഹീനതകളെ മനസ്സിലാക്കുന്നവർ. എന്റെ സ്വപ്നങ്ങൾ ഞാൻ അവരുമായി പങ്കുവയ്ച്ചു. എന്റെ എല്ലാകാര്യങ്ങളും അവരിലൂടെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. എന്റെ ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങളും എടുത്തത് അവരായിരുന്നു. അവർക്ക് ഞാൻ എല്ലാം വിട്ടു നൽകിയെന്നും ബാലു വിശദീകരിച്ചിട്ടുണ്ട്.

പക്ഷേ ഒരു ഘട്ടത്തിൽ എന്റെ അടുത്ത ഒരാളിൽ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോൾ തകർന്നുപോയി. വളരെ പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ഞാൻ ഒരുപാട് കരഞ്ഞു. പിന്നീട് എനിക്ക് സ്റ്റേജിൽ നിൽക്കാൻ തോന്നിയില്ല. സത്യസന്ധമായി സംഗീതം എന്നിൽ നിന്ന് പുറത്ത് വന്നില്ല. ചിരിക്കാൻ പോലും ഞാൻ പ്രയാസപ്പെട്ടു. അത് എന്നോടും ഞാൻ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി. ഇതെക്കുറിച്ച് ലക്ഷ്മിയോട് ഞാൻ സംസാരിച്ചു. അങ്ങനെയാണ് സംഗീതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചത്. അങ്ങനെ ഞാനൊരു ഫേസ്‌ബുക്ക് പോസ്റ്റിട്ടു. അതിനു ശേഷമാണ് ആളുകൾ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സുഹൃത്തുക്കൾ ഇടപ്പെട്ട് ആ പോസ്റ്റ് പിൻവലിച്ചു.-ഇതായിരുന്നു ബാലുവിന്റെ പഴയ വെളിപ്പെടുത്തൽ. ബാലുവിനെ കരയിക്കാൻ മാത്രം ചതിച്ച സുഹൃത്ത് ആരെന്നതാണ് ഉയരുന്ന ചോദ്യം. തൃശൂരിലെ യാത്രയ്ക്കിടെ ഇയാൾ ഇടപെടലുകൾ നടത്തിയോ എന്ന സംശയവും കുടുംബത്തിനുണ്ട്.

വയലിൻ കളിപ്പാട്ടമാക്കിയ ബാല്യം. പതിനേഴാം വയസ്സിൽ സിനിമയിൽ തന്റെ സാന്നിധ്യമറിയിച്ചു. തുടർന്നിങ്ങോട്ട് സിനിമയും ആൽബവും സ്റ്റേജ് ഷോകളുമായി പേരിനെ അന്വർത്ഥമാക്കും പോലെ ഉദയസൂര്യനായി ശോഭിച്ചു. സംഗീതവാനിലെ ഉദയസൂര്യനായി ബാലു മാറി. എന്നും വീട്ടുകാരിൽ നിന്ന് അകലം പാലിച്ചായിരുന്നു യാത്രകൾ. കോളേജ് കാലത്തെ പ്രണയത്തെ വീട്ടുകാർ എതിർത്തപ്പോൾ കൂടെ നിന്നത് സുഹൃത്തുക്കളായിരുന്നു. ലോകമറിയുന്ന സംഗീതജ്ഞനായി വളർന്നപ്പോൾ സൗഹൃദങ്ങൾ പുതിയ തലത്തിലെത്തിച്ചു. ക്യാമ്പസിലെ പ്രണയത്തിനൊടുവിൽ ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു ബാലഭാസ്‌ക്കർ ലക്ഷ്മിയെ സ്വന്തമാക്കിയത്. കാറപകടത്തിൽ ബാലഭാസ്‌ക്കറിനൊപ്പം ഗുരുതര പരിക്കേറ്റ് ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്.

2018 സെപ്റ്റംബർ 25-ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നൽകിയ സാഹചര്യത്തെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയിലെ ഇടപാടുകളും സംശയത്തിലായിരുന്നു. ആശുപത്രി ഉടമയുടെ ഭാര്യയായ ലതയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തെങ്കിലും വെറുതെ വിട്ടു. അപകടസ്ഥലത്തെത്തിയ മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരൻ ബാലുവിന്റെ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ, എവിടെയെത്തി എന്നായിരുന്നു ചോദ്യം. ലത എന്ന് സേവ് ചെയ്ത നമ്പരിൽനിന്നായിരുന്നു വിളി. കാറിലുള്ളവർക്ക് അപകടമുണ്ടായെന്ന് പറഞ്ഞയുടൻ ഫോൺ കട്ടുചെയ്തു. എവിടെവച്ചാണ് അപകടം, കുഴപ്പമുണ്ടോ എന്നിങ്ങനെ സ്വാഭാവികമായി ചോദിക്കേണ്ട ചോദ്യങ്ങൾ പോലുമുണ്ടായില്ല. കാറിലുണ്ടായിരുന്നവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത് ശാസ്ത്രീയപരിശോധന നടത്തിയില്ല. മംഗലപുരം പൊലീസിന് ഇക്കാര്യത്തിൽ വലിയ വീഴ്ചകളുണ്ടായി. ഇതൊന്നും ക്രൈംബ്രാഞ്ചും അന്വേഷിച്ചില്ല.

ലത, സ്വർണക്കടത്ത് കേസിൽ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു എന്നിവർക്ക് എതിരെ ഇവർ മൊഴി നൽകിയിരുന്നു. ലതയുടെ നിർദ്ദേശ പ്രകാരം ബാലഭാസ്‌കർ വൻതുക വിവിധ ഇടപാടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. അർജുനെ ഡ്രൈവറായി നിയോഗിച്ചത് ലതയുടെ നിർദ്ദേശത്തെ തുടർന്നാണ്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അർജുനാണ്. ഇക്കാര്യം ആദ്യം അയാൾ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മൊഴി മാറ്റി. ഇരുവരെയും സംശയുമുണ്ടെന്നും മൊഴി നൽകി. ബാലു വാങ്ങിയ വസ്തുക്കളെ കുറിച്ചും ഇടപാടുകളും അറിവുണ്ടായിരുന്ന മൂന്നുപേരും ഇക്കാര്യങ്ങൾ ബന്ധുക്കളിൽ നിന്നും മറച്ചുവച്ചു. ഒരുകോടി രൂപയിലേറെ വിലമതിക്കുന്ന സംഗീത ഉപകരണങ്ങളെ കുറിച്ചും വ്യക്തമായ വിവരങ്ങൾ ഇല്ലെന്നും അന്വേഷക സംഘത്തിന് സൂചന ലഭിച്ചിരുന്നു. ബാലുവിന്റെ സംഗീതസൃഷ്ടികൾ എന്ത് ചെയ്തെന്ന് അറിയില്ല. ഇക്കാര്യങ്ങൾ അന്വേഷിക്കണം. പ്രകാശ് തമ്പി, വിഷ്ണു എന്നിവരെ സംശയമുണ്ട്.

പഠനകാലം മുതൽ വിഷ്ണു ബാലഭാസ്‌കറിന്റെ കൂടെയുണ്ട്. പ്രകാശ് തമ്പി സുഹൃത്തായി കൂടിയിട്ട് ആറ് വർഷമേ ആയിട്ടുള്ളൂ. സ്വകാര്യ ആശുപത്രിയിൽ കാന്റീൻ നടത്തിപ്പുകാരനായിരുന്നു ഇയാൾ. ജിമ്മിൽ ട്രെയിനറാണെന്നും പറഞ്ഞിരുന്നു. ബാലഭാസ്‌കറിനെ ജിമ്മിൽ പരിശീലിപ്പിച്ചിരുന്നത് ഇയാളെന്നും പറഞ്ഞിരുന്നു. എന്നാൽ തടിച്ച ശരീരമുള്ള പ്രകാശ് തമ്പി ജിം ട്രെയിനറാണെന്ന് വിശ്വസിക്കുന്നില്ലെന്നും ബാലുവിന്റെ അച്ഛൻ ഉണ്ണി മൊഴി നൽകിയിരുന്നു. ബാലഭാസ്‌കർ സഞ്ചരിച്ച കാറിന്റെ മുൻസീറ്റിലെ ചോരപ്പാടുകൾ അപകടശേഷം ഒരാൾ തുടച്ചു മാറ്റിയത് കണ്ടെന്ന ദൃക്സാക്ഷി മൊഴികളും നിഗൂഡതയിസലേക്ക് വിരൽ ചൂണ്ടുന്നു.

ഗുരുവായൂർ ദർശനത്തിനു ശേഷം കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് ദേശീയപാതയുടെ കിഴക്കുഭാഗത്തുകൂടി വന്ന കാർ, റോഡിന്റെ എതിർവശത്തേക്ക് വെട്ടിത്തിരിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു. സിആർപിഎഫ് ക്യാമ്പിന് മുൻപുള്ള ഇറക്കമിറങ്ങി, കയറ്റം കയറിവന്ന കാർ നിരപ്പായ റോഡിലൂടെ മുന്നോട്ടോടി ക്യാമ്പ് കഴിഞ്ഞുള്ള ചെറിയ വളവും പിന്നിട്ട് 30 മീറ്ററോളം മുന്നോട്ടുപോയ ശേഷമാണ് എതിർവശത്തെ കോളനി റോഡിന്റെ കവാടത്തിലുള്ള മരത്തിലിടിച്ചത്. വളവിലെത്തിയപ്പോൾ ഡ്രൈവർ ഉറങ്ങിയെങ്കിൽ റോഡിന്റെ എതിർഭാഗത്തേക്ക് പോകുന്നതിനെക്കാൾ, അതേദിശയിൽ ഇടിച്ചുകയറാനാണ് സാദ്ധ്യത. മറുവശത്തേക്ക് പൊടുന്നനെ കാർ വെട്ടിത്തിരിഞ്ഞെങ്കിൽ ഡ്രൈവർ ഉണരേണ്ടതാണ്. അപ്പോൾ ശക്തമായി ബ്രേക്ക് ചെയ്യും. അപകടമൊഴിവാക്കാനുള്ള സഡൻ ബ്രേക്കിംഗിൽ റോഡിലും റോഡരികിലും ടയറിന്റെ അടയാളമുണ്ടാവും.

കൊല്ലം പള്ളിമുക്കിൽ കാർനിറുത്തി ജ്യൂസ് കഴിച്ച ശേഷമായിരുന്നു ബാലു തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഈ കടയിലെ സി.സി ടിവി കാമറ പരിശോധിച്ചെങ്കിൽ ആരാണ് ഡ്രൈവിങ് സീറ്റിൽ കയറിയതെന്ന് കണ്ടെത്താമായിരുന്നു. പള്ളിമുക്കിൽ റോഡിലും ട്രാഫിക് സിഗ്നലുകളിലും കാമറകളുണ്ട്. 9 മാസം വൈകിയതോടെ ഈ തെളിവുകളെല്ലാം നഷ്ടമായി. പള്ളിമുക്കിലെ കാമറ നോക്കാതെ, ദേശീയപാതയിലെ കാമറകൾ പൊലീസ് പരിശോധിച്ചു. രാത്രിയിൽ അമിതവേഗതയിലോടിയ കാറിനുള്ളിലുള്ളവരെ കണ്ടെത്താനാവില്ലെന്ന് ഫയലിലെഴുതി. ജ്യൂസ് കഴിച്ച കടയിലെ ഹാർഡ് ഡിസ്‌ക് വിഷ്ണു കൊണ്ടു പോയതും സംശയമായി തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP