Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടിപ്പു നടത്തിയ ഭർത്താവിനെ പിരിച്ചുവിട്ടതിനു പകരം ക്വട്ടേഷനെന്ന വാദം അവിശ്വസനീയം; ക്വട്ടേഷൻ സംഘവും യുവതിയും തമ്മിലുള്ള ബന്ധവും സംശയാസ്പദം; കുമളിയിലെ റിസോർട്ട് ഉടമയെ ആക്രമിച്ച കേസിൽ ദുരൂഹത ബാക്കി

തട്ടിപ്പു നടത്തിയ ഭർത്താവിനെ പിരിച്ചുവിട്ടതിനു പകരം ക്വട്ടേഷനെന്ന വാദം അവിശ്വസനീയം; ക്വട്ടേഷൻ സംഘവും യുവതിയും തമ്മിലുള്ള ബന്ധവും സംശയാസ്പദം; കുമളിയിലെ റിസോർട്ട് ഉടമയെ ആക്രമിച്ച കേസിൽ ദുരൂഹത ബാക്കി

കുമളി: കുമളിയിലെ സ്വകാര്യ റിസോർട്ടിലെ ക്വട്ടേഷൻ ആക്രമണത്തിൽ യുവതിയടക്കം എട്ട് പേർ അറസ്റ്റിലായിട്ടും സംഭവത്തിൽ ദൂരൂഹത ബാക്കി. തന്റെ ഭർത്താവിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതിന്റെ പേരിൽ സ്‌കൂൾ അദ്ധ്യാപികയായ ഭാര്യ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതാണെന്ന വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണ്.

ക്വട്ടേഷൻ സംഘവും യുവതിയുമായുള്ള ബന്ധത്തിലും സ്വകാര്യ കമ്പനിയിൽ ക്രമക്കേടുകാട്ടിയതിനാൽ പിരിച്ചുവിടപ്പെട്ടതിന് പ്രതികാരമായി ഉടമകളിലൊരാളെത്തന്നെ ആക്രമിച്ചുവെന്നതിലും വെളിപ്പെടാൻ ഏറെ സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ 11ന് പുലർച്ചെ മൂന്നു മണിയോടെ കുമളി തേക്കടി ജംഗ്ഷനിലെ വേദാന്ത വേക് അപ് റിസോർട്ടിൽ ഉടമകളിലൊരാളും കമ്പനി വൈസ് പ്രസിഡന്റുമായ പൂണെ സ്വദേശി വരുൺ ജോർജ് തോമസാണ് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിനിരയായത്.

റിസോർട്ടിൽ മുറിയെടുത്തിരുന്ന ആറംഗം സംഘം വരുണിന്റെ മുറിയിൽ അതിക്രമിച്ചു കയറി പ്ലാസ്റ്റിക് ടേപ്പ് കൊണ്ട് കണ്ണും വായും മൂടിക്കെട്ടിയും കിടന്നിരുന്ന കട്ടിലിൽ ബന്ധനസ്ഥനാക്കിയുമാണ് അക്രമം നടത്തിയത്. വരുണിന്റെ മൂന്നു മൊബൈൽ ഫോണുകളും ചെക്ക് ലീഫുകളും 5000 രൂപയും അപഹരിച്ചു. ക്രൂരമായി മർദിച്ചശേഷം സംഘം ഉടൻതന്നെ റിസോർട്ട് വിട്ടുപോയി. പിന്നീട് ചെക്ക് ലീഫ് ഉപയോഗിച്ച് 70,000 രൂപ അക്കൗണ്ടിൽനിന്നു പിൻവലിച്ചു.

സംഭവത്തിൽ റിസോർട്ടിലെ മുൻ ജീവനക്കാരായ രണ്ടുപേരും ഒരാളുടെ ഭാര്യയും ക്വട്ടേഷൻ സംഘത്തിലെ അഞ്ച് പേരുമാണ് അറസ്റ്റിലായത്. ഒരാളെ പിടികൂടാനുണ്ട്. മുൻ ജീവനക്കാരായ തിരുവനന്തപുരം ശ്രീകാര്യം ശബരീനഗർ ഉണ്ടത്ര വീട്ടിൽ ശരത്, കുറവിലങ്ങാട് കോടനാട് ആലടിച്ചിറ കണിയാരംകുടിയിൽ അജയ്, ശരതിന്റെ ഭാര്യ പൊന്നു ഹരിലാൽ എന്നിവരും ക്വട്ടേഷൻ സംഘാംഗങ്ങളായ കട്ടപ്പന പേഴുംകവല കുഞ്ചുവീട്ടിൽ രഞ്ജിത്, പുത്തൻപുരയ്ക്കൽ സുഭാഷ്, കുന്നുപുരയിടത്തിൽ മിഥുൻ, വള്ളക്കടവ് പറുവക്കുന്നേൽ ലിജോ, കൊച്ചറ പട്ടംപറമ്പിൽ എൽദോ എന്നിവരുമാണ് അറസ്റ്റിലായത്.

തിരുവനന്തപുരത്ത് താമസിക്കുന്ന ഹാബി എന്നയാളെ അറസ്റ്റ് ചെയ്യാനുണ്ട്. തിരുവനന്തപുരം പൊലിസ് ക്യാമ്പിനു സമീപമുള്ള കേന്ദ്രീയ വിദ്യാലയത്തിലെ ഗസ്റ്റ് അദ്ധ്യാപികയാണ് പിടിയിലായ പൊന്നു ഹരിലാലെന്ന് പൊലിസ് പറഞ്ഞു. ഇവർ ഹാബി മുഖാന്തിരം 20000 രൂപയ്ക്കാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയത്. ക്വട്ടേഷൻ സംഘവും അദ്ധ്യാപികയുമായുള്ള ബന്ധവും ഹാബിക്ക് കട്ടപ്പനയിലുള്ള സംഘാംഗങ്ങളുമായുള്ള ബന്ധവും ഇനിയും വ്യക്തമായ വിവരം പൊലിസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായ ക്വട്ടേഷൻ സംഘാംഗങ്ങളെല്ലാം 25 വയസിനു താഴെ മാത്രം പ്രായമുള്ളവരാണ്. മിക്കവരും നാളുകളായി നാട്ടിൽ ബൈക്കിൽ ചീറിപ്പാഞ്ഞു നടക്കുന്നവരും പ്രത്യേകിച്ച് ജോലിയില്ലാത്തവരുമാണ്. ഇവർ സ്ഥിരമായി ക്വട്ടേഷൻ ഏറ്റെടുക്കുന്നവരാണോയെന്നും സ്ഥിരീകരണമായിട്ടില്ല. എങ്കിലും ആക്രമണത്തിലെ രീതികൾ പ്രൊഫഷണൽ സമീപനത്തിന്റെ സൂചന നൽകുന്നുണ്ട്. കമ്പനി വൈസ് പ്രസിഡന്റ് വരുൺ റിസോർട്ടിൽ എത്തിയതറിഞ്ഞാണ് അക്രമികൾ മുറിയെടുത്തത്. നേരം വെളുത്തശേഷം മൂന്നാറിലേക്ക് പോകാനെന്നു പറഞ്ഞ് മുറിയെടുത്തവർ അൽപസമയത്തിനുള്ളിൽ വരുണിന്റെ മുറി തള്ളിത്തുറന്നു അയാളെ ബന്ധനസ്ഥനാക്കി. പാലക്കാട് സ്വദേശിയുടെ തിരിച്ചറിയൽ രേഖയാണ് റിസോർട്ടിൽ നൽകിയത്. റിസോർട്ട് ജീവനക്കാർ സംഭവം അറിയുംമുമ്പേ അക്രമികൾ രക്ഷപെട്ടു.

വേദാന്ത റിസോർട്ടിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്ന ശരത്തിനെയും ജീവനക്കാരനായ അജയിനെയും സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് പിരിച്ചു വിട്ടതെന്നു ഉടമകൾ പറയുന്നു. ഇടത്തരം ശമ്പളമുള്ള ജോലിയിൽനിന്നും പിരിച്ചുവിട്ടതിനാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു പ്രതികാരം നടത്തിയത് എന്നത് അത്രയും പൂർണ വിശ്വാസയോഗമാകുന്നില്ല. തന്റെ സുഹൃത്തു മുഖാന്തിരം പരിചയപ്പെട്ടതാണ് ഹാബിയെ എന്നാണ് ശരത്തിന്റെ ഭാര്യ പൊന്നു ഹരിലാൽ മൊഴി നൽകിയിരിക്കുന്നത്. ഭർത്താവ് കാട്ടിയ തട്ടിപ്പിന് ജോലി പോയതിന് പ്രതികാരമായി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയെന്നതും പ്രതിഫലം ആറംഗ സംഘത്തിന് വെറും 20000 രൂപ മാത്രമായിരുന്നുവെന്നതും ദൂരൂഹത വർധിപ്പിക്കുന്നു. മെച്ചപ്പെട്ട കുടുംബ പശ്ചാത്തലമുള്ള, അദ്ധ്യാപികയായ പൊന്നു ഭർത്താവിന്റെ ദുർന്നടപ്പിന് പകരം ചോദിക്കാൻ ഇറങ്ങിച്ചിരിച്ചെന്ന വാദഗതിക്കും പൊരുത്തക്കേടുണ്ട്. അക്രമത്തേക്കാൾ ഉപരി കവർച്ച ലക്ഷ്യമിട്ടാണ് സംഭവമെന്ന് നിരീക്ഷണമുണ്ട്. ചെക്ക് ലീഫുകൾ കവർച്ച ചെയ്യപ്പെട്ടിട്ടും ഇതുപയോഗിച്ചുള്ള ഇടപാടുകൾ വരുൺ തടഞ്ഞിരുന്നില്ലെന്ന് പിന്നീട് തിരുവനന്തപുരത്തെ ബാങ്കിലൂടെ 70000 രൂപ സംഘം മാറിയെടുത്തതിൽ വ്യക്തമാണ്. അത്തരമൊരു സാഹചര്യത്തിന് കാരണമായതെന്തെന്നും പുറത്തുവന്നിട്ടില്ല. കട്ടപ്പനയിൽനിന്നും രണ്ടു വാഹനങ്ങളിൽ 35 കിലോമീറ്റർ അകലെയുള്ള റിസോർട്ടിലെത്തി വൻ വാടക നൽകി മുറി വാടകയ്ക്ക് എടുത്ത ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങൾക്ക് 2000 രൂപ വീതം പോലും ലഭിച്ചിട്ടില്ല. ഇത്രയും കുറഞ്ഞ തുകയ്ക്ക് അക്രമം നടത്തിയെന്ന വിശദീകരണവും തൃപ്തികരമാകുന്നില്ല.

പൊന്നുവും ക്വട്ടേഷൻ സംഘാംഗങ്ങളും ഇതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഉൽപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും വെളിവായിട്ടില്ല. ഹാബിയെ അറസ്റ്റ് ചെയ്യുകയും പൊന്നുവിനെയും ഹാബിയേയും കൂടുതൽ ചോദ്യം ചെയ്യുകയും ചെയ്താലേ വ്യക്തമായ വിവരങ്ങൾ ലഭിക്കൂ എന്ന് കേസ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന പീരുമേട് സി. ഐ മനോജ് കുമാർ പറഞ്ഞു. ഇപ്പോൾ റിമാൻഡിലുള്ള പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഭർത്താവിന്റെ തട്ടിപ്പിന് അദ്ധ്യാപികയായ ഭാര്യ നൽകിയ ക്വട്ടേഷന്റെ പിന്നിൽ സത്യങ്ങളൊത്തിരി ഒളിച്ചിരിക്കുന്നതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP