Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കൂട്ടുകാരനെ കൊല്ലാൻ ഉറപ്പിച്ചത് ജോലിക്ക് പോകാതെ ചീട്ട് കളിക്കാൻ പോയതിന് ശാസിച്ചതോടെ; തന്നെക്കാളും ബലവാനായ സുഹൃത്തിനെ കൊലപ്പെടുത്തിയത് ഉറങ്ങിക്കിടക്കവെ കമ്പി കൊണ്ട് തലയ്ക്കടിച്ചും; പ്രതിയെ തേടി പൊലീസ് ഇന്ത്യ മുഴുവൻ കറങ്ങുമ്പോഴും താനിവിടൊക്കെ മദ്യപിച്ചും ചീട്ടുകളിച്ചും കറങ്ങി നടക്കുന്നുണ്ടായിരുന്നെന്നും പങ്കജ് മണ്ഡ; പ്രതി പിടിയിലായതു കൊലപാതകം നടത്തി ഒരു വർഷത്തിന് ശേഷം

കൂട്ടുകാരനെ കൊല്ലാൻ ഉറപ്പിച്ചത് ജോലിക്ക് പോകാതെ ചീട്ട് കളിക്കാൻ പോയതിന് ശാസിച്ചതോടെ; തന്നെക്കാളും ബലവാനായ സുഹൃത്തിനെ കൊലപ്പെടുത്തിയത് ഉറങ്ങിക്കിടക്കവെ കമ്പി കൊണ്ട് തലയ്ക്കടിച്ചും; പ്രതിയെ തേടി പൊലീസ് ഇന്ത്യ മുഴുവൻ കറങ്ങുമ്പോഴും താനിവിടൊക്കെ മദ്യപിച്ചും ചീട്ടുകളിച്ചും കറങ്ങി നടക്കുന്നുണ്ടായിരുന്നെന്നും പങ്കജ് മണ്ഡ; പ്രതി പിടിയിലായതു കൊലപാതകം നടത്തി ഒരു വർഷത്തിന് ശേഷം

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ജോലിക്ക് എത്താതെ ചീട്ടുകളിക്ക് പോയത് ചോദ്യം ചെയ്തതും മുറിവിട്ട് പോകാൻ പറഞ്ഞ് കയ്യേറ്റം ചെയ്തതുമാണ് സഹപ്രവർത്തകനെ കൊലപ്പെടുത്താൻ കാരണമെന്ന് ആസാം സ്വദേശി. പെരുമ്പാവൂർ ഒക്കൽ ഐ ഒ സി പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്ന ആസാം സ്വദേശി മോഹിബുള്ള കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ആസാം നൗഗോൺ ജില്ലാ അംബഗാൻ താലൂക്ക് മഹ്‌ബോർ അലി ഗ്രാമത്തിൽ പരേതനായ ലേഖികന്ത മണ്ഡലിന്റെ മകൻ പങ്കജ് മണ്ഡ(21)ലാണ് കൃത്യം നടത്താനുണ്ടായ കാരണത്തെക്കുറിച്ചും തൊട്ടുമുമ്പുനടന്ന സംഭവപരമ്പരകളെക്കുറിച്ചും പെരിമ്പാവൂർ പൊലീസിൽ വിശദമാക്കിയത്. നേരെ എതിർത്തുതോൽപ്പിക്കാൻ പറ്റില്ലന്നുള്ള തിരിച്ചറിവിലാണ് ഉറങ്ങിക്കിടന്നപ്പോൾ കമ്പിക്കഷണം കൊണ്ട് പലവട്ടം തലയ്ക്കടിച്ചതെന്നും മരണം ഉറപ്പാക്കിയശേഷം മുറിപൂട്ടി സ്ഥലം വിടുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. 

സംഭവത്തിന് ആഴ്ചകൾ മുൻപ് പെട്രോൾ പമ്പിൽ ജോലിക്ക് എത്തിയ ഇരുവർക്കും പമ്പുടമ സ്ഥാപനത്തിന്റെ എതിർവശത്തുള്ള മൂന്നു നില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസ സൗകര്യം ഒരുക്കിയിരുന്നു. ഈ കെട്ടിടത്തിൽ 2019 ഫെബ്രുവരി 20-നായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും അസഹ്യമായ ദുർഗന്ധം വമിക്കുന്നുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ 24-ന് പൊലീസെത്തി മുറി തുറന്നപ്പോഴാണ് അഴുകിത്തുടങ്ങിയ ജഡം കണ്ടെത്തിയത്. പമ്പിൽ ജോലിചെയ്തിരുന്ന അവസരത്തിൽ ഇരുവരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പങ്കജ് മണ്ഡൽ മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകൾ കേന്ദ്രികരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാളിലേക്കെത്താൻ കഴിയുന്ന സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

സംഭവദിവസം പങ്കജ് ജോലിക്ക് പോയിരുന്നില്ല. സുഖമില്ലന്നും ജോലിചെയ്യാൻ കഴിയില്ലെന്നുമായിരുന്നു ഇയാൾ മൊഹീബുള്ളടെ അറിയിച്ചിരുന്നത്. തണുപ്പുള്ളതിനാൽ രാത്രി പുതപ്പെടുക്കാൻ മൊബീബുള്ള മുറിയിലെത്തിയപ്പോൾ പങ്കജിനെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചീട്ടുകളിക്കാൻ പോയതാണെന്ന് മൊഹീബുള്ളയ്ക്ക് ബോദ്ധ്യമായി. ജോലികഴിഞ്ഞ് മുറിയിലെത്തിയപ്പോൾ പങ്കജ് മുറിയിലുണ്ടായിരുന്നു. നുണപറഞ്ഞ് ജോലിയിൽ നിന്നൊഴിവായതിൽ പങ്കജിനെ മൊബീബുള്ള കുറ്റപ്പെടുത്തുകയും മുറിയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. മൊബീബുള്ള തന്നെക്കാൾ ബലവാനായിരുന്നതിനാലാണ് ഉറക്കത്തിൽ കൊലനടത്തിയതെന്നാണ് പങ്കജ് പൊലീസിൽ സമ്മതിച്ചിട്ടുള്ളത്.

മദ്യപാനിയും പണം വച്ച് ചീട്ട് കളിക്കാരനുമായ ഇയാൾ പണം തീരുന്ന മുറക്ക് മൊബൈൽ ഫോണും സിം കാർഡും വില്പന നടത്തുന്നതിനാൽ ഈ വഴിക്കുള്ള അന്വേഷണം എങ്ങുമെത്തിയില്ല. ചെറുപ്പത്തിൽ മാതാപിതാക്കൾ മരണപ്പെട്ടതിനാൽ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ഇയാൾ നാട്ടിൽ ആരുമായും കാര്യമായ അടുപ്പം സൂക്ഷിക്കുകയോ ബന്ധപ്പെടുകയോ നാട്ടിൽ പോവുകയോ ചെയ്തിരുന്നില്ല. ഒരു വർഷത്തിനിടയിൽ 2 പ്രാവിശ്യം ആസ്സാമിലും ഒരു പ്രാവിശ്യം അരുണാചൽ പ്രദേശിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചിരുന്നില്ല.

പൊലീസ് പ്രതിയെത്തേടി അരുണാചലിലും ആസാമിലുമൊക്കെയായിരുന്നപ്പോൾ താൻ കേരളത്തിൽ തന്നെയുണ്ടായിരുന്നതായിട്ടാണ് പങ്കജ് മണ്ഡൽ ഇന്നലെ പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. കാസറഗോഡ് മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന പ്രതി ഒരു മാസം മുൻപാണ് പെരുമ്പാവൂരിന് സമീപം മാറമ്പിള്ളിയിൽ ജോലിക്ക് എത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

പെരുമ്പാവൂർ സി ഐ പി എ . ഫൈസൽ, എസ് ഐ ശശി, എ എസ് ഐ വിനോദ് എന്നിവർ ചേർന്ന് പെരുമ്പാവൂരിന് സമീപം മാറമ്പിള്ളിയിൽ നിന്നാണ് കൃത്യം നടന്ന് ഒരു വർഷത്തിന് ശേഷം ഇയാളെ പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിൽ നിന്നും ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ രഹസ്യനീക്കത്തിലാണ് പ്രതിയെകുടുക്കിയതെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP