Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

ആ ക്രൂരതയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത അന്വേഷണം; കുട്ടിയെ തോളിലിട്ടു പോകുമ്പോൾ അസ്ഫാക്കിനൊപ്പം കൂടുതൽ പേരുണ്ടെന്ന മൊഴി കിട്ടിയിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം; ആലുവയിലെ ക്രൂരത കേരളത്തിന് തീരാനോവ്; കൂസലില്ലാതെ അസ്ഫാക് എല്ലാം ഏറ്റെടുക്കുമ്പോൾ

ആ ക്രൂരതയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത അന്വേഷണം; കുട്ടിയെ തോളിലിട്ടു പോകുമ്പോൾ അസ്ഫാക്കിനൊപ്പം കൂടുതൽ പേരുണ്ടെന്ന മൊഴി കിട്ടിയിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം; ആലുവയിലെ ക്രൂരത കേരളത്തിന് തീരാനോവ്; കൂസലില്ലാതെ അസ്ഫാക് എല്ലാം ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരി പീഡനത്തിനിരയായതായി നിഗമനം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതി അസ്ഫാക് പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സംഭവമാണ് ഇത്. അതുകൊണ്ട് തന്നെ പ്രതിക്ക് അർഹമായ ശിക്ഷ അതിവേഗം ഉറപ്പു വരുത്തണമെന്ന ആവശ്യം ശക്തമാണ്.

കുട്ടിയെ പീഡനത്തിനിരയാക്കിയവരിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡി.ഐ.ജി. എ. ശ്രീനിവാസ് പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. കൂടുതൽ പേരുണ്ടെന്ന മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ കുട്ടി മരിച്ച് ഇത്രയും സമയമായിട്ടും അവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയെ തോളിലിട്ട് കൊണ്ടു പോകുമ്പോൾ രൺു പേർ കൂടി അസ്ഫാക്കിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് സാക്ഷി മൊഴി. അതിനിടെ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന തരത്തിലും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. ഒരു കൂസലുമില്ലാതെയാണ് അസ്ഫാക് ഇപ്പോൾ മൊഴി നൽകുന്നത്. കൊലയ്ക്ക് പിന്നിൽ താൻ മാത്രമേ ഉള്ളൂവെന്ന് വരുത്താനാണ് ഇയാളുടെ ശ്രമം.

പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ 7.30-ന് തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്സിൽ പൊതുദർശനത്തിനു വെയ്ക്കും. 10 മണിക്ക് കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. പീഡിപ്പിച്ചശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ചത്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്ക് അടിച്ചതായും തെളിഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആലുവാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സംസ്‌കാരം ഞായറാഴ്ച കീഴ്മാട് ശ്മശാനത്തിൽ നടക്കും. പ്രതിക്കെതിരെ പോക്സോ ചുമത്തി.

ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ഇന്നലെ രാവിലെ ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. 21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയായ അസഫാക് ആലം കുറ്റം സമ്മതിച്ചതായും മൃതദേഹം ഉപേക്ഷിച്ച സ്ഥലം പ്രതി തന്നെയാണ് വ്യക്തമാക്കിയതെന്നും ആലുവ റൂറൽ എസ്‌പി പറഞ്ഞു. ആരെങ്കിലും സഹായിയായി ഉണ്ടോ എന്നതിലെ ആശയക്കുഴപ്പം എസ് പിയും മാറ്റുന്നില്ല.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആലുവ തോട്ടക്കാട്ടുകരയിൽ നിന്നു പ്രതിയായ അസ്ഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ആലുവയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളാണു കൊല്ലപ്പെട്ട കുട്ടി. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി മലയാളം നന്നായി സംസാരിക്കുമായിരുന്നു. ഒരു മകനും മൂന്ന് പെൺമക്കളുമാണ് കുടുംബത്തിനുണ്ടായിരുന്നത്. മക്കളിൽ രണ്ടാമത്തെയാളാണു അഞ്ചുവയസ്സുകാരി.

വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും മദ്യലഹരിയിൽ ആയിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

സക്കീർ എന്ന വ്യക്തിക്ക് കുട്ടിയെ വിലയ്ക്ക് വിറ്റുവെന്നു പറഞ്ഞ് ഫലിപ്പിക്കാൻ അസ്ഫാക് ശ്രമിച്ചു. അത് വിഫലമായി. കഴുത്തിൽ ബനിയൻ ഉപയോഗിച്ച് മുറുക്കി ശ്വാസംമുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. അതിന്റെ പാടുകളുണ്ട്. ഈ ബനിയൻ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. കൊലപ്പെടുത്തിയ ശേഷമാണ് അതിക്രൂരമായ ലൈംഗിക ആക്രമണം നടന്നതെന്നാണ് നിഗമനം. ശരീരമാസകലം മാന്തി മുറിവേൽപ്പിച്ച നിലയിലാണ്. പുഴയുടെ തീരത്ത് ചതുപ്പിൽ മൃതദേഹം താഴ്‌ത്തിയ നിലയിലായിരുന്നു.

കാൽപാദവും കൈയുടെ ചെറിയ ഭാഗവും മാത്രമായിരുന്നു പുറത്തു കാണാൻ കഴിഞ്ഞിരുന്നത്. കല്ലിന് ഇടിച്ച് മുഖം ചെളിയിലേക്ക് താഴ്‌ത്താൻ ശ്രമിച്ചതിനാലാണെന്നു കരുതുന്നു താടിയെല്ലിന് പൊട്ടലുണ്ട്. ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മുകളിൽ ചാക്കും അതിനു മുകളിൽ കല്ലുംവെച്ച് ഇലച്ചപ്പുകൊണ്ട് മൂടിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP