Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്നാ ദ്രോഹാടാ....അവൾ നിന്നോട് ചെയ്തത്... അവനും ചാകട്ടെ സാറെ, എന്തിനാ സംരക്ഷിക്കുന്നേ..'; തെളിവെടുപ്പിന് എത്തിച്ച വിജേഷിനെ കണ്ട് അലമുറയിട്ടു അനുമോളുടെ മാതാവിന്റെ വിലാപം; നാട്ടുകാരുടെ ക്ഷോഭത്തിലും കൂസലില്ലാതെ വിജേഷ്; പൊലീസിനോട് കൊലപാതകം വിവരിച്ചത് കൂളായി

'എന്നാ ദ്രോഹാടാ....അവൾ നിന്നോട് ചെയ്തത്... അവനും ചാകട്ടെ സാറെ, എന്തിനാ സംരക്ഷിക്കുന്നേ..'; തെളിവെടുപ്പിന് എത്തിച്ച വിജേഷിനെ കണ്ട് അലമുറയിട്ടു അനുമോളുടെ മാതാവിന്റെ വിലാപം; നാട്ടുകാരുടെ ക്ഷോഭത്തിലും കൂസലില്ലാതെ വിജേഷ്; പൊലീസിനോട് കൊലപാതകം വിവരിച്ചത് കൂളായി

സി ആർ ശ്യാം

കട്ടപ്പന: കൊലപാതകം നടത്തിയ ശേഷം മൃതദേഹം ആരുമറിയാതെ ഏതെങ്കിലും കൊക്കയിൽ തള്ളുക. പിന്നീട് പൊലീസിനോടും നാട്ടുകാരോടും ഭാര്യയെ കാണാനില്ലയെന്നു പറഞ്ഞ് അഭിനയിക്കുക. എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള പിക്കപ്പ് വാൻ ഡ്രൈവറായ വിജേഷ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്ലാൻചെയ്തിരുന്ന കാര്യങ്ങൾ ഇങ്ങനൊയിരുന്നു. എന്നാൽ, എല്ലാ പദ്ധതികളും പാളിപ്പോയി. കട്ടിലിന് അടിയിൽ മൃതദേഹം ഒളിപ്പിച്ച ശേഷം മുങ്ങുകയായിരുന്നു വിജേഷ്.

തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞുവെങ്കിലും കുമളിയിലെത്തിയപ്പോൾ റോസാപൂകണ്ടത്ത് വച്ചു ഇയാൾ പിടിയിലായി. പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ -ഫിലോമിന ദാമ്പതികളുടെ മകളായ 27 വയസുള്ള അനുമോളാണ് കൊല്ലപ്പെട്ടത്. ഇവർക്ക് അഞ്ച് വയസുള്ള മകളുണ്ട്. കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുമായി തെളിവെടുപ്പു നടത്തി. ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് വിജേഷിനെ കൊല നടത്തിയ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ വിവരം വിജേഷ് യാതൊരു പശ്ചാത്താപവുമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ വിവരിച്ചു.

കഴിഞ്ഞ 17 നാണ് ഇയാൾ ഭാര്യ അനുമോളെ കൊലപെടുത്തുന്നത്. രണ്ടുമണിക്കൂറോളം വീട്ടിൽ തെളിവെടുപ്പ് നടത്തി. പ്രതിയെ തെളിവെടുപ്പിനായി നാട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. അനുമോളുടെ മാതാവും ബന്ധുക്കളും ശാപവാക്കുകളുമായി സ്ഥലത്തുണ്ടായിരുന്നു. എന്നാ ദ്രോഹാടാ.. അവൾ നിന്നോട് ചെയ്തത്...അവനും ചാകട്ടെ സാറെ, എന്തിനാ സംരക്ഷിക്കുന്നെ.. എങ്ങനെ തോന്നി പൊന്നുപോലെ കൊണ്ട് നടന്ന അതിനെ കൊല്ലാനായിട്ട്... എന്നു പറഞ്ഞ് അലമുറയിട്ടുള്ള അനുമോളുടെ മാതാവിന്റെ കരച്ചിൽ കണ്ടു നിന്നവർക്കും വിങ്ങലായി മാറി. എന്നാൽ ഇതിനിടെയിലും യാതൊരു സങ്കോചവും കൂടാതെയാണ് വിജേഷ് പൊലീസിനോട് കൊലപാതക രീതി വിവരിച്ചത്. കൊലപാതകം നടത്തിയ വിവരം വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ:

വെള്ളിയാഴ്ച രാത്രി 9.45 സമയത്താണ് കൊലപാതകം നടത്തിയത്. മദ്യലഹരിയിലായിരുന്നു. രാത്രി ഏഴരയോടെയാണ് അനുമോൾ വീട്ടിൽ എത്തിയത്. ഇതേ ചൊല്ലി വഴക്കുണ്ടായി. കസേരയിൽ ഇരുന്ന് എഴുതികൊണ്ടിരുന്ന അനുമോളുടെ പിന്നിലെത്തി ഷാൾ കൊണ്ട് കഴുത്തിൽ കുരുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ അനുമോൾ കസേരയിൽ നിന്ന് വീണു. മരിച്ചുവെന്നു ഉറപ്പാക്കിയ ശേഷം മൃതദേഹം കമ്പിളി പുതപ്പിൽ പൊതിഞ്ഞു കട്ടിലിനടിയിൽ തിരുകി വച്ചു. ഈ സമയം മകൾ ഉറങ്ങുകയായിരുന്നു. തനിക്കെതിരെ മുൻപ് വനിത സെല്ലിൽ പരാതി നൽകിയതിൽ വൈരാഗ്യമുണ്ടായിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു. കൊല നടത്തിയ ശേഷം ഷാൾ കത്തിച്ച സ്ഥലവും വീടിനു താഴെയായി പൊലീസിന് കാണിച്ചു കൊടുത്തു.

ഭർത്താവിന്റെ നിരന്തര ഉപദ്രവത്തെ തുടർന്ന് വനിതാ സെല്ലിൽ കാഞ്ചിയാർ പേഴുകണ്ടം അനുമോൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പൊലീസ് വിളിച്ചു വരുത്തി പരസ്പരം ധാരണയാക്കി വിട്ടിരുന്നു. കൊലപാതകം നടക്കുന്നതിന് മുൻപുള്ള കുറച്ചു ദിവസങ്ങളിൽ വിജേഷ് വീട്ടിലില്ലായിരുന്നു. പിണങ്ങി മാറി നിൽക്കുകയായിരുന്നു. വെള്ളിയാഴ്‌ച്ചയാണ് വീട്ടിലെത്തുന്നത്. പിറ്റേന്ന് നടക്കുന്ന നഴ്‌സറി സ്‌കൂളിലെ വാർഷിക ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഏഴരയോടെയാണ് അനുമോൾ ഓട്ടോറിക്ഷയിൽ വീട്ടിൽ എത്തുന്നത്. ഇക്കാര്യം ചോദ്യം ചെയ്ത് അനുമോളുമായി വീണ്ടും വഴക്കായി. പിന്നീട് രാത്രിയിൽ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുവാനായി വാഹനം ഏർപ്പാട് ആക്കാൻ ശ്രമിച്ചെങ്കിലും വാഹനം ലഭിച്ചില്ല. ശനിയാഴ്ച ഇയാൾ തന്നെ ഭാര്യയെ കാണാനില്ലെന്നു കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. മകളോട് അമ്മ നേരത്തെ സ്‌കൂളിൽ പോയി എന്ന് പറഞ്ഞു. സ്‌കൂൾ അധികൃതരോട് കുട്ടിയുമായി ആശുപത്രിയിൽ പോയി എന്നാണ് വിജേഷ് പറഞ്ഞത്. ബന്ധുക്കളുടെ അനുമോളെ കാണാനില്ലെന്നും പറഞ്ഞു. അനുമോളുടെ മാതാപിതാക്കൾ അന്വേഷിച്ചെത്തിയ ആദ്യ ദിവസം ഇയാളും അവർക്കൊപ്പം സ്റ്റേഷനിൽ പോയിരുന്നു. അടുത്ത ദിവസമാണ് സംശയം തോന്നി ബന്ധുക്കൾ വീട്ടിൽ കയറി പരിശോധിക്കുന്നത്.

ഇതിനിടയിൽ മകളെ കുടുംബ വീട്ടിലേക്കു മാറ്റിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും വിജേഷ് ഒളിവിൽ പോയിരുന്നു. അനുമോളുടെ മൊബൈൽ വിറ്റ പണവുമായാണ് ഒളിവിൽ പോയത്. ഇയാൾ തമിഴ്‌നാട്ടിലേക്കു കടന്നതായി സൂചന ലഭിച്ച പൊലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിൽ ഇയാൾ കുമളിയിൽ എത്തിയ സി. സി. ടി. വി. ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി ആറ് ദിവസത്തെ കസ്റ്റുഡിയിൽ വാങ്ങി.

ഭൂരിഭാഗം ദിവസങ്ങളിലും മദ്യപിച്ച് വീട്ടിലെത്തിയിരുന്ന ഇയാൾ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഡ്രൈവറായ ബിജേഷ് കാഞ്ചിയാറിൽ വാടകയ്ക്ക് വാഹനങ്ങൾ എടുത്ത് ഓടിച്ചുവരികയായിരുന്നു. വീട്ടുചെലവുകൾക്ക് പോലും പണം നൽകിയിരുന്നില്ല. കാഞ്ചിയാർ പള്ളിക്കവലയിലെ എഫ്സി കോൺവന്റിന്റെ കീഴിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായ വൽസമ്മയുടെ വരുമാനം മാത്രമായിരുന്നു ഏകആശ്രയം. പലപ്പോഴും കോൺവെന്റിൽ നിന്നാണ് വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങി നൽകിയിരുന്നത്.

ഇതിനിടെ വൽസമ്മയെ മുൻനിർത്തി സംഘങ്ങളിൽ നിന്ന് എടുത്ത വായ്പകൾക്ക് തനിക്ക് ഉത്തരവാദിത്വമില്ലെന്ന് ബിജേഷ് രേഖാമൂലം എഴുതി നൽകിയിരുന്നു. ഇതേച്ചൊല്ലി തുടർന്നുള്ള ദിവസങ്ങളിൽ വീട്ടിൽ വഴക്കുണ്ടായി. തുടർന്നാണ് കഴിഞ്ഞ 11ന് വൽസമ്മ കട്ടപ്പന പൊലീസ് വനിതാസെല്ലിൽ പരാതി നൽകിയത്. കൊലപാതകത്തിന് ശേഷം വൽസമ്മയുടെ ആഭരണങ്ങൾ കാഞ്ചിയാറിലെ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തി 16,000 രൂപ വാങ്ങി. തുടർന്നാണ് 21ന് രാവിലെ തമിഴ്‌നാട്ടിലേക്ക് കടന്നത്.

ലോഡ്ജുകളിൽ പൊലീസ് അന്വേഷിച്ച് എത്തിയേക്കാമെന്ന ഭയത്തെ തുടർന്ന് തമിഴ്‌നാട്ടിലെ ഉൾഗ്രാമത്തിലുള്ള ഹോംസ്റ്റേയിലാണ് അഞ്ച് ദിവസത്തോളം കഴിഞ്ഞത്. കൈയിലുണ്ടായിരുന്ന മുഴുവൻ പണവും തമിഴ്‌നാട്ടിൽ ചെലവഴിച്ചു. വീണ്ടും ആരെയെങ്കിലും ബന്ധപ്പെട്ട് കൂടുതൽ പണം സംഘടിപ്പിക്കാമെന്ന ഉദ്ദേശത്തിൽ കുമളിയിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP