Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെയ്തതു തെറ്റാണെന്നു സമ്മതിക്കുന്ന വിഡിയോ പെൺകുട്ടി ഫോണിൽ പകർത്തിയത് പീഡകൻ അറിയാതെ; ഫോണിൽ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പും പൊലീസിന്; രാത്രി പത്തരയോടെ ആംബുലൻസിൽ കയറ്റിയെങ്കിലും പത്തു മിന്നിറ്റു കൊണ്ടെത്തിക്കാവുന്ന കോവിഡ് സെന്ററിൽ പത്തൊൻപതുകാരി എത്തിയത് മൂന്ന് മണിക്കുറിന് ശേഷം; ആറന്മുളയിലെ ആംബുലൻസ് പീഡനം ചർച്ചയാക്കുന്നത് ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത; കുറ്റബോധമില്ലാതെ എല്ലാം വിശദീകരിച്ച് നൗഫലും

ചെയ്തതു തെറ്റാണെന്നു സമ്മതിക്കുന്ന വിഡിയോ പെൺകുട്ടി ഫോണിൽ പകർത്തിയത് പീഡകൻ അറിയാതെ; ഫോണിൽ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പും പൊലീസിന്; രാത്രി പത്തരയോടെ ആംബുലൻസിൽ കയറ്റിയെങ്കിലും പത്തു മിന്നിറ്റു കൊണ്ടെത്തിക്കാവുന്ന കോവിഡ് സെന്ററിൽ പത്തൊൻപതുകാരി എത്തിയത് മൂന്ന് മണിക്കുറിന് ശേഷം; ആറന്മുളയിലെ ആംബുലൻസ് പീഡനം ചർച്ചയാക്കുന്നത് ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത; കുറ്റബോധമില്ലാതെ എല്ലാം വിശദീകരിച്ച് നൗഫലും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിന് കാരണം രാത്രി യാത്ര ഒരുക്കിയ സർക്കാർ സംവിധാനമെന്ന സംശയം ബലപ്പെടുന്നു. ശനിയാഴ്ച രാവിലെയാണ് ഈ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് എത്തിയത് രാത്രി പത്തരയ്ക്കും. കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ പരാജയമാണ് പീഡനത്തിന് കാരണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ആരോപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ 'കനിവ്' പദ്ധതിയുടെ ഭാഗമായ '108' ആംബുലൻസിന്റെ ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനെയാണ് (29) പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.

ക്രിമിനൽ കേസ് പ്രതിക്കൊപ്പം ആരോഗ്യ വകുപ്പ് പ്രതിനിധികൾ ആരുമില്ലാതെ അയച്ചത് ആരോഗ്യ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണെന്നും ആരോപണം ഉയർന്നു. ഇത് പാർട്ടി നിയമനമാണെന്നും പറയുന്നു. ഇതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കോൺഗ്രസ് ആരോപണം. നൗഫലിന് ഡിവൈഎഫ്‌ഐ-സിപിഎം ബന്ധങ്ങളുമുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കോവിഡ് ആംബുലൻസിൽ പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ പ്രതിയായ ഡ്രൈവർ രാത്രി ഒന്നോടെയാണു പന്തളത്തെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ എത്തിച്ചത്. പെൺകുട്ടിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോന്നിട്ട് അപ്പോഴേക്കും 3 മണിക്കൂറായിരുന്നു.

ഡ്രൈവർ ക്രൂരമായി പീഡിപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് പറയുന്നു. ആറന്മുളയിൽ വിജനസ്ഥലത്തു ശനി അർധരാത്രിയായിരുന്നു പീഡനം നടന്നത്. ഇയാൾ മുൻപു വധശ്രമക്കേസിൽ പ്രതിയാണ്. അമ്മ ഉൾപ്പെടെയുള്ളവർക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ ബന്ധുവീട്ടിൽ കഴിയവെയാണു പെൺകുട്ടിയും കോവിഡ് പോസിറ്റീവായത്. രാത്രി പത്തോടെ ആംബുലൻസിൽ കയറ്റിയെങ്കിലും 10 മിനിറ്റിനകം എത്താവുന്ന ആശുപത്രിയിലേക്കു പോയില്ല. അടൂർ ജനറൽ ആശുപത്രിയിൽനിന്നു മറ്റൊരു ആംബുലൻസിൽ കയറ്റി. നേരത്തെ എടുത്ത ആംബുലൻസിൽ ഡീസൽ തീർന്നതു കൊണ്ടായിരുന്നു ഇത്. അങ്ങനെയാണ് നൗഫലിന്റെ ആംബുലൻസിൽ പെൺകുട്ടി കയറുന്നത്.

ഇതിലുണ്ടായിരുന്ന കോവിഡ് പോസിറ്റീവായ സ്ത്രീയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി പന്തളത്തേക്കു മടങ്ങുമ്പോഴായിരുന്നു പീഡനം. സ്ത്രീകളായ കോവിഡ് രോഗികൾക്കൊപ്പം ആംബുലൻസിൽ വനിതാ ആരോഗ്യപ്രവർത്തകർ വേണമെന്ന നിബന്ധന പാലിച്ചിരുന്നില്ല. അതിനിടെ ഡ്രൈവറെ പീഡനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പീഡനം നടത്തിയ ആംബുലൻസ് സഹിതം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇരയായ പെൺകുട്ടിയെയും നേരത്തെ ഇവിടെ കൊണ്ടുവന്നിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ശനിയാഴ്ച അർധരാത്രിയിലാണ് പത്തനംതിട്ട ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ചത്. കായംകുളം സ്വദേശി നൗഫലാണ് അറസ്റ്റിലായത്. പീഡനശേഷം പ്രതി നടത്തിയ കുറ്റസമ്മതം പെൺകുട്ടി മൊബൈൽഫോണിൽ പകർത്തിയത് കേസിൽ നിർണായകമാകും.

ആറന്മുളയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്. പ്രതി നൗഫൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. വധശ്രമക്കേസിൽ ഉൾപ്പെടെ പ്രതിയുമാണ്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്. പീഡനത്തിന് ശേഷം പ്രതി കുറ്റസമ്മതം നടത്തിയത് പെൺകുട്ടി മൊബൈൽഫോണിൽ പകർത്തി. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. സാരമായി പരുക്കേറ്റ യുവതി കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലാണ്. പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും തുടർ നടപടികൾ സ്വീകരിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായി. കോവിഡ് പോസിറ്റീവാകുന്ന സ്ത്രീകളെ വൈകിട്ട് 7നു ശേഷം ആശുപത്രികളിലേക്കു മാറ്റുന്നതു തൽക്കാലം ഒഴിവാക്കുമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ഒരാളെ കൂടി ഡ്രൈവർക്കൊപ്പം വിടുമെന്നും ഡിഎംഒ ഡോ. എ.എൽ. ഷീജ അറിയിച്ചു.

ചെയ്തതു തെറ്റാണെന്നു പ്രതി സമ്മതിക്കുന്ന വിഡിയോ പെൺകുട്ടി ഫോണിൽ പകർത്തിയിരുന്നു. ഇതു നിർണായക തെളിവാകുമെന്നു എസ്‌പി കെ.ജി. സൈമൺ അറിയിച്ചു. സാരമായി പരുക്കേറ്റ പെൺകുട്ടി, കോവിഡ് ആശുപത്രിയിലെത്തിയ ഉടൻ നിലവിളിച്ചുകൊണ്ട് ഓടിക്കയറുകയായിരുന്നു. ആംബുലൻസുമായി കടന്ന ഡ്രൈവർ പെൺകുട്ടിയെ ഫോണിൽ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പും പൊലീസിനു കൈമാറി.

ആംബുലൻസിൽ പീഡനം നടന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചു. കൃത്യമായ അന്വേഷണം നടത്തി പ്രതിക്കു ശിക്ഷ ഉറപ്പാക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കും. ക്രിമിനൽ പശ്ചാത്തലമുള്ളയാൾ എങ്ങനെ ഇന്റർവ്യൂ വഴി ഡ്രൈവറായി എന്ന് അന്വേഷിക്കും. പദ്ധതിയിലെ എല്ലാ ഡ്രൈവർമാരെക്കുറിച്ചും അന്വേഷണം നടത്തും. കോവിഡ് പോസിറ്റീവ് ആയ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഡിഎംഒമാർക്കു കർശന നിർദ്ദേശം നൽകി. അവരെ കൊണ്ടുപോകുന്നത് തനിച്ചല്ലെന്ന് ഉറപ്പാക്കാൻ നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു.

സംഭവത്തിൽ വ്യക്തിപരമായി വലിയ മനഃപ്രയാസമുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പോസിറ്റീവ് രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസിൽ ഡ്രൈവർ മാത്രമേ പാടുള്ളൂവെന്നാണു നിർദേശിച്ചിരുന്നത്. കോൾ സെന്റർ സേവനവും ജിപിഎസ് ട്രാക്കിങ് സിസ്റ്റവുമുണ്ട്. കഴിഞ്ഞ ആറേഴു മാസങ്ങളായി കോവിഡ് പ്രതിരോധത്തിൽ 108 ആംബുലൻസ് ജീവനക്കാർ സ്തുത്യർഹമായ സേവനമാണു ചെയ്യുന്നത്. വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് അവർ.

ആറന്മുള സംഭവം അപ്രതീക്ഷിതമായിരുന്നു. ആംബുലൻസ് ഡ്രൈവർമാരെ നിയമിച്ചതിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ആംബുലൻസ് ഡ്രൈവർമാരെ കിട്ടാൻ ബുദ്ധിമുട്ടായതിനാൽ ഏജൻസിക്കു രണ്ടോ മൂന്നോ തവണ അപേക്ഷ വിളിക്കേണ്ടിവന്നുവെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP