Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൃഹനാഥനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊന്ന് ഭാര്യയെ ബലാൽസംഗം ചെയ്ത പ്രതിക്ക് ജയിലിൽ മർദ്ദനം പതിവ്; സഹതടവുകാർ ഉപദ്രവിക്കുന്നുവെന്ന് കോടതിയിൽ പരാതി പറഞ്ഞപ്പോൾ മർദ്ദനം വർധിപ്പിച്ചു; കൊലുസ് ബിനുവിന്റെ പരാതിയിൽ ബ്ലോക്ക് മാറ്റി പാർപ്പിക്കലിന് റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവ്; ബിനുവും കൂട്ടാളിയും ക്രൂരമായി ബലാൽസംഗം ചെയ്ത യുവതി ഇപ്പോഴും അബോധാവസ്ഥയിൽ

ഗൃഹനാഥനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊന്ന് ഭാര്യയെ ബലാൽസംഗം ചെയ്ത പ്രതിക്ക് ജയിലിൽ മർദ്ദനം പതിവ്; സഹതടവുകാർ ഉപദ്രവിക്കുന്നുവെന്ന് കോടതിയിൽ പരാതി പറഞ്ഞപ്പോൾ മർദ്ദനം വർധിപ്പിച്ചു; കൊലുസ് ബിനുവിന്റെ പരാതിയിൽ ബ്ലോക്ക് മാറ്റി പാർപ്പിക്കലിന് റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവ്; ബിനുവും കൂട്ടാളിയും ക്രൂരമായി ബലാൽസംഗം ചെയ്ത യുവതി ഇപ്പോഴും അബോധാവസ്ഥയിൽ

പി. നാഗരാജ്

തിരുവനന്തപുരം : തലസ്ഥാനത്ത് ഗൃഹനാഥനെ തലക്കടിച്ച് കൊലപ്പെടുത്തുകയും ഭാര്യയെ ബലാൽസംഗം ചെയ്ത് ജഡാവസ്ഥയിലാക്കി സ്വർണം കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയായ കൊലുസു ബിനുവിന് സെൻട്രൽ ജയിലിൽ വീണ്ടും ക്രൂര മർദ്ദനമേറ്റെന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് തിരുവനന്തപുരം അഡീ.സെഷൻസ് കോടതി ഉത്തരവിട്ടു. മുമ്പ് മർദ്ദനമേറ്റതിന് കോടതിയിൽ പരാതിപ്പെട്ടതിന്റെ വിരോധത്തിലാണ് എട്ടാം ബ്ലോക്കിലെ സഹ തടവുകാർ തന്നെ ക്രൂര മർദ്ദനത്തിനിരയാക്കുന്നതെന്നാണ് ബിനുവിന്റെ പരാതി. ബിനുവിനെ ബ്ലോക്ക് മാറ്റി പാർപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് 23 ന് സൂപ്രണ്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു

കേസിൽ ജയിലിൽ കിടന്ന് വിചാരണ നേരിടുന്ന 2 പ്രതികളിൽ ഒന്നാം പ്രതിയാണ് വിചാരണക്ക് കോടതിയിൽ ഹാജരാക്കിയ വേളയിൽ ജഡ്ജി മിനി. എസ്. ദാസിനോട് പരാതിപ്പെട്ടത്.അനവധി കവർച്ചാ കേസുകളിൽ പ്രതികളായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി കൊലുസു ബിനു എന്ന അനിൽകുമാർ ( 38 ) , തമിഴ്‌നാട് വേലൂർ ജില്ലയിൽ ഒടുകത്തൂർ വില്ലേജിൽ കോവിൽ തെരുവിൽ ചന്ദ്രൻ എന്ന ചന്ദ്രശേഖരൻ നായർ (48) എന്നിവരാണ് കവർച്ചാ കൊലപാതക - പീഡനക്കേസിലെ പ്രതികൾ.

2016 ജൂലൈ ഏഴിനാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം നടന്നത്. അർദ്ധരാത്രി ഭവനഭേദനം നടത്തി വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതികൾ ചുറ്റിക കൊണ്ട് ഗൃഹനാഥനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് ഞെട്ടി നിന്ന ഭാര്യയെ പ്രതികൾ ക്രൂരബലാൽസംഗത്തിനിരയാക്കി ജഡാവസ്ഥയിലാക്കുകയും ഇവരെ കൊലപ്പെടുത്താൻ ശ്രമം നടത്തിയ ശേഷം സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു കൊണ്ടു പോവുകയുമായിരുന്നു. കൊല്ലപ്പെട്ട ഗൃഹനാഥന്റെ ഭാര്യയെ നോട്ടമിട്ടിരുന്നു. തുടർന്നാണ് മൃഗീയമായ ക്രൂര കൃത്യം നടത്തിയത്. യുവതി ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പ്രതികൾ തമിഴ്‌നാട് മാർത്താണ്ഡത്തെ ജൂവലറിയിൽ വിറ്റു. ഇവ പ്രതികളുടെ സാന്നിധ്യത്തിൽ പൊലീസ് വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വിചാരണ വേളയിൽ ജൂവലറി മാനേജർ കോടതിയിൽ പ്രതികളെ തിരിച്ചറിഞ്ഞു. ജൂവലറിയിലെ സി സി റ്റിവി ദൃശ്യങ്ങൾ കോടതി ഹാളിൽ സ്‌ക്രീനിൽ പ്രദർശിപ്പിച്ചാണ് സാക്ഷി വിസ്താരം നടന്നത്. സി സി റ്റി വി ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടന്നിട്ടില്ലായെന്നും ഐ റ്റി നിയമ പ്രകാരം ഹാർഡ് ഡിസ്‌ക്കും സിഡിയും പരിശോധിച്ച് സാക്ഷ്യപത്രം നൽകിയത് താനാണെന്നും കേസിലെ അറുപതാം സാക്ഷിയായ തൃശൂർ കേരള പൊലീസ് അക്കാഡമി (കേപ്പ ) ജോയിന്റ് ഡയറക്ടർ ഷാജി.പി. കോടതിയിൽ മൊഴി നൽകി.

പ്രതികൾ കൃത്യസമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ തങ്ങളുടെ വാസസ്ഥലങ്ങളിൽ ഒളിപ്പിച്ചു വച്ചത് പ്രതികളെ തെളിവെടുപ്പിന് കൊണ്ടു പോയി പൊലീസ് വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയിരുന്നു. കൃത്യ വസ്ത്രങ്ങളായ ട്രാക്ക് സ്യൂട്ട് , പാന്റ്സ് , ടീ ഷർട്ട് , കൃത്യത്തിനുപയോഗിച്ച ആയുധമായ ചുറ്റിക എന്നിവയിൽ കാണപ്പെട്ട രക്തക്കറകളും കൊല്ലപ്പെട്ട ഗൃഹനാഥന്റെ ശരീരത്തിലും വസ്ത്രങ്ങളിലും കൊന്തമാലയിലും , ഭാര്യയുടെ വസ്ത്രങ്ങളിലുംകാണപ്പെട്ട രക്തക്കറകൾ ഒന്നാണെന്ന് തന്റെ പരിശോധനയിൽ തെളിഞ്ഞ് സാക്ഷ്യപത്രം നൽകിയതായി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറി സയന്റിഫിക് ഓഫീസർ എ. ഷെഫീഖ് കോടതിയിൽ മൊഴി നൽകി.

ഇരയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശേഖരിച്ച സ്രവങ്ങളുടെയും പുരുഷ ബീജത്തിന്റെയും പ്രതികളിൽ നിന്ന് ശേഖരിച്ച ബീജങ്ങളുടെയും ഡിഎൻഎ പരിശോധന നടത്തി ഒന്നാണെന്ന സാക്ഷ്യ പത്രം നൽകിയത് താനാണെന്നും തിരുവനന്തപുരം എഫ്. എസ്. എൽ : ഡി എൻ എ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ കെ.വി.ശ്രീവിദ്യ മൊഴി നൽകി.രണ്ടാം പ്രതിയുടെ വാസ സ്ഥലത്ത് തെളിവെടുപ്പിന് കേരളാ പൊലീസിനെ സഹായിച്ചത് താനാണെന്ന് തമിഴ്‌നാട് പാപ്പാക്കുടി പൊലീസ് സ്റ്റേഷൻ മുൻ സബ്ബ് ഇൻസ്പെക്ടറും നിലവിൽ കമാന്റോ ഫോഴ്സ് സബ്ബ് ഇൻസ്പെക്ടറുമായ എസ്. രാമൻ മൊഴി നൽകി. പാപ്പാക്കുടി സ്റ്റേഷനിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ 2016 ൽ രജിസ്റ്റർ ചെയ്യപ്പെട്ട 3 ബൈക്ക് മോഷണക്കേസുകളുടെ രേഖകളും എസ് ഐ ഹാജരാക്കിയത് പ്രോസിക്യൂഷൻ ഭാഗത്തേക്കുള്ള 58 മുതൽ 60 വരെയുള്ള രേഖകളായി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു. എസ് ഐ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു.

എസ് ഐ ഹാജരാക്കിയ 3 കേസുകളുടെയും തമിഴ് ലിഖിതങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്ത് സാക്ഷ്യപത്രം അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസി. കമ്മീഷണർക്ക് നൽകിയത് താനാണെന്ന് തൈക്കാട് ഗവ. ട്രെയിനിങ് കോളേജ് തമിഴ് അസി. പ്രൊഫസർ ഡോ. എസ്. കുമാർ കോടതിയിൽ മൊഴി.രണ്ടാം പ്രതിയുടെ വാസസ്ഥലത്ത് വച്ച് തന്റെ സാന്നിദ്ധ്യത്തിൽ രണ്ടാം പ്രതി എടുത്ത് ഹാജരാക്കിത്തന്ന കൃത്യ വസ്ത്രങ്ങൾ കണ്ട് തയ്യാറാക്കിയ മഹസറിൽ കാണുന്ന ഒപ്പ് തന്റേതാണെന്നും വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ : റ്റി.സി. ഷാജിയും മൊഴി നൽകി.കേസിൽ നാളിതു വരെ 67 സാക്ഷികളെ വിസ്തരിക്കുകയും 49 തൊണ്ടി മുതലുകളും 77 രേഖകളും കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പത്തൊൻപതാം സാക്ഷി ടോമിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 449 ( മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിലേക്കായുള്ള ഭവനഭേദനം ) , 397 ( കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള കവർച്ച ) , 307 ( വധശ്രമം ) , 302 ( കൊലപാതകം ) , 376 എ ( പീഡനത്തിനിരയായ ആൾക്ക് ജഡാവസ്ഥക്ക് ഇടവരുത്തൽ ) , 34 ( കൂട്ടായ്മ ) എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP