Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിഷുദിനത്തിൽ അഴിയൂരിലുണ്ടായ സ്‌ഫോടനം ബോംബ് നിർമ്മാണത്തിനിടെ അല്ലെന്നു പൊലീസ്; രാഹുൽജിത്ത് മരിച്ചതു പടക്കം കുപ്പിയിൽ തട്ടിപ്പൊട്ടി ചീളു കഴുത്തിൽ തറച്ചെന്നു നിഗമനം

വിഷുദിനത്തിൽ അഴിയൂരിലുണ്ടായ സ്‌ഫോടനം ബോംബ് നിർമ്മാണത്തിനിടെ അല്ലെന്നു പൊലീസ്; രാഹുൽജിത്ത് മരിച്ചതു പടക്കം കുപ്പിയിൽ തട്ടിപ്പൊട്ടി ചീളു കഴുത്തിൽ തറച്ചെന്നു നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

വടകര: വിഷുദിനത്തിൽ അഴിയൂരിലുണ്ടായ സ്‌ഫോടനം ബോംബുനിർമ്മാണത്തിനിടെയാണെന്ന വാദം പൊളിയുന്നു. സംഭവസ്ഥലവും മരിച്ച രാഹുൽജിത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പരിശോധിച്ച പൊലീസാണു സ്‌ഫോടനം ബോംബു നിർമ്മാണത്തിനിടെ അല്ലെന്നു സ്ഥിരീകരിച്ചത്.

അഴിയൂർ കക്കടവിൽ വിഷു ദിവസമാണു സ്‌ഫോടനമുണ്ടായത്. അപകടത്തിൽ സിപിഐ(എം) പ്രവർത്തകനായ അഴിയൂർ ബംഗ്ലാവിൽതാഴ രാഹുൽ ജിത്ത് (24) കൊല്ലപ്പെട്ടിരുന്നു.

സംഭവം ബോംബ് സ്‌ഫോടനത്തിനിടെയാണെന്നും തെരഞ്ഞെടുപ്പു കാലത്തു ബോംബു രാഷ്ട്രീയം കളിക്കുകയാണു സിപിഎമ്മെന്നും എതിരാളികൾ പ്രചാരണവും തുടങ്ങിയിരുന്നു. വടകരയിൽ ടി പി ചന്ദ്രശേഖരന്റെ കൊലപാതകവും ചർച്ചാവിഷയമാകുന്നതിനിടെയുണ്ടായ സ്‌ഫോടനവും എതിരാളികൾ സിപിഎമ്മിനെതിരായ ആയുധമാക്കി. എന്നാൽ, പൊലീസിന്റെ പ്രാഥമിക നിഗമനം ഇതു ബോംബ് സ്‌ഫോടനം അല്ലെന്നാണു സൂചിപ്പിക്കുന്നത്.

കഴുത്തിലേറ്റ മാരക മുറിവാണ് മരണത്തിൽ കലാശിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ ഉണ്ടായി എന്നതിലായിരുന്നു അവ്യക്തത. ബോംബ് നിർമ്മാണത്തിനിടയിൽ അല്ലെന്നു പരിശോധനയിൽ സൂചന ലഭിച്ചതോടെ കൃത്യമായ കാരണം കണ്ടെത്താനുള്ള പഴുതടച്ച അന്വേഷണത്തിലാണു പൊലീസ്.

രാഹുൽജിത്ത് വീട്ടിൽ ഉണ്ടാക്കിയ പടക്കം 200 മീറ്റർ അകലെയുള്ള കക്കടവിലെ വിജനമായ സ്ഥലത്തുകൊണ്ടുവന്ന് പൊട്ടിക്കുകയായിരുന്നു. ഈ വെളിപ്പെടുത്തൽ ശരിയായിരുന്നുവെന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചോമ്പാല പൊലീസിനു ബോധ്യപ്പെട്ടു. പൊലീസ് രാഹുൽജിത്തിന്റെ വീടും പരിസരവും സംഭവ സ്ഥലം സൂക്ഷ്മമായി പരിശോധിച്ചു. പടക്കം നിർമ്മിക്കുന്നതിനുള്ള ചാക്ക് നൂൽ ഉൾപെടെ വീട്ടിൽ നിന്നു കണ്ടെടുത്തു.

ബോംബാണ് പൊട്ടിയതെങ്കിൽ രാഹുൽജിത്തിന്റെ മൃതശരീരത്തിൽ നിന്നു ബോംബിന്റെ അവശിഷ്ടങ്ങളായ വെടിമരുന്ന്, ആണി, കുപ്പിച്ചില്ല്, കല്ല് എന്നിവ വല്ലതും ലഭിക്കേണ്ടിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ ഇതൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. രാഹുൽജിത്ത് തീ കൊളുത്തി എറിഞ്ഞ പടക്കം അവിടെ ഉണ്ടായിരുന്ന കുപ്പിയിൽ തട്ടിയാണ് പൊട്ടിയതെന്നു കരുതുന്നു. ഇതേ തുടർന്ന് തെറിച്ച കുപ്പിച്ചീള് രാഹുൽജിത്തിന്റെ കഴുത്തിൽ തട്ടി പുറത്തേക്ക് പോയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.

വായിലൂടെയും മൂക്കിലൂടെയും ചോര വാർന്നൊഴുകിയാണ് രാഹുൽജിത്തിന്റെ മരണം. ദേഹത്ത് മറ്റൊരിടത്തും പരിക്കില്ല. സംഭവ സ്ഥലം പരിശോധിച്ച പൊലീസിന് ഇവിടെ നിന്ന് കുപ്പികളും കുപ്പി ചീളുകളും ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ബോംബ് സ്‌ക്വാഡും സയന്റിഫിക് അസിസ്റ്റന്റും സ്ഥലം പരിശോധിച്ചപ്പോൾ സ്റ്റീലിന്റെ ചീള് കിട്ടിയിരുന്നു. ഇതാണ് സംശയത്തിന് ഇട നൽകിയിരിക്കുന്നത്. ഇത് മുമ്പ് എപ്പോഴോ നടന്ന സ്ഫോടനത്തിന്റെ ഫലമാണെന്നാണു പൊലീസ് കരുതുന്നത്. മാഹി പുഴയോട് ചേർന്ന തുറസായ കക്കടവ് ഭാഗം യുവാക്കൾ പതിവായി എത്തുന്ന സ്ഥലമാണ്. വിഷു ആഘോഷത്തിന്റെ ഭാഗമായി കമ്പിത്തിരിയും പൂക്കുറ്റിയും നിലച്ചക്രവും ഉൾപെടെ ധാരാളം പടക്കം പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്. ഇതിന്റെ തുടർച്ചയായാണ് രാഹുൽജിത്ത് വിഷുദിവസം വീട്ടിൽ നിന്നു പടക്കം നിർമ്മിച്ച് ബൈക്കിൽ കക്കടവിലെത്തിച്ച് സുഹൃത്തുക്കളുടെ മുന്നിൽ പൊട്ടിച്ചതെന്നാണു റിപ്പോർട്ടുകൾ. ഇത് ആളപായത്തിൽ കലാശിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്കായി രാഹുൽജിത്തിന്റെ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP