Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

എൻഎംസിയിലെ സാമ്പത്തിക തട്ടിപ്പിന്റെ ആശാന്മാർ നെന്മാറയിലെ മങ്ങാട്ട് സഹോദരന്മാർ തന്നെ; ഗ്രൂപ്പിന്റെ പേരിൽ ഒന്നിലധികം അക്കൗണ്ടുകൾ തുറന്നും തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുറന്നും ക്രമക്കേട് നടത്തിയെന്ന് ബി.ആർ.ഷെട്ടി; കോർപറേറ്റ് ഫണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് കോടികൾ അടിച്ചുമാറ്റി; തന്റെ കള്ളഒപ്പിട്ട വ്യാജരേഖകൾ ശരിവയ്ക്കാനും ഫണ്ട് കൈമാറ്റത്തിനും ഒത്താശ ചെയ്തത് ബാങ്ക് ഓഫ് ബറോഡയും ഫെഡറൽ ബാങ്കും; മങ്ങാട്ട് സഹോദരന്മാർക്കും ബാങ്കുകൾക്കും എതിരെ ക്രിമിനൽ കേസ് നൽകി ഷെട്ടി

എൻഎംസിയിലെ സാമ്പത്തിക തട്ടിപ്പിന്റെ ആശാന്മാർ നെന്മാറയിലെ മങ്ങാട്ട് സഹോദരന്മാർ തന്നെ; ഗ്രൂപ്പിന്റെ പേരിൽ ഒന്നിലധികം അക്കൗണ്ടുകൾ തുറന്നും തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുറന്നും ക്രമക്കേട് നടത്തിയെന്ന് ബി.ആർ.ഷെട്ടി; കോർപറേറ്റ് ഫണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് കോടികൾ അടിച്ചുമാറ്റി; തന്റെ കള്ളഒപ്പിട്ട വ്യാജരേഖകൾ ശരിവയ്ക്കാനും ഫണ്ട് കൈമാറ്റത്തിനും ഒത്താശ ചെയ്തത് ബാങ്ക് ഓഫ് ബറോഡയും ഫെഡറൽ ബാങ്കും; മങ്ങാട്ട് സഹോദരന്മാർക്കും ബാങ്കുകൾക്കും എതിരെ ക്രിമിനൽ കേസ് നൽകി ഷെട്ടി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: എന്താണ് ബി.ആർ.ഷെട്ടിക്ക് സംഭവിച്ചതെന്ന് ഇപ്പോഴും പലരും അത്ഭുതം കൂറാറുണ്ട്. പല കഥകൾ വന്നു. യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായിരുന്ന എൻഎംസി ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഒരുകാലത്ത് കോടികൾ കൈയിലിട്ട് അമ്മാനമാടിയ ശതകോശീശ്വരനായിരുന്നു. ഇന്ന് എൻഎംസിയിലെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ സഹപ്രവർത്തകർക്കൊപ്പം അദ്ദേഹവും അന്വേഷണം നേരിടുന്നു. സത്യം എന്തായാലും, കഴിഞ്ഞ ദിവസം അദ്ദേഹം സാമ്പത്തിക തട്ടിപ്പിൽ തന്റെ മുൻ എക്‌സിക്യൂട്ടീവുകൾക്കൊപ്പം രണ്ട് ബാങ്കുകളെ കൂടി ആരോപണമുനയിൽ നിർത്തി ക്രിമിനൽ കേസ് നൽകിയതാണ് പുതിയ വാർത്ത.

മംഗളുരു ഈസ്റ്റ് (കദ്രി) പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം പുതിയ പരാതി നൽകിയിരിക്കുന്നത്. തന്റെ കമ്പനിയുടെ മുൻ സിഇഒ പ്രശാന്ത് മങ്ങാട്ടിനെതിരെ ഫയൽ ചെയ്ത ക്രിമിനൽ കേസിലാണ് ബാങ്ക് ഓഫ് ബറോഡയെയും, ഫെഡറൽ ബാങ്കിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നത്. രണ്ടുബാങ്കുകളും മലയാളികളായ മങ്ങാട്ട് സഹോദരന്മാരുടെ സാമ്പത്തിക തട്ടിപ്പിന് ഒത്താശ ചെയ്തുവെന്നാണ് ഷെട്ടിയുടെ ആരോപണം.

പരാതിയുടെ കോപ്പി സിബിഐ, സീരിയസ് ഫ്രോഡ് ഇൻവസ്‌ററിഗേഷൻ ഓഫീസ്, ഇഡി, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. 'മിന്റാണ് 'ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പരാതിയിൽ പറയുന്നത് ഇങ്ങനെ:

പാലക്കാട്ടുകാരായ മങ്ങാട്ട് സഹോദരന്മാരാണ് തട്ടിപ്പിന്റെ ആശാന്മാരെന്ന് ഷെട്ടി പറയുന്നു. ഇവർ എൻഎംസി ഗ്രൂപ്പിന്റെ കമ്പനികളുടെ പേരിൽ ഒന്നിലധികം അക്കൗണ്ടുകൾ തുറന്നു. ഇതിനൊപ്പം ഷെട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ടുകളും തുറന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അധികാരം കിട്ടിയതോടെ ഗ്രൂപ്പിന്റെ കമ്പനികളുടെ കോർപറേറ്റ് ഫണ്ടിൽ നിന്ന് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് അടിച്ചുമാറ്റി.

കോർപറേറ്റ് ഫണ്ടുകൾ മറ്റു കമ്പനി ഗ്രൂപ്പുകൾക്ക് കൈമാറി സാമ്പത്തിക സ്ഥിതി സുസ്ഥിരമെന്ന് വരുത്തി തീർക്കാനും ശ്രമിച്ചു. പുതിയ വായ്പകൾ തരപ്പെടുത്താനും, സാമ്പത്തിക തട്ടിപ്പ് മറയ്ക്കാനുമൊക്കെ അവർ ഈ മാർഗ്ഗങ്ങൾ ഉപയോഗിച്ചു.

ഇത്തരം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാനും നിലനിർത്താനും ബാങ്ക് ഓഫ് ബറോഡ മങ്ങാട്ട് സഹോദരന്മാരെ അനുവദിച്ചു. ഇവരുടെ ആവശ്യപ്രകാരം വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ വളരെയധികം ഇടപാടുകൾ നടത്തിക്കൊടുത്തു.

കോടിക്കണക്കിന് ഡോളർ മൂല്യമുള്ള താൻ 1973 ൽ സ്ഥാപിച്ച കമ്പനികളുടെ ആസ്തികൾ 2017 ഓടെ ഇവർ ചതിയിലൂടെ കരസ്ഥമാക്കി. 2017 മുതൽ 2020 വരെ മങ്ങാട്ട്‌സഹോദരന്മാരും അവരുടെ പിണിയാളുകളും ഈ ബാങ്കുകളുടെ ഒത്താശയോടെ 21 ാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കോർപറേറ്റ് തട്ടിപ്പുകളിൽ ഒന്നാണ് നടത്തിയത്-ഷെട്ടി പരാതിയിൽ ആരോപിക്കുന്നു.

കാര്യമായ ഈടോ, അന്വേഷണമോ ഇല്ലാതെ ബാങ്ക് ഓഫ് ബറോഡയും, ഫെഡറൽ ബാങ്കും കോടികളുടെ വായ്പകൾ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് അനുവദിച്ചുകൊടുത്തു. തന്റെ വ്യാജ ഒപ്പിട്ട പേഴ്‌സണൽ ഗ്യാരന്റികൾ ബാങ്കുകൾ മങ്ങാട്ട് സഹോദരന്മാർക്ക് അംഗീകരിച്ചുകൊടുത്തു. അത്തരമൊരു രേഖയിൽ തനിക്ക് ഒപ്പുവയ്ക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി അറിയാവുന്ന ദിവസങ്ങളിലും ഈ തട്ടിപ്പിന് ബാങ്കുകൾ കൂട്ടുനിന്നു.

ഷെട്ടിയുടെ പരാതി മുഖ്യമായും തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത മങ്ങാട്ട്‌സഹോദരന്മാർക്ക് എതിരെയാണ്. മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരുമായി ചേർന്ന് മങ്ങാട്ട് സഹോദരന്മാർ കോടികളുടെ ഡോളർ പൊടിക്കുകയായിരുന്നു. അന്വേഷണ ഏജൻസികൾ ഈ വൻകിട കോർപറേറ്റ് തട്ടിപ്പ് ആഴത്തിൽ അന്വേഷിക്കുമെന്നാണ് ഷെട്ടിയുടെ പ്രതീക്ഷ.

എൻഎംസി ഹെൽത്തിന്റെ സ്ഥാപകനായ ഷെട്ടിയെ വായ്പകൾ മറച്ചുവച്ചതിനും വകമാറ്റി ചെലവഴിച്ചതിനും ഒക്കെയാണ് പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. എന്നാൽ, ഏപ്രിലിൽ പുറത്തിറക്കിയ പ്രസ്താവനയിലും മങ്ങാട്ട് സഹോദരന്മാരെയാണ് ഷെട്ടി ക്രമക്കേടുകൾക്ക് പഴി ചാരുന്നത്. പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട് എന്നിവരടക്കം 10 വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ഒക്ടോബർ ആറിന് നൽകിയ 55 പേജുള്ള പരാതിയിൽ ഷെട്ടി പ്രതിക്കൂട്ടിൽ നിർത്തുന്നത്.

ബി ആർ ഷെട്ടിയുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ ജൂലൈയിൽ ദുബായ് കോടതി ഉത്തരവിട്ടിരുന്നു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതിയാണ് ഉത്തരവിട്ടത്. ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നൽകിയ പരാതിയിലാണ് നടപടി. യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 6.6 ബില്യൺ ഡോളറിന്റെ (ഏകദേശം അമ്പതിനായിരത്തോളം കോടി രൂപ) കടബാധ്യതയുണ്ടെന്നാണ് വിവരം. എൻഎംസിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്ന് എൻഎംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻഎംസിക്ക് എഡിസിബിയിൽ ഉള്ളത്.

അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെർക്ലെയ്‌സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നീ ബാങ്കുകളിൽ നിന്നും എൻഎംസിക്ക് വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എൻഎംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ എൻഎംസിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ.

അതേസമയം നിലവിൽ ഇന്ത്യയിലാണ് ബി ആർ ഷെട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങിയ ഷെട്ടി പിന്നീട് യുഎയിലേക്ക് തിരിച്ചു പോയിരുന്നില്ല.

സംശയാസ്പദമായ രണ്ട് ഏറ്റെടുക്കലുകൾ

പ്രശാന്ത് മങ്ങാട് സിഇഒ ആയിരുന്ന കാലത്ത് യുഎഇയിലെ പ്രൈമറി ഹെൽത്ത് കെയർ ക്ലിനിക്കുകളുടെ ഒരു നിര തന്നെ ഏറ്റടുത്തിരുന്നു. അമേരികെയർ, ഷാർജയിലെ ഡോ.സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പ് (2015) പ്രീമിയർ ഹെൽത്ത് കെയർ എന്നിവ ഉൾപ്പെടുന്നു, അമേരികെയറിന് ഒരു ക്ലിനിക്കും, ഡോ.സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പിന് ആറും ക്ലിനിക്കുകൾ ഉണ്ടായിരുന്നു, ഡോ.സണ്ണി ക്ലിനിക്കുകളെ 64 ദശലക്ഷം ഡോളറിനും അമേരിക്കെയറിനെ 33 ദശലക്ഷം ഡോളറിനുമാണ് ഏറ്റെടുത്തത്. എന്നാൽ ഡോ.സണ്ണി ഗ്രൂപ്പിന് പരമാവധി 30 ദശലക്ഷം ദിർഹം മൂല്യം മാത്രമേയുണ്ടായിരുന്നുള്ളുവെന്നാണ് സംശയം. അതുപോലെ തന്നെ പ്രീമിയർ കെയർ ഹോം മെഡിക്കലിൽ 2018 ൽ 70 ശതമാനം ഓഹരികൾ വാങ്ങിയത് 36.4 ദശലക്ഷം ഡോളറിനാണ്. 10 ജീവനക്കാർ മാത്രമുള്ള കമ്പനിയായിരുന്നു പ്രീമിയർ കെയർ ഹോം മെഡിക്കൽ എന്നോർക്കണം.അബുദാബിയിലെ റോയൽ വിമൻസ് ഹോസ്പിറ്റൽ സംരംഭത്തെ കുറിച്ചും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഈ ഇടപാടുകൾ എല്ലാം തന്നെ പെരുപ്പിച്ച് കാട്ടിയവയായിരുന്നുവെന്ന സംശയം ഉയർന്നിരിക്കുന്നത്. ആർക്കൊക്കെ എൻഎംസിയിൽ ഇതറിയാമായിരുന്നുവെന്നും അറിയേണ്ടതുണ്ട്.

എംസി ചാർട്ടേഡ് അക്കൗണ്ടന്റായ പ്രശാന്ത് മങ്ങാടിന്റെ എൻഹെൽത്തിലെ കുതിപ്പ് സമാനതകളിലാത്തതായിരുന്നു. കമ്പനിയുടെ ദൈനം ദിന പ്രവർത്തനത്തിന്റെ കടിഞ്ഞാൺ ഡോ.ഷെട്ടിയുടെ കൈയിൽ നിന്ന് കുടുംബത്തിന് പുറത്തുള്ള ഒരാളിലേക്ക് കൈമാറുന്ന ആ പ്രയാസമേറിയ കാലഘട്ടത്തിലാണ് പ്രശാന്ത് സിഇഒ ആയി വരുന്നത്. അഞ്ച് വർഷക്കാലം കൊണ്ട് 2 ബില്യൻ ദിർഹത്തിന് അൽ സഹറ ആശുപത്രി ഏറ്റെടുക്കൽ അടക്കം എൻഎംസിയെ യുഎഇ വിപണിയിൽ കരുത്തുറ്റതാക്കാൻ പ്രശാന്തിന് കഴിഞ്ഞു. 2018 ൽ റവന്യു 2 ബില്യൻ കടക്കുകയും, അറ്റലാഭം 251.9 ദശലക്ഷം കവിയുകയും ചെയ്തു. ഇതുരണ്ടും കമ്പനിയുടെ റെക്കോഡ് നേട്ടങ്ങളുമായിരുന്നു. ഇത്രയും നേട്ടങ്ങൾ കൊണ്ടുവന്ന സിഇഒയെ പൊടുന്നനെ മാറ്റിയത് സീനിയർ എക്‌സിക്യൂട്ടീവ് ടീമിനെയും സംശയത്തിന്റെ നിഴലിലാക്കി.
എൻഎംസിയിൽ ഡപ്യൂട്ടി സിഇഒ, സിഎഫ്ഒ പദവികളും പ്രശാന്ത മങ്ങാട് വഹിച്ചിട്ടുണ്ട്. ഡോ.ഷെട്ടിയുടെ തന്നെ നിയോഫാർമയുടെയും സിഎഫ്ഒ ആയിരുന്നു. തന്റെ സഹോദരൻ പ്രമോദ് മങ്ങാടിനും മറ്റുകുടുംബാംഗങ്ങൾക്കുമൊപ്പം കേരളത്തിൽ നെന്മാറയിൽ പ്രശാന്ത് മങ്ങാട്ട്, അവൈറ്റിസ് എന്ന ആശുപത്രി തുറന്നിട്ടുണ്ട്. ആശുപത്രി ഉദ്ഘാടനത്തിന് ഡോ.ഷെട്ടിയായിരുന്നു പ്രധാന അതിഥി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP