Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രി വൈകി അശ്വതിയുമായി സംസാരിച്ചതിന്റെ ഫോൺ രേഖകൾ തെളിവായി; വീട്ടിൽ എത്തും വരെ മഫ്ത്തിയിൽ പൊലീസ് കാവൽ; പ്രതിയാണോ എന്ന് ഉറപ്പുവരുത്താൻ ഓടാനും ബഷീറിനെ അനുവദിച്ചു: പ്രായപൂർത്തിയായ പെൺമക്കളുള്ള അപ്പന്മാർ മദ്യപാനികളായാൽ എന്ത് പറ്റുമോ അത് തന്നെ അശ്വതിക്കും സംഭവിച്ചു

രാത്രി വൈകി അശ്വതിയുമായി സംസാരിച്ചതിന്റെ ഫോൺ രേഖകൾ തെളിവായി; വീട്ടിൽ എത്തും വരെ മഫ്ത്തിയിൽ പൊലീസ് കാവൽ; പ്രതിയാണോ എന്ന് ഉറപ്പുവരുത്താൻ ഓടാനും ബഷീറിനെ അനുവദിച്ചു: പ്രായപൂർത്തിയായ പെൺമക്കളുള്ള അപ്പന്മാർ മദ്യപാനികളായാൽ എന്ത് പറ്റുമോ അത് തന്നെ അശ്വതിക്കും സംഭവിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കൊല്ലപ്പെട്ടത് ആരെന്നോ കൊലയാളി ആരെന്നോ അറിയാതെ നടന്ന അന്വേഷണം.. ഒടുവിൽ പൊലീസിന്റെ കൂർമ്മബുദ്ധിയിൽ കൊലയാളിയെ കിട്ടിയപ്പോൾ കൊല്ലപ്പെട്ടത് ആരെന്നും വ്യക്തമായി അപൂർവ്വമായ കേസായിരുന്നു അതിരമ്പുഴ കേസ്. പൂർണ്ണ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി പോളിത്തീൻ കവറിൽ കൂട്ടിക്കെട്ടി ഉപേക്ഷിച്ച സംഭവത്തിലെ ചുരുളഴിഞ്ഞത് കേരളാ പൊലീസിന്റെ അന്വേഷണ മികവിനുള്ള തെളിവായി മാറി. ശാസ്ത്രീയമായ വഴിയിൽ നീങ്ങി ഒരു ചെറിയ തുമ്പിനെ പോലും മികച്ചതാക്കി നിന്നാണ് കേരളാ പൊലീസ് അശ്വതി കൊലക്കേസ് തെളിയിച്ചത്.

കൊല്ലപ്പെട്ട യുവതി ആരെന്ന് അറിയുകയായിരുന്നു പൊലീസ് നേരിട്ട ആദ്യ വെല്ലുവിളി. സംസ്ഥാനം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും പൊലീസിന് ആരാണ് പ്രതിയെന്ന് ബോധ്യമായില്ല. അപ്പോഴാണ് മൃതദേഹം പൊതിഞ്ഞ കവറിലെ നമ്പർ തുമ്പായത്. ഒന്നരവർഷം മുൻപ് വന്ന പാഴ്‌സലിന്റെ കവറായിരുന്നു ഇത്. ഇതിലെ സീരിയൽ നമ്പർ തേടിച്ചെന്നപ്പോൾ ഡൽഹിയിലെ പാഴ്‌സൽ കമ്പനിയിലെത്തി. അവിടെ നിന്നു പാഴ്‌സൽ പോയ വഴിയെ പൊലീസും ഒരു രാത്രികൊണ്ട് എത്തി. എംഎക്യൂ എന്ന കോഡായിരുന്നു പൊലീസിന് തുണയായ തുമ്പ്.

റെയിൽവേ വഴിയാണ് മംഗലാപുരം വരെ പാഴ്‌സലെത്തിയത്. അതിനുശേഷം കുറിയറിന്റെ സബ് ഏജന്റാണ് കോഴിക്കോട് വഴി പാഴ്‌സൽ കോട്ടയത്ത് എത്തിച്ചത്. ഉപഏജന്റിലേക്ക് എത്തിയയുടൻ അയാൾ കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ സഹായത്തോടെ കീഴ്‌പ്പെടുത്തി. അന്ന് കുറിയറിനൊപ്പം കൈമാറേണ്ടയാളുടെ ഫോൺ നമ്പർ ഏജന്റിൽനിന്നു ലഭിച്ചതോടെയാണ് പാഴ്‌സലിന്റെ ഉടമ ഖാദർ യൂസഫാ(ബഷീർ)ണെന്നു തിരിച്ചറിഞ്ഞത്. ഇയാൾ സൗദിയിൽ ജോലി ചെയ്തു മടങ്ങിയശേഷം വീട്ടിലേക്കു സ്റ്റൗ ഉൾപ്പെടെ സാധനങ്ങൾ എത്തിച്ചതാണ് ഈ പാഴ്‌സൽ.

നിർണ്ണായകമായത് ഫോൺരേഖ

പ്രതിയെന്ന സംശയം ഉണ്ടായതോടെ ബഷീറിന്റെ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇതോടെയാണ് അശ്വതിയുടെ ഫോണിലേക്ക് നിരന്തരം വിൡച്ചിരുന്നതായി വ്യക്തമായത്. അതിൽ മണിക്കൂറുകളോളം സംസാരിച്ചിട്ടുള്ള കോളുകൾ ഉണ്ടായിരുന്നു. ബഷീറിനെ നിരീക്ഷിക്കാൻ സൈബർ സെല്ലിനെ ചുമതലപ്പെടുത്തി. പകൽ മുഴുവൻ ശാസ്ത്രി റോഡിലാണ് ബഷീറിന്റെ ടവർ ലൊക്കേഷൻ. രാത്രിയിൽ അമ്മഞ്ചേരിയിൽ. ശാസ്ത്രി റോഡിൽ സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടയിലാണു ജോലിയെന്നു കണ്ടെത്തി. രാത്രി വീട്ടിലേക്കുപോകും വരെ മഫ്ടിയിൽ പൊലീസ് കടയ്ക്കു മുന്നിൽനിന്നു. ബൈക്കിൽ ബഷീർ പോകുമ്പോൾ പിന്നാലെകൂടി. വീട്ടിലെത്തി ഗേറ്റ് പൂട്ടി അകത്തേക്ക് കയറിയ ഉടൻ ഗേറ്റ് ചാടിക്കടന്നു പൊലീസ് പിടികൂടി.

മൂന്നു മുറിയിലെയും കട്ടിലുകളിൽ രണ്ടു കട്ടിലുകളിൽ മാത്രമേ ബെഡ് ഷീറ്റ് ഉള്ളൂ. കാണാതായതു മൃതദേഹത്തിൽ കണ്ടതാണെന്നു പൊലീസ് ഉറപ്പിച്ചു. രാത്രി തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കാര്യങ്ങൾ വ്യക്തമായി. ആറു മാസം മുൻപ് വരെ രാത്രിയിൽ മണിക്കൂറുകളോളം സംസാരിച്ച ഫോണിന്റെ വിവരങ്ങളെടുത്തപ്പോൾ അതു കൊല്ലപ്പെട്ട അശ്വതിയുടെ പിതാവിന്റേതാണെന്നു മനസിലായി. പിതാവ് ഉറങ്ങിക്കഴിയുമ്പോൾ അശ്വതി സംസാരിച്ചതാണെന്നു ബഷീർ പൊലീസിനോടു സമ്മതിച്ചു.

എന്നാലും പിടികൊടുക്കുന്ന രീതിയിലേക്ക് ബഷീറെത്തിയില്ല. പാഴ്‌സൽ കവറിന്റെ കഥയിലേക്ക് വന്നപ്പോൾ. പാഴ്‌സൽ തന്റേതാണെന്നു സമ്മതിച്ചു. എവിടെയാണു കവറെന്നു പൊലീസിന്റെ ചോദ്യത്തിന് അതു താൻ മെഡിക്കൽ കോളജ് ഭാഗത്ത് ഉപേക്ഷിച്ചുവെന്ന് പറഞ്ഞു. അതിരാവിലെ തന്നെ പൊലീസ് ബഷീറിനെയും കൂട്ടി അങ്ങോട്ടേക്ക് പോയി. അവിടെ കവർ തപ്പാനിറങ്ങിയ ഇയാൾ ഞൊടിയിടയ്ക്കുള്ളിൽ കടന്നുകളയാൻ ശ്രമിച്ചു. പൊലീസ് അത് മനഃപൂർവം അവസരം കൊടുത്തതായിരുന്നു. ഓടുന്നെങ്കിൽ ഇയാൾ പ്രതിയെന്ന കാര്യത്തിൽ സംശയം ബാക്കിയില്ലെന്ന നിഗമനത്തിൽ. ബഷീറിനെ ഓടിച്ചിട്ട് പിടിച്ചു.

കൊലപാതകവും പടുതായിൽ പൊതിഞ്ഞതും ബഷീർ ഒറ്റയ്ക്ക്

പൂർണ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി പടുതായിൽ പൊതിഞ്ഞ് റബർ തോട്ടത്തിൽ തള്ളിയത് ബഷീർ ഒറ്റയ്ക്കായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ബഷീറിന്റെ വാടക വീട്ടിൽ വച്ചായിരുന്നു അശ്വതിയെ കൊന്നത്. അവിഹിത ഗർഭം ധരിച്ച അശ്വതിയെ ഒഴുവാക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് ഇയാൾ അവളെ ഇല്ലായ്മ ചെയ്യാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.

ബഷീറിന്റെ ഡ്രൈവറും ഒരു സുഹൃത്തും മൃതദേഹം മാറ്റാൻ ബഷീറിനെ സഹായിച്ചിരുന്നതായി സംശയം ഉയർന്നതിനെത്തുടർന്ന് ഇവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. മാത്രമല്ല, മൃതദേഹം പടുതയിൽ പൊതിഞ്ഞ് കാറിൽ കയറ്റിയ രീതിയും റോഡിൽ നിന്നും ഉയർന്നുനിൽക്കുന്ന റബർ തോട്ടത്തിലേക്ക് മൃതദേഹം കയറ്റിയ രീതിയും പ്രതി പൊലീസിനെ കാണിച്ചുകൊടുത്തു. സഞ്ചിയുടെ കൈവള്ളിയുടെ മാതൃകയിൽ മുകളിലും താഴെയും കയർ കെട്ടി എടുത്താണ് മൃതദേഹം റബർ തോട്ടത്തിലേക്ക് കയറ്റിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു ലക്ഷ്യമെങ്കിലും അത്രയും ദൂരം മൃതദേഹം കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് ആ ശ്രമം ഉപേക്ഷിച്ചതെന്നും പ്രതി പറഞ്ഞു.

അശ്വതിയുടെ വീടിന്റെ തൊട്ടടുത്താണ് ബഷീർ വാടകയ്ക്ക് താമസിക്കുന്നത്. അശ്വതിയുടെ പിതാവ് തമ്പാനെ മദ്യം നല്കി വശീകരിച്ചാണ് ഇയാൾ അശ്വതിയുമായി ചങ്ങാത്തം സ്ഥാപിച്ചത്. തുടർന്ന് അവിഹിത ബന്ധത്തിൽ ഏർപ്പെടുകയും അശ്വതി ഗർഭിണിയാവുകയുമായിരുന്നു. ഗർഭം അലസിപ്പിക്കാൻ ബഷീർ പലതവണ ശ്രമിച്ചെങ്കിലും അശ്വതി വഴങ്ങിയില്ല. തുടർന്ന് കോഴഞ്ചേരിയിലുള്ള ബന്ധുവിന്റെ വീട്ടിൽ കൊണ്ടുചെന്നാക്കി. അവിടെനിന്ന് ആരോടും പറയാതെ വീടുവിട്ടതോടെ വീട്ടുകാർ അശ്വതിയെ കാണാനില്ലായെന്നു കാട്ടി പൊലീസിൽ പരാതി നല്കിയിരുന്നു. ഇതിനിടയിൽ വീട്ടിൽ തിരിച്ചെത്തിയ യുവതി ഒരാഴ്ചത്തെ താമസത്തിനു ശേഷം വീണ്ടും ജോലിക്കു പോവുന്നുവെന്ന് പറഞ്ഞ് സ്ഥലം വിട്ടു. ബഷീറിന്റെ നിർദ്ദേശപ്രകാരമാണ് മറ്റൊരു വീട്ടിൽ അശ്വതി അഭയം തേടിയത്. അവിടെനിന്ന് ഒരു മാസം മുമ്പ് വീണ്ടും ബഷീറിന്റെ വീട്ടിലെത്തിയ അശ്വതി പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുകയായിരുന്നു.

ഗൾഫിൽ ജോലി ചെയ്യുന്ന ഭാര്യ എത്തുമെന്നായപ്പോൾ വഴക്കിനെ ചൊല്ലി കൊലപാതകം

ഗൾഫിൽ ജോലിചെയ്യുന്ന ബഷീറിന്റെ ഭാര്യ അടുത്തയാഴ്ച വീട്ടിലെത്തുമെന്ന സന്ദേശം ബഷീറിനെ ആകെ മാനസികമായി തളർത്തി. എന്തു ചെയ്യുമെന്ന ചിന്തയായി പിന്നെ. അവസാനം മാറി താമസിക്കാൻ അശ്വതിയോട് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതേതുടർന്ന് വഴക്കായി. കസേരയിൽ ഇരുന്ന അശ്വതിയുടെ കഴുത്തിൽ കുത്തിപ്പിച്ച് പുറകിലേക്ക് തള്ളി. ഇതേതുടർന്ന് തല ഇടിച്ച് അശ്വതിയുടെ ബോധം കെട്ടു. വീണ്ടും കഴുത്തിൽ കുത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

രാത്രിയിൽതന്നെ മൃതദേഹം കട്ടിലിൽ വിരിച്ചിരുന്ന ബഡ്ഷീറ്റിൽ പൊതിഞ്ഞു. തുടർന്ന് ഭാര്യ ഗൾഫിൽനിന്ന് പാഴ്‌സൽ അയച്ച ടാർപോളിനിൽ വീണ്ടും മൃതദേഹം പൊതിഞ്ഞു. സ്വന്തം ഹുണ്ടായ് കാറിന്റെ ഡിക്കിയിലാക്കി. തുടർന്ന് മൂന്നു കിലോമീറ്റർ ദൂരെയുള്ള റബർതോട്ടത്തിലെ പൊട്ടക്കിണർ ലക്ഷ്യമാക്കി പോയി. വിജനമായ റബർ തോട്ടത്തിന്റെ സമീപം എത്തിയപ്പോൾ ഡിക്കിയിൽ നിന്ന് ഒറ്റയ്ക്ക് സഞ്ചി തൂക്കുന്നതുപോലെ മൃതദേഹം എടുത്ത് തിട്ടയിൽ വച്ചു. അവിടെനിന്നും തൂക്കിയെടുത്ത് കുറച്ചു ദൂരം കൊണ്ടുപോയി. മുന്നോട്ടു കൊണ്ടുപോവാൻ കഴിയാതെ അവിടെ മൃതദേഹം ഉപേക്ഷിച്ച് തിരികെ പോരുകയായിരുന്നു.

രാത്രിയിൽ തന്നെ തിരിച്ച് വീട്ടിലെത്തിയ ബഷീർ കുളിച്ച് തുണിമാറി നേരെ മുണ്ടക്കയത്തേക്ക് പോവുകയായിരുന്നു. റിയൽ എസ്റ്റേറ്റ് ഏജന്റായും ഡ്രൈവറായും ജോലിചെയ്തിരുന്ന ബഷീർ നല്ല സാമ്പത്തിക സ്ഥിതിയിലാണ്. ഭാര്യ അയച്ചുകൊടുക്കുന്ന പണം മുഴുവൻ ഇയാൾ ധൂർത്തടിക്കുകയാണെന്നും അറിയുന്നു. മൂന്നു വർഷം മുമ്പാണ് ഇയാൾ അമ്മഞ്ചേരിയിലെ വീട്ടിൽ വാടകയ്ക്ക് താമസമാക്കിയത്.

സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളിൽ പ്രതിയെ കുടുക്കാൻ സാധിച്ചത് പൊലീസിന്റെ മികവുകൊണ്ടാണ്. അണുവിട വിടാതെയുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. ജില്ലാ പൊലീസ് സൂപ്രണ്ട് എൻ.രാമചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. പൊലീസ് ചെറു സംഘങ്ങളായി തിരിഞ്ഞ് ആശുപത്രികൾ കേന്ദ്രീകരിച്ചും ആശാ വർക്കർമാരുടെ സഹായം തേടിയും അന്വേഷണം പുരോഗമിച്ചു. അതൊടെ പ്രതി കുടുങ്ങുകയും ചെയ്തു.

കഴിഞ്ഞ ഒരുമാസത്തോളം ബഷീറിനൊപ്പമുണ്ടായിരുന്ന യുവതിയെ കഴിഞ്ഞ ശനിയാഴ്ച രാത്രി വീട്ടിൽവച്ച് കൊലപ്പെടുത്തി ചാക്ക്, പോളിത്തീൻ കവർ, ബെഡ്ഷീറ്റ് എന്നിവയിൽ പൊതിഞ്ഞുകെട്ടി മൂന്നുകിലോമീറ്ററോളം അകലെയുള്ള റബർതോട്ടത്തിൽ ഉപേക്ഷിച്ചെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇത് സ്ഥിരീകരിക്കുന്നതിനുള്ള ശാസ്ത്രീയ തെളിവുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചത്. വീട്ടിലെ കിടപ്പുമുറികളും മൃതദേഹം കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്നു കരുതുന്ന പ്രതിയുടെ ഹുണ്ടായ് ഐടെൻ കാറും വിശദമായി പരിശോധിച്ചു. ഒരുമാസത്തോളം അശ്വതി ഈ വീട്ടിൽ താമസിച്ചിരുന്നുവെന്ന് തെളിയിക്കുന്നതിന് ഗൃഹോപകരണങ്ങളിൽ നിന്ന് വിരലടയാളങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

പൂർണ ഗർഭിണിയായ കാമുകിയെ വിദേശത്തുള്ള ഭാര്യ നാട്ടിൽ തിരിച്ചെത്തുന്നതുകൊണ്ട് ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. കഴിഞ്ഞ 9 മാസത്തോളമായി യുവതി ബഷീറിന്റെ സംരക്ഷണയിൽ ഏതോ അജ്ഞാതകേന്ദ്രത്തിലായിരുന്നു. കോഴഞ്ചേരിയിലെ ബന്ധുവീട്ടിൽ നിന്ന് 2015 നവംബർ പത്തിനാണ് യുവതിയെ കാണാതായത്. ഇതു സംബന്ധിച്ച് ആറന്മുള പൊലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്. എന്നിട്ടും അൻപതുവാര മാത്രം അകലെയുള്ള കാമുകന്റെ വീട്ടിൽ യുവതി ഒരുമാസത്തോളം താമസിച്ചതും അവസാനം കൊലചെയ്യപ്പെട്ടതും അശ്വതിയുടെ മാതാപിതാക്കളും അയൽവാസികളും അറിഞ്ഞിരുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം.

ശനിയാഴ്ച രാത്രി കൊലപാതകം നടന്നതായാണ് ലഭ്യമാകുന്ന വിവരം. ഞായറാഴ്ച രാവിലെ അശ്വതിയുടെ പിതാവ് വിശ്വനാഥൻ ആചാരിയുടെ കൈയിൽ 400 രൂപ കൊടുത്തുവിട്ട് മദ്യം വാങ്ങിപ്പിച്ച് ഇരുവരും ചേർന്നുകഴിച്ചു. അന്നുച്ചയ്ക്ക് അശ്വതിയുടെ മാതാവ് സിന്ധു നൽകിയ ഭക്ഷണവും കഴിച്ചിട്ടാണ് രാത്രി മൃതദേഹം റബർതോട്ടത്തിലുപേക്ഷിക്കാൻ പ്രതി പോയത്. മാന്യതയുടെ മുഖംമൂടി അണിഞ്ഞുനടന്ന ചെറുപ്പക്കാരൻ ഒരുമാസത്തോളം ഇരുചെവിയറിയാതെ കാമുകിയെ പാർപ്പിച്ചെന്നതും രാത്രിയിൽ കൊന്നുതള്ളിയെന്നതും നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.

അശ്വതിയുടെ വീട്ടുകാർക്ക് ബഷീർ വെറുമൊരു അയൽവാസി മാത്രമല്ല സ്‌നേഹനിധിയായ 'ഇക്ക'യുമായിരുന്നു. വീട്ടിലെ എല്ലാ അത്യാവശ്യഘട്ടങ്ങളിലും ആളും അർത്ഥവുമായി ഇയാൾ കൂടെയുണ്ടാകും. കോഴഞ്ചേരിയിലെ ബന്ധുവീട്ടിൽ നിന്ന് അശ്വതിയെ 'കാണാതായ വിവരം' അറിഞ്ഞയുടൻ ആറന്മുള പൊലീസിൽ പരാതി നൽകാൻപോയ പിതാവ് വിശ്വനാഥൻ ആചാരിക്കൊപ്പം ബഷീറുമുണ്ടായിരുന്നു.

അശ്വതിയുയെ പിതാവ് മദ്യത്തിന് അടിമായായതാണ് ഈ സംഭവത്തിലെല്ലാം വില്ലനായത്. വീട്ടിലെ അരക്ഷിതാവസ്ഥ മുതലെടുത്താണ് യുവതിയെവശത്താക്കിയത്. പിതാവു മദ്യത്തിന് അടിമ കൂടിയായതോടെ ബഷീറിനു കാര്യങ്ങൾ എളുപ്പമായി. തമ്പാനെ മദ്യപിപ്പിച്ച ശേഷവും മകളുമായി പ്രതി സ്ഥിരമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നുവെന്നാണു വിവരം. അശ്വതി മാത്രമുള്ള സമയത്തും ബഷീർ വീട്ടിൽ എത്തിയിരുന്നു. എങ്കിലും ഈ വരവിൽ അപാകത കാണാൻ വീട്ടുകാർക്കു കഴിഞ്ഞില്ല. ബഷീർ പിടിക്കപ്പെടുകയും കൊല്ലപ്പെട്ടതു അശ്വതിയാണെന്നു നാടുമുഴുവൻ അറിയുകയും ചെയ്തിട്ടും തമ്പാൻ പറഞ്ഞതു കൊല്ലപ്പെട്ടതു തന്റെ മകളല്ലെന്നാണ്. മദ്യലഹരിയിലായിരുന്ന തമ്പാൻ ഇന്നലെ വൈകുന്നേരവും ഓട്ടോറിക്ഷയിൽ മത്സ്യവുമായി വന്നിറങ്ങിയിരുന്നെന്നാണു നാട്ടുകാർ പറയുന്നത്. മൃതദേഹം തിരിച്ചറിയാൻ പോലും ഇയാൾ ചെന്നില്ല. മരിച്ചത് അശ്വതിയാണെന്നു തിരിച്ചറിഞ്ഞശേഷമാണ് ഇത്തരമൊരു പെരുമാറ്റം ഇയാളുടെ ഭാഗത്തുനിന്നുണ്ടായതെന്നും നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP