Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞിന് അച്ഛൻ വേണമെന്നും തനിക്കു ഭർത്താവിനെ വേണമെന്നും യാചന; വീട്ടുകാർ നാട്ടിലില്ലെന്നും ദയാപൂർവം പരിഗണിക്കണമെന്നും അപേക്ഷ; പൊലീസിന് നൽകാൻ കരുതി വച്ചിരുന്ന പരാതി ജസ്റ്റിനും കുടുംബവും കണ്ടത് കൂടുതൽ പീഡനങ്ങൾക്ക് വഴിവച്ചോ? 18 പേജുള്ള പരാതി പൊലീസിന് മുന്നിൽ എത്താതിരുന്നത് എങ്ങനെ? ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ ആൻലിയയുടെ ദുരൂഹമരണത്തിൽ ചോദ്യങ്ങൾക്ക് മറുപടി കിട്ടുമെന്ന പ്രതീക്ഷയിൽ പെൺകുട്ടിയുടെ കുടുംബം

കുഞ്ഞിന് അച്ഛൻ വേണമെന്നും തനിക്കു ഭർത്താവിനെ വേണമെന്നും യാചന; വീട്ടുകാർ നാട്ടിലില്ലെന്നും ദയാപൂർവം പരിഗണിക്കണമെന്നും അപേക്ഷ; പൊലീസിന് നൽകാൻ കരുതി വച്ചിരുന്ന പരാതി ജസ്റ്റിനും കുടുംബവും കണ്ടത് കൂടുതൽ പീഡനങ്ങൾക്ക് വഴിവച്ചോ? 18 പേജുള്ള പരാതി പൊലീസിന് മുന്നിൽ എത്താതിരുന്നത് എങ്ങനെ? ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ ആൻലിയയുടെ ദുരൂഹമരണത്തിൽ ചോദ്യങ്ങൾക്ക് മറുപടി കിട്ടുമെന്ന പ്രതീക്ഷയിൽ പെൺകുട്ടിയുടെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മട്ടാഞ്ചേരി സ്വദേശിനി ആൻലിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ, ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി കിട്ടുമെന്ന പ്രതീക്ഷയിലാണ് പെൺകുട്ടിയുടെ കുടുംബം. ബെംഗളൂരുവിലേക്ക് ആൻലിയയെ ട്രെയിൻ കയറ്റി വിട്ടു എന്ന ഭർത്താവ് ജസ്റ്റിന്റെ മൊഴി എത്രമാത്രം വിശ്വസനീയമാണ്? ട്രെയിൻ കയറ്റിവട്ടയാളുടെ മൃതദേഹം ആലുവ പുഴയിൽ കാണപ്പെട്ടത് എങ്ങനെ? എല്ലാറ്റിനുമുപരിയായി ആൻലിയയുടെ ഡയറി വലിയ തെളിവാണ്. ഭർതൃവീട്ടുകാരുടെ പീഡനങ്ങളെ കുറിച്ച് കരളലയിക്കുന്ന വിധമാണ് കുറിപ്പെഴുതിയിട്ടുള്ളത്. ജസ്റ്റിൻ ആൻലിയയെ മർദ്ദിച്ചിരുന്നുവെന്ന് ഇവരുടെ കുടുംബ സുഹൃത്തായ വൈദികനും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജസ്റ്റിനും ആൻലിയയും തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെടണമെന്ന് താൻ പെൺകുട്ടിയുടെ പിതാവ് ഹൈജിനസിനോട് ആവശ്യപ്പെട്ടതായും വൈദികൻ പറഞ്ഞിരുന്നു. ആൻലിയയെ ലാളിച്ചുവഷളാക്കി എന്നൊരു വിമർശനം വൈദികൻ ഉന്നയിക്കുന്നുണ്ടെങ്കിലും ഗാർഹിക പീഡനം നടന്നതായി ഇതിനകം വ്യക്തമായിട്ടുണ്ട്.

തന്നെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തും എന്ന് ആൻലിയ ഭയപ്പെട്ടിരുന്നതായി ഡയറിയിനിന്നും വ്യക്തമാണ്. മരിക്കുന്നതിന് തൊട്ടുമുൻപായി ആൻലിയ സഹോദരനയച്ച സന്ദേശത്തിലും പറഞ്ഞെരുന്നത് ജസ്റ്റിനും അമ്മയും ചേർന്ന് തന്നെ കൊലപ്പെടുത്തും എന്നാണ്. ആ സന്ദേശത്തിൽ താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പൊലീസിന് നൽകാനായി തയ്യാറാക്കിയ പരാതിയെ കുറിച്ചും പറയുന്നുണ്ട്. ഈ പരാതിയാണോ ആൻലിയയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്ന സംശയവും ഉയരുന്നു. പൊലീസിന് നൽകാനായി ആൻലിയ തയ്യാറാക്കി വച്ചിരുന്നത് 18 പേജുകളുള്ള പരാതിയായിരുന്നു. എന്നാൽ ഈ പരാതി പൊലീസിന് മുന്നിൽ എത്തിയില്ല. താൻ അനുഭവിച്ചിരുന്ന ക്രൂരതകളുളെല്ലാം വിശദമായി തന്നെ ആൻലിയ പരാതിയിൽ എഴുതിയിരുന്നു. ജോലി നഷ്ടമായത് അറിയിക്കാതെയാണ് ജസ്റ്റിന് തന്നെ വിവാഹം ചെയ്തത്. വീട്ടിലെത്തിയ തന്നെ മാനസികമയും ശാരികമായും പീഡിപ്പിക്കുകയാണ് ജസിറ്റും കുടുംബവും ചെയ്തത് എന്ന് ആൻലിയ പരാതിയിൽ പറയുന്നുണ്ട്.

നേഴ്സിംഗിൽ എംഎസ്സി എടുക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനായി ജോലി രാജി വച്ചപ്പോൽ തന്നെ അപമാനിച്ചു. സർട്ടിഫിക്കറ്റുകൾ വ്യാജമായി നേടിയതാണ് എന്നുപോലും പറഞ്ഞു. തനിക്ക് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തിർക്കാൻ ഭർതൃവീട്ടുകാർ ശ്രമം നടത്തുന്നതായും ആൻലിയ പരാതിയിൽ പറഞ്ഞിരുന്നു. വലിയ പീഡനങ്ങളിലൂടെയാണ് ഇപ്പോൾ കടനുപോകുന്നത്. ജസ്റ്റിനെയും കുടുംബത്തെയും പേടിക്കാതെ ജീവിക്കണം എന്റെ വീട്ടുകാർ നാട്ടിലില്ല, സഹായികാൻ വേറാരുമില്ല. ഈ പരാതി ദയാപൂർവം പരിഗണിക്കണം എന്നാണ് പരാതിയുടെ അവസാനമായി ആൻലിയ എഴുതിയിരുന്നത്.

ആൻലിയയുടെ ഡയറിക്കുറിപ്പുകൾ പറയുന്നത്

ആൻലിയയുടെ കുടുംബത്തിന്റെ ആരോപണങ്ങളും കാണാതാകുന്നതിന് തൊട്ടുമുമ്പ് ആൻലിയ സഹോദരന് അയച്ച സന്ദേശങ്ങളും ശരിവയ്ക്കുന്നതാണു പതിനെട്ടു പേജുള്ള ഡയറിക്കുറിപ്പുകൾ. ജോലി നഷ്ടപ്പെട്ടതു മറച്ചുവച്ചാണു ഭർത്താവ് തന്നെ വിവാഹം കഴിച്ചതെന്നു ഡയറിയിലുണ്ട്. തന്നെ നിർബന്ധിച്ചു ജോലി രാജിവയ്പിച്ചെന്നും ജസ്റ്റിന്റെ വീട്ടിൽവച്ചു ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഴുതിയ ആൻലിയ തന്റെ ജീവിത സ്വപ്നങ്ങളും ആ താളുകളിൽ എഴുതിച്ചേർക്കുന്നു. നാട്ടിൽ നല്ലൊരു ജോലി ലഭിക്കുന്നതും വിദ്യാഭ്യാസം നൽകി കുഞ്ഞിനെ വളർത്തുന്നതും വീടുവയ്ക്കുന്നതും കാർ വാങ്ങുന്നതും സമ്പാദ്യമുണ്ടാക്കുന്നതുമെല്ലാം തന്റെ സ്വപ്നങ്ങളായി പങ്കുവയ്ക്കുന്നു.

എല്ലാം നേടുമെന്ന് സ്വയം ഉറപ്പിക്കുന്ന വാക്കുകൾ. തന്റെ ജീവിതത്തിലെ മറക്കരുതാത്ത ദിവസങ്ങൾ, വിവാഹം, അമ്മയാകുകയാണെന്നറിഞ്ഞത്, ഏറെ ഇഷ്ടമുള്ള ബന്ധുക്കളും കൂട്ടുകാരും, തന്റെ സ്വപ്നങ്ങൾ തകർന്നത്, തന്നെ മാനസിക രോഗിയാക്കാൻ ശ്രമിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം എഴുതിവച്ചിരിക്കുകയാണ് ആ യുവതി. കടവന്ത്ര പൊലീസിനെഴുതിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് ഡയറിയിലുമുള്ളത്. ഗർഭിണിയായപ്പോഴും മനസലിവുണ്ടായില്ല.

തനിക്കു പഴകിയ ഭക്ഷണമാണു നൽകിയത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവം തുടർന്നു. കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചായിരുന്നു പീഡനം. വീട്ടിൽനിന്നാൽ ജസ്റ്റിനും അമ്മയുംകൂടി കൊല്ലും. പൊലീസ് സ്റ്റേഷനിൽ പോകാൻ ഭർത്താവ് സമ്മതിക്കുന്നില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാം എഴുതി സഹോദരനയച്ച സന്ദേശങ്ങളും ഡയറിക്കുറിപ്പുകളെ സാധൂകരിക്കുന്നതാണ്.

തന്നിൽനിന്നു കുഞ്ഞിനെ വേർപെടുത്താനും ശ്രമങ്ങളുണ്ടായെന്നും പരാതിയിലുണ്ടായിരുന്നു. എന്നാൽ ഇതിലൊന്നും ആൻലിയ ആത്മഹത്യാ സൂചന നൽകിയിട്ടില്ല. അതിനാൽ തന്നെ ആൻലിയ ആത്മഹത്യ ചെയ്തതല്ലെന്നും ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു എന്നും കുടുംബം കരുതുന്നു. മാത്രമല്ല, ബാംഗ്ളൂരിലേക്ക് തൃശൂരിൽ നിന്ന് ട്രെയിൻ കയറ്റിവിട്ടുവെന്ന് ആണ് ജസ്റ്റിൻ പറയുന്നത്. ബാംഗ്ളൂരിലേക്ക ട്രെയിൻ കയറിപ്പോയ യുവതിയുടെ മൃതദേഹം പെരിയാറിൽ കാണുന്നതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ഇതെല്ലാം ദുരൂഹമാണ്. അതിനാൽ തന്നെ മകൾ ആത്മഹത്യ ചെയ്തതല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് കുടുംബം.

താൻ വലിയ പീഡനമാണ് അനുഭവിക്കുന്നതെന്നും ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവം ഭയക്കാതെ ജീവിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന് അച്ഛൻ വേണമെന്നും തനിക്കു ഭർത്താവിനെ വേണമെന്നും പറയുന്ന പരാതിയിൽ ഈ നാട്ടിൽ വേറെയാരുമില്ലെന്നും വീട്ടുകാർ നാട്ടിലില്ലെന്നും തന്റെ അപേക്ഷ ദയാപൂർവം പരിഗണിക്കണമെന്നുമായിരുന്നു എഴുതിയിരുന്നത്. ഭർതൃവീട്ടിൽ അനുഭവിച്ചിരുന്ന പീഡനങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചിത്രവും ആൻ ലിയ വരച്ചിരുന്നു. ചുറ്റും ഉപദ്രവിക്കാൻ ശ്രമിക്കുന്ന കുറേ കൈകൾക്കു നടുവിൽ കരഞ്ഞുകൊണ്ട് കുറിപ്പെഴുതുന്ന തന്റെ പ്രതീകത്തെയാണ് വരച്ചത്.

മൃതദേഹം എങ്ങനെ പെരിയാർ പുഴയിലെത്തി?

2018 ഓഗസ്റ്റ് 25നാണ് ആൻലിയയെ കാണാതാകുന്നത്. ഭർത്താവ് ജസ്റ്റിന്റെ പരാതി കിട്ടിയപ്പോൾ, തൃശൂർ റെയിൽവെ എഎസ്‌ഐ അജിത്താണു വിവരം വിദേശത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ആൻലിയയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്കു ട്രെയിൻ കയറ്റി വിട്ടു എന്നായിരുന്നു ജസ്റ്റിൻ ആദ്യം പറഞ്ഞത്. പിന്നീടാണു ഭാര്യയെ കാണാനില്ലെന്നു റെയിൽവെ പൊലീസിൽ പരാതി കൊടുത്തത്.

ഒരു സൂചനയുമില്ലാതെ മൂന്നു ദിവസം കടന്നുപോയി. നോർത്ത് പറവൂർ വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരിയാറിൽ യുവതിയുടെ ചീർത്ത മൃതദേഹം കണ്ടെത്തിയെന്ന വിവരം കിട്ടിയത് 28ന്. അതു ആൻലിയയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചു. മകളുടെ മരണവിവരമറിഞ്ഞു വിദേശത്തുനിന്നു പറന്നെത്തിയ മാതാപിതാക്കൾക്കു പരിശോധനകളെല്ലാം പൂർത്തിയാക്കിയ മൃതദേഹമാണു കിട്ടിയത്.

സംസ്‌കാര ചടങ്ങുകളിൽ ഭർത്താവും കുടുംബവും പങ്കെടുത്തില്ല. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൃതദേഹം കാണിക്കാനും ഭർതൃവീട്ടുകാർ തയാറായില്ല. മകളെ കാണാതായപ്പോൾ ആ വിവരം തങ്ങളെ അറിയിക്കാതെ പൊലീസിൽ മാത്രം അറിയിച്ചത് എന്തുകൊണ്ടാണെന്നു ഹൈജിനസ് ചോദിക്കുന്നു. മകളുടെ മരണവിവരം ഭർത്താവിന്റെ ബന്ധുക്കളും അയൽവാസികളും അറിയുന്നതു മാധ്യമങ്ങളിലൂടെയാണ്. ഈ രഹസ്യാത്മകത കൊലപാതക സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നു ഹൈജിനസ് ആരോപിക്കുന്നു.

ഇവിടെ നിന്നാൽ അവർ എന്നെ കൊല്ലും

മരണത്തിനു മിനിറ്റുകൾക്കു മുൻപ് ആൻലിയ സഹോദരന് അയച്ച മെസേജുകളാണു ഹൈജിനസ് പൊലീസിനു ആദ്യമേ സമർപ്പിച്ച പ്രധാന തെളിവ്. ആൻലിയയുടെ കഷ്ടപ്പാടുകൾ വിവരിക്കുന്നതാണു സന്ദേശങ്ങൾ. വീട്ടിൽനിന്നാൽ ജസ്റ്റിനും അമ്മയും കൂടി എന്നെ കൊല്ലും. ഞാൻ പൊലീസ് സ്റ്റേഷനിൽ പോകാൻ നോക്കിയിട്ട് ഭർത്താവ് സമ്മതിക്കുന്നില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാമായിരുന്നു സന്ദേശങ്ങൾ. ബെംഗളൂരുവിലേക്ക് ഇപ്പോൾ പോകേണ്ട, നമുക്കു പരിഹാരം ഉണ്ടാക്കാം എന്നെല്ലാം സഹോദരൻ പറയുന്നുണ്ടെങ്കിലും പോകാൻ ആൻലിയ നിർബന്ധം പിടിച്ചു.

ബെംഗളൂരുവിലേക്കു ട്രെയിൻ കയറ്റി വിട്ടതായി ജസ്റ്റിൻ പൊലീസിൽ മൊഴി നൽകിയിട്ടുമുണ്ട്. പക്ഷെ ഇതേ ജസ്റ്റിൻ റെയിൽവേ സ്റ്റേഷനിൽ കാണാതായെന്നാണു പരാതിയിൽ പറയുന്നത്. ആൻലിയയെ ബെംഗളൂരുവിലേക്കു കയറ്റിവിട്ടെന്നു ജസ്റ്റിൻ പറയുമ്പോൾ, എങ്ങനെ അവർ നേരെ എതിർഭാഗത്തേയ്ക്ക് സഞ്ചരിച്ചു എന്നതു ദുരൂഹമാണ്. മൂന്നു ദിവസം കഴിഞ്ഞ് മൃതദേഹം പെരിയാറിലൂടെ ഒഴുകിയതെങ്ങനെ എന്നതും ഉത്തരം കിട്ടാത്ത ചോദ്യം. മകളെ കൊന്ന് പുഴയിൽ ഒഴുക്കിയതാണെന്നു സംശയിക്കുന്നതായി ഹൈജിനസ് പറയുന്നു.

'മകളായിരുന്നു എനിക്കെല്ലാം. അവൾ എന്നെ സ്‌നേഹിച്ചതു പോലെ ആരും സ്‌നേഹിച്ചിട്ടുണ്ടാവില്ല. എന്റെ കരളാണ് അവർ പറിച്ചെടുത്തു കളഞ്ഞത്. ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്നു നിൽക്കുന്നത് അവൾക്കു നീതി കിട്ടാനാണ്. തെളിവുകളെല്ലാം നൽകിയിട്ടും പൊലീസ് ഒന്നും ചെയ്തില്ല. അവൾ മരിച്ചിട്ട് 150 ദിവസങ്ങളായി. മാതാപിതാക്കളായ ഞങ്ങൾ കയറിയിറങ്ങാത്ത ഓഫിസുകളില്ല. മുട്ടാത്ത വാതിലുകളില്ല' - ആ അച്ഛൻ പറയുന്നു.

പൊലീസിൽ പരാതി കൊടുത്തെങ്കിലും ഫലമൊന്നും ഉണ്ടായിരുന്നില്ല. മകളുടെ മരണത്തിനു കാരണക്കാരായവർ പരസ്യമായി നടക്കുമ്പോൾ ഒളിവിലാണെന്നാണു പൊലീസ് പറഞ്ഞത്. തൃശൂർ പൊലീസ് കമ്മിഷണർക്കായിരുന്നു ആദ്യം പരാതി നൽകിയത്. അദ്ദേഹം ഗുരുവായൂർ എസിപിക്ക് കൈമാറി. അന്വേഷണം എങ്ങുമെത്തിയില്ല. മകൾക്ക് എന്തു സംഭവിച്ചു എന്നോ, ബെംഗളൂരുവിലേയ്ക്ക് ട്രെയിൻ കയറാൻ തൃശൂർ റെയിൽവേ സ്റ്റേഷൻ വരെ എത്തിയ മകൾ എങ്ങനെ ആലുവാ പുഴയിലെത്തി എന്നോ പൊലീസിനു വിശദീകരിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP