Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ പ്യൂണിനെ കൊലപ്പെടുത്തിയ രാഗേഷിനു ജാമ്യം ലഭിച്ചതറിഞ്ഞ് കൊലയ്ക്കു കാരണക്കാരിയായ കാമുകിയും കുടുംബവും അജ്ഞാത കേന്ദ്രത്തിലേക്കു മുങ്ങി; കാമുകിയെയും കൊല്ലാൻ പദ്ധതിയിട്ടെന്ന് രാഗേഷ് പൊലീസിനോടു പറഞ്ഞതിനെ ഭയപ്പെട്ടു; ഒറ്റ കൊലപാതകത്തോടെ തകർന്നതു മൂന്നു കുടുംബങ്ങൾ

സ്‌കൂൾ പ്യൂണിനെ കൊലപ്പെടുത്തിയ രാഗേഷിനു ജാമ്യം ലഭിച്ചതറിഞ്ഞ് കൊലയ്ക്കു കാരണക്കാരിയായ കാമുകിയും കുടുംബവും അജ്ഞാത കേന്ദ്രത്തിലേക്കു മുങ്ങി; കാമുകിയെയും കൊല്ലാൻ പദ്ധതിയിട്ടെന്ന് രാഗേഷ് പൊലീസിനോടു പറഞ്ഞതിനെ ഭയപ്പെട്ടു; ഒറ്റ കൊലപാതകത്തോടെ തകർന്നതു മൂന്നു കുടുംബങ്ങൾ

രഞ്ജിത് ബാബു

കണ്ണൂർ: ബക്കളം കൊലക്കേസ് പ്രതി പാച്ചേനി തറമ്മൽ രാഗേഷിന് കർശന ഉപാധികളൊന്നുമില്ലാതെ ജാമ്യം ലഭിച്ചതോടെ സംഭവത്തിന് കാരണക്കാരിയായ യുവതിയുടെ കുടുംബം അജ്ഞാതകേന്ദ്രത്തിലേക്ക് ഒളിച്ചോടി. ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ഉടൻ തന്നെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രാഗേഷ് പുറത്തിറങ്ങിയിരുന്നു. ജാമ്യവിവരം പുറത്തുവന്നതോടെ രാഗേഷിന്റെ മുൻ കാമുകിയും ഭർതൃമതിയുമായ യുവതിയും കുടുംബവും ഭീതിയിലായിരുന്നു.

പറശ്ശിനിക്കടവ് സ്‌ക്കൂൾ പ്യൂണും സുഹൃത്തുമായ പുതിയ പുരയിൽ രജീഷിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തപ്പോൾ തന്റെ പൂർവ്വ കാമുകിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി രാഗേഷ് സൂചിപ്പിച്ചിരുന്നു. ഈ ഭയം കാരണമാണ് രാഗേഷ് പുറത്തിറങ്ങുന്ന ദിവസം തന്നെ യുവതിയും കുടുംബവും ആരോരുമറിയാതെ സ്ഥലം വിട്ടത്.

കഴിഞ്ഞ സെപ്റ്റംബർ 5 നാണ് നാടിനെ നടുക്കിയ ദാരുണമായ കൊല നടന്നത്. ഭർതൃമതിയായ കാമുകിയെ സുഹൃത്തായ റജീഷ് കൈവശപ്പെടുത്തിയതിലുള്ള പ്രതികാരമായിരുന്നു കൊലക്ക് കാരണം. ബക്കളത്തെ വിദ്യാസമ്പന്നയും സുന്ദരിയും ഭർതൃമതിയുമായ യുവതിയായിരുന്നു രാഗേഷിന്റെ കാമുകി. ഇവർ തമ്മിലുള്ള വഴിവിട്ട ബന്ധമറിഞ്ഞ രാഗേഷിന്റെ ഭാര്യ അയാളെ ഒഴിവാക്കി വിദേശത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഭർതൃമതിയായ യുവതിയും രാഗേഷും തമ്മിൽ ബന്ധം തുടർന്നു. ഇതിനായി അയാൾ ഗൾഫിലെ ജോലിയും ഉപേക്ഷിച്ചു. സ്‌ക്കൂൾ ജീവനക്കാരനായ റജീഷായിരുന്നു രാഗേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത്.

ഒരിക്കൽ രണ്ടു പേരും മദ്യപിക്കവേ രാഗേഷിൽ നിന്നും കാമുകിയുടെ ഫോൺ നമ്പർ റജീഷ് തട്ടിയെടുത്തു. ഇതു വഴി അയാൾ കാമുകിയുമായി കൂടുതൽ അടുത്തു. 36 കാരനായ രാഗേഷിനേക്കാൾ 32 തികയാത്ത റജീഷിനോടായിരുന്നു കാമുകിക്ക് താത്പര്യം. ഈ ബന്ധം മനസ്സിലാക്കിയ രാഗേഷ് കാമുകിയെ ഭീഷണിപ്പെടുത്തിയെങ്കിലും റജീഷുമായുള്ള ബന്ധം തുടർന്നു. രാഗേഷിൽ നിന്നും അകലുകയും ചെയ്തു. റജീഷ് കാരണം യുവതി തന്നെ കൈവിട്ട പ്രതികാരത്തിൽ റജീഷിനെ ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയായിരുന്നു പിന്നീട് രാഗേഷ്.

കാമുകിയുമായി ബന്ധപ്പെട്ട സംഭവം ചർച്ച ചെയ്യാനെന്ന വ്യാജേന സ്‌ക്കൂളിൽ നിന്നും രജീഷിനെ സെപ്റ്റംബർ 5 ാം തീയ്യതി രാഗേഷ് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. വാടക കാറിൽ പറശ്ശിനിക്കടവ് പാലത്തിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ചതിനു ശേഷം ഇവർ കാമുകിയെ ചൊല്ലി പരസ്പരം തർക്കിച്ചു. അതിനൊടുവിൽ രജീഷിനെ കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തി. തുടർന്ന് ടാക്സി കാറിൽ ബക്കളത്തെ വിജനമായ സ്ഥലത്തുകൊണ്ടു പോയി പ്രവർത്തനം നിലച്ച പ്ലൈവുഡ് കമ്പനിക്കു സമീപം ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കൊണ്ടിട്ടു.

തുടർന്ന് പ്രതി മാതമംഗലത്തെ സഹോദരിയുടെ വീട്ടിലേക്കുള്ള യാത്രയിൽ കത്തിയും മുണ്ടും കാട്ടിലുപേക്ഷിച്ച ശേഷം തിരിച്ചു വരികയും രജീഷിന്റെ ഫോൺ സിം മാറ്റിയ ശേഷം കർണ്ണാടകത്തിലേക്ക് പോവുകയായിരുന്ന ഒരു ലോറിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. സ്‌കൂളിൽ നിന്നും പുറത്തുപോയ രജീഷിനെ കാണാതായതിനുശേഷവും ഫോൺ പ്രവർത്തിച്ചത് പൊലീസ് അന്വേഷണത്തിൽ തുമ്പുണ്ടാക്കാൻ സഹായകമായി. മാത്രമല്ല രാഗേഷ് തൊട്ടടുത്ത ദിവസം തന്നെ സൗദിയിലേക്ക് പോവുകയും ചെയ്തു.

സൗദിയിൽ സഹോദരന്റെ അടുക്കൽ അഭയം തേടിയ രാഗേഷിനെ തന്ത്രപൂർവ്വം പൊലീസ് സഹോദരനെ ബന്ധപ്പെട്ടു തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. സൗദിയിൽ നിന്നും തിരിച്ചെത്തിയ രാഗേഷ് ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഡയറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യം മറച്ചു വെക്കാനും രാഗേഷ് നന്നായി പരിശ്രമിച്ചിരുന്നു. രജീഷ് ജീവനോടെയുണ്ടെന്ന് വരുത്തിത്തീർക്കാൻ സമീപകാലത്ത് ഇറങ്ങിയ ഒരു മലയാള സിനിമയിലെ ദൃശ്യങ്ങളെ അനുകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. രജീഷിനെ കൊല്ലാൻ ഉപയോഗിച്ച കത്തി പാണപ്പുഴ കരിങ്കച്ചാലിലെ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലും കാറിലുണ്ടായിരുന്ന ടർക്കി ടൗവ്വലുകൾ രക്തം പുരണ്ട നിലയിലും കണ്ടെത്തിയിരുന്നു.

ഒരു കാമുകിയെ ചൊല്ലിയുണ്ടായ കലഹത്തിൽ മൂന്നു കുടുംബങ്ങളാണ് വഴിയാധാരമാവുന്നത്. പ്രതിയായ രാഗേഷിന്റെ ആദ്യഭാര്യയാണ് ഒന്നാമത്തെ ഇര. ഇപ്പോൾ കൊല്ലപ്പെട്ട രജീഷിന്റെ കുടുംബവും പ്രതിയുടെ കുടുംബവും ഇരകളായി. പ്രതിയായ രാഗേഷ് മാസത്തിലൊരു തവണ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകേ ഹാജരാകണമെന്നും വിചാരണകോടതി അനുമതിയില്ലാതെ ഇന്ത്യ വിട്ടു പോകരുതെന്നുമാണ് ജാമ്യത്തിലെ വ്യവസ്ഥകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP