Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നമ്മൾ ഒരാൾക്ക് സഹായം ചെയ്ത് വസ്തുവാങ്ങി; അത് കേസിലും പെട്ടു; പൈസ കൊടുത്തു വാങ്ങിയ സ്ഥലത്തെ കുളം വറ്റിക്കാൻ ചെന്നപ്പോൾ വെട്ടും കൊണ്ടു; വെട്ടിയ ആൾ കാർ അപകടത്തിൽപ്പെട്ടപ്പോൾ 50,000 രൂപ നല്കി സഹായിച്ചിട്ടുണ്ട്; സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്‌തെന്നു വച്ച് ജീവിതത്തിലും വില്ലനാക്കല്ലേയെന്ന അഭ്യർത്ഥനയുമായി ബാബുരാജ്

നമ്മൾ ഒരാൾക്ക് സഹായം ചെയ്ത് വസ്തുവാങ്ങി; അത് കേസിലും പെട്ടു; പൈസ കൊടുത്തു വാങ്ങിയ സ്ഥലത്തെ കുളം വറ്റിക്കാൻ ചെന്നപ്പോൾ വെട്ടും കൊണ്ടു; വെട്ടിയ ആൾ കാർ അപകടത്തിൽപ്പെട്ടപ്പോൾ 50,000 രൂപ നല്കി സഹായിച്ചിട്ടുണ്ട്; സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്‌തെന്നു വച്ച് ജീവിതത്തിലും വില്ലനാക്കല്ലേയെന്ന അഭ്യർത്ഥനയുമായി ബാബുരാജ്

അടിമാലി: തനിക്കു വെട്ടേറ്റ സംഭവത്തിൽ പുറത്തുവരുന്നത് തെറ്റിദ്ധരിക്കപ്പെട്ട വാർത്തകളാണെന്ന് നടൻ ബാബുരാജ്. ആവശ്യമില്ലാതെ കുളം വറ്റിക്കാൻ പോയതല്ലെന്നും കുളം വൃത്തിയാക്കാൻ എത്തിയതായിരുന്നുവെന്നും ബാബു രാജ് അവകാശപ്പെട്ടു. പ്രശ്‌നമുണ്ടാകുമെന്ന് അറിയാമായിരുന്നതുകൊണ്ട് മൂന്നാർ ട്രിബ്യൂണൽ കോടതിയിൽ നിന്നും ഇൻജങ്ഷൻ ഓർഡറുമായാണ് കുളം വൃത്തിയാക്കാൻ ചെന്നതെന്നും കയ്യേറിയതല്ലെന്നും ബാബു രാജ് അവകാശപ്പെട്ടു. ഒന്നരവർഷം മുമ്പ് വാങ്ങിയ ഭൂമിയുടെ ആധാരത്തിൽ ഉടമയുടെ പേരുമാറ്റി തന്നെ പറ്റിക്കുകയായിരുന്നുവെന്നും ആൾമാറാട്ടത്തിനും വഞ്ചനയ്ക്കും അടിമാലി കോടതിയിൽ കേസ് കൊടുത്തിരുന്നതാണെന്നും നടൻ പറയുന്നു.

മൂന്നാറിലെ സ്വന്തം പുരയിടത്തിലുള്ള കുളം വറ്റിക്കാൻ ചെന്ന് ബാബുരാജ് അയൽവാസിയുമായി തർക്കത്തിൽ ഏർപ്പെടുകയും എതിർകക്ഷി വാക്കത്തിയെടുത്ത് ബാബുരാജിനെ വെട്ടുകയും ചെയ്തുെവന്നായിരുന്നു വാർത്ത. ചൊവ്വാഴ്ച ഉച്ചയോടെ അടിമാലി ഇരുട്ടുകാനത്തെ സ്വന്തം റിസോർട്ടിനോട് ചേർന്നുള്ള സ്ഥലത്തുവച്ചാണ് ബാബുരാജിന് വെട്ടേറ്റത്. ഇടതു നെഞ്ചിനു വാക്കത്തികൊണ്ടുള്ള വെട്ടേറ്റ നടൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. റിസോർട്ടിനോട് ചേർന്നുള്ള സ്ഥലത്തിന്റെ ഉടമയായ തറമുട്ടം സണ്ണി(54), ഭാര്യ ലിസി(50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയതിട്ടുണ്ട്.

സണ്ണിയുടെ ഭൂമിയിൽനിന്നും 10 സെന്റ് സ്ഥലം ബാബുരാജ് വാങ്ങുകയും ഇവിടെ കുളം നിർമ്മിക്കുകയും ചെയ്തിരുന്നു. ഈ കുളം വറ്റിക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ഈ വസ്തു മൂന്നുവർഷം മുമ്പ് മുഴുവൻ വിലയും കൊടുത്ത് വാങ്ങിയതാണെന്ന് ബാബുരാജ് പറഞ്ഞു. പക്ഷേ ആധാരം രജിസ്റ്റർ ചെയ്യാൻ ചെല്ലുമ്പോഴാണ് അറിയുന്നത് ഇദ്ദേഹമല്ല ഈ സ്ഥലത്തിന്റെ ഉടമയെന്ന് ഞാൻ അറിയുന്നത്. ഇദ്ദേഹത്തിന്റെ പേര് സണ്ണി തോമസ് എന്നാണ്. അച്ഛന്റെ പേര് തോമസ് സണ്ണിയും. സണ്ണിയുടെ വസ്തു എന്നാണ് ഈ സ്ഥലം അറിയപ്പെട്ടതും. അതിനാൽ വാങ്ങിയ കാലത്ത് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നുമില്ല. ആധാരം രജിസ്റ്റർ ചെന്നപ്പോൾ മാത്രമാണ് ഈ നൂലാമാലകളെ കുറിച്ചൊക്കെ അറിയുന്നത്. തോമസ് സണ്ണിയുടെ നാലുമക്കൾക്കും അവകാശമുള്ള ഭൂമിയാണിത്. അവരാരും അറിയാതെയാണ് ഇദ്ദേഹം ഭൂമി വിറ്റത്. ഇദ്ദേഹത്തിനെതിരെ അടിമാലി കോടതിയിൽ വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും കേസ് കൊടുത്തിട്ടുണ്ട്.

ഞാൻ കുളം വറ്റിക്കാൻ ചെന്നതൊന്നുമല്ല. വെള്ളം കുറഞ്ഞപ്പോൾ മോട്ടർ ഇറക്കി വയ്ക്കാനും കുളം വൃത്തിയാക്കാനും എത്തിയതായിരുന്നു. ആ കുളത്തിൽ നിന്നും രണ്ടുവർഷമായിട്ട് അദ്ദേഹത്തിന്റെ സമ്മതത്തോടുകൂടിയായിരുന്നു വെള്ളമെടുത്തിരുന്നതും. കുളം വൃത്തിയാക്കി കരിങ്കല്ലുകൊണ്ട് കെട്ടുകയും ചെയ്തു. ഇദ്ദേഹം പ്രശ്‌നമുണ്ടാക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് മൂന്നാർ ട്രിബ്യൂണൽ കോടതിയിൽ നിന്നും ഇൻജങ്ഷൻ ഓർഡറുമായാണ് ഞാൻ ചെന്നത്. അല്ലാതെ കയ്യേറിയതല്ല. കോടതി ഉത്തരവുമായാണ് കുളം വൃത്തിയാക്കാൻ വന്നിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടിരിക്കെ അദ്ദേഹം ഒരു സംസാരമോ പ്രകോപനമോ ഇല്ലാതെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.

മകളുടെ കല്യാണത്തിനു വേണ്ടിയാണ് ഭൂമി വിൽക്കുന്നതെന്നൊക്കെ പറഞ്ഞപ്പോൾ അയാളിൽ നിന്നു വാങ്ങിയതാണ് ഈ ഭൂമി. നാട്ടുകാർക്കെല്ലാം അറിയാം ഇതൊക്കെ. കൊടുത്ത പൈസകൊണ്ട് അദ്ദേഹം മകളുടെ കല്യാണം നടത്തി. ഇദ്ദേഹം പള്ളിയിലെ കപ്യാരായിരുന്നു. നല്ല ആളായിട്ടാണ് അറിയപ്പെടുന്നത്. പക്ഷേ ആരോടും സഹകരിക്കില്ല. ഇതിനിടെ ഇദ്ദേഹത്തിന് ഒരു കാർ അപകടം ഉണ്ടായി. ആ സമയത്ത് 50,000 രൂപ ഞാൻ കൊടുത്തതുമാണ്.

തെറ്റിദ്ധരിക്കപ്പെട്ട വാർത്തകളാണ് ഈ സംഭവത്തോടനുബന്ധിച്ച് വരുന്നത്. ബാബുരാജ് ഒരു ആവശ്യവുമില്ലാതെ കുളം വറ്റിക്കാൻ പോയി എന്നതല്ല യഥാർഥ സംഭവം. പരുക്ക് കാര്യമായിത്തന്നെയുണ്ട്. നെഞ്ചിലെ മസിലിനാണ് വേട്ടേറ്റത്. രാജഗിരി ആശുപത്രിയിൽ ആണ് ഇപ്പോൾ അഡ്‌മിറ്റ് ചെയ്തിരിക്കുന്നത്. ബാബുരാജ് എന്നു കേൾക്കുമ്പോഴേ എല്ലാവർക്കും എന്തോ കുഴപ്പംപിടിച്ച പോലെയാണ്. എന്നെ ഏറ്റവും വിഷമിപ്പിച്ചതും അതാണ്. നമ്മൾ ഒരാൾക്ക് സഹായം ചെയ്ത് വസ്തുവാങ്ങി. അത് കേസിലും പെട്ടു. പൈസ കൊടുത്തു വാങ്ങിയ സ്ഥലത്തെ കുളം വറ്റിക്കാൻ ചെന്നപ്പോൾ വെട്ടും കൊണ്ടു. എന്നിട്ട് ഞാനെന്തോ ചെയ്ത മട്ടിൽ വാർത്തകളും വന്നു. സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്‌തെന്നു വച്ച് ജീവിതത്തിലും വില്ലനാക്കല്ലേ എന്ന അപേക്ഷ മാത്രമേയുള്ളൂ.' ബാബുരാജ് പറഞ്ഞു.

അതേസമയം ബാബുരാജിനെതിനെതിരെ നിരവധി പരാതികളാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്. കാര്യസാധ്യങ്ങൾക്ക് താരപദവിയും ഗുണ്ടായിസവും ഉപയോഗിക്കുന്നവെന്നതാണ് മുഖ്യം. ബാബുരാജിനെതിരെ യാതൊരു നിയമനടപടിക്കും പൊലിസും ഒരുക്കമല്ല.

ബാബുരാജും സണ്ണിയും നേരത്തെ സുഹൃത്തുക്കളായിരുന്നെങ്കിലും സ്ഥലക്കച്ചവടത്തെ തുടർന്ന് ഇരുവരും തെറ്റിപ്പിരിഞ്ഞിരുന്നു. തന്റെ ഭൂമി വാങ്ങിയ വകയിൽ 10 ലക്ഷം രൂപ തനിക്ക് ലഭിക്കാനുണ്ടെന്നു കാട്ടി സണ്ണി അടിമാലി സി. ഐക്ക് പരാതി നൽകിയിരുന്നു. തന്നെ ഉപദ്രവിക്കാൻ സണ്ണി ശ്രമിക്കുകയാണെന്നു കാട്ടി ബാബുരാജും പരാതി നൽകിയിരുന്നു.സണ്ണിയുടെ പരാതിയിൽ ഒരു വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

സ്ഥലത്തുനിന്നു പോകുമ്പോൾ 2000 രൂപയുടെ പച്ചക്കറി വാങ്ങിയ താരം പണം പിന്നീടെത്തിക്കാമെന്നു പറഞ്ഞു കബളിപ്പിച്ചുവെന്നുമുൾപ്പെടെ നിരവധി പരാതികളാണ് ബാബുരാജിനെതിരെ നാട്ടുകാർക്ക് പറയാനുള്ളത്. ബാബുരാജിനൊപ്പമെത്തുന്ന സംഘങ്ങൾ പലപ്പോഴും റിസോർട്ടിന് പുറത്ത് അഴിഞ്ഞാടാറുണ്ടെന്നും എതിർക്കുന്നവരെ കായികമായി നേരിടുന്നതായും ആക്ഷേപമുണ്ട്. ബാബുരാജിനെ വെട്ടിയ സണ്ണിയെ നടൻ നിരന്തരമായി ഭീഷണിപ്പെടുത്താറുണ്ടെന്നും ഗത്യന്തരമില്ലാതെയാണ് സണ്ണി ആക്രമിച്ചതെന്നുമാണ് നാട്ടുകാർ പറയുന്നത്. സണ്ണിയേയും ഭാര്യയേയും അടിമാലി കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP