Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202304Wednesday

കടും നീല നിറത്തിൽ ഉള്ളതും ബനിയൻ തുണിയിൽ തുന്നയതുമായുള്ള മുഷിഞ്ഞ ജട്ടി കൈപ്പറ്റിയതും തിരികെ കൊടുത്തതും മന്ത്രി; ഹൈക്കോടതിയിൽ എത്തിച്ചത് തുന്നി ചെറുതാക്കിയ അടിവസ്ത്രം; ജഡ്ജിക്ക് മുമ്പിൽ ഓസ്ട്രേലിയക്കാരൻ ഇട്ടു നോക്കിയപ്പോൾ ഒരു കാൽ പോലും കയറുന്നില്ല! ആന്റണി രാജു കുടുക്കിൽ തന്നെ; ജട്ടിക്കേസിൽ ഇനി എന്ത്?

കടും നീല നിറത്തിൽ ഉള്ളതും ബനിയൻ തുണിയിൽ തുന്നയതുമായുള്ള മുഷിഞ്ഞ ജട്ടി കൈപ്പറ്റിയതും തിരികെ കൊടുത്തതും മന്ത്രി; ഹൈക്കോടതിയിൽ എത്തിച്ചത് തുന്നി ചെറുതാക്കിയ അടിവസ്ത്രം; ജഡ്ജിക്ക് മുമ്പിൽ ഓസ്ട്രേലിയക്കാരൻ ഇട്ടു നോക്കിയപ്പോൾ ഒരു കാൽ പോലും കയറുന്നില്ല! ആന്റണി രാജു കുടുക്കിൽ തന്നെ; ജട്ടിക്കേസിൽ ഇനി എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : അഭിഭാഷകനായിരിക്കെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന മന്ത്രി ആന്റണി രാജുവിന് എതിരെയുള്ള കേസിലെ തുടർനടപടി സാങ്കേതികപ്പിഴവിന്റെ പേരിൽ ഹൈക്കോടതി റദ്ദാക്കുമ്പോഴും മന്ത്രിക്ക് ആശ്വാസമില്ല. ആരോപണം ഗുരുതരമാണെന്നും നിയമാനുസൃതം നടപടിക്രമങ്ങൾ പാലിച്ചു വീണ്ടും പ്രോസിക്യൂഷൻ നടപടി ആരംഭിക്കാൻ തടസ്സമില്ലെന്നും ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാൻ വ്യക്തമാക്കിയ സാഹചര്യമാണ് ഇതിന് കാരണം. ഇതോടെ കേസ് ഫയൽ വീണ്ടും തുറക്കും.

1990 ഏപ്രിൽ 4നു തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്നു രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണു കേസ്. നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതിയിലെ കേസ് നടപടിക്കെതിരെ ഒന്നും രണ്ടും പ്രതികളായ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവർ നൽകിയ ഹർജികളിലാണ് ഉത്തരവ്. ജുഡീഷ്യൽ നടപടിക്രമങ്ങളിൽ ഇടപെടാനും നീതിനിർവഹണ സംവിധാനത്തെ കളങ്കപ്പെടുത്താനും പര്യാപ്തമായ ആരോപണങ്ങളാണു രേഖകളിൽ വെളിപ്പെടുന്നതെന്നു കോടതി പറഞ്ഞു.

ന്യായവിചാരണയും കുറ്റക്കാർക്കു ശിക്ഷയും ഉറപ്പാക്കാൻ ശക്തമായ നടപടി എടുക്കണം. 1990 ൽ നടന്ന സംഭവത്തിൽ ഇനിയും വൈകിയാൽ നടപടികൾ ലക്ഷ്യം കാണാതെ പോകുമെന്നും കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ അതിവേഗ നടപടികൾ ഈ കേസിലുണ്ടാകും. കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ തിരിമറി നടന്നാൽ സ്വീകരിക്കേണ്ട നടപടിക്രമം പാലിച്ചില്ലെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയത് അംഗീകരിച്ചാണു കേസ് റദ്ദാക്കിയത്. ഇത് തൽകാലത്തേക്ക് ആന്റണി രാജുവിന് ആശ്വാസമായെന്ന് മാത്രം. അപ്പോഴും ഉത്തരവിലെ പരാമർശം തിരിച്ചടിയുമാണ്.

ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയതിന് 1994ൽ എടുത്ത കേസിലാണ്. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുമ്പോൾ ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് ആൻഡ്രൂവിന്റെ വക്കാലത്തെടുത്ത് രാജു നടത്തിയ കേസ് പക്ഷെ തോറ്റുപോയി. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവായി.

എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്ത് പ്രഗൽഭനായിരുന്ന കുഞ്ഞിരാമ മേനോൻ വക്കീലിനെ ഇറക്കി. അത് ഫലംകണ്ടു. പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയൽ ഒബ്ജക്ട്, എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു ജട്ടി പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി.

ഇതോടെ കേസിൽ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോസ്ഥൻ സിഐ കെകെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് മുന്നിലെത്തുന്നു. മൂന്നുവർഷത്തെ പരിശോധനക്ക് ഒടുവിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുന്നു..... 1994ൽ ഇങ്ങനെ തുടങ്ങിയ കേസ് 2002ൽ എത്തിയപ്പോൾ തെളിവില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി അവസാനിപ്പിക്കാൻ പൊലീസ് തന്നെ ശ്രമം നടത്തി. 1996ൽ ആദ്യവട്ടം എംഎൽഎ ആയ ആന്റണി രാജു അഞ്ചു വർഷം തികച്ചതിന് പിന്നാലെയായിരുന്നു ഈ നീക്കം. എ.കെ. ആന്റണി സർക്കാർ അധികാരം ഏറ്റയുടൻ ആയിരുന്നു അത്.

അന്ന് കേസുണ്ടായതും അന്വേഷണം നടന്നതുമെല്ലാം ആന്റണി രാജുവിന്റെ സ്വന്തം തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്റെ പരിധിയിലായിരുന്നു എന്നതുകൂടി ഇവിടെ ചേർത്തു പറയണം. എന്നാൽ 2005 ഒടുവിലായപ്പോൾ കാര്യങ്ങൾ വീണ്ടും കീഴ്മേൽ മറിഞ്ഞു. കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐ.ജി. ടി.പി. സെൻകുമാർ നൽകിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മിഷണർ വക്കം പ്രഭ നടപടി തുടങ്ങി. ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവർ ആദ്യമായി ചിത്രത്തിലേക്ക് വരുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോർട്ട് നൽകി. കുറ്റങ്ങൾ, കോടതിയെ ചതിച്ചു, ഗൂഢാലോചന നടത്തി എന്നതടക്കം അതീവ ഗുരുതരമായ ആറെണ്ണം.

തുടർന്ന് അക്കൊല്ലം തന്നെ മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നു. എട്ടുവർഷം അവിടെ അനക്കമില്ലാതിരുന്ന കേസ് 2014ൽ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് മാറ്റുന്നു. ഒറ്റത്തവണ പോലും ആന്റണി രാജുവോ കൂട്ടുപ്രതിയോ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ അനന്തമായി നീണ്ടു. ഇതിനിടെ വീണ്ടും വിവാദമായി. ഇതോടെയാണ് എഫ് ഐ ആർ റദ്ദാക്കാൻ ആന്റണി രാജു കോടതിയിൽ എത്തിയത്.

ആന്റണി രാജുവിനെതിരെയുള്ളത് അതിശക്തമായ തെളിവ്

തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട രേഖയാണ് കേസിൽ ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ ചതിച്ചുവെന്ന ഗുരുതര വകുപ്പ് പൊലീസ് ചുമത്തിയിരിക്കുന്നത്. ആ നിർണായക രേഖയും പുറത്തു വന്നിരുന്നു. കോടതിയിലെത്തുന്ന കേസുകളിൽ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാൻ കഴിയില്ല. ഈ കർശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത്.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഹാഷിഷുമായി ആൻഡ്രൂ സാൽവദോർ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോൾ എന്നൊരാൾ എത്തുന്നു. പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാൽ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷിക്കുന്നു. അനുകൂല ഉത്തരവ് നേടിയ ബന്ധുവിനെ കൂട്ടി ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തുന്നു. അവിടെ നിന്ന് പ്രതിയുടെ പേഴ്സണൽ ബിലോങിങ്സ്; തൊണ്ടി രജിസ്റ്ററിൽ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്റിക്കോർഡർ എല്ലാം എടുക്കുന്നു.

എന്നാൽ ഇതിനുപിന്നാലെ, കോടതി ചെസ്റ്റിൽ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തൊണ്ടിവസ്തുക്കൾ, ലഹരിമരുന്നും അടിവസ്ത്രവും; അതിൽ അടിവസ്ത്രം ആൻണി രാജു പുറത്തെടുക്കുന്നു. അവിടെ നിന്നങ്ങോട്ട് നാലുമാസത്തോളം അത് ഇവരുടെ കൈവശം തന്നെയിരുന്നു. പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാത്രമാണ് തിരികെ ഏൽപിക്കുന്നത്. ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാൻ കഴിയാത്ത പരുവത്തിലാക്കിയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.

ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട ഈ രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്. ഇതും പുറത്തു വന്നിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP