Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്, ജീവിതം മടുത്തു'; മസ്‌ക്കത്തിലുള്ള പിതൃസഹോദരിക്ക് അനുമോൾ അയച്ച അവസാന സന്ദേശത്തിൽ നിറയുന്നത് വിജേഷിന്റെ പീഡനങ്ങൾ; ഭാര്യയെ കൊന്നു പുതപ്പിൽ ഒളിപ്പിച്ച വിജേഷ് ബന്ധുക്കളോട് പറഞ്ഞത് നഴ്സറിയിൽ വാർഷികമെന്ന് പറഞ്ഞ് അനുമോൾ പോയെന്ന്

'ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്, ജീവിതം മടുത്തു'; മസ്‌ക്കത്തിലുള്ള പിതൃസഹോദരിക്ക് അനുമോൾ അയച്ച അവസാന സന്ദേശത്തിൽ നിറയുന്നത് വിജേഷിന്റെ പീഡനങ്ങൾ; ഭാര്യയെ കൊന്നു പുതപ്പിൽ ഒളിപ്പിച്ച വിജേഷ് ബന്ധുക്കളോട് പറഞ്ഞത് നഴ്സറിയിൽ വാർഷികമെന്ന് പറഞ്ഞ് അനുമോൾ പോയെന്ന്

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ചിയാർ: ''എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നിൽക്കാൻ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയിൽ എവിടേലും പോയി ജീവിക്കണം. പറയുന്നവർക്ക് എന്തും പറയാം, അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. പുറത്തുനിന്ന് നോക്കുന്നവർക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നുമൊക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷൻ കൂടെയുണ്ടെങ്കിലേ ജീവിക്കാൻ പറ്റുകയുള്ളെന്നൊന്നുമില്ലല്ലോ.'' - വിജേഷിൽ നിന്നുള്ള പീഡനങ്ങളിൽ സഹികെട്ട് അനുമോൾ മസ്‌ക്കത്തിലുള്ള പിതൃസഹോദരി സലോമിക്ക് അവസാന സന്ദേശം ഇങ്ങനെയാണ്.

ഭർത്താവിന്റെ പീഡനങ്ങളിൽ മനംമടുത്തുവെന്നാണ് അനുമോൾ പറഞ്ഞതും. ഈ സന്ദേശത്തിനുശേഷം അനുമോളുടെ മരണവിവരമാണു ദിവസങ്ങൾക്കുശേഷം പുറത്തു വന്നത്. വാട്‌സാപ്പിൽ സലോമി മറുപടി അയച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. പിന്നീട് അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. 17നു രാത്രി എട്ടോടെയായിരുന്നു ആ സന്ദേശം. മദ്യപിച്ചെത്തിയ ഭർത്താവ് മോശമായ രീതിയിൽ സംസാരിക്കുകയാണെന്നായിരുന്നു സന്ദേശം.

അതേസമയം ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വിജേഷ് ഒന്നുമറിയാത്തതു പോലെ നടിക്കുകയായിരുന്നു. കുഞ്ഞിന് പനിയാണെങ്കിലും നഴ്സറിയിൽ വാർഷികമാണെന്ന് പറഞ്ഞ് അനുമോൾ ശനിയാഴ്ച രാവിലെ പോയെന്നാണു വിജേഷ് ബന്ധുക്കളോട് പറഞ്ഞത്. കുട്ടിയും അനുമോളും നഴ്സറിയിൽ എത്താത്തതിനെ തുടർന്ന് നഴ്‌സറി അധികൃതർ ബന്ധുക്കളെ വിളിച്ചപ്പോൾ കുഞ്ഞിനു പനിയായതിനാൽ ആശുപത്രിയിലാണെന്നു പറഞ്ഞു വിജേഷ് കുട്ടിയുമായി അവിടെ നിൽക്കുന്ന ചിത്രങ്ങൾ ബന്ധുവിന് അയച്ചു നൽകുകയും ചെയ്തു.

ശനിയാഴ്ച വൈകിട്ടായിട്ടും അനുമോൾ വീട്ടിൽ എത്തിയില്ലെന്ന് ഇയാൾ യുവതിയുടെ ബന്ധുക്കളെ വിളിച്ചറിയിച്ചു. ഞായറാഴ്ച ഇവർ പേഴുംകണ്ടത്തെ വീട്ടിൽ എത്തിയെങ്കിലും അനുമോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന നിലപാടിലായിരുന്നു വിജേഷ്. ഇതേ തുടർന്നാണു യുവതിയുടെ ബന്ധുക്കൾക്കൊപ്പം ഇയാളും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

ചൊവ്വാഴ്ചയായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാതെ വന്നതോടെ സലോമിയുടെ മകൾ സിബിന പൊലീസ് സ്റ്റേഷനിലെത്തി. ഇതിനിടെ, മറ്റൊരാളുമായി അനുമോൾക്ക് ബന്ധം ഉണ്ടായിരുന്നെന്ന രീതിയിൽ വിജേഷ് തന്നോടു പറഞ്ഞിരുന്നെന്ന് സിബിന പറയുന്നു. കയ്യിൽ മോതിരവും ചെയിനുമെല്ലാം ഉള്ളതിനാൽ ഇറങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്ന രീതിയിലും ഇയാൾ സംസാരിച്ചിരുന്നു. ഇക്കാര്യം സിബിന പൊലീസിനോടു പറഞ്ഞു. ആ രീതിയിലും അന്വേഷണം നടത്തിയെങ്കിലും അത്തരത്തിലൊരാൾ ഇല്ലെന്ന സൂചനയാണ് ലഭിച്ചതെന്ന് സിബിന പറയുന്നു. അതോടെ അപകടപ്പെടുത്തിയിരിക്കാമെന്ന സംശയമായി. വീട്ടിൽ എത്തിയശേഷം അനുമോളുടെ മാതാപിതാക്കളെ വിളിച്ചപ്പോഴേക്കും അവർ പേഴുംകണ്ടത്ത് വീട്ടിലെത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൂന്ന് ദിവസത്തോളമാണ് യുവതിയുടെ മൃതദേഹം കട്ടിലിൽ വിജേഷ് ഒളിപ്പിച്ചു വെച്ചത്. കാഞ്ചിയാർ പള്ളിക്കവല-പേഴുംകവല റൂട്ടിൽ നിന്ന് കോൺക്രീറ്റ് റോഡിലൂടെ ഏതാനും മീറ്റർ ദൂരം കുത്തനെയുള്ള കയറ്റം കയറിയെത്തിയശേഷം ചെറിയൊരു ഇറക്കം ഇറങ്ങിയെത്തുന്ന ഭാഗത്തുള്ള വീട്ടിലാണ് വിജേഷും ഭാര്യ അനുമോളും മകളും അടങ്ങുന്ന കുടുംബം രണ്ടുവർഷമായി താമസിക്കുന്നത്. ഇവരുടെ വീടിനോടു തൊട്ടുചേർന്ന് രണ്ടു വീടുകൾ ഉണ്ടെങ്കിലും മരണം നടന്ന വിവരം ഈ രണ്ടു വീടുകളിൽ ഉള്ളവരും അറിഞ്ഞത് അനുമോളുടെ ബന്ധുക്കൾ എത്തി മൃതദേഹം കണ്ടെത്തിയശേഷം മാത്രമാണ്.

പള്ളിക്കവലയിലെ എഫ്സി കോൺവന്റ് ജ്യോതി നഴ്സറി സ്‌കൂളിലെ അദ്ധ്യാപികയായ അനുമോൾ സഹപ്രവർത്തകർക്കും കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു. 18ന് നടന്ന വാർഷികാഘോഷത്തിനായുള്ള ഒരുക്കങ്ങൾക്ക് മുൻനിരയിൽ അനുമോൾ ഉണ്ടായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ വീട്ടിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നെങ്കിലും കാര്യമായ വഴക്കുകൾ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

അനുമോളുടെ അമ്മ ഫിലോമിനയെ അടക്കം ആശ്വസിപ്പിക്കാൻ ഏറെ പണിപ്പെടുകയാണ് ബന്ധുക്കളും നാട്ടുകാരും. 21ന് വൈകിട്ട് ആറരയോടെ വീടിന്റെ കിടപ്പുമുറിയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഇന്നലെ രാവിലെ 9.30നാണു സബ് കലക്ടർ അരുൺ എസ്.നായരുടെ സാന്നിധ്യത്തിൽ കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ്‌മോൻ, എസ്എച്ച്ഒ വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ്‌ഐ കെ.ദിലീപ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. വിരലടയാള വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പുതപ്പിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി ജീർണിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP