Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആര്യങ്കാവ് ചെക്ക്‌പോസ്റ്റിലേക്ക് പാഞ്ഞുവന്ന് സഡൻ ബ്രേക്കിട്ട് നിർത്തി ചാടിയിറങ്ങിയതുകൊല്ലം വിജലിൻസ് സ്‌ക്വാഡിലെ അഞ്ച് ഉദ്യോഗസ്ഥർ; ഉടൻ തന്നെ വാഹന പരിശോധന നിർത്തിവയ്ക്കാൻ ഉത്തരവിട്ട് വിജിലൻസ് ഏമാന്മാർ; ഉഷാറായി ഓഫീസിൽ നിന്ന് പുറത്തിറങ്ങി അയ്യപ്പന്മാരുടെ വണ്ടികളടക്കം പിടിച്ച് പണം വാങ്ങി കടത്തി വിട്ടു; ചെക്ക് പോസ്റ്റിൽ നിന്ന് പടിപ്പണം പിടിച്ചെടുത്തു എന്ന ബ്രേക്കിങ് ന്യൂസിന് പിന്നിലെ കഥ

ആര്യങ്കാവ് ചെക്ക്‌പോസ്റ്റിലേക്ക് പാഞ്ഞുവന്ന് സഡൻ ബ്രേക്കിട്ട് നിർത്തി ചാടിയിറങ്ങിയതുകൊല്ലം വിജലിൻസ് സ്‌ക്വാഡിലെ അഞ്ച് ഉദ്യോഗസ്ഥർ; ഉടൻ തന്നെ വാഹന പരിശോധന നിർത്തിവയ്ക്കാൻ ഉത്തരവിട്ട് വിജിലൻസ് ഏമാന്മാർ; ഉഷാറായി ഓഫീസിൽ നിന്ന് പുറത്തിറങ്ങി അയ്യപ്പന്മാരുടെ വണ്ടികളടക്കം പിടിച്ച് പണം വാങ്ങി കടത്തി വിട്ടു; ചെക്ക് പോസ്റ്റിൽ നിന്ന് പടിപ്പണം പിടിച്ചെടുത്തു എന്ന ബ്രേക്കിങ് ന്യൂസിന് പിന്നിലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ആര്യങ്കാവ് ആർടിഒ ചെക്ക് പോസ്റ്റിൽ വാഹനം കടത്തി വിടാൻ പടി വാങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നിരുന്നു. വിജിലൻസ് പരിശോധന നടത്തിയപ്പോഴാണ് അനധികൃതമായി പടിവാങ്ങുന്നുണ്ട് എന്ന് കണ്ടെത്തിയത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ വാർത്ത തെറ്റാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിജിലൻസ് അംഗങ്ങൾ തന്നെ വാഹനങ്ങളിൽ നിന്നും പണം വാങ്ങിയാണ് ഇത്തരത്തിൽ ഒരു വ്യാജ വാർത്ത പുറത്ത് വിട്ടത്. സംഭവം ഇങ്ങനെ:

രണ്ട് ദിവസം മുൻപ് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ കൊല്ലം വിജിലൻസ് സ്‌ക്വാഡിന്റെ വാഹനം എത്തുന്നു. അഞ്ച് ഉദ്യോഗസ്ഥരോളം വാഹനത്തിൽ ഉണ്ടായിരുന്നു. എത്തിയ ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് പരിശോധന നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഓഫീസിനുള്ളിൽ കടന്ന് രേഖകൾ പരിശോധിച്ചു. പിന്നീട് വിജിലൻസ് ഉദ്യോഗസ്ഥർ തന്നെ പുറത്തിറങ്ങി വാഹനങ്ങളിൽ നിന്നും പണം വാങ്ങി വാഹനം കടത്തി വിട്ടു. ഇതിൽ നിന്നുമാണ് പടിപ്പണം പിടിച്ചെടുത്തു എന്ന് കാട്ടി മാധ്യമങ്ങളിൽ വലിയ വാർത്ത നൽകിയത്. വിജിലൻസ് സംഘങ്ങളുടെ പത്രകുറിപ്പ് വിശ്വസിച്ച് മാധ്യമങ്ങൾ വാർത്തയും നൽകി. വാർത്ത വന്നതോടെയാണ് അന്നേ ദിവസം ചെക്ക് പോസ്റ്റിൽ പണം വാങ്ങിയത് യൂണിഫോം ധരിക്കാത്ത ഉദ്യോഗസ്ഥരാണെന്ന് വാഹന ഡ്രൈവർമാർ വെളിപ്പെടുത്തിയത്. വിജിലൻസ് ഉദ്യോഗസ്ഥർ തന്നെ ഡ്രൈവർമാരിൽ നിന്നും പണം വാങ്ങിയിട്ട് ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ പടി വാങ്ങുന്നു എന്ന തരത്തിൽ വാർത്ത നൽകിയതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നാണ് കരുതുന്നത്.

ഇതേ രീതിയിൽ അടുത്തിടെ ആര്യങ്കാവിലെ എക്സൈസ് ചെക്ക് പോസ്റ്റിലും വിജിലൻസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും വാഹനങ്ങളിൽ നിന്നും പണം പിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ ഇത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ മൊബൈലിൽ പകർത്തിയതറിഞ്ഞതോടെ വിജിലൻസ് സംഘം അവിടെ നിന്നും മടങ്ങുകയായിരുന്നു. ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ നടന്നത് വിജിലൻസ് ഉദ്യോഗസ്ഥർ തന്നെ പണം പിരിച്ചെടുക്കുകയും അത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ പേരിൽ ചുമത്തുകയുമായിരുന്നു. മിക്ക ആർടിഒ ചെക്ക് പോസ്റ്റുകളിലും ഇത്തരത്തിൽ ഉദ്യോഗസ്ഥരെ കേസുകളിൽപെടുത്തുന്നതിന് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനാൽ ചെക്ക് പോസ്റ്റ് ഡ്യൂട്ടികളിൽ തുടരാൻ ഉദ്യോഗസ്ഥർക്ക് താൽപ്പര്യമില്ല. എല്ലാ ജില്ലാ ആർടിഒയുടെ കീഴിവുള്ള ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിക്കുമെങ്കിലും ഒരു ദിവസം ഡ്യൂട്ടി ചെയ്തിട്ട് ലീവിൽ പോവുകയാണ് പതിവ്. സത്യസന്ധരായ ഉദ്യോഗസ്ഥരാണ് മിക്ക സമയങ്ങളിലും വിജിലൻസിന്റെ ഇത്തരം പ്രവർത്തികളിൽ ഇരകളാകുന്നത്. എന്നാൽ കൈക്കൂലി വാങ്ങുന്നവർ പിടിയിലാകുന്നത് വിരളവുമാണ്.

മാധ്യമങ്ങളിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു; ആര്യങ്കാവ് ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ അയ്യപ്പന്മാരിൽ നിന്നടക്കം'പടി' വാങ്ങുന്ന പതിവ് തുടരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ പൊലീസ് വിജിലൻസ് ടീം ചെക്ക് പോസ്റ്റിലെത്തിയപ്പോൾ തമിഴ് നാട്ടിൽ നിന്ന് അയ്യപ്പ ഭക്തരുമായി വരുന്ന വാഹന ഡ്രൈവർമാരിൽ നിന്നും ഗുഡ്‌സ് വാഹനത്തിന്റെ ഡ്രൈവർമാരിൽ നിന്നും പടി വാങ്ങുന്നതായി കണ്ടെത്തി. വാഹനത്തിന്റെ രേഖകൾക്കൊപ്പം 'പടി' യായി ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്ക് നൽകിയ 7,650 രൂപ കണ്ടെടുത്തു. അയ്യപ്പന്മാരിൽ നിന്നും ചരക്ക് വാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പടിവാങ്ങി വാഹനങ്ങൾ കടത്തി വിടുന്നത് അയ്യപ്പന്മാരുടെ വേഷത്തിലെത്തിയ വിജിലൻസ് സംഘം ഈമാസം നാലിന് പിടികൂടിയിരുന്നു.

16,960 രൂപയാണ് അന്ന് കണ്ടെടുത്തത്. അതിന്റെ തുടർച്ചയായാണ് വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. വിജിലൻസ് ദക്ഷിണമേഖലാ പൊലീസ് സൂപ്രണ്ട് ആർ. ജയശങ്കറിന്റെ നിർദ്ദേശാനുസരണം കൊല്ലം വിജിലൻസ് ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട് കെ.അശോകകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ വി. ആർ. രവികുമാർ, പുനലൂർ സ്റ്റേറ്റ് ജി. എസ്. റ്റി. ഡിപ്പാർട്ട്‌മെന്റിലെ ടാക്‌സ് ഓഫീസർ ജോസ് പ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, സുജിത് എന്നിവരടങ്ങിയ സംഘമാണ് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്.

വിജിലൻസ് പരിശോധന തുടങ്ങിയപ്പോൾ അതുവരെ ആർ.ടി.ഒ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ 75 വാഹനങ്ങളിൽ ഏഴു വാഹനങ്ങളിൽ നിന്നുമാത്രം സെസ് പിരിച്ചതായി കണ്ടെത്തി. എന്നാൽ വിജിലൻസ് ടീമിന്റെ സാന്നിദ്ധ്യത്തിൽ മൂന്ന് മണിക്കൂറോളം നടന്ന പരിശോധനയിൽ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ 50 വാഹനങ്ങളിൽ 36 വാഹനങ്ങളിൽ നിന്നും സെസ് പരിച്ചെടുത്തു. വാഹനങ്ങൾ പരിശോധിക്കാതെ പടി വാങ്ങി വാഹനങ്ങൾ കടത്തി വിടുന്നതിനാലാണ് വിജിലൻസ് എത്തുന്നതിനുമുമ്പ് വെറും ഏഴു വാഹനങ്ങളിൽ നിന്ന് മാത്രം സെസ് പിരിച്ചതെന്ന് വിജിലൻസ് ഡിവൈ.എസ്. പി. അശോകകുമാർ അറിയിച്ചു. പരിശോധനാ സമയം ഡ്യുട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പ്തല നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുമെന്ന് ഡിവൈ. എസ്. പി. അറിയിച്ചു.

വിജിലൻസിന്റെ ഈ റിപ്പോർട്ടിൽ പറയുന്നത് സെസ് പിരിച്ചത് ഏഴുവാഹനങ്ങളിൽ നിന്നുമാത്രമാണ് എന്നാണ്. പുതിയ വാഹനങ്ങൾക്ക് സെസ് ഒരു വർഷത്തേക്കാണ് അടയ്ക്കുക. ഇതാണ് വലിയ കുറ്റമായി കണ്ടെത്തിയിരിക്കുന്നത്. സത്യ സന്ധരായ ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് എതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങൾ മൂലം ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടി ചെയ്യാൻ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ലാതായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP