Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ശനിയാഴ്ച രാത്രി നെടുങ്കുളത്ത് മദ്യപിച്ചിരിക്കുമ്പോഴെ തുരുത്തിശേരി വിനു ബിനോയിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പലവട്ടം ഭീഷണി മുഴക്കിയെങ്കിലും കൃത്യം നടത്തുമെന്ന് കരുതിയില്ലെന്ന് പിടിയിലായ കൂട്ടാളികൾ; കസ്റ്റഡിയിലായത് വാഹനവും മറ്റും മുഖ്യപ്രതികൾക്ക് എത്തിച്ചുകൊടുക്കാൻ ഒത്താശ ചെയ്തവർ; വിനുവും കൂട്ടരും തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന; അത്താണിയിലെ കൊലപാതകം നെടുങ്കളത്തെ ചേരിതിരിഞ്ഞുള്ള അക്രമങ്ങളുടെ തുടർച്ചയെന്ന് പൊലീസ്

ശനിയാഴ്ച രാത്രി നെടുങ്കുളത്ത് മദ്യപിച്ചിരിക്കുമ്പോഴെ തുരുത്തിശേരി വിനു ബിനോയിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പലവട്ടം ഭീഷണി മുഴക്കിയെങ്കിലും കൃത്യം നടത്തുമെന്ന് കരുതിയില്ലെന്ന് പിടിയിലായ കൂട്ടാളികൾ; കസ്റ്റഡിയിലായത് വാഹനവും മറ്റും മുഖ്യപ്രതികൾക്ക് എത്തിച്ചുകൊടുക്കാൻ ഒത്താശ ചെയ്തവർ; വിനുവും കൂട്ടരും തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന; അത്താണിയിലെ കൊലപാതകം നെടുങ്കളത്തെ ചേരിതിരിഞ്ഞുള്ള അക്രമങ്ങളുടെ തുടർച്ചയെന്ന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

നെടുമ്പാശ്ശേരി: അത്താണി കൊലപാതക കേസിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. മേക്കാട് സ്വദേശികളായ മാളിയേക്കൽ അഖിൽ (25), നിഖിൽ (22), അരുൺ (22), കാരക്കാട്ടുകുന്ന് കിഴക്കേപ്പാട്ട് വീട്ടിൽ ജിജീഷ് (38), പൊയ്ക്കാട്ടുശ്ശേരി വേണാട്ടുപറമ്പിൽ ജസ്റ്റിൻ (28) എന്നിവരാണ് അന്വേഷക സംഘത്തിന്റെ പിടിയിലായിട്ടുള്ളത്. ഇവർ വാഹനവും മറ്റും മുഖ്യപ്രതികൾക്ക് എത്തിച്ചുകൊടുത്തവരാണെന്ന് പൊലീസ് പറയുന്നു. ഇവർ അത്താണി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണ്. അതേ സമയം കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി സംശയിക്കുന്ന തുരുത്തിശ്ശേരി വിനുവും മൂക്കന്നൂർ, തിരുവിലാംകുന്ന് സ്വദേശികളും തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടതായാണ് സൂചന. പ്രതികൾക്കായി പൊലീസ് വലവീശിയിട്ടുണ്ട്.

അത്താണി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലെത്തിച്ചത്. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) അതിദാരുണമായി കൊലചെയ്യപ്പട്ടത്. അത്താണി ബാറിലെ സി.സി.ടി.വിയിൽ കൊലപാതക ദൃശ്യംം പതിഞ്ഞിരുന്നു. സന്ധ്യാസമയത്ത് നടക്കാനിറങ്ങുന്ന ബിനോയ് ഞായറാഴ്ച രാത്രി ഓട്ടോ സ്റ്റാന്റിന്റെ പടിഞ്ഞാറ് വശം ചേർന്ന് വരുന്നതിനിടെയാണ് മിന്നലാക്രമണമുണ്ടായത്. വടക്ക് വശത്ത് നിന്ന് പാഞ്ഞെത്തിയ മൂന്നംഗ സംഘത്തിലെ ഒന്നാമനാണ് ആദ്യം ഓടിയെത്തി വടിവാളുപയോഗിച്ച് വെട്ടിയത്. ബിനോയി അക്രമിയുടെ ദേഹത്തേക്ക് ചാടിവീണു. അതോടെ ഇരുവരും നിലത്ത് വീഴുകയായിരുന്നു. അക്രമിയെ നിലത്ത് കിടത്തി ബിനോയി എഴുന്നേറ്റ് പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴേക്കും സംഘാംഗങ്ങളായ മറ്റ് രണ്ട് പേരും ബിനോയിയെ തുരെ തുരെ വെട്ടിവീഴ്‌ത്തി.

Stories you may Like

അതോടെ ഒന്നാമനും എഴുന്നേറ്റ് നിരവധി തവണ ആഞ്ഞു വെട്ടി. തല മുതൽ കഴുത്ത് വരെ അനക്കം നിലയ്ക്കുന്നത് വരെ വെട്ടി . മരിച്ചെന്നുറപ്പായ ശേഷമാണ് അക്രമികൾ മടങ്ങിയത്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി പൊലീസ് സൂചന നൽകി.
മൂക്കന്നൂർ സ്വദേശി സനൽ വധകേസിലടക്കം നിരവധി അക്രമണ കേസുകളിൽ പ്രതിയാണ് മൂക്കന്നൂർ സ്വദേശി. ബിനോയിയുടെ നെടുങ്കുളത്തുള്ള വീടിന് സമീപം താമസിക്കുന്നയാണ് ഒന്നാം പ്രതി. അടുത്തിടെ അക്രമി സംഘം ചേരിതിരിഞ്ഞ് പലതവണ സംഘട്ടനങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഞായറാഴ്ചത്തെ അരുംകൊലയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി നെടുങ്കുളത്ത് മദ്യപിച്ചിരിക്കുമ്പോൾ ബിനോയിയെ കൊലപ്പെടുത്തുമെന്ന് വിനു പറഞ്ഞുവെങ്കിലും കൃത്യം നടത്തുമെന്ന് കരുതിയില്ലെന്നാണ് പിടിയിലായ കൂട്ടാളികൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത് .

അതിനിടെ തിങ്കളാഴ്ച ആലുവ ജില്ല ആശുപത്രിയിൽ ഇൻക്വസ്റ്റ് തയ്യറാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയെങ്കിലും പോസ്റ്റ്‌മോർട്ടം നടന്നില്ല.ആറു മണിക്കൂറിലേറെ സമയമെടുത്താണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. അതിനിടെ അത്താണി ദേശീയ പാതയോരത്തെ അങ്കമാലി ബസ് സ്റ്റോപ്പിന് സമീപത്തെ കാനയിൽ നിന്ന് കൊലപാതകത്തിനുപയോഗിച്ചതെന്ന് കരുതുന്ന വടിവാൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആലുവ ഡി.വൈ.എസ്‌പി ജി.വേണുവിന്റെ നേതൃത്വത്തിൽ ആലുവ, അങ്കമാലി, നെടുമ്പാശ്ശേരി, എടത്തല സിഐമാരും ആലുവ, നെടുമ്പാശ്ശേരി, പറവൂർ, ചെങ്ങമനാട് എസ്‌ഐമാരും ഉൾപ്പെട്ട 30 പേരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല.

ബിനോയി രൂപം നൽകിയ അത്താണി ബോയ്്‌സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് സംഘത്തിൽപ്പെട്ടവരവുമായി തെറ്റിപ്പിരിഞ്ഞ ബിനോയി മറ്റൊരു ക്വട്ടേഷൻ സംഘം രൂപീകരിച്ചിരുന്നെന്നും ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. ശനിയാഴ്ചയും ഈ സംഘത്തിലെ ചിലരുമായി ബിനോയി വാക്കുതർക്കത്തിലേർപ്പെട്ടെന്നും തുടർന്ന് അടിപിടിയിലെത്തിയെന്നും സൂചനയുണ്ട്. ഇതിന്റെ തുടർച്ചയാണ് അരും കൊലയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇന്നലെ രാത്രി എട്ടുമണിയോടുത്തായിരുന്നു ആക്രമണം. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു കാറിൽ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്. നിലവിളിച്ചു കൊണ്ട് രക്ഷപെടാൻ ശ്രമിച്ച ബിനോയിയെ കൊലവിളിയുമായി അക്രമികൾ പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. എന്നാൽ സംഭവം സംബന്ധിച്ച് മൊഴി നൽകാൻ ദൃസാക്ഷികൾ ആരും ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ പുറത്തുവന്നിട്ടുള്ള സി സി ടിവി ദൃശ്യമാണ് പൊലീസിന് പ്രതികളെകുടുക്കുന്നതിന് സഹായകമായിട്ടുള്ള ഏക തെളിവ്.

മൊഴി നൽകിയാൽ തങ്ങളും കൊല്ലപ്പെട്ടേയ്ക്കുമെന്ന ഭീതി മുലമാണ് ദൃസാക്ഷികൾ പൊലീസിന് മൊഴിനൽകാൻ തയ്യാറാവാത്തതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് നാട്ടിൽ പരക്കെ പ്രചരിച്ചിട്ടുള്ള വിവരം .ഇത് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മണൽ - കരിങ്കൽ കടത്തുമായി ബന്ധപ്പെട്ട് അങ്കമാലി മലയാറ്റൂർ മേഖലകൾ കേന്ദ്രീകരിച്ച് നിരവധി ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു .അനധികത ക്വാറികൾ പ്രവർത്തിപ്പിച്ചു വന്നിരുന്നവരും അനധികൃത മണൽ കടത്തിന് ഒത്താശ ചെയ്തിരുന്നവരുമാണ് ഇവരെ തീറ്റിപ്പോറ്റിയിരുന്നത് .

മുമ്പും സമാന ഗുണ്ടാ ആക്രമണങ്ങളിൽ ഇവിടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടികളെത്തുടർന്ന് ഇടക്കാലത്ത് പത്തി മടക്കിയിരുന്ന ഇക്കൂട്ടർ ഇപ്പോൾ വീണ്ടും കരുത്തു കാണിക്കാൻ ഇറങ്ങിയതിന്റെ തെളിവാണ് ഈ കൊലപാതകമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാട്ടുകാർ നോക്കി നിൽക്കെ ഓടിച്ച് വെട്ടിവീഴ്‌ത്തി, മുഖത്തുന്നിന്നും മാംസ കഷണങ്ങൾ വായുവിൽ തെറിക്കും വരെ തുരതുര വെട്ടി കലി തീർത്ത് മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP