Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടു തവണ ആര്യാടനെ തോൽപിച്ച സഖാവ് കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടു; ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നൽകിയതോടെ പ്രതിയായത് നിലമ്പൂർ കാട്ടിലെ തേക്കിനോളം കരുത്തും കാതലുമുള്ള നേതാവ്; ഡിസിസി പ്രസിഡന്റായത് ജയിലിൽ കിടക്കുമ്പോൾ; സ്ഥലം എംഎൽഎയുടെ 'ഘാതകൻ' നിലമ്പൂരിനെ പിടിച്ചടക്കിയ കഥ

രണ്ടു തവണ ആര്യാടനെ തോൽപിച്ച സഖാവ് കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടു; ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നൽകിയതോടെ പ്രതിയായത് നിലമ്പൂർ കാട്ടിലെ തേക്കിനോളം കരുത്തും കാതലുമുള്ള നേതാവ്; ഡിസിസി പ്രസിഡന്റായത് ജയിലിൽ കിടക്കുമ്പോൾ; സ്ഥലം എംഎൽഎയുടെ 'ഘാതകൻ' നിലമ്പൂരിനെ പിടിച്ചടക്കിയ കഥ

ജംഷാദ് മലപ്പുറം

മലപ്പുറം: രണ്ടുതവണ ആര്യാടനെ തോൽപിച്ച സഖാവ് കുഞ്ഞാലി ഒരു സുപ്രഭാതത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. സംശയമുനകളെല്ലാം ആര്യാടനിലേക്ക്...ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നൽകിയതോടെആര്യാടനെ മുഖ്യപ്രതിയാക്കി കേസെടുത്തു. എന്നാൽ കുഞ്ഞാലിക്ക് മരണ മൊഴി നൽകാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലും കൃത്യമായ തെളിവുകളുടെ അഭാവത്തിലും ഹൈക്കോടതി ആര്യാടനെ വെറുതെ വിടുകയായിരുന്നു.

മലപ്പുറത്തും നിലമ്പൂരിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീപ്പൊരി നേതാവായിരുന്നു സഖാവ് കുഞ്ഞാലി. 1965,67 തെരഞ്ഞെടുപ്പുകളിൽ ആര്യാടൻ മുഹമ്മദിനെ തോൽപ്പിച്ചാണ് നിയമസഭയിലെത്തിയത്. എന്നാൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് 1969ൽ ജൂലൈ 26ന് നിലമ്പൂരിലെ എസ്റ്റേറ്റിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. കുഞ്ഞാലിയുടെ രാഷ്ട്രീയ എതിരാളിയായിരുന്ന ആര്യാടൻ മുഹമ്മദിലേക്കാണ് സംശയത്തിന്റെ മുനകൾ നീണ്ടത്. ജൂലൈ 28ന് കുഞ്ഞാലി വധക്കേസിൽ ആര്യാടനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ചുള്ളിയോടിലെ പാർട്ടി ഓഫീസിന് മുന്നിൽ വച്ച് വെടിയേറ്റ കുഞ്ഞാലി പിന്നീട് നിലമ്പൂർ ആശുപത്രിയിലും മഞ്ചേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും വച്ച് ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നൽകിയിരുന്നു.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ ആര്യാടനെ മുഖ്യപ്രതിയാക്കിയത്. കോൺഗ്രസ് ഓഫീസിൽ നിന്നും ആര്യാടനെയും മറ്റ് 23 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കുഞ്ഞാലിക്ക് മരണ മൊഴി നൽകാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലും കൃത്യമായ തെളിവുകളുടെ അഭാവത്തിലും ഹൈക്കോടതി ആര്യാടനെ വെറുതെ വിടുകയായിരുന്നു. സാക്ഷി മൊഴികൾ കണക്കിലെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗോപാലൻ എന്നയാളാണ് കുഞ്ഞാലിയെ വെടിവെച്ചതെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും ആര്യാടൻ പറഞ്ഞു. എന്നാൽ കുഞ്ഞാലിയെ വെടിവയ്ക്കാൻ ആര്യാടനാണ് ഗോപാലനെ ഏർപ്പെടുത്തിയതെന്നാണ് അന്ന് കുഞ്ഞാലിക്കൊപ്പമുണ്ടായിരുന്ന സജീവ പാർട്ടി പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ, കുഞ്ഞാലി വധത്തിൽ പ്രതിയായിരുന്ന ആര്യാടൻ 1980ൽ നായനാർ മന്ത്രിസഭയിൽ അംഗമായി. ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തിൽ അവസാനം വരെ വേട്ടയാടിയ സംഭവമായിരുന്നു കുഞ്ഞാലി വധം.

മലപ്പുറത്തെ കോൺഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു മുസ്ലിം ലീഗ്. സഖ്യകക്ഷിയാണെങ്കിലും മുസ്ലിം ലീഗിന്റെ വളർച്ച കോൺഗ്രസിന് രാഷ്ട്രീയമായ തിരിച്ചടിയായണെന്ന ബോധ്യമുണ്ടായിരുന്നു ആര്യാടൻ മുഹമ്മദിന്. അതുകൊണ്ടുതന്നെ ലീഗിനെ വിമർശിക്കാൻ ആര്യാടൻ മടിച്ചിരുന്നില്ല. പാണക്കാട് തങ്ങൾ മുതൽ അഞ്ചാം മന്ത്രി വിഷയത്തിൽ വരെ ലീഗും ആര്യാടനും ഏറ്റുമുട്ടി. എന്നാൽ, തെരഞ്ഞെടുപ്പുകളിൽ ആര്യാടനെ ലീഗ് കൈവിട്ടില്ല. സ്‌കൂൾ ഫുട്‌ബോൾ ടീം ക്യാപ്റ്റനായിരുന്ന ആര്യാടന് നേതൃപാടവം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവർത്തനമാരംഭിച്ചത്.

1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മലബാർ കോൺഗ്രസ് രാഷ്ട്രീയത്തിൽ അവഗണിക്കാനാകാത്ത നേതാവായി മാറി. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1969ൽ മലപ്പുറം ജില്ല രൂപവത്ക്കരിച്ചപ്പോൾ ഡിസിസി പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമുണ്ടായിരുന്നില്ല. 1978മുതൽ കെപിസിസി സെക്രട്ടറിയായി.


ഒരു ജില്ല പുതിയതായി രൂപം കൊള്ളുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പ്രധാനപ്പെട്ട ഒന്നിന്റെ അമരക്കാരനായി ഒരു കൊലക്കേസ് പ്രതിയെ നിയോഗിക്കുക.കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അത്തരമൊരു സംഭവം ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തിൽ മാത്രമേ ഒരു പക്ഷേ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ. അത്രത്തോളം വിശ്വാസ്യതയായിരുന്നു ആര്യാടൻ മുഹമ്മദെന്ന രാഷ്ട്രീയ അതികായൻ പാർട്ടിയിലും ജനങ്ങൾക്കിടയിലും വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ആർജ്ജിച്ചെടുത്തത്.

1969 ലെ നിലമ്പൂർ എംഎ‍ൽഎ കുഞ്ഞാലി വധക്കേസിൽ ഒന്നാം പ്രതിയായി കുറ്റം ചുമത്തി 9 മാസക്കാലം ജയിലിലേക്ക് അയക്കപ്പെട്ടപ്പോൾ അത് ആര്യാടനെന്ന രാഷ്ട്രീയ നേതാവിന്റെ അസ്തമയമായി എഴുതി ഉറപ്പിച്ചവർ ഉണ്ടാവാം.എന്നാൽ രാഷ്ട്രീയ നിരീക്ഷകരുടെ മുൻവിധികളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് അന്നത്തെ പാർട്ടി നേതൃത്വം ആര്യാടനെ വിശ്വാസത്തിലെടുത്തത്. ഇതിന് തെളിവായിരുന്നു വിചാരണ കേൾക്കാൻ അന്നത്തെ കെപിസിസി.പ്രസിഡന്റ് കെ.കെ. വിശ്വനാഥനും കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് കെ. കരുണാകരനും കോഴിക്കോട് കോടതിയിൽ എത്തിയത്.

പിന്നീട് ജയിലിൽ കിടക്കുമ്പോഴും പാർട്ടി നേതൃത്വം ആര്യാടനോട് ആവശ്യപ്പെട്ടത് കുഞ്ഞാലിയുടെ മരണത്തെത്തുടർന്ന് നിലമ്പൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ്്. കെ.കെ. വിശ്വനാഥനും കെ. കരുണാകരനും ജയിലിലെത്തി ഇക്കാര്യം ആവശ്യപ്പെട്ടതായും അദ്ദേഹം തന്റെ ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്.. ഒപ്പിട്ടുനൽകാൻ നാമനിർദ്ദേശപത്രികയുമായാണ് അവർ വന്നത്. അതുവേണ്ട എന്ന് താൻ അവരോടുപറഞ്ഞു. ഇപ്പോൾ ഞാൻ മത്സരിക്കുന്നത് കേസിന് എതിരായിത്തീരുമെന്നും കുഞ്ഞാലിയെ വെടിവെച്ച് കൊന്നത് തനിക്ക് അവിടെ മത്സരിച്ച് എം. എൽ.എ. ആവാൻ വേണ്ടിയാണെന്ന് എതിർഭാഗം വാദിക്കും. അത് ഒഴിവാക്കുന്നതാണ് നല്ലതെന്നായിരുന്നു അന്ന് ആര്യാടൻ സ്വീകരിച്ച നിലപാട്.

തുടർന്ന് എംപി. ഗംഗാധരനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കി.പ്രചാരണത്തിന്റെ അവസാനഘട്ടമായപ്പോൾ ആര്യാടനെ കോടതി വെറുതേവിട്ടു. അവസാന മൂന്നുദിവസത്തെ പ്രചാരണത്തിന് ഡി.സി.സി. പ്രസിഡന്റ് എന്നനിലയിൽ ആര്യാടൻ നിലമ്പൂരിൽ എത്തുകയും ആ തിരഞ്ഞെടുപ്പിൽ ഗംഗാധരൻ വിജയിച്ചു എന്നതും ചരിത്രം. പിന്നീടിങ്ങോട്ട് നിലമ്പൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അത് ആര്യാടൻ മുഹമ്മദെന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തോട് എത്രമാത്രം ചേർന്നു കിടക്കുന്നു എന്നത് വ്യക്തമാവും.

1978-ൽ കോൺഗ്രസ്സിലെ എ ഗ്രൂപ്പ് ഇടത് മുന്നണിയിലേക്ക് പോയ ഘട്ടത്തിൽ കുഞ്ഞാലിയുടെ തട്ടകമായിരുന്ന നിലമ്പൂരിലെ സ്ഥാനാർത്ഥിയായി ആര്യാടനെയാണ് രംഗത്തിറക്കിയത്. ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത്. നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാതെയാണ് അദ്ദേഹം മന്ത്രിയായത്. നായനാർ മന്ത്രിസഭയിലെ വനം- തൊഴിൽ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐ ഗ്രൂപ്പിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനേയാണ് അന്ന് ആര്യാടൻ പരാജയപ്പെടുത്തിയത്.

1982-ൽ നിലമ്പൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1987 മുതൽ ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം പരാജയമറിഞ്ഞിട്ടില്ല. 2011-ലാണ് അദ്ദേഹം അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കൊലയാളിയെന്ന പരിവേഷത്തിൽ നിന്നും നിലമ്പൂരിനെ തന്റെ തട്ടകമാക്കി മാറ്റിക്കൊണ്ട് എട്ട് തവണയാണ് നിലമ്പൂരിൽ നിന്ന് അദ്ദേഹം നിയമസഭയിലേക്കെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP